ലുസൈൽ മ്യൂസിയം നിർമാണത്തിന് ഈ മാസം തുടക്കം
text_fieldsലുസൈൽ മ്യൂസിയം മാതൃകക്കുസമീപം ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി
ദോഹ: ഖത്തറിന്റെയും മേഖലയുടെയും സാംസ്കാരിക അടയാളമായി മാറുന്ന ലുസൈൽ മ്യൂസിയത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ തുടക്കമായി ഔപചാരിക തറക്കല്ലിടൽ ഈ മാസം നടക്കുമെന്ന് ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻഖലീഫ ആൽഥാനി. ‘ദി പവർ ഓഫ് കൾചർ’ എന്ന പോഡ്കാസ്റ്റ് സീരീസിന്റെ ആദ്യ എപ്പിസോഡിൽ ലുസൈൽ മ്യൂസിയം രൂപകൽപന ചെയ്ത ആർക്കിടെക്സ് ജാക്വിസ് ഹെർസോഗുമായുള്ള സംഭാഷണത്തിനിടയിൽ ശൈഖ അൽ മയാസയാണ് ഇക്കാര്യം അറിയിച്ചത്.
ഏറ്റവും സവിശേഷതയും ലോകശ്രദ്ധ നേടിയതുമായ ഡിസൈനിനെക്കുറിച്ച് പ്രിറ്റ്സ്കർ പ്രൈസ് ജേതാവ് കൂടിയായ ജാക്വിസ് വിശദീകരിച്ചു. ലോകോത്തര നിലവാരത്തിലെ നിർമാണ വിസ്മയമായാണ് ലുസൈൽ മ്യൂസിയം ഡിസൈൻ ചെയ്തിരിക്കുന്നത്. ആശയത്തിലും ഡിസൈനിലും ലക്ഷ്യത്തിലും പൂർണമായും വേറിട്ടൊരു സ്ഥാപനമായാണ് ലുസൈൽ മ്യൂസിയം ഉയരുന്നതെന്ന് ശൈഖ അൽ മയാസ ചൂണ്ടിക്കാണിച്ചു.
നമ്മുടെ കാലത്തെ ഏറ്റവും പ്രസക്തമായ വിഷയങ്ങളിൽ ക്രിയാത്മകമായ സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു സംരംഭമെന്നും അവർ വ്യക്തമാക്കി. വെറുമൊരു വാസ്തുനിർമിതിയോ നിക്ഷേപമോ ആയല്ല മ്യൂസിയം രൂപകൽപന ചെയ്തിരിക്കുന്നത്. വാണിജ്യ, സാംസ്കാരിക ജീവിതത്തിന് വിലാസം നൽകുന്ന നിർമിതിയായിരിക്കും. ഇറക്കുമതി കുറച്ച്, പൂർണമായും പ്രാദേശിക അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് -ഹെർസോഗ് പറയുന്നു. ഡിസൈൻ കൊണ്ടും ഉള്ളടക്കംകൊണ്ടും ഇതിനകം തന്നെ ലുസൈൽ മ്യൂസിയം ശ്രദ്ധേയമായി കഴിഞ്ഞതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

