Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightവെളിച്ചപ്പെട്ട ദൈവം

വെളിച്ചപ്പെട്ട ദൈവം

text_fields
bookmark_border

നേരം പുലരാൻ ഇനിയധികം നാഴികയില്ല. ഉത്സവാരവങ്ങളൊക്കെയും പതുക്കെ പതുക്കെ ദുർബലമായിക്കൊണ്ടിരിക്കുന്നു. അമ്പലമുറ്റത്തും പരിസരങ്ങളിലുമായി ചിതറിവീണുകിടക്കുന്ന കുരുത്തോലയും വാടിയ ചെമ്പരത്തിപ്പൂക്കളും ഭക്തജനങ്ങളുടെ പാദസ്പർശത്താൽ ഒന്നുകൂടി ഞെരിഞ്ഞമർന്നു.

വെളിച്ചപ്പെട്ട ദൈവം പാതിരാ തിറയും കഴിഞ്ഞു ഉടലിറങ്ങിപ്പോയിരിക്കുന്നു.

കളമൊഴിഞ്ഞു ചമയങ്ങളും ഒറ്റച്ചിലമ്പും ചെമ്പട്ടും ഉടവാളും അഴിച്ചുവച്ച കോമരം വേലായുധൻ കുളത്തിലിറങ്ങി വിസ്തരിച്ചൊന്നു മുങ്ങി നിവർന്നു. ഉടവാൾ തലോടിയ മുറിവുകളിൽ ജലത്തിന്റെ തണുത്ത കൈകൾ പുണർന്നപ്പോൾ ഉടൽ നീറിപ്പുകഞ്ഞു. ശേഷം ചെന്ന് ഭക്ത്യാദരപൂർവ്വം വീണ്ടും ദൈവത്തിനു മുമ്പിൽ കൈകൂപ്പിയപ്പോൾ ദൈവം ചോദിച്ചു.

എന്തുപറ്റി ഭക്താ നിനക്ക്? നിന്റെ ഏകാഗ്രത കുറവുകൊണ്ടാകാം പഴയതുപോലെ നിന്നിലൂടെ എനിക്ക് വെളിച്