Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightവേരുകൾ

വേരുകൾ

text_fields
bookmark_border
വേരുകൾ
cancel

കാ​ല​വ​ർ​ഷം അ​തി​ന്റെ സ​ർ​വ​ഭാ​വ​ങ്ങ​ളോ​ടു​കൂ​ടി​യും പ​ന​ങ്കാ​വി​ന്റെ മ​ണ്ണി​ലേ​ക്ക് ആ​ർ​ത്തു​പെ​യ്‌​തു. ഇ​ട​ത​ട​വി​ല്ലാ​ത്ത പേ​മാ​രി​യാ​യി​രു​ന്നു അ​ത്‌. രാ​ത്രി​ക​ൾ, പ​ക​ലു​ക​ൾ മ​ഴ​യു​ടെ ഇ​ര​മ്പ​ൽ മാ​ത്രം ആ​ളു​ക​ൾ ചെ​വി​കൊ​ണ്ടു. പ​ന​ങ്കാ​വി​ന്റെ സ​മൃ​ദ്ധ​മാ​യ ഉ​ട​ലി​ൽ ഇ​രി​പ്പു​റ​പ്പി​ച്ച അ​ര​യാ​ലി​നെ ക​ട​പു​ഴ​ക​ലി​ന്റെ വ​ക്കോ​ളം എ​ത്തി​ച്ച മ​ഴ​ദി​ന​ങ്ങ​ൾ. ഭീ​മാ​കാ​ര​മാ​യ ഒ​രു രോ​ദ​നം പോ​ലെ പ​ന​ങ്കാ​വി​ന്റെ മ​നു​ഷ്യ​ര​ത് കേ​ട്ടു... അ​വ​ളു​ടെ വേ​രു​ക​ൾ പ​ട​ർ​ന്നു ക​യ​റി​യ സ​ഞ്ചാ​ര​പ​ഥ​ത്തി​ലൂ​ടെ അ​നേ​കം മ​നു​ഷ്യ ജീ​വി​ത​ങ്ങ​ൾ മു​ള​പൊ​ട്ടി​യി​ട്ടു​ണ്ട്. കാ​ല​വ​ർ​ഷ​ത്തി​ന്റെ ധാ​രാ​ളി​ത്ത​ത്തി​ലും വേ​ന​ലി​ന്റെ ആ​ധി​ക്യ​ത്തി​ലും അ​ശാ​ന്ത​മാ​യ കാ​റ്റി​ന്റെ മു​ഴ​ക്ക​ങ്ങ​ളി​ലും അ​ന്നാ​ട്ടു​കാ​ർ ആ​ൽ​മ​ര​ത്തി​ന് ചു​വ​ട്ടി​ൽ നി​ല​കൊ​ണ്ട​വ​രാ​ണ്. ഇ​ന്നി​താ അ​വ​ളു​ടെ ഉ​ട​ലു​ക​ൾ അ​റു​ത്തു​മാ​റ്റാ​ൻ അ​വ​ർ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ന്നു. അ​ല്ലാ​യെ​ങ്കി​ൽ ഒ​രു നി​ല​പ​തി​ക്ക​ൽ കൊ​ണ്ട് പ​ന​ങ്കാ​വി​ന്റെ പ്രാ​ണ​നെ അ​വ​ൾ അ​റു​ത്തു​മാ​റ്റി​യേ​ക്കാം.

