Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഞാൻ കോൺഗ്രസുകാരനല്ല,...

ഞാൻ കോൺഗ്രസുകാരനല്ല, കേരളത്തിൽ കോൺഗ്രസിനെ ആവശ്യമുണ്ടെന്ന് സക്കറിയ

text_fields
bookmark_border
zakaria
cancel

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിനെ ആവശ്യമുണ്ടെന്ന് എഴുത്തുകാരൻ സക്കറിയ. 'കോൺഗ്രസ്മുക്തമായ ഒരു കേരളം അതിന്‍റെ ശത്രുക്കൾ പോലും ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. അത് കേരളത്തിന് ആവശ്യമുള്ള പാർട്ടിയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

'കോൺഗ്രസിന് ആവശ്യം വെറും ബലപ്പെടുത്തലല്ല - നവീകരണമാണ്. ചിന്തയിലും, പ്രവർത്തിയിലും ലക്ഷ്യങ്ങളിലും ഉള്ള നവീകരണമാണ് വേണ്ടത്'- സക്കറിയ പറഞ്ഞു. സംഘടനയെ ഒരു പുതിയ തലമുറയുടെ കൈകളിൽ പൂർണമായി ഏൽപ്പിക്കുക എന്നത് മാത്രമാണ് കോൺഗ്രസിൻ്റെ മൃതസഞ്ജീവനി. അവർ അതിനെ വളർത്തുകയൊ തളർത്തുകയോ ചെയ്യട്ടെ. തീർച്ചയായും ഇപ്പോളത്തെ വെൻ്റിലേറ്റർ ജീവിതത്തിൽ നിന്ന് ഒരു മാറ്റമായിരിക്കും അത്.

ഞാൻ ഒരു കോൺഗ്രസ് കാരൻ അല്ല. പക്ഷേ കേരളത്തിൽ കോൺഗ്രസിനെ ആവശ്യമുണ്ട് എന്ന് ഒരു പൗരൻ എന്ന നിലയിൽ ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും ആവശ്യമുണ്ട് എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

കോൺഗ്രസിന് ഇത് സംഭവിച്ചു കൂടാ

കോൺഗ്രസ്മുക്തമായ ഒരു കേരളം അതിന്‍റെ ശത്രുക്കൾ പോലും ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. അത് കേരളത്തിന് ആവശ്യമുള്ള പാർട്ടിയാണ്. കാരണം അതിന്‍റെ അടിസ്ഥാന പാരമ്പര്യം അഥവാ ചരിത്രപരമായ തിരിച്ചറിയൽ കാർഡ് മൂല്യമേന്മയുള്ളതാണ്.

കേരളത്തിലെ മൂന്ന് പ്രധാന സമുദായങ്ങളിലുംപെട്ട ഒരു നല്ല പങ്ക് പൗരന്മാർ കോൺഗ്രസ്സിൻ്റെ കേരളത്തിലെ സജീവമായ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ട്. കോൺഗ്രസ് ബിജെ പിക്ക് ഒരു തടയാണ് എന്ന് പറയുന്നതിൽ സത്യമുണ്ടാവാം. പക്ഷേ അതിനുമപ്പുറത്ത് - നരേന്ദ്ര മോഡിയുടെ കോൺഗ്രസ് മുക്തഭാരതസ്വപ്നം സജീവമായി നിൽക്കുമ്പോളും - കോൺഗ്രസ് ആണ് പ്രതീക്ഷകൾക്ക് വകയുള്ള ഒരേയൊരു ദേശീയ പാർട്ടി. അഖിലേന്ത്യാസ്വഭാവം ഇപ്പോളും നിലനിർത്തുന്ന ഒരു പ്രസ്ഥാനം. ബിജെപി അടക്കം മറ്റൊരു പാർട്ടിക്കും അത് സാധിച്ചിട്ടില്ല.

കേരളത്തിൽ കോൺഗ്രസ് തകർന്നാൽ ബിജെപി ആ ഇടം പിടിച്ചെടുക്കും എന്ന അഭിപ്രായം മലയാളികളുടെ സാമുദായികമായ കെട്ടുറപ്പിനെ കണക്കിലെടുക്കാത്ത ഒന്നാണ്. കോൺഗ്രസിന് വേണ്ടിയുള്ള ഏറ്റവും ബലഹീനമായ വാദമാണത്. എന്ന് മാത്രമല്ല കോൺഗ്രസ്സിൻ്റെ തട്ടകവും ബിജെപിയുടെതും പലരും കരുതുന്നത് പോലെ ഒറ്റ തട്ടകമല്ല. കോൺഗ്രസിൻ്റെത് വിവിധ സമുദായങ്ങളിൽ രൂഢമൂലമാണ്. ബിജെപി യുടെത് അലഞ്ഞു നടക്കുന്ന ഒന്നാണ് എന്ന് വേണം പറയാൻ.

