Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഈ മീശ ചെറുതല്ല

ഈ മീശ ചെറുതല്ല

text_fields
bookmark_border
s hareesh
cancel
camera_alt

എസ്​.  ഹരീഷ്​

നമുക്കു ചുറ്റും പ്രമേയങ്ങളാണ്. അതിൽ ഏത് നമ്മെ സ്പർശിക്കുന്നു, അത് കഥകളായിത്തീരും. നേരിട്ടറിയാവുന്നവരും
കേട്ടറിഞ്ഞവരും മുതൽ കഥകളായി മാറുന്നു. വയലാർ അവാർഡ് നേടിയ വേളയിൽ എഴുത്തുകാരൻ എസ്. ഹരീഷ് സംസാരിക്കുന്നു

'മീശ' വയലാർ അവാർഡ് നേടിയപ്പോൾ നോവലിന്റെ രചയിതാവ് എസ്. ഹരീഷ് ഒരിക്കൽക്കൂടി സാഹിത്യ-വിമർശന ചർച്ചകളിലെ കേന്ദ്രകഥാപാത്രമായി മാറുകയാണ്. മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് 2019ൽ തിരഞ്ഞെടുക്കപ്പെട്ട കൃതി പിന്നീട് ജെ.സി.ബി സാഹിത്യ പുരസ്‌കാരവും നേടി. പത്തെഴുപത് വർഷം മുമ്പ് കുട്ടനാട് പ്രദേശത്ത് നിലനിന്നിരുന്ന സാമൂഹിക-ലിംഗ അസമത്വങ്ങളെ സൂക്ഷ്മാന്വേഷണത്തിന് വിധേയമാക്കുന്ന ഈ നോവൽ ആഗോളതലത്തിൽതന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോൾ വയലാർ അവാർഡുകൂടി നേടിയ വേളയിൽ എഴുത്തുകാരൻ എസ്. ഹരീഷ് സംസാരിക്കുന്നു.

പുരസ്കാരങ്ങളുടെ സന്തോഷം

വയലാർ അവാർഡ് ലഭിച്ചതിൽ വളരെ സന്തുഷ്ടനാണ്. ഇത് മൂന്നാംതവണയാണ് 'മീശ' പുരസ്കാര നിറവിലെത്തുന്നത്. ആദ്യ അംഗീകാരം ജനങ്ങളുടേതായിരുന്നു. കേരള സാഹിത്യ അക്കാദമി ഒരു ജനാധിപത്യ സ്ഥാപനമായതിനാൽ അംഗീകാരം ജനകീയമാണ്. ജെ.സി.ബി സാഹിത്യ പുരസ്‌കാരം ദേശീയതലത്തിലുള്ളതുമാണ്. ആദ്യ കഥാസമാഹാരം 'രസവിദ്യയുടെ ചരിത്രം' അക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്‌മെന്റ് നേടിയിട്ടുണ്ട്. തുടർന്ന് 'ആദം' മികച്ച കഥാസമാഹാരത്തിനുള്ള അവാർഡ് കരസ്ഥമാക്കി. മൂന്നും സംതൃപ്‌തി നൽകുന്ന ജനകീയ അംഗീകാരങ്ങളാണ്.

ആദ്യ നോവൽ

നോവൽ എഴുതണമെന്നത് എന്റെ സ്വപ്നമായിരുന്നു. എന്നാൽ, അതിനുള്ള ധൈര്യം ഇല്ലാതിരുന്നതിനാലാണ് പിന്തിരിഞ്ഞുകൊണ്ടിരുന്നത്. യഥാർഥത്തിൽ, ഓരോ ചെറുകഥയുടെ ബീജം ഉൾക്കൊള്ളുമ്പോഴും അതൊരു നോവലായി എഴുതിയാലോയെന്ന് ചിന്തിച്ചിട്ടുണ്ട്. ഒടുവിലത് 'മീശ'യിൽ സാക്ഷാത്കരിക്കപ്പെട്ടു. പക്ഷേ, അതൊരു മികച്ച സൃഷ്ടിയായി, ആവർത്തിച്ചു തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയിട്ടേയില്ല. ആദ്യ ചെറുകഥാസമാഹാരവും ആദ്യ നോവലും ജനം സ്വീകരിച്ചതിൽ വളരെ സന്തോഷമുണ്ട്. ഈ രണ്ടു പുസ്തകങ്ങളും മനസ്സിൽ സൂക്ഷിക്കുന്നത്, ആദ്യത്തേത് അത്രയൊന്നും പ്രശസ്തനല്ലാത്ത എനിക്ക് അവാർഡ് നേടിത്തന്നു എന്നതുകൊണ്ടും രണ്ടാമതായി ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നതിനൊടുവിൽ പുരസ്കാരങ്ങൾ ലഭിച്ചു എന്നതുകൊണ്ടുമാണ്. ഇരട്ടി മധുരമാണ് അപ്പോൾ.