ക​റു​ത്തി​രു​ണ്ടു​കൂ​ടി​യ ആ​കാ​ശ​ത്തി​ന് ചു​വ​ട്ടി​ൽ പ​ണി​ക്കാ​ർ നി​ര​ന്നു. ഈ​ർ​ച്ച​വാ​ൾ ദുഃ​ഖ​ഭ​രി​ത​മാ​യ ഏ​തോ ക​ർ​മ​ത്തി​ലേ​ക്കെ​ന്ന പോ​ലെ കാ​ത്തു​കി​ട​ന്നു. നി​ഗൂ​ഢ​ങ്ങ​ളാ​യ ശി​ഖ​ര​ങ്ങ​ളു​ടെ വ​ഴി​തേ​ടി വെ​ട്ടി​യും മു​റി​ച്ചും പ​ഴ​ക്കം ത​ട്ടി​യ വൃ​ക്ഷ​ഭേ​ദി​യു​മേ​ന്തി ആ​ളു​ക​ൾ അ​വ​ളു​ടെ വ​പു​സ്സി​ലേ​ക്ക് വ​ലി​ഞ്ഞു​ക​യ​റി. പാ​തി​യോ​ളം ചി​ല്ല​ക​ളും മ​ത്സ​ര​ബു​ദ്ധി​യോ​ടെ അ​റു​ത്തു​മാ​റ്റ​പ്പെ​ട്ടു. എ​ന്നാ​ൽ, മു​റി​ച്ചു​മാ​റ്റാ​ൻ ക​ഴി​യാ​ത്ത ഏ​തോ ര​ഹ​സ്യ​ത്തി​ന്റെ കാ​ഠി​ന്യ​വും പേ​റി ശേ​ഷി​ച്ച ശി​ഖ​ര​ങ്ങ​ൾ ആ​കാ​ശം നോ​ക്കി ക​ണ്ണു​നീ​ർ പൊ​ഴി​ച്ചു. അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ന്തു​കൊ​ണ്ടാ​വാം ശി​ഖ​ര​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​രു ക​ടും​പി​ടു​ത്ത​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. അ​ര​യാ​ലി​നു ചു​റ്റും കൂ​ടി​യ ആ​ളു​ക​ൾ പ​ര​സ്പ​രം ആ​ശ​യ​ങ്ങ​ൾ കൈ​മാ​റു​ക​യും ദു​രൂ​ഹ​മാ​യ​തെ​ന്തോ ഓ​ർ​ത്ത് നി​ന്നു​പോ​കു​ക​യും ചെ​യ്തു. ആ ​ച​രി​ത്ര​ത്തി​നാ​ക​ട്ടെ പ​ഴ​ക്ക​മേ​റെ​യു​ണ്ടാ​യി​രു​ന്നു..

പ​ന​ങ്കാ​വി​ന്റെ അ​റു​പ​തു​ക​ളു​ടെ ആ​ദ്യ​ത്തി​ലാ​ണ് ആ ​ക​ഥ ന​ട​ക്കു​ന്ന​ത്. അ​തി​രാ​വി​ലെ ഇ​ഞ്ചി​പ്പ​ണി​ക്ക് പു​റ​പ്പെ​ട്ട തോ​മാ​ച്ച​നും ഭാ​ര്യ സി​സി​ലി​യു​മാ​ണ് സം​ഭ​വ​ത്തി​ന്റെ ആ​ദ്യ കാ​ഴ്ച​ക്കാ​ർ. ക​ണ്ട​പാ​ടേ എ​ന്റെ ഈ​ശോ​യെ​ന്നും പ​റ​ഞ്ഞ് സി​സി​ലി പി​ന്നി​ലോ​ട്ടൊ​രു മ​റി​ച്ചി​ലാ​യി​രു​ന്നു.

നേ​രം വെ​ട്ടം പാ​റും മു​ന്നേ പ​ന​ങ്കാ​വി​ന്റെ മ​നു​ഷ്യ​ർ അ​വി​ടെ ത​ടി​ച്ചു​കൂ​ടി. ഒ​രു​പ​ക്ഷേ ലോ​ക​ച​രി​ത്ര​ത്തി​ൽ ത​ന്നെ ഇ​ങ്ങ​നെ​യൊ​ന്ന് ആ​ദ്യ​മാ​യി​ട്ടാ​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ഭൂ​മി​ക്ക​ടി​യി​ൽ നി​ന്നും ഭീ​മാ​കാ​ര​നാ​യൊ​രു വേ​ര് ആ​കാ​ശം മു​ട്ടെ വ​ള​രു​ക​യെ​ന്ന​ത് ഇ​തി​ന് മു​മ്പ് എ​വി​ടെ​യെ​ങ്കി​ലും സം​ഭ​വ്യ​മാ​യി​രു​ന്നോ എ​ന്ന​തി​ൽ ആ ​മ​നു​ഷ്യ​ർ അ​ജ്ഞ​രാ​ണ്... അ​ര​യാ​ലി​ന്റെ വേ​ര് ആ​കാ​ശം മു​ട്ടെ വ​ള​ർ​ന്നു ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

വ​ള​ർ​ന്ന് പോ​കു​ന്ന കൂ​ട്ട​ത്തി​ൽ വേ​രി​ന്റെ ന​ടു​മ്പു​റ​ത്ത് ക​യ​റി വ​ത്സ​ല​യും അ​വ​ളു​ടെ ഒ​റ്റ​മു​റി വീ​ടു​മി​പ്പോ​ൾ ആ​കാ​ശ​ത്തി​ന് ചാ​രെ​യാ​ണ്. ഏ​ക​ദേ​ശം നൂ​റു​വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്കം പി​ന്നി​ട്ട ത​ടി​യാ​ണ്. ക​ട​ന്നു​പോ​യ ഓ​രോ ത​ല​മു​റ​യും വേ​രു​ക​ളു​ടെ നി​ശ്ശ​ബ്ദ സ​ഞ്ചാ​രം തൊ​ട്ട​റി​ഞ്ഞ​വ​രാ​ണ്.

