Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഈശോ: ഈ വിഷംചീറ്റലിനെ...

ഈശോ: ഈ വിഷംചീറ്റലിനെ ക്രൈസ്തവ സമൂഹം ഒറ്റപ്പെടുത്തണം -സക്കറിയ

text_fields
bookmark_border
Paul Zacharia eesho
cancel

തിരുവനന്തപുരം: നാദിർഷ സംവിധാനം ചെയ്യുന്ന ഇൗശോ എന്ന സിനിമക്കെതിരായെ വിദ്വേഷപ്രചാരണങ്ങൾക്കെതിരെ എഴുത്തുകാരൻ സക്കറിയ. സിനിമക്കെതിരെ വിമർശനമുന്നയിക്കുന്ന ഈ ക്രിസ്ത്യാനി താലിബാൻ, ഈശോ എന്ന നല്ലവനായ മനുഷ്യന്‍റെ സുന്ദര മാനവിക സ്വപ്നത്തിന്‍റെ അവശേഷിക്കുന്ന അംശംകൂടി ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണെന്ന്​ അദ്ദേഹം ആരോപിച്ചു. ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് കേരളക്രൈസ്തവസമൂഹത്തിന്‍റെ ഉത്തരവാദിത്തവും സാംസ്കാരികകേരളത്തിന്‍റെ ആവശ്യവുമാണ് -സക്കറിയ ഫേസ്​ബുക്​ കുറിപ്പിൽ പറഞ്ഞു.

ഫേസ്​ബുക്​ കുറിപ്പിന്‍റെ പൂർണരൂപം:

കേരളക്രൈസ്തവസഭകളുടെ ചരിത്രത്തിൽ അരങ്ങേറിയിട്ടുള്ള അതീവലജ്‌ജാവഹങ്ങളായ സംഭവികാസങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ നാണംകെട്ട കൂട്ടിച്ചേർക്കലാണ് ഒരു സംഘം ബുദ്ധിശൂന്യരായ പുരോഹിതന്മാരും "വിശ്വാസി"കളും ചേർന്ന് "ഈശോ" എന്ന സിനിമയുടെ പേരിൽ ചെയ്തുവച്ചിരിക്കുന്നത്.

ഭാഗ്യവശാൽ അവരുടെ സംസ്കാരശൂന്യതയും ഇരുളടഞ്ഞ മനസ്സുകളും ക്രൈസ്തവരിലെ ബഹുഭൂരിപക്ഷം പങ്കുവയ്ക്കുന്നില്ല. ശരാശരി മലയാളിക്രിസ്ത്യാനി വീണ്ടുവിചാരത്തോടെയും പക്വതയോടെയും കേരളത്തിന്റെ സവിശേഷമായ മതമൈത്രീസംസ്കാരത്തിൽ ഇണങ്ങിച്ചേർന്നു ജീവിക്കുന്നു - അങ്ങനെയായിട്ട് ശതാബ്ദങ്ങളായി.

മേൽപ്പറഞ്ഞ ദുഷ്ടമനസ്സുകളുടെ വിഡ്ഢിത്തം ആപൽക്കരമായിത്തീരുന്നത് നാദിർഷായ്‌ക്കോ മലയാളസിനിമയ്ക്കോ മുസ്ലിങ്ങൾക്കോ അല്ല, ക്രൈസ്തവർക്ക് തന്നെയാണ്. അവർ താഴ്ത്തികെട്ടുകയും കരിതേയ്ക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്നത് കേരളസംസ്കാരത്തിന്റെ ആധാരശിലയായ സാമുദായികസൗഹാർദം പങ്കുവച്ച് ഇവിടെ ഐശ്വര്യപൂർവം ജീവിക്കുന്ന ക്രൈസ്തവസമൂഹത്തെയാണ്. ഒപ്പം മലയാളികളെ ഒന്നടങ്കവും അവരുടെ കുറ്റകരമായ അസഹിഷ്ണുത അപമാനിക്കുന്നു.

യേശു അഥവാ ഈശോ എന്ന നല്ലവനായ മനുഷ്യൻ ഒരിക്കൽ കണ്ട സുന്ദര മാനവിക സ്വപ്നത്തിന്റെ എന്തെങ്കിലും ഒരംശം ഇവിടെ അവശേഷിക്കുന്നുണ്ടെങ്കിൽ അതിനെക്കൂടി ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണ് ഈ ക്രിസ്ത്യാനി താലിബൻ. ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് കേരളക്രൈസ്തവസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്, സാംസ്കാരികകേരളത്തിന്റെ ആവശ്യവുമാണ്.

Show Full Article
TAGS:ZachariaNadhirshahEesho Movie
News Summary - writer zacharia reacts to controversy about nadhirshah movie eesho
Next Story