'മീശ'യുടെ സ്പാർക്ക്

നീണ്ടൂർ, അയ്മനം, ആർപ്പൂക്കര, കല്ലറ മുതലായ പ്രദേശങ്ങൾ ഉൾപ്പെടുന്ന വടക്കൻ കുട്ടനാട്ടിലാണ് 'മീശ' അരങ്ങേറുന്നത്. ഞാൻ ജനിച്ചുവളർന്ന സ്ഥലമാണത്. ഏതൊരു എഴുത്തുകാരനെയും പോലെ ജന്മസ്ഥലത്തെ എന്നെങ്കിലും അതിന്റെ പൂർണ അർഥത്തിൽ ഒരെഴുത്തിൽ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, അതെങ്ങനെ കഴിയുമെന്നതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ക്രമേണ വാവച്ചന്റെ കഥ മനസ്സിലേക്കുവന്നു. ഞാൻ കുഞ്ഞുനാൾ മുതൽ അറിയുമായിരുന്ന ഇയാളെക്കുറിച്ച് നാട്ടിൽ മിത്തുപോലുള്ള കുറെ കഥകളുണ്ടായിരുന്നു. വലിയ മീശവെച്ച് നടന്നിരുന്ന ഇയാളുടെ യഥാർഥ പേര് മറ്റൊന്നാണ്. ഒരിക്കൽ ഒരു നാടകത്തിൽ അഭിനയിക്കാൻ വേണ്ടിയാണ് മീശവെച്ചതെന്ന് പിന്നീട് അറിഞ്ഞു. ഇതാണ് 'മീശ' എഴുതാനുള്ള സ്പാർക്കായി മാറുന്നത്. നേരത്തേ ഒരു നോവൽ എഴുതിയിരുന്നെങ്കിലും അത്ര ശരിയാകാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു. അതിന്റെ തുടർപരിശ്രമം കൂടിയാണ് ഈ കൃതി.

സമ്പൂണമായൊരു കൃതിയെഴുതി എന്ന ഒരു സർഗസംതൃപ്തി 'മീശ' എനിക്കു തന്നിട്ടില്ല. ഓരോ കൃതി എഴുതിത്തീരുമ്പോഴും അതിന്റെ കുറവുകൾ എന്തൊക്കെയെന്ന് ആദ്യം തിരിച്ചറിയുന്നത് എഴുത്തുകാരൻ തന്നെയാണ്. അതിനാൽ, സർഗസംതൃപ്തി എന്നതൊന്ന് എഴുത്തുവഴിയിൽ ഇല്ലെന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. 'മീശ'യിൽ പക്ഷേ ഞാൻ സന്തുഷ്ടനാണ്. കാരണം, അതിന്റെ ഇംഗ്ലീഷ് വിവർത്തനം ദേശീയതലത്തിലുള്ള വായനക്കാർ ഏറ്റെടുത്തുകഴിഞ്ഞു. ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ആസ്വാദനക്കുറിപ്പുകളും വിശകലനങ്ങളും ഇംഗ്ലീഷ് മാധ്യമങ്ങളിലും ഓൺലൈൻ ബ്ലോഗുകളിലും വന്നുകൊണ്ടിരിക്കുന്നു. ചിലർ നേരിട്ടുവിളിച്ച് അറിയിക്കുന്നു. എന്റെ പരിശ്രമം കുറെയൊക്കെ വിജയം കണ്ടതിന്റെ ലക്ഷണമാണിത്.