വേ​രു​ക​ൾ ഇ​ങ്ങ​നെ വി​പ​രീ​ത​മാ​യൊ​രു ദി​ശ തി​ര​ഞ്ഞെ​ടു​ത്ത​തി​ന്റെ കാ​ര​ണം മാ​ത്ര​മാ​യി​രു​ന്നു അ​ന്ന​വ​രെ അ​ല​ട്ടി​യ​ത്. വേ​ര് ഇ​നി​യും എ​ത്ര​യെ​ത്ര പ​രി​ണാ​മ​പ്ര​ക്രി​യ​ക​ളി​ൽ ഏ​ർ​പ്പെ​ടു​മെ​ന്ന് തീ​ർ​ച്ച​പ്പെ​ടു​ത്തു​ക പോ​ലും വ​യ്യാ​ത്ത ഘ​ട്ട​ത്തി​ൽ ഏ​തു​നി​മി​ഷ​വും സം​ഭ​വി​ച്ചേ​ക്കാ​വു​ന്ന അ​പ​ക​ട​ഭീ​തി​യി​ൽ അ​വ​ർ അ​സ്വ​സ്ഥ​രാ​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും പ​ന​ങ്കാ​വു​കാ​ർ വ​ത്സ​ല​യെ ഓ​ർ​ത്തി​ല്ല. വേ​രി​നൊ​പ്പം ഉ​യ​ർ​ന്നു​പോ​യ അ​വ​ളു​ടെ വീ​ടി​നെ കു​റി​ച്ചും ഓ​ർ​ത്തി​ല്ല. അ​ല്ലെ​ങ്കി​ലും അ​വ​ളെ ഓ​ർ​ക്കേ​ണ്ട ആ​വ​ശ്യ​മെ​ന്താ​ണ്. നാ​ട്ടി​ലെ ഏ​റ്റ​വും മ്ലേ​ച്ഛ​മാ​യ ഒ​റ്റ​മു​റി വീ​ടാ​ണ് അ​വ​ളു​ടേ​ത്. ഒ​രു ഗ​ണി​ക സ്ത്രീ​യെ പ​രി​ഗ​ണി​ക്കേ​ണ്ട ആ​വ​ശ്യ​മു​ള്ള​താ​യി ആ​രും ക​രു​തു​ന്നി​ല്ല ത​ന്നെ...

പ​ക്ഷേ മു​കു​ന്ദ​ന്റെ ഓ​ർ​മ​ക​ൾ പ​ന​ങ്കാ​വു​കാ​രെ പ്രേ​ത​ത്തെ പോ​ലെ പി​ന്തു​ട​ർ​ന്നു. ക​ഴി​ഞ്ഞു​പോ​യ ദി​ന​ങ്ങ​ളി​ലെ​പ്പോ​ഴോ മു​കു​ന്ദ​ൻ അ​ര​യാ​ൽ ചു​വ​ട്ടി​ൽ മ​രി​ച്ചു കി​ട​ന്ന​തി​ന്റെ ഭ​യം അ​വ​രി​ൽ നി​റ​ഞ്ഞു​വ​ന്നെ​ങ്കി​ലും അ​യാ​ളു​ടെ ആ​ത്മ​ഹ​ത്യ​യു​ടെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് മാ​ത്രം അ​വ​ർ പ​ര​സ്പ​രം സം​സാ​രി​ച്ചി​ല്ല.

വ​ത്സ​ല​യാ​ക​ട്ടെ അ​വ​ൾ ആ​കാ​ശ​ത്തി​ന്റെ അ​ന​ന്ത​ത​യി​ലേ​ക്ക് നോ​ക്കി​നി​ൽ​ക്കു​ക​യാ​ണ്. പെ​യ്യാ​ൻ വെ​മ്പി​നി​ൽ​ക്കു​ന്ന മ​ഴ​മേ​ഘ​ങ്ങ​ൾ ഉ​ള്ള് ത​ണു​പ്പി​ച്ചു​വെ​ങ്കി​ലും അ​വ​ക്ക് പ​രി​ചി​ത​ഭാ​വ​മ​ല്ലെ​ന്ന​ത് അ​വ​ളു​ടെ ഹൃ​ദ​യ​ത്തി​ൽ അ​ശു​ഭ​മാ​യ ചി​ന്ത​ക​ൾ നി​റ​ച്ചു.

