രാജ്യത്ത് സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം കേരളമോ? മിസാറാമോ? സംശയമുണ്ടോ?
text_fields1991 ഏപ്രിൽ 18-ന് കേരളം സമ്പൂർണ്ണസാക്ഷര സംസ്ഥാനമായി കോഴിക്കോട്ടെ മാനാഞ്ചിറ ചത്വരത്തിൽ നവസാക്ഷരയായ, മലപ്പുറത്തെ ചേലക്കോടൻ ആയിഷ പ്രഖ്യാപിക്കുന്നു (ഫയൽചിത്രം)
രാജ്യത്ത് സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനം ഏതെന്ന ചോദ്യത്തിന് മലയാളിക്ക് ഒറ്റ ഉത്തരമേയുള്ളൂ, അത് കേരളമെന്നാണ്. എന്നാൽ, മിസോറാമാണ് രാജ്യത്തെ ആദ്യത്തെ സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമെന്ന രീതിയിലുള്ള പ്രഖ്യാപനവും പ്രചരണവും നടത്തുകയാണിപ്പോൾ. മിസോറാമിന്റെ നടപടി വിവാദത്തിലായിരിക്കുകയാണ്. 1991ല്‍ തന്നെ, കേരളം ആദ്യത്തെ സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. 2016 ജനുവരിയിൽ കേരളം എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കിയ സംസ്ഥാനമെന്ന നേട്ടവും കൈവരിച്ചു. ഉപരാഷ്‌ട്രപതി ഹാമിദ് അൻസാരിയാണീ പ്രഖ്യാപനം നടത്തിയത്.
നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1991 ഏപ്രിൽ 18-നാണ് കേരളം സമ്പൂർണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിച്ചത്. കോഴിക്കോട്ട് മാനാഞ്ചിറ മൈതാനത്ത് നവസാക്ഷരയായ, മലപ്പുറത്തെ ചേലക്കോടൻ ആയിഷയായിരുന്നു പ്രഖ്യാപനം നടത്തിയത്. കോട്ടയം 1989 ജൂൺ 18നു സമ്പൂർണ സാക്ഷരത നേടിയ ആദ്യ പട്ടണമായി. 1990 ഫെബ്രുവരി ഒൻപതിനു എറണാകുളം സമ്പൂർണ സാക്ഷരത നേടിയ ആദ്യ ജില്ലയായി. സമ്പൂർണ സാക്ഷരത, അടിസ്ഥാന വിദ്യാഭ്യാസ നാഴികക്കല്ലുകൾക്ക് ശേഷം 60 വയസ് വരെയുള്ളവർക്ക് ‘100 ശതമാനം ഡിജിറ്റൽ സാക്ഷരത’ ഉറപ്പാക്കാനുള്ള പ്രയാണത്തിലാണ് കേരളമിപ്പോൾ. അപ്പോഴാണ് മിസോറാമിന്റെ വിവാദ നീക്കം.
കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധ്‌രിയുടെ സാന്നിധ്യത്തിൽ മിസോറാം മുഖ്യമന്ത്രി ലാൽ ദു ഹോമയാണ് മിസോറാം രാജ്യത്തെ ആദ്യ സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമാണെന്ന് പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാരിന്റെ ‘അണ്ടർസ്‌റ്റാൻഡിങ് ലൈഫ് ലോങ് ലേണിങ് ഫോർ ഓൾ ’(ഉല്ലാസ്) പദ്ധതി പ്രകാരമായിരുന്നു പ്രഖ്യാപനം. ഔദ്യോഗിക പഠനം നേടാൻ കഴിയാത്ത 15 വയസ്സിനും അതിന് മുകളിലുമുള്ള വ്യക്തികളെ ശാക്തീകരിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2020ലെ ദേശീയ വിദ്യാഭ്യാസ നയവുമായി (എൻഇപി) ‘ഉല്ലാസ്’ പദ്ധതിയെ ബന്ധിപ്പിച്ചിട്ടുണ്ട്. പി.ടി.ഐ ഉൾപ്പടെയുള്ള വാർത്താഏജൻസികൾ ‘മിസോറം രാജ്യത്തെ ആദ്യ സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനം’– എന്ന നിലയിലാണ് വാർത്ത നൽകിയത്. ചില ദേശീയ മാധ്യമങ്ങളും ഇത് ഏറ്റുപിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