ചെറുകഥയും നോവലും തമ്മിൽ

രണ്ടും കഥപറച്ചിൽ തന്നെയാണെങ്കിലും, ചെറുകഥയും നോവലും തമ്മിൽ എഴുത്തുരീതിയിൽ സാരമായ വ്യത്യാസമുണ്ട്. ഒറ്റ ആശയത്തെ മുൻനിർത്തിയുള്ളതാണ് ചെറുകഥ. ഒരൊറ്റ ജീവിതാനുഭവം. എന്നാൽ, അപാരമായ സാധ്യതകളാണ്, സ്വാതന്ത്യ്രമാണ് നോവലെഴുത്തിൽ. ഏതു ഘടനയും ഏതു രീതിയിലുള്ള ആഖ്യാനവും സ്വീകരിക്കാം. യോജിക്കുന്ന രൂപത്തിൽ എന്തുമെടുത്ത് ഉപയോഗിക്കാം. പ്രമേയപരമായ ഏറ്റവും വലിയ വ്യത്യാസം, നോവലിന്റെ വിഷയം അത് എഴുതിത്തീരുന്നതുവരെ എഴുത്തുകാരനെ പ്രചോദിപ്പിക്കുന്നതായിരിക്കണം എന്നതാണ്. ചിലപ്പോൾ വർഷങ്ങളെടുക്കും നോവൽ എഴുതിത്തീരാൻ. ഈ നീണ്ട കാലമത്രയും നോവലിസ്റ്റിന് ആവേശം പകരാൻ ആ പ്രമേയത്തിന് കഴിയണം. ഏകദിന ക്രിക്കറ്റും ടെസ്റ്റ് ക്രിക്കറ്റും തമ്മിലുള്ള വ്യത്യാസമാണ് ഇക്കാര്യത്തിൽ ചെറുകഥയും നോവലും തമ്മിൽ. നോവലെഴുത്തിന് ആദ്യം വേണ്ടത് ക്ഷമയാണ്. ഒരു ജീവിതം ജീവിച്ചുതീരുന്നതുപോലെയാണ് ഒരു നോവൽ എഴുതിത്തീരുന്നത്! ആ കഥ അത് എഴുതുന്ന ആളെത്തന്നെ പരിവർത്തനപ്പെടുത്തും. എന്റെ അനുഭവമാണത്.

നവീകരിക്കപ്പെടുന്ന നോവലുകൾ

എന്നും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹിത്യശാഖയാണ് നോവൽ. മറ്റിടങ്ങളിലെപ്പോലെ ഇവിടെയും തനതായ കഥ പറച്ചിൽ രീതി രൂപപ്പെടണം. രചനാരീതി രൂപവത്കരണത്തിൽ കുറെയൊക്കെ നമ്മൾ വിജയിച്ചിട്ടുണ്ട്. യൂറോപ്യൻ നോവലുകളുടെ ബാഹ്യരൂപം ഇപ്പോഴും യാഥാസ്ഥിതികമാണ്. എന്നാൽ, അങ്ങനെയൊരു ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി നിൽക്കാതെ, ഒാരോ തലമുറയിലും ജീവിക്കുന്നവരുമായി ചേർന്നുനിൽക്കാൻ വെമ്പൽകൊള്ളുന്നു എന്നതാണ് നമ്മുടെ നോവലുകളുടെ ഏറ്റവും പുരോഗമനമായൊരു സ്വഭാവം. എഴുത്തിൽ പുത്തൻ ഭാവുകത്വം പ്രകടമാക്കുന്ന നോവലിസ്റ്റുകൾ ഇന്ന് നമുക്കുണ്ടെന്നുള്ളത് പ്രത്യാശാജനകമാണ്.

പ്രമേയങ്ങൾ എല്ലായിടത്തുമുണ്ട്

നമുക്ക് ചുറ്റും പ്രമേയങ്ങളാണ്. അതിൽ ഏത് നമ്മെ സ്പർശിക്കുന്നു, അത് കഥകളായിത്തീരും. സാധാരണക്കാരുടെ ജീവിതാനുഭവങ്ങളിൽനിന്നും അവരുടെ സംഭാഷണങ്ങളിൽനിന്നും വായനയിൽ നിന്നും കഥകൾക്കുള്ള പ്രമേയങ്ങൾ ലഭിക്കുന്നു. നേരിട്ടറിയാവുന്നവരും കേട്ടറിഞ്ഞവരും മുതൽ മദ്യപാനികൾവരെയുള്ളവർ കഥകളായി മാറുന്നു. ഒരാളോട് സംസാരിക്കുമ്പോഴും ഒരു യാത്ര ചെയ്യുമ്പോഴും ഒരു ഫോട്ടോ കാണുമ്പോഴും കഥക്കുള്ള നിമിത്തങ്ങൾ വീണുകിട്ടുന്നു. ഒരു കൊച്ചു ലേഖനത്തിന്റെ വായനയിൽനിന്നു പോലും പ്രമേയം അവിചാരിതമായി ലഭിച്ചിട്ടുണ്ട്. എന്നാൽ, മിക്ക കഥകൾക്കും കാരണമായത് സാധാരണ മനുഷ്യരുടെ ജീവിതങ്ങളാണ്.

പണിപ്പുരയിൽ

ഒരു നോവൽ എഴുതുന്ന തിരക്കിലാണ് ഞാനിപ്പോൾ. താമസിയാതെ അത് പൂർത്തിയാക്കാൻ കഴിയുമെന്ന് കരുതുന്നു. വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. അതെല്ലാം പറഞ്ഞാൽ എഴുതാനുള്ള ജിജ്ഞാസ നഷ്ടപ്പെടും.

സിനിമയും എഴുത്തും

സിനിമയിൽ മുങ്ങിത്താഴാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. വളരെ യാദൃച്ഛികമായാണ് സിനിമയിൽ എത്തിപ്പെട്ടത്. സുഹൃത്ത് സഞ്ജു സുരേന്ദ്രൻ എന്റെ മൂന്നു കഥകൾ ഒന്നാക്കി ഒരു സിനിമയാക്കാൻ താൽപര്യം കാണിച്ചപ്പോൾ, ചർച്ചചെയ്ത് തിരക്കഥയെഴുതി. നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രം, 'ഏദൻ', എന്റെ ചെറുകഥകളായ 'നിര്യാതരായി', 'ചപ്പാത്തിലെ കൊലപാതകം', 'മാന്ത്രികവാൽ' എന്നിവ ഒറ്റച്ചരടിൽ കോർത്തെടുത്തതാണ്. കഥയ്ക്കുള്ളിൽ കഥകൾ വിരിയുന്ന ആഖ്യാനരീതിയാണതിന്. അതിനു ശേഷമാണ് ലിജോ ജോസ് ​െപല്ലിശ്ശേരി എന്റെ ചെറുകഥ 'മാവോയിസ്റ്റ്' സിനിമയാക്കിയത്. അതിനുവേണ്ടി 'ജല്ലിക്കട്ട്' എന്ന തിരക്കഥയെഴുതി. ഒരെഴുത്തുകാരന് മുങ്ങാൻ പറ്റിയ സ്ഥലമല്ല ചലച്ചിത്രമെങ്കിലും, ഇതൊരു സന്തോഷകരമായ അനുഭവമാണ്. സിനിമ ഏറ്റവും പുതിയ കാലത്തെ കലയാണ്. പുതിയ തലമുറയിലെ ഏറ്റവുമധികം പ്രതിഭാശാലികൾ എത്തുന്ന ഇടം. ഇങ്ങനെയുള്ള ചെറുപ്പക്കാരുമായി ഇടപഴകാനും അവരുടെ ചിന്തകളറിയാനും സിനിമ അവസരം തരുന്നു.

കുടുംബം

കാര്യമായി പറയാനുള്ളൊരു പശ്ചാത്തലമൊന്നും എനിക്കില്ല. കോട്ടയം ജില്ലയിലെ നീണ്ടൂരാണ് എന്റെ വീട്. ജന്മസ്ഥലമാണിത്. ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് ഞാൻ. ഇപ്പോൾ ലോങ് ലീവിലാണ്. അച്ഛൻ റേഷൻകട നടത്തിയിരുന്ന ആളായിരുന്നു. ഇപ്പോൾ ജീവിച്ചിരിപ്പില്ല. അമ്മയുണ്ട്. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ് ഭാര്യ, വിവേക. രണ്ടു കുട്ടികൾ. ബാലുവും ദേശുവും. രണ്ടുപേരും വിദ്യാർഥികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vayalar awardS HarishMeesa Novel
News Summary - Writer S Harish Interview
Next Story