വ​ത്സ​ല​യു​ടെ ജീ​വി​തം നാ​ൽ​പ​ത് പി​ന്നി​ട്ട​താ​ണ്. എ​ണ്ണി​പ്പെ​റു​ക്കു​മ്പോ​ൾ ദുഃ​ഖ​ങ്ങ​ൾ മാ​ത്രം കൂ​ട്ടു​കി​ട​ന്ന വ​ർ​ഷ​ക​ണ​ക്കു​ക​ൾ. അ​വ​ൾ താ​ഴേ​ക്ക് നോ​ക്കാ​ൻ ഭ​യ​പ്പെ​ട്ടു. ക​ണ്ണെ​ത്താ​ദൂ​ര​ത്തോ​ളം പ​ട​ർ​ന്നു​പി​ടി​ച്ച ഇ​രു​ട്ടി​ന്റെ ആ​ഴ​ങ്ങ​ളി​ൽ വീ​ണ് അ​മ്മ മ​രി​ക്കു​മ്പോ​ൾ വ​ത്സ​ല​ക്ക് പ്രാ​യം പ​ന്ത്ര​ണ്ടാ​ണ്. പ​ഴ​കി​ത്തീ​ർ​ന്നൊ​രു രാ​ത്രി​യു​ടെ വി​രി​പ്പി​ൽ അ​വ​ളെ​യു​റ​ക്കി അ​മ്മ​യി​റ​ങ്ങി ന​ട​ന്നു. യാ​ത്ര​യു​ടെ അ​ന്ത്യ​ത്തി​ൽ അ​വ​ർ ആ​ത്മ​ഹ​ത്യ​യി​ൽ അ​ഭ​യം തേ​ടി. അ​മ്മ​യു​ടെ സ്വാ​ർ​ഥ​ത​യു​ടെ ഫ​ല​മെ​ന്നോ​ണം ഒ​രു പ​ന്ത്ര​ണ്ടു​കാ​രി അ​വ​ളു​ടെ നാ​ൽ​പ​ത് വ​രെ​യും വേ​ദ​ന​ക​ൾ ഭ​ക്ഷി​ച്ച് വി​ശ​പ്പ​ട​ക്കി. പ​ന​ങ്കാ​വി​ന്റെ ആ​ണും പെ​ണ്ണും അ​വ​ളെ നാ​യാ​ടി.

വ​ത്സ​ല​യു​ടെ ഹൃ​ദ​യ​ത്തി​ൽ മു​കു​ന്ദ​ന്റെ ഓ​ർ​മ​ക​ൾ നി​റ​ഞ്ഞു. അ​യാ​ൾ മാ​ത്ര​മാ​ണ് അ​വ​ളെ സ്നേ​ഹി​ച്ചി​ട്ടു​ള്ള​ത്. ആ ​സ്നേ​ഹ​മാ​ക​ട്ടെ തീ​വ്ര​വു​മാ​യി​രു​ന്നു. മു​കു​ന്ദ​ൻ അ​വ​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ആ​ർ​ത്തി​യോ​ടെ സ​മീ​പി​ച്ചി​ട്ടി​ല്ല. അ​വ​ളെ വി​വാ​ഹം ചെ​യ്യു​ക​യെ​ന്ന​ത് അ​യാ​ളു​ടെ സ്വ​പ്ന​മാ​യി​രു​ന്നു. വ​ത്സ​ല​യു​മ​ത് ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​ണ്. പ​ക്ഷേ, മു​കു​ന്ദ​ൻ അ​വ​ളി​ലും ന​ല്ലൊ​രു പെ​ണ്ണി​നെ അ​ർ​ഹി​ക്കു​ന്നു​വെ​ന്ന് അ​വ​ൾ വി​ശ്വ​സി​ച്ചു.

