ഗോത്ര ജീവിതങ്ങളുടെ നേർക്കാഴ്ചയായി ലിവിങ് മ്യൂസിയം
text_fieldsആദിവാസി ഊരുകളിലെ ആവാസവ്യവസ്ഥയുടെ തനത് ആവിഷ്കാരത്തിന്റെ ഭാഗമായുള്ള
കുടിവെപ്പ് ഗോത്ര ദീപം തെളിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ കനകക്കുന്ന്
കൊട്ടാരത്തിലെത്തിയപ്പോൾ
തിരുവനന്തപുരം: ഗോത്ര സംസ്കൃതിയുടെ നേർക്കാഴ്ചയുമായി ലിവിങ് മ്യൂസിയത്തിന് കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗോത്രദീപം തെളിച്ചു തുടക്കം കുറിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഗോത്ര സംസ്കൃതിയുടെ അനുഭവം പ്രദർശിപ്പിക്കുന്ന ലിവിങ് മ്യൂസിയം ഒരുക്കുന്നത്. കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിലാണ് മ്യൂസിയം സജ്ജീകരിച്ചത്. ആദിവാസികളോട് ആശയവിനിമയം നടത്തിയും അവരുടെ തനതു കലകൾ ആസ്വദിച്ചുമാണ് മ്യൂസിയത്തിന് മുഖ്യമന്ത്രി തുടക്കം കുറിച്ചത്.
കേരളത്തിലെ കാണി, മന്നാൻ, ഊരാളി, മാവിലർ, പളിയർ തുടങ്ങി അഞ്ച് ഗോത്രവിഭാഗങ്ങളുടെ തനതു ജീവിതശൈലിയും ആവാസവ്യവസ്ഥയുമാണ് നവംബർ ഒന്നുമുതൽ ഏഴുവരെ ഒരുക്കിയിട്ടുള്ളത്. കേരളത്തിലെതന്നെ ആദ്യ ലിവിങ് മ്യൂസിയമാണ് കനകക്കുന്ന് കൊട്ടാരത്തിന് ചുറ്റും കൃത്രിമ കാട് സൃഷ്ടിച്ച് അഞ്ചുകുടിലുകളിലായി ഒരുക്കിയത്. അഞ്ചു കുടിലുകളിലായി എൺപതോളം പേരുണ്ട്.
ഗോത്രവിഭാഗങ്ങളുടെ തനതായ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെ കനകക്കുന്നിലെ ‘ഊരി’ലേക്ക് സ്വീകരിച്ചത്. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ആന്റണി രാജു, വി. ശിവൻകുട്ടി എന്നിവർ ഒപ്പമുണ്ടായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചുമുതൽ സന്ദർശകർക്ക് ലിവിങ് മ്യൂസിയം കാണാം. നവംബർ രണ്ടുമുതൽ ഏഴുവരെ രാവിലെ 10 മണി മുതൽ വൈകീട്ട് 10 മണിവരെയാണ് സന്ദർശന സമയം.
ചാറ്റുപാട്ട്, പളിയ നൃത്തം, കുംഭ നൃത്തം, എരുതുകളി, മംഗലംകളി, മന്നാൻ കൂത്ത്, വട്ടക്കളി എന്നീ ഗോത്ര കലകൾ പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെ ഇവിടെ അവതരിപ്പിക്കും. കേരളീയ അനുഷ്ഠാന കലകളായ തെയ്യം, മുടിയേറ്റ്, പടയണി, സർപ്പം പാട്ട്, പൂതനും തിറയും തുടങ്ങി ഏഴ് അനുഷ്ഠാന കലകൾ അവയുടെ യഥാർഥ പശ്ചാത്തലത്തിൽ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

