Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightസംഗീതത്തിന് വടക്കേ...

സംഗീതത്തിന് വടക്കേ ഇന്ത്യയെന്നോ തെക്കേ ഇന്ത്യയെന്നോ ഇല്ല -ഹരിപ്രസാദ് ചൗരസ്യ

text_fields
bookmark_border
സംഗീതത്തിന് വടക്കേ ഇന്ത്യയെന്നോ തെക്കേ ഇന്ത്യയെന്നോ ഇല്ല -ഹരിപ്രസാദ് ചൗരസ്യ
cancel
camera_alt

ഹരിപ്രസാദ് ചൗരസ്യ

കോഴിക്കോട്: 'എന്നെ ഇത്രയും വലിയ പദവിയിലേക്ക് ഉയർത്തരുതേ' -വിനയാന്വിതനായി പറയുന്നത് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയാണ്. പുല്ലാങ്കുഴലെന്ന മുളന്തണ്ടിന് ലോകത്തിനുമുന്നിൽ മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത ബാംസുരി വാദകൻ. നാടോടി പാരമ്പര്യത്തിലുള്ള ഓടക്കുഴലിനെ ക്ലാസിക്കൽ പദവിയിലേക്ക് ഉയർത്തിയതിൽ അദ്ദേഹത്തിന്റെ സംഭാവന ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം.

ഒഡിഷ, ഹിന്ദി, തെലുഗു, മലയാളം എന്നീ ഭാഷകളിൽ അനേകം സിനിമകളുടെ സംഗീത സംവിധായകനും വിദേശ യൂനിവേഴ്സിറ്റികളിലെ സംഗീത അധ്യാപകനുമാണ് ചൗരസ്യ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായ 'ശ്രുതി അമൃതി'ൽ പങ്കെടുക്കാൻ കോഴിക്കോട്ട് എത്തിയ അദ്ദേഹം 'മാധ്യമ'ത്തോട് സംസാരിക്കുന്നു -

ഗുസ്തി കളരിയിൽനിന്ന് സംഗീതത്തിലേക്ക്

സംഗീതപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത അലഹാബാദിലെ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. പിതാവ് ഗുസ്തിക്കാരനായിരുന്നു. മകനും തന്‍റെ വഴി പിന്തുടരണമെന്ന് അതിയായി ആഗ്രഹിച്ച പിതാവ് എന്നെ കളരിയിൽ അഭ്യാസത്തിനയച്ചു. സംഗീതം അഭ്യസിച്ച് മകൻ എങ്ങനെ ജീവിച്ചുപോകുമെന്നായിരുന്നു ആ പാവം പിതാവ് ചിന്തിച്ചത്. പക്ഷേ, പിതാവറിയാതെ ഞാൻ ക്ലാസിക്കൽ സംഗീതം അഭ്യസിക്കാൻതുടങ്ങി. പിന്നീട് ലോകപ്രശസ്ത സംഗീതജ്ഞനായി അറിയപ്പെട്ടപ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് പിതാവുതന്നെയായിരുന്നു.

സംഗീതത്തിന് വേർതിരിവില്ല

ഇന്ത്യൻസംഗീതത്തെ ഹിന്ദുസ്ഥാനിയെന്നോ കർണാട്ടിക് എന്നോ വേർതിരിക്കേണ്ടതില്ല. ഞാൻ പുല്ലാങ്കുഴലിലൂടെ വായിക്കുന്നത് അതിരുകളില്ലാത്ത സംഗീതമാണ്. നിങ്ങളാണതിനെ വടക്കേ ഇന്ത്യക്കാരുടേതെന്നും തെക്കേ ഇന്ത്യക്കാരുടേതെന്നും വേർതിരിക്കുന്നത്. 'പോക്കുവെയിൽ' എന്ന മലയാളം സിനിമയിൽ ഞാൻ പശ്ചാത്തലസംഗീതം നിർവഹിച്ചിട്ടുണ്ട്. ഭാഷ അതിന് തടസ്സമായില്ല. സംവിധായകൻ അരവിന്ദനും യേശുദാസുമെല്ലാം എന്‍റെ അടുത്ത സുഹൃത്തുക്കളാണ്.