മു​കു​ന്ദ​ൻ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച​തും അ​യാ​ൾ​ക്ക് സു​ന്ദ​ര​നാ​യൊ​രു ആ​ൺ​കു​ഞ്ഞ് പി​റ​ന്ന​തു​മെ​ല്ലാം വ​ത്സ​ല​യെ വ​ള​രെ​യ​ധി​കം സ​ന്തോ​ഷി​പ്പി​ച്ചി​രു​ന്ന​താ​ണ്. എ​ന്നി​ട്ടും ആ​ളു​ക​ൾ അ​വ​രെ കു​റി​ച്ചു​ള്ള അ​പ​വാ​ദ​ങ്ങ​ൾ പാ​ടി ന​ട​ന്നു. മു​കു​ന്ദ​ന്റെ ഭാ​ര്യ അ​യാ​ളെ ഉ​പേ​ക്ഷി​ച്ചു പോ​കും​വ​രെ​യും അ​വ​ര​ത് ആ​വ​ർ​ത്തി​ച്ചു.

വേ​രു​ക​ളു​ടെ ഭാ​വം ഓ​രോ നി​മി​ഷ​വും മാ​റു​ക​യാ​യി​രു​ന്നു. ആ​ളു​ക​ൾ പ​രി​ഹാ​രം തേ​ടി അ​ല​ഞ്ഞു. പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കേ​ണ്ട പ​ണ്ഡി​ത​ന്മാ​ർ അ​ജ്ഞ​ത​യാ​ൽ വ​ല​ഞ്ഞു.

രാ​ത്രി​യി​ൽ ക​ന​ത്ത മ​ഴ പെ​യ്‌​തു. മ​ഴ​യു​ടെ ആ​ധി​ക്യ​ത്താ​ൽ പ​ന​ങ്കാ​വു​കാ​രു​ടെ ക​ണ്ണു​ക​ളി​ൽ ഉ​റ​ക്കം അ​തി​ന്റെ ക്ഷീ​ണം പൊ​ഴി​ച്ചി​ട്ടു. അ​വ​ർ ദീ​ർ​ഘ​മാ​യ ഉ​റ​ക്ക​ങ്ങ​ളി​ലേ​ക്ക് തെ​ന്നി​വീ​ണു... ഉ​ണ​ർ​ച്ച​യു​ടെ ആ​ദ്യ​ത്തി​ൽ ഓ​രോ മ​നു​ഷ്യ​നും അ​ത്ഭു​ത​പ്പെ​ട്ട സ്വ​പ്ന​വും കൊ​ണ്ടാ​ണ് ക​ണ്ണു​ക​ൾ തു​റ​ന്ന​ത്. മാ​റ്റി​പ്പ​റ​യു​വാ​ൻ ആ​ർ​ക്കും മ​റ്റൊ​രു സ്വ​പ്ന​മി​ല്ലാ​യി​രു​ന്നു.

വേ​ര് മു​റി​ച്ചു മാ​റ്റു​ക​യെ​ന്ന​ത് അ​സാ​ധ്യ​മാ​ണ്. അ​ഥ​വാ വേ​ര് മു​റി​ക്ക​ണ​മെ​ങ്കി​ൽ ത​ന്നെ അ​തി​ന് സ​ന്ന​ദ്ധ​രാ​യ പ​ന്ത്ര​ണ്ട് പു​രു​ഷ​ന്മാ​ർ മു​ന്നോ​ട്ടു​വ​ര​ണം. ആ ​പ​ന്ത്ര​ണ്ട് പു​രു​ഷ​ന്മാ​രാ​ക​ട്ടെ അ​വ​രു​ടെ ജീ​വി​ത​ത്തി​ന്റെ ഒ​രു ഘ​ട്ട​ത്തി​ലും വ​ത്സ​ല​യെ സ​മീ​പി​ച്ച​വ​രു​മാ​ക​രു​ത്.

പ​ന​ങ്കാ​വി​ൽ അ​തി​ന് ധൈ​ര്യ​മു​ള്ള ഒ​രു പു​രു​ഷ​നും അ​ന്ന് മു​ന്നോ​ട്ടു​വ​ന്നി​ല്ല...

ഒ​രോ വീ​ടു​ക​ളി​ലും മൗ​നം കൊ​ഴു​ത്ത് കെ​ട്ടി​ക്കി​ട​ന്നു. വ​ത്സ​ല​യെ മ്ലേ​ച്ഛ​യെ​ന്ന് വി​ളി​ച്ച് ഒ​ഴി​വാ​ക്കി​യ സ്ത്രീ​ക​ൾ പ​ര​സ്പ​രം നോ​ക്കാ​നാ​വാ​തെ അ​പ​മാ​ന​ത്തി​ൽ അ​ക​പ്പെ​ട്ടു. മൂ​ന്നു​ദി​ന​ങ്ങ​ൾ മാ​റ്റ​ങ്ങ​ൾ ഇ​ല്ലാ​തെ ക​ട​ന്നു​പോ​യി. വേ​രി​ന്റെ വ​ള​ർ​ച്ച നി​ല​ച്ചി​ല്ല.

