പ്രത്യാശയുടെ സന്ദേശങ്ങൾ
text_fieldsമാലാഖ അവരോട്: ഭയപ്പെടേണ്ട, സർവജനത്തിന് ഉണ്ടാകുവാറുള്ള മഹാ സന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിച്ചിരിക്കുന്നു (വി.ലൂക്കോസ് 2.10)
ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്നവനും ചരിത്രത്തെ മാറ്റിമറിച്ചവനുമായ സസ്രേത്തിലെ യേശുക്രിസ്തുവിന്റെ ജീവിതരേഖയാണ് ക്രിസ്മസ്. പ്രപഞ്ച സ്രഷ്ടാവായ ദൈവം ചരിത്രത്തിലേക്ക് പ്രവേശിച്ചതിന്റെ ഓർമ പുതുക്കൽ കൂടിയാണ് ക്രിസ്മസ്. മാലാഖയുടെ സന്ദേശം കാലികമായി വളരെ പ്രസക്തിയുള്ളതാണ്. രണ്ടു കാര്യങ്ങളാണ് മാലാഖ ഇവിടെ അരുളിയിരിക്കുന്നത്.
ഒന്നാമതായി ഭയപ്പെടേണ്ട എന്ന ആഹ്വാനം. ഭയം എന്നും നിലനിൽക്കുന്ന വികാരമാണ്. ‘ഭയപ്പെടേണ്ട’ എന്ന ധൈര്യം നമുക്ക് പ്രദാനം ചെയ്യും. ഭയപ്പാടിന്റെയും നിരാശയുടെയും പടുകുഴിയിൽ നിൽക്കുമ്പോൾ പ്രത്യാശ പങ്കുവെക്കുകയാണ് ഈ സന്ദേശം. ഒന്നിനെ കുറിച്ചും ഉറപ്പില്ലാത്ത ഈ ലോകം നൽകുന്നത് ഭയമാണെങ്കിൽ ക്രിസ്തു നൽകുന്നത് പ്രത്യാശയാണ്. ആകുലതകൾക്ക് നടുവിൽ ആശയുടെ കിരണമായി ക്രിസ്തു നമ്മുടെ കൂടെയുണ്ടെന്ന ഉറപ്പാണ് നമ്മൾക്ക് നൽകുന്നത്.
രണ്ടാമതായി സർവജനത്തിനും ഉണ്ടാകുവാനുള്ള സന്തോഷമാണ്. ക്രിസ്മസ് സന്തോഷം പ്രദാനം ചെയ്യുന്ന അനുഭവമാണ്. കേവലം ക്രിസ്തുമതത്തിന്റെ മാത്രം ഉത്സവമല്ല. ലോകമെമ്പാടുമുള്ള ജനത, മതം, ജാതി, വർഗ വ്യത്യാസങ്ങൾക്ക് അതീതമായി ഒരുമിച്ച് ആഘോഷിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന ദിവസമാണ്.
അധിനിവേശത്തിന്റെയും യുദ്ധത്തിന്റെയും നടുവിൽ നിൽക്കുന്ന ഒരു ജനത പ്രയാസപ്പെടുമ്പോൾ നമുക്ക് സന്തോഷിക്കാൻ സാധിക്കുമോ? ലോകത്തിൽ പട്ടിണി മരണങ്ങളും ആത്മഹത്യകളും നടമാടുമ്പോൾ നമ്മൾക്ക് എങ്ങനെയാണ് സന്തോഷിക്കാനാവുക? യഥാർഥ ക്രിസ്മസ് മറ്റുള്ളവർക്ക് സന്തോഷം പകർന്നു കൊടുക്കുമ്പോഴാണ് അർഥവത്താകുന്നത്.
അന്ധകാരം ചൂഴ്ന്നിറങ്ങുന്ന ഈ ലോകത്തിൽ ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിനെ പകർന്നുകൊടുക്കുമ്പോൾ ഭയവും സന്തോഷമില്ലായ്മയും മാറി ധൈര്യവും സന്തോഷവും ലോകത്തിന് കൊടുക്കാൻ സാധിക്കും. മനോഹരമായ ക്രിസ്മസും പുതുവത്സരവും ആശംസിക്കുന്നു.
(മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാഇടവക, മസ്കത്തിലെ വികാരിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

