Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാഗൺ കൂട്ടക്കൊല: ഓർമകളിലേക്കൊരു കവാടം
cancel

ചാരുകസേരയിൽ ഒന്നുകൂടി അമർന്നിരുന്ന്​ ഹാജി കഥ തുടർന്നു: ''ഇനിയാണ് മോ​േന അദാബി​െൻറ ആഴം കൂടിയ ഏടുകൾ ആരംഭിക്കുന്നത് ''. വാഗൺ കൂട്ടക്കൊലയുടെയും മലബാർ സമരത്തിന്റെയും ചരിത്രം അന്വേഷിക്കുന്ന 'വാഗൺ ട്രാജഡി സ്മരണിക'യിൽ, അനുഭവസ്ഥനായ കൊന്നോല അഹ്മദ് ഹാജിയുമായി അബ്​ദു ചെറുവാടി നടത്തിയ അഭിമുഖത്തിൽനിന്നുള്ള വരികളാണിത്. വെളിച്ചം കടന്നുവന്നപ്പോൾ ഹാജി കണ്ട കാഴ്ച ഒന്നു വിവരിക്കാമോ എന്ന ചോദ്യത്തിന് ''മത്തി വറ്റിച്ച പോലെയുണ്ടായിരുന്നു'' എന്നായിരുന്നു അദ്ദേഹത്തി​െൻറ മറുപടി.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അതിദാരുണ സംഭവങ്ങളിലൊന്നാണ് 1921 നവംബർ 20ന്​ നടന്ന വാഗൺ കൂട്ടക്കൊല. 70 പേരുടെ ജീവൻ നഷ്​ടപ്പെട്ട സംഭവത്തിന് ഒരു നൂറ്റാണ്ട് തികയാനിരിക്കുന്നു. മലബാർ സമരത്തെ പലതരത്തിൽ വായിക്കുന്ന അനേകം പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. മുൻനിര നേതാക്കളുടെ പോരാട്ടജീവിതത്തെ കുറിച്ചും ചില ദേശങ്ങളുടെ പ്രതിനിധാനങ്ങളെ കുറിച്ചും പ്രധാന സംഭവങ്ങളെ കുറിച്ചുമെല്ലാം പഠനങ്ങൾ നടന്നിട്ടുണ്ട്. മലബാർ സമരത്തിന് ഒരു നൂറ്റാണ്ട് തികയുന്നതി​െൻറ ഭാഗമായി അക്കാദമിക് രംഗത്ത് ചർച്ചകളും വായനകളും സജീവമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിൽ ഗ്രെയ്‌സ് ബുക്സ് പുനഃപ്രസിദ്ധീകരിച്ച 'വാഗൺ ട്രാജഡി സ്മരണിക' വാഗൺ കൂട്ടക്കൊലയെ കുറിച്ചും മലബാർ സമരത്തെ കുറിച്ചുമുള്ള ശ്രദ്ധേയ ഗ്രന്ഥമാണ്. ചരിത്രാന്വേഷകനായിരുന്ന അബ്​ദു ചെറുവാടിയുടെ നേതൃത്വത്തിൽ ക്രോഡീകരിക്കപ്പെട്ട പുസ്തകം 1981ൽ തിരൂരിൽ നടന്ന വാഗൺ ട്രാജഡി അറുപതാം വാർഷിക സമ്മേളനത്തിലാണ്​ ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. അക്കാലത്ത് ഇത്ര വിപുലമായ ഒരു സ്മരണിക തയാറാക്കുന്നതിന് അദ്ദേഹം നടത്തിയ തീവ്രയത്നങ്ങളെ അദ്ദേഹത്തിന്റെ ബന്ധുകൂടിയായ ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി പുസ്തകത്തി​െൻറ അവതാരികയിൽ സ്മരിക്കുന്നുണ്ട് . എം.എ. ഗഫൂർ, മലയിൽ മുഹമ്മദ്‌ കുട്ടി, മജീദ് തളങ്കര, എസ്.വി. അബ്​ദുല്ല, ആർ. മുഹമ്മദ്‌ ഷാഫി, കെ.വി. മുഹമ്മദ്‌, എസ്.വി. അബ്​ദുറഹ്മാൻ തുടങ്ങിയവരായിരുന്നു അന്നത്തെ സ്മരണിക പ്രവർത്തകസമിതിയിൽ ഉണ്ടായിരുന്നത്. സ്മരണികയുടെ മൂന്നാം പതിപ്പാണ് ഇപ്പോൾ ഗ്രെയ്‌സ് ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാഗൺ സംഭവത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട കൊന്നോല അഹ്മദ് ഹാജിയുമായുള്ള അഭിമുഖം വാഗൺ കൂട്ടക്കൊലയുടെ ദൃശ്യവിവരണംപോലെ അനുഭവപ്പെടുന്നു.