മൂ​ന്നാം ദി​ന​ത്തി​ന്റെ അ​ന്ത്യ​ത്തി​ലാ​ണ് അ​ത്‌ സം​ഭ​വി​ച്ച​ത്. വേ​ര് ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് ചു​രു​ങ്ങി​ത്തു​ട​ങ്ങി. ആ​ദ്യം സാ​വ​ധാ​ന​ത്തി​ലും പി​ന്നീ​ട് അ​തി​വേ​ഗ​ത്തി​ലും വേ​ര് പി​ൻ​വ​ലി​ഞ്ഞു. വേ​രി​ന് മു​ക​ളി​ൽ നി​ശ്ശ​ബ്ദം വ​ത്സ​ല നി​ന്നു. സ്ത്രീ​ക​ൾ അ​വ​ളെ നോ​ക്കി ക​ണ്ണു​നീ​ർ പൊ​ഴി​ച്ചു.. അ​വ​രു​ടെ ചു​ണ്ടു​ക​ളി​ൽ ത​ഴ​മ്പി​ച്ചു കി​ട​ന്നി​രു​ന്ന ശാ​പ​വാ​ക്കു​ക​ൾ മാ​പ്പി​നു​വേ​ണ്ടി പ​ര​തി... അ​പ​മാ​ന​ഭാ​ര​ത്താ​ൽ പു​രു​ഷ​ന്മാ​ർ ത​ല​കു​നി​ച്ചു. വേ​ര് പി​ൻ​വാ​ങ്ങ​ൽ നി​ർ​ത്തി​യി​രു​ന്നു. വ​ത്സ​ല​യു​ടെ വീ​ട് പ​ഴ​യ​പ​ടി അ​തി​ന്റെ കൃ​ത്യ​സ്ഥാ​ന​ത്തു​ത​ന്നെ നി​ല​യു​റ​പ്പി​ച്ചു. വ​ത്സ​ല​ക്ക് തി​രി​ച്ചി​റ​ങ്ങാ​നു​ള്ള സ​മ​യ​ത്തി​ലേ​ക്കാ​യി വേ​രു​ക​ൾ കാ​ത്തു​കി​ട​ന്നു. പ​ക്ഷേ, അ​വ​ള​ത് ആ​ഗ്ര​ഹി​ച്ചി​ല്ല...

‘എ​ന്നെ​യും കൊ​ണ്ടു​പോ​കൂ...’

വ​ത്സ​ല​യു​ടെ അ​പേ​ക്ഷ വേ​രി​ന് സ്വീ​കാ​ര്യ​മാ​യി​രു​ന്നു. വേ​ര് അ​തി​ന്റെ യാ​ത്ര പു​ന​രാ​രം​ഭി​ച്ചു. വ​ത്സ​ല സം​തൃ​പ്തി​യോ​ടെ ആ ​യാ​ത്ര​യി​ൽ പ​ങ്കു​ചേ​ർ​ന്നു.

കാ​ലം ക​ട​ന്നു​പോ​യി. പ​ന​ങ്കാ​വി​ന്റെ സ്മൃ​തി​ക​ളി​ൽ വ​ത്സ​ല കു​ടി​കൊ​ണ്ടു. ഒ​രു യ​ക്ഷി​ക്ക​ഥ പോ​ലെ ത​ല​മു​റ​ക​ള​ത്‌ പാ​ടി​ന​ട​ന്നു. ഇ​ന്നി​താ ദു​രൂ​ഹ​മാ​യ​തെ​ന്തോ പോ​ലെ വ​ത്സ​ല അ​വ​രു​ടെ ചി​ന്ത​ക​ളെ ഭ​രി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. ശേ​ഷി​ച്ച ശി​ഖ​ര​ങ്ങ​ളു​ടെ ക​ടും​പി​ടു​ത്തം അ​വ​രു​ടെ സ്വ​സ്ഥ​ത ന​ഷ്ട​പ്പെ​ടു​ത്തി​യെ​ങ്കി​ലും കാ​ല​വ​ർ​ഷ​ത്തി​ന്റെ കൊ​ഴു​ത്ത മ​ഴ​യി​ൽ സ​ക​ല​വും മ​റ​ന്ന് പ​ന​ങ്കാ​വു​കാ​ർ ഉ​റ​ങ്ങി. കാ​ലം ഒ​രു പ​ഴ​കി​യ സ്വ​പ്നം ആ​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ണ​ർ​ച്ച​യി​ൽ അ​ത്ഭു​ത​ത്തോ​ടെ പ​ന​ങ്കാ​വു​കാ​ർ ആ ​സ്വ​പ്നം പ​ങ്കി​ട്ടു.

