കാവുണരും, തെയ്യങ്ങൾ ഉറഞ്ഞാടും; ഇന്ന് തുലാപ്പത്ത്, വടക്കന് മലബാറിൽ ഇനി തെയ്യക്കാലം
text_fieldsപയ്യന്നൂരിൽ കളിയാട്ടത്തിനു മുമ്പ് കലാകാരന്മാർ അണിയലങ്ങൾ പുതുക്കുന്നു
പയ്യന്നൂർ: അത്യുത്തരകേരളത്തിലെ കാവുകളും പള്ളിയറകളും കൊയ്തൊഴിഞ്ഞ പാടങ്ങളും ഇനി തെയ്യത്തിന്റെ വാചാലതകളാലും ചെണ്ടയുടെ രൗദ്രതാളങ്ങളാലും സമൃദ്ധം. തുലാപ്പത്തായ പത്താമുദയം മുതലാണ് കളിയാട്ടക്കാവുകൾ സജീവമാകുന്നത്. ഇന്നാണ് പത്താമുദയം. തുലാപ്പത്ത് മുതൽ ഇടവപ്പാതി വരെയുള്ള രാപകലുകളാണ് അത്യുത്തര കേരളത്തിന്റെ രക്തത്തിലലിഞ്ഞു ചേർന്ന അനുഷ്ഠാന കലയായ തെയ്യത്തിന്റെ ഉറഞ്ഞാടൽ കാലം. കണ്ണൂർ, കാസർകോട് ജില്ലകളിലെ ആയിരക്കണക്കിന് കാവുകളിൽ ആണ്ട് കളിയാട്ടമാണ് പതിവ്. എന്നാൽ, അപൂർവം ക്ഷേത്രങ്ങളിലും കാവുകളിലും പന്ത്രണ്ടോ അതിലധികമോ വർഷത്തിലൊരിക്കലുള്ള പെരുങ്കളിയാട്ടവും പതിവുണ്ട്. ഏറെ ജനകീയ പങ്കാളിത്തമാണ് പെരുങ്കളിയാട്ട വേദികളുടെ പ്രത്യേകത.
ഇക്കുറി കണ്ണൂർ ജില്ലയിൽ എരമം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലും എടാട്ട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലും പെരുങ്കളിയാട്ടം അരങ്ങേറും. ഒരു വർഷം മുമ്പുതന്നെ ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പെരുങ്കളിയാട്ടം നടക്കുന്ന മുച്ചിലോട്ടുകളിൽ നിരവധി തെയ്യങ്ങൾ ഉറഞ്ഞാടുക പതിവാണ്. ഇത് പെരുങ്കളിയാട്ടത്തെ കൂടുതൽ ജനസമൃദ്ധമാക്കുന്നു. കാർഷിക പ്രധാനമായ അനുഷ്ഠാനം കൂടിയാണ് പത്താമുദയം. കൊയ്ത്തിനു ശേഷം ആദ്യമായി പുന്നെല്ല് പുഴുങ്ങുന്നത് ഈ ദിനത്തിലാണ്. രാവിലെ പുഴുങ്ങിയ നെല്ല് മുറ്റത്ത് കൊട്ടയിൽ ഇട്ട് വെക്കും. കൂടെ വിളക്കും തളികയും കോടി വസ്ത്രവും ഉണ്ടാവും.
എന്നാൽ നെൽകൃഷി കുറഞ്ഞതോടെ ഈ അനുഷ്ഠാനവും ഇല്ലാതായി. കാർഷിക വിളകളുമായി ബന്ധപ്പെട്ട കോതാമൂരിയാട്ടവും ഇപ്പോൾ ഓർമ മാത്രമായി.