ഏത് സാഹചര്യത്തിനുമിണങ്ങുന്ന നാദം

ഏത് സാഹചര്യത്തിനും ഇണങ്ങുന്ന നാദമാണ് പുല്ലാങ്കുഴലിന്‍റെ സുഷിരങ്ങളിൽ കൂടി വരുന്നത്. ഇത്രയും മനോഹരമായ നാദം വരുന്ന മറ്റൊരു സംഗീത ഉപകരണമില്ല. ഓടക്കുഴൽ എങ്ങനെയും സൂക്ഷിക്കാം, എവിടേയും സൂക്ഷിക്കാം. എന്‍റെ ചെറുപ്പകാലത്ത് ഏറ്റവും വിലകുറഞ്ഞ സംഗീത ഉപകരണവും അതായിരുന്നു. അന്നത്തെ പോലെയല്ല, ഇന്നത്തെ കുട്ടികൾക്ക് സംഗീതം പഠിക്കാൻ ധാരാളം അവസരങ്ങളുണ്ട്.

സ്മാർട്ട് ഫോണിലും ലാപ്ടോപ്പിലും എല്ലാം സംഗീതം. സംഗീതവാസനയുള്ള കുട്ടികളെ സംഗീതം അഭ്യസിപ്പിക്കാനും അവതരിപ്പിക്കാനും മാതാപിതാക്കൾ അനുവദിക്കണം. സിതാർ, സാരംഗി, ഷെഹ്നായ്, സന്തൂർ തുടങ്ങി ഉപകരണസംഗീതം പഠിക്കുന്നത് കുട്ടികളിൽ സംഗീതബോധം വളരാൻ സഹായകമാകുകയും ചെയ്യും.

ശിവ്-ഹരി മാജിക്

ചൗരസ്യയുടെ ബാംസുരി വാദനത്തിന്‍റെ പരമ്പരാഗത ശൈലിയിൽ മാറ്റങ്ങൾ വരുന്നത് അന്നപൂർണാദേവിയുടെ ശിഷ്യത്വം സ്വീകരിച്ചതോടെയാണ്. പണ്ഡിറ്റ് ശിവ്കുമാർ ശർമയുമായി ചേർന്ന് ശിവ്-ഹരി എന്നപേരിൽ ആൽബങ്ങളും സിനിമ സംഗീതവും നിർവഹിച്ചു. നെതർലാൻഡിലെ റോട്ടർഡാം മ്യൂസിക് കോൺസർവേറ്ററിയിൽ ലോക സംഗീതവിഭാഗത്തിൽ ആർട്ട് ഡയറക്ടറായി പ്രവർത്തിച്ച ചൗരസ്യ പാശ്ചാത്യ സംഗീത പാരമ്പര്യത്തെയും നെഞ്ചോടുചേർക്കുന്നു.

സാംസ്‌കാരിക മന്ത്രാലയവും സ്പിക് മാക്കെയും ചേർന്നാണ് ഐ.ഐ.എമ്മില്‍ 'ശ്രുതി അമൃത്' അവതരിപ്പിക്കുന്നത്. ഞായാറാഴ്ച വൈകീട്ട് നടക്കുന്ന പുല്ലാങ്കുഴൽ കച്ചേരിയിൽ ഹരിപ്രസാദ് ചൗരസ്യയോടൊപ്പം ശിഷ്യകളായ ദേബപ്രിയ ചാറ്റർജിയും വൈഷ്ണവി ജോഷിയും പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MusicHariprasad Chaurasya
News Summary - Music has neither North India nor South India - Hariprasad Chaurasya
Next Story