‘ജീ​വി​ത​ത്തി​ന്റെ ഒ​രു ഘ​ട്ട​ത്തി​ലും, ആ​ഗ്ര​ഹ​പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി വ​ത്സ​ല​യെ സ​മീ​പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ന്റെ ത​ല​മു​റ​യി​ൽ നി​ന്നും ഒ​രാ​ൾ​ക്ക് മാ​ത്ര​മേ ശി​ഖ​ര​ങ്ങ​ൾ അ​റു​ത്തു​മാ​റ്റാ​ൻ ക​ഴി​യു​ക​യു​ള്ളു...’

അ​തി​ന് ധൈ​ര്യം പ​റ​യാ​ൻ അ​ന്നും ആ​രും മു​ന്നോ​ട്ടു​വ​ന്നി​ല്ല. പ​ന​ങ്കാ​വു​കാ​ർ വൃ​ക്ഷ​ഭേ​ദി​ക​ൾ ഉ​പേ​ക്ഷി​ച്ചു. പാ​തി ദേ​ഹ​വും ചു​മ​ന്ന് അ​ര​യാ​ൽ ആ​രെ​യോ പ്ര​തീ​ക്ഷി​ച്ചു​കി​ട​ന്നു.

ദി​ന​ങ്ങ​ൾ അ​ന​വ​ധി നി​ശ്ശ​ബ്ദം ക​ട​ന്നു​പോ​യി. ഇ​രു​ട്ടു​കു​ത്തി​യ ഒ​രു മ​ഴ​രാ​ത്രി... ഏ​തോ ഉ​ൾ​വി​ളി​യു​ടെ പ്രേ​ര​ണ​യാ​ൽ ഒ​രാ​ൾ പ​ന​ങ്കാ​വ് ല​ക്ഷ്യ​മാ​ക്കി ന​ട​ന്നു. അ​യാ​ളു​ടെ കു​ടും​ബം പ​ന​ങ്കാ​വ് വി​ട്ടൊ​ഴി​ഞ്ഞ് വ​ർ​ഷ​ങ്ങ​ൾ അ​ന​വ​ധി പി​ന്നി​ട്ടി​രി​ക്കു​ന്നു. ജീ​വി​ത​കാ​ല​ത്തെ ക​റു​ത്ത അ​ധ്യാ​യം മാ​ത്ര​മാ​യി​രു​ന്നു ത​ല​മു​റ​ക​ൾ കൈ​മാ​റി​ത്ത​ന്ന ക​ഥ​ക​ളി​ൽ പ​ന​ങ്കാ​വ് അ​യാ​ൾ​ക്ക്. വെ​യി​ലു​റ​ങ്ങി​പ്പോ​യ ത​ണു​ത്ത സാ​യാ​ഹ്ന​ങ്ങ​ളു​ടെ മ​ടി​യി​ലി​രു​ത്തി അ​ച്ഛ​ൻ പ​തി​ച്ചു ന​ൽ​കി​യ ക​ഥ​ക​ൾ. കാ​ല​ങ്ങ​ൾ​ക്കു മു​മ്പ് ആ​കാ​ശ​ത്ത് ന​ക്ഷ​ത്ര​ങ്ങ​ൾ ഒ​ഴി​ഞ്ഞൊ​രു രാ​ത്രി​യി​ൽ ഈ​ര​ച്ചൂ​ട്ടി​ന്റെ വെ​ളി​ച്ച​ത്തി​ൽ അ​മ്മ​യു​ടെ കൈ​ക​ളി​ൽ ചു​റ്റി​പ്പി​ടി​ച്ച് ഒ​ര​ഞ്ചു വ​യ​സ്സു​കാ​ര​ൻ പ​ന​ങ്കാ​വി​ന്റെ പാ​ട​വ​ര​മ്പു​ക​ൾ പി​ന്നി​ട്ടു.

