കാത്തിരിപ്പിന് വിരാമം; മ്യൂസിയം ആർട്ട് ഗാലറി പുതുമോടിയോടെ വീണ്ടും തുറക്കുന്നു
text_fieldsമ്യൂസിയത്തെ നവീകരിച്ച ആർട്ട് ഗാലറി
തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ മ്യൂസിയത്ത് പുതുക്കിപ്പണിത രാജാരവിവർമ ആർട്ട് ഗാലറി 25ന് തുറന്നുനൽകും. മൂന്നുവർഷം നീണ്ട നവീകരണ ജോലികൾക്ക് ശേഷമാണിത്. രാജാരവിവർമയുടെ ചിത്രങ്ങളെ കൂടാതെ രവിവർമയുടെ സഹോദരി മംഗളം ഭായി, സഹോദരൻ രാജവർമ എന്നിവരുടെ ചിത്രങ്ങളും ഗാലറിയിൽ ഇടംപിടിച്ചിട്ടുണ്ട്. രാജാരവിവർമ സ്കൂൾ ഓഫ് ആർട്സിന്റെ ചിത്രങ്ങളും സമാകാലിക ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
രണ്ടു നിലകളിലായി സജ്ജമാക്കിയിട്ടുള്ള ഗാലറിയിൽ 136 ചിത്രങ്ങളാണുള്ളത്. ഇതിൽ എണ്ണച്ഛായ ചിത്രങ്ങളും അക്രലിക് ചിത്രങ്ങളും ഉൾപ്പെടുന്നു. മ്യൂസിയത്തിലെ കൺസർവേഷൻ ലാബിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രങ്ങൾ കൂടുതൽ നവീകരിച്ചാണ് പുതിയ ആർട്ട് ഗാലറിയിൽ സ്ഥാപിച്ചിരിക്കുന്നത്. 7.90 കോടിയാണ് ആർട്ട് ഗാലറി നവീകരണത്തിന് സർക്കാർ ഭരണാനുമതി നൽകിയത്. ആർട്ട് ഗാലറിക്കായി ഒരുക്കിയ കെട്ടിടവും പരിസരവും അറ്റകുറ്റപ്പണി നടത്തി നവീകരിച്ചു.
ലാൻഡ്സ്കേപ്പും ഒരുക്കിയിട്ടുണ്ട്. മൃഗശാല പ്രധാന കവാടത്തിന് മുന്നിലായാണ് ആർട്ട് ഗാലറി. കോവിഡ് കാലത്തിന് മുമ്പ് ആരംഭിച്ച ആർട്ട് ഗാലറി നവീകരണം ഇഴഞ്ഞുനീങ്ങുന്നതായി നേരത്തേ ആരോപണം ഉയർന്നിരുന്നു. 7.90 കോടി ഭരണാനുമതിക്ക് എന്താണ് ഇവിടെ നടന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ആക്ഷേപമുണ്ട്. നവീകരണം നടത്തിയതിന് പിന്നാലെ ആർട്ട് ഗാലറി പ്രവേശനത്തിനുള്ള ടിക്കറ്റ് ചാർജ് വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സെപ്റ്റംബർ 25ന് ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആർട്ട് ഗാലറി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, സജി ചെറിയാൻ, ജെ. ചിഞ്ചുറാണി, മേയർ ആര്യ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