കോൺഗ്രസിന് ആവശ്യം വെറും ബലപ്പെടുത്തലല്ല - നവീകരണമാണ്. ചിന്തയിലും, പ്രവർത്തിയിലും ലക്ഷ്യങ്ങളി ലും ഉള്ള നവീകരണം. സംഘടനയുടെ ഘടനാപരമായ നവീകരണം. ആദർശങ്ങളെ ഓർത്തെടുത്ത് നവീകരിക്കുക. മാധ്യമങ്ങളുടെ അന്നന്നത്തെ ഇരതേടലുകളനുസരിച്ച് നയങ്ങൾ സൃഷ്ടിക്കാതിരിക്കുക. എൽ ഡി എഫ് സർക്കാരിൻ്റെ നയങ്ങളെയും പ്രവർത്തനങ്ങളിലെയും - ശരിയായ കാരണങ്ങളോടെയാണെങ്കിൽ പോലും - ദൈനംദിനം വിമർശിച്ചത് കൊണ്ട് മാത്രം പാർട്ടി പുനരുജ്ജീവിക്ക പെടുന്നില്ല. വിമർശിക്കാനായുള്ള വിമർശനത്തിൻ്റെ കാര്യമാണെങ്കിൽ, അതിൻ്റെ ഗുണഭോക്താക്കൾ മാധ്യമങ്ങൾ മാത്രമാണ്. മാധ്യമ പ്രതിച്ഛായകളെ വിശ്വസിച്ചു പ്രവർത്തിക്കുന്നത് എത്രമാത്രം ആത്മഹത്യാപരമാണെന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ പഠിപ്പിച്ചിരിക്കണം.

സംഘടനയെ ഒരു പുതിയ തലമുറയുടെ കൈകളിൽ പൂർണമായി - സമ്പൂർണമായി - ഏൽപ്പിക്കുക എന്നത് മാത്രമാണ് കോൺഗ്രസിൻ്റെ മൃതസഞ്ജീവനി. അവർ അതിനെ വളർത്തുക യൊ തളർത്തുകയോ ചെയ്യട്ടെ. തീർച്ചയായും ഇപ്പോളത്തെ വെൻ്റിലേറ്റർ ജീവിതത്തിൽ നിന്ന് ഒരു മാറ്റമായിരിക്കും അത്.

കോൺഗ്രസ് കേരളത്തിലെ ഒരു പോസിറ്റിവ് ഫോഴ്സ് ആണെന്ന് സാമാന്യ ബുദ്ധിയുള്ള ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ കോൺഗ്രസ് അത് തിരിച്ചറിയാ തെയായി. കുറച്ചു നേതാക്കളുടെ മാധ്യമസാന്നിധ്യം സൃഷ്ടിക്കുന്ന മതിവിഭ്രമത്തിൽ നിന്ന് അവർ തന്നെയും മറ്റു പ്രവർത്തകരും രക്ഷപെടേണ്ടത് അത്യാവശ്യമാണ്. എല്ലാ മാധ്യമ വിഗ്രഹങ്ങളും ജീവിക്കുന്നത് ഒരു അരക്കില്ലത്തിൽ ആണ് എന്ന് അവർ മനസ്സിലാക്കേണ്ട തുണ്ട്. കോൺഗ്രസിനെ ആഗ്രഹിക്കുന്ന ലക്ഷ ക്കണക്കിന് ജനങ്ങളുടെ ലോകത്തെ അഭിമുഖീകരിക്കാൻ അതിനു കഴിയണം. കണക്കുകൾ അനുസരിച്ച് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്ര സ്സിന് ലഭിച്ച വോട്ട് ശതമാനം 25.12 ഉം സിപിഎമ്മിൻ്റെത് 25.38 ഉം ആണ്. തമ്മിലുള്ള വ്യത്യാസം .26 മാത്രമാണ്. ഈ സാധ്യത മുന്നിൽ വച്ച് കൊണ്ടാണ് പിണറായി വിജയൻ തൻ്റെ മുന്നണി കരുപ്പിടിപ്പിച്ചത് എന്ന് കരുതണം. കോൺഗ്രസ് ഈ അവസ്ഥ തിരിച്ചറിഞ്ഞില്ല എന്നും സംശയിക്കണം.

തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഓടിക്കൂടുന്ന ഒരു സംഘം ആളുകളുടെ മോബ് - ആൾക്കൂട്ടം - ആണ് കോൺഗ്രസ് എന്ന അവസ്ഥക്ക് മാറ്റം വരണം. കോൺഗ്രസ്സിനെ ഒരു ധനാഗമമാർഗം - അതിലുമേറെ ആർത്തിപൂർത്തീകരണ ഉപകരണം - ആയി കാണുന്നവരെ എന്ത് വില കൊടുത്തും മാറ്റി നിർത്തണം. കോൺഗ്രസിൻ്റെ കൂറ് മലയാളികളോട് ആയിരിക്കണം, മാധ്യമങ്ങളുടെ തലക്കെട്ടുകളോട് ആവരുത്. ഞാൻ ഒരു കോൺഗ്രസ് കാരൻ അല്ല. പക്ഷേ കേരളത്തിൽ കോൺഗ്രസിനെ ആവശ്യമുണ്ട് എന്ന് ഒരു പൗരൻ എന്ന നിലയിൽ ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും ആവശ്യമുണ്ട്. അതുകൊണ്ട് മാത്രമാണ് ഈ കുറിപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressZakaria
News Summary - Zakaria says I am not a Congressman, but Kerala needs a Congress
Next Story