‘ആ​ളു​ക​ൾ കെ​ട്ടി​ച്ച​മ​ക്കു​ന്ന ക​ഥ​ക​ൾ വി​ശ്വ​സി​ച്ച് നീ ​എ​ന്നെ ഉ​പേ​ക്ഷി​ച്ചു ക​ള​ഞ്ഞാ​ൽ ഈ ​വി​ഷ​ക്കു​പ്പി​യി​ൽ ഞാ​ൻ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കും...’

അ​ച്ഛ​ൻ വാ​ങ്ങി​ക്ക​രു​തി​യ വി​ഷ​ക്കു​പ്പി​യി​ലേ​ക്ക് അ​മ്മ പു​ച്ഛ​ത്തോ​ടെ നോ​ക്കി. പ​ന​ങ്കാ​വ് ദൂ​രേ​ക്ക് മ​റ​യു​മ്പോ​ഴും ആ ​അ​ഞ്ചു​വ​യ​സ്സു​കാ​ര​ന്റെ ഉ​ള്ളി​ൽ അ​ച്ഛ​ന്റെ ശ​ബ്ദം മു​ഴ​ങ്ങി​ക്കേ​ട്ടു...

പ​ഴ​കി​യ സ​ങ്ക​ട​രാ​ത്രി​യു​ടെ ദുഃ​ഖ​ഭാ​ര​വും ചു​മ​ന്ന് ആ​ൺ​കു​ട്ടി വ​ള​ർ​ന്നു. ആ ​ഭാ​ര​മ​വ​ൻ ത​ല​മു​റ​ക​ൾ​ക്ക് പ​ക​ർ​ന്നു​ന​ൽ​കി. രാ​ത്രി​യു​ടെ ഏ​കാ​ന്ത​ത​യി​ലേ​ക്ക് അ​ര​യാ​ൽ കാ​തു​ക​ൾ കൂ​ർ​പ്പി​ച്ചു. ഒ​രു വി​ക​ലാം​ഗ​യു​ടെ അം​ഗ​ച്ഛേ​ദി​ക​ളോ​ടെ​യ​വ​ൾ അ​യാ​ളെ എ​തി​രേ​റ്റു.​സ്വ​പ്ന​ദ​ർ​ശ​ന​മോ ഉ​ൾ​വി​ളി​യോ ഏ​തോ ഒ​ന്നി​നാ​ൽ കാ​ലം അ​യാ​ളെ ഇ​ന്നോ​ള​വും ചെ​യ്തി​ട്ടി​ല്ലാ​ത്ത ക​ർ​മ​ത്തി​ലേ​ക്ക് വ​ഴി ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. കൈ​യി​ൽ ക​രു​തി​യ വൃ​ക്ഷ​ഭേ​ദി​യും ചു​മ​ന്ന് അ​യാ​ൾ അ​ര​യാ​ലി​ന്റെ നി​ഗൂ​ഢ​ത​യി​ലേ​ക്ക് വ​ലി​ഞ്ഞു​ക​യ​റി. ബാ​ക്കി​വെ​ക്ക​പ്പെ​ട്ട ഓ​രോ ശി​ഖ​ര​ങ്ങ​ളും അ​നാ​യാ​സം അ​യാ​ൾ അ​റു​ത്തു​മാ​റ്റി. ഒ​ടു​വി​ൽ അ​ര​യാ​ലി​ന്റെ ഉ​ട​ൽ നി​ത്യ​മാ​യ മോ​ച​ന​ത്തി​ലേ​ക്ക് ശാ​ന്തി​യോ​ടെ പ്ര​വേ​ശി​ച്ചു.

ക​ട​ന്നു​വ​ന്ന പ്ര​ഭാ​ത​ത്തി​ൽ അ​ര​യാ​ലി​ന്റെ ത​ടി​ച്ച ഉ​ട​ലി​ൽ കൊ​ത്തി​യി​ട്ട വാ​ച​ക​ങ്ങ​ളി​ലേ​ക്ക് പ​ന​ങ്കാ​വു​കാ​ർ അ​ത്ഭു​ത​ത്തോ​ടെ നോ​ക്കി​നി​ന്നു.

‘മു​കു​ന്ദ​ന്റെ വേ​രി​ന​റ്റ​ത്തു​നി​ന്നും ഒ​രാ​ൾ ശി​ഖ​ര​ങ്ങ​ൾ അ​റു​ത്തു​മാ​റ്റി​യി​രി​ക്കു​ന്നു...’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:storyCultureliteratureWritings
News Summary - Verukal
Next Story