മലബാർ സമരത്തെ കുറിച്ചുള്ള പ്രശസ്ത ചരിത്ര പണ്ഡിതരുടെ ലേഖനങ്ങൾ പുസ്തകത്തെ സമ്പന്നമാക്കുന്നു . ഇ.എം.എസ് നമ്പൂതിരിപ്പാട്, ഇ. മൊയ്തു മൗലവി, ഡോ. എം. ഗംഗാധരൻ, ഡോ. സി.കെ. കരീം, ഡോ. എം.ജി.എസ്. നാരായണൻ, ഡോ എസ്.എം. മുഹമ്മദ്‌ കോയ, കെ.കെ. മുഹമ്മദ്‌ അബ്​ദുൽ കരീം തുടങ്ങിയ ചരിത്രകാരന്മാരുടേയും എം.ഐ തങ്ങൾ, ജമാൽ കൊച്ചങ്ങാടി, ഡോ. വി.വി. കുഞ്ഞികൃഷ്ണൻ തുടങ്ങിയ പ്രഗല്​ഭ എഴുത്തുകാരുടെയും ലേഖനങ്ങൾ സമര ചരിത്രത്തെയും വാഗൺ ട്രാജഡിയെയും സമഗ്രമായി വിലയിരുത്തുന്നു. കൂട്ടത്തിൽ പുലിക്കോട്ടിൽ ഹൈദറിന്റെ പ്രശസ്തമായ 'മറിയക്കുട്ടിയുടെ കത്ത് പാട്ടും'എസ്.വി. ഉസ്മാൻ എഴുതിയ തീപ്പാട്ട് എന്ന കവിതയും ചേർത്തിട്ടുണ്ട്. ചില പ്രധാന ലേഖനങ്ങൾക്കു ശേഷം എം.പി. നാരായണ മേനോൻ, കെ.മാധവ മേനോൻ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, മൊയ്യാരത്ത് ശങ്കരൻ തുടങ്ങിയ ഖിലാഫത്ത്-കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളും കൊടുത്തിട്ടുണ്ട്.

ജാലിയൻ വാലാബാഗും വാഗൺ ട്രാജഡിയും തമ്മിലുള്ള താരതമ്യമാണ് ഇ.എം.എസ് നടത്തുന്നത്. ഇരു സംഭവങ്ങളും ബ്രിട്ടീഷ് ഭരണമേധാവികളുടെ ക്രൂരമർദനത്തി​െൻറ തെളിവായി വിലയിരുത്തുന്ന അദ്ദേഹം, വാഗൺ ട്രാജഡി എന്തുകൊണ്ട് ദേശീയ തലത്തിൽ ജാലിയൻ വാലാബാഗ് പോലെ പ്രതിഷേധത്തി​െൻറ ഭാഗമായില്ലെന്ന ചോദ്യത്തിന് ഉത്തരം പറയാൻ ശ്രമിക്കുന്നുണ്ട്. മലബാറിൽനിന്ന്​ തീർത്തും വിഭിന്നമായി സാമുദായിക ഐക്യം തുടർന്നുകൊണ്ടുപോകാൻ പഞ്ചാബിന് സാധിച്ചു. അതിനാലാണ് ദേശീയതലത്തിൽ ജാലിയൻ വാലാബാഗിൽ നടന്ന കൊലപാതകത്തിനെതിരെ പ്രതിഷേധിക്കുന്നത് ദേശീയ സമരത്തിന്റെ ഭാഗമായതെന്ന് ഇ.എം.എസ് നിരീക്ഷിക്കുന്നു. ഡോ.എം. ഗംഗാധര​െൻറ ലേഖനം സമരചരിത്രത്തെ പുനർവായിക്കുന്നതാണ്. മാർഷ്യൽ ലോ നടപ്പാക്കപ്പെട്ടിട്ടില്ലാത്ത സ്ഥലത്തുവെച്ചായിരുന്നു വാഗൺ കൂട്ടക്കൊല സംഭവിച്ചത് എന്നതിനാലാണ് സംഭവത്തെക്കുറിച്ച് പത്രങ്ങളിലൂടെയും മറ്റും രാജ്യമറിയുന്നതെന്ന് പറയുന്നതോടൊപ്പം മാർഷ്യൽ ലോ നിലവിലുണ്ടായിരുന്ന മലബാറി​െൻറ മറ്റു പ്രദേശങ്ങളിൽ നടന്ന ബ്രിട്ടീഷ് നടപടികൾ ഗവേഷണംചെയ്ത്​ കണ്ടെത്തണമെന്ന് അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്യുന്നു. തുറന്ന വാഗണുകളിൽ തടവുകാരെ കൊണ്ടുപോയാൽ വഴിക്കുവെച്ച് രക്ഷപ്പെടാനുള്ള ശ്രമമുണ്ടായേക്കുമെന്ന കാരണത്താൽ വാതിലുകൾ അടച്ചിടാൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ഹിച്ച്കോക്ക് നിർദേശം കൊടുത്തിരുന്നുവെന്നും അതാണ് ഇത്രയും വലിയ ദുരന്തത്തിൽ കലാശിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

വാഗൺ കൂട്ട​ക്കൊലകൾ വേറെയും നടന്നിരുന്നുവെന്നും എന്നാൽ, അപകടതോത് കുറവായതിനാൽ ശ്രദ്ധ കിട്ടിയില്ലെന്നും കെ.കെ. മുഹമ്മദ്‌ അബ്​ദുൽ കരീം രേഖപ്പെടുത്തുന്നു. മറ്റൊരു വാഗൺ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട തിരൂരിൽ കച്ചവടക്കാരനായിരുന്ന കുത്തുംതോട്ടിൽ കോയക്കുട്ടിയെ ഉദ്ധരിച്ചാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെടുന്നത്. വാഗൺ കൂട്ടക്കൊലയെ സംബന്ധിച്ച് നിയമസഭകളിൽ നടന്ന ചർച്ചകളാണ് ഡോ. വി.വി. കുഞ്ഞികൃഷ്ണ​െൻറ ലേഖനത്തിൽ. മദിരാശി ലെജിസ്​ലേറ്റിവ് കൗൺസിൽ ദിവാൻ ബഹദൂർ കൃഷ്ണൻ നായർ വാഗൺ ദുരന്തത്തെക്കുറിച്ച് അന്ന് പതിനൊന്നു ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും കൗൺസിൽ അവയെല്ലാം തള്ളിക്കളയുകയായിരുന്നു .

വാഗൺ കൂട്ടക്കൊല സംഭവത്തെ കുറിച്ച് പ്രധാന വിവരങ്ങൾ നൽകുന്നതാണ് പുസ്തകത്തിലെ അനുബന്ധങ്ങൾ. സംഭവത്തെ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ സഹായിക്കുന്ന ചില പത്രവാർത്തകൾ, വാഗൺ കൂട്ടക്കൊലയെ സംബന്ധിച്ച് വിവിധയിടങ്ങളിൽ അവതരിപ്പിക്കപ്പെട്ട പ്രധാന പ്രമേയങ്ങൾ തുടങ്ങിയവയാണ് അനുബന്ധത്തിൽ. മരണപ്പെട്ടവരുടെ പേരുവിവരം, 1921 നവംബർ 24 , 26 , ഡിസംബർ ഒന്ന്​ തീയതികളിലെ മലയാള മനോരമയിൽ സംഭവത്തെ കുറിച്ച് വന്ന റിപ്പോർട്ടുകൾ, ദി ടൈംസ് ഓഫ് ഇന്ത്യയിൽ 1922 ഫെബ്രുവരി ആറ്​, നവംബർ 13 തീയതികളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ, ദ ഇന്ത്യൻ സോഷ്യൽ റിഫോർമറിൽ വന്ന റിപ്പോർട്ട്, മാപ്പിള തീവണ്ടി ദുരന്തവും കലഹവും എന്ന പേരിൽ മദ്രാസ് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയം, 1921 ഡിസംബർ 30ന് അഹ്​മദാബാദിൽ നടന്ന ആൾ ഇന്ത്യ മുസ്‌ലിം ലീഗ് വാർഷിക സമ്മേളനത്തിൽ വാഗൺ കൂട്ടക്കൊല സംബന്ധിച്ച് അവതരിപ്പിക്കപ്പെട്ട പ്രമേയം എന്നിവയാണ് അനുബന്ധമായി ഉൾപ്പെടുത്തിയിരിക്കുന്നത്.


(എഡി: അബ്​ദു ചെറുവാടി പേ​​ജ്​: 206, വി​​ല: 220.00, ഗ്രെ​യ്​​സ്​ ബു​ക്​​സ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Culturewagon tragedy
News Summary - wagon tragedy A Gateway to Memories
Next Story