വായിച്ചുതീരാത്ത മഹാപുസ്തകമാണ് മഹാകവി പി -കെ. ജയകുമാർ
text_fieldsമഹാകവി പിയുടെ 45ാം ചരമവാർഷിക ദിനത്തിൽ മഹാകവി പി. കുഞ്ഞിരാമൻ നായർ സ്മാരക ട്രസ്റ്റ് നടത്തിയ അനുസ്മരണത്തിൽ കവിത പുരസ്കാര സമർപ്പണം കെ. ജയകുമാർ നിർവഹിക്കുന്നു
കാഞ്ഞങ്ങാട്: വായിച്ചുതീരാത്ത മഹാപുസ്തകമാണ് മഹാകവി പി. എന്ന് ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ. മഹാകവി പിയുടെ 45ാം ചരമവാർഷിക ദിനത്തിൽ മഹാകവി പി. കുഞ്ഞിരാമൻ നായർ സ്മാരക ട്രസ്റ്റ് നടത്തിയ അനുസ്മരണത്തിൽ കവിത പുരസ്കാര സമർപ്പണം നിർവഹിക്കുകയായിരുന്നു ട്രസ്റ്റ് ചെയർമാൻ കൂടിയായ അദ്ദേഹം.
എത്ര പഠിച്ചാലും പൂർണമായി വഴങ്ങാത്തതും നിസാരമെന്നു തോന്നാവുന്നതുമായ സർഗാത്മക കൂസലില്ലായ്മയാണ് കവിയുടെ രചനകളുടെ സവിശേഷത. കാൽപനിക വീരനായക പരിവേഷമുള്ള കവിയാണ് പി.വരുംകാലങ്ങളിലെ വായനക്കാർക്കുള്ള സന്ദേഹങ്ങളും സമാധാനങ്ങളും ഒളിപ്പിച്ച പി. കവിതകളിൽ കവി ജീവിച്ച കാലത്തിന്റെയും വരാനിരിക്കുന്ന കാലങ്ങളുടെയും ഉത്കണ്ഠകൾ സമർഥമായി ഉൾച്ചേർത്തിരിക്കുന്നു. ഇതാണ് പി. കവിതകളുടെ കാലാതിവർത്തിയായ നിത്യചൈതന്യം.
പിന്നാലെ വന്ന എഴുത്തുകാരെയെല്ലാം വിസ്മയിപ്പിച്ച ഇനിയും വിസ്മയിപ്പിക്കാനിരിക്കുന്ന അവധൂത ഗന്ധർവനാണ് മഹാകവിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവയിത്രി ഷീജ വക്കത്തിന് മഹാകവി പി. സ്മാരക കവിത പുരസ്കാരം സമ്മാനിച്ചു. ട്രസ്റ്റിന്റെ വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു.
നിരൂപകനും കേരള സാഹിത്യ അക്കാദമി അംഗവുമായ ഇ.പി. രാജഗോപാലൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ഡോ. അംബികാസുതൻ മാങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. സി. ബാലൻ, അജാനൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. കൃഷ്ണൻ, സ്മാരക ട്രസ്റ്റ് സെക്രട്ടറി വി. രവീന്ദ്രൻ നായർ, ജോ. സെക്രട്ടറി വി. ജയദേവൻ, ട്രഷറർ എം. കുഞ്ഞിരാമൻ, പ്രോഗ്രാം കൺവീനർ ഡോ. ധന്യ കീച്ചേരി, ഷീജ വക്കം എന്നിവർ സംസാരിച്ചു. സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണുഭട്ട് പിയുടെ കവിയുടെ കണ്ണുനീർ എന്ന കവിത ആലപിച്ചു. ദിവാകരൻ വിഷ്ണുമംഗലം കവി സമ്മേളനം ഉദ്ഘാടനം ചെയ്തു. നാലപ്പാടം പത്മനാഭൻ , സന്തോഷ് ഒഴിഞ്ഞവളപ്പ്, രവി തായന്നൂർ, ആനന്ദകൃഷ്ണൻ അടുക്കത്തുപറമ്പ്, പ്രേമചന്ദ്രൻ ചോമ്പാല, സാവിത്രി വെള്ളിക്കോത്ത് എന്നിവർ സ്വന്തം കവിത ആലപിച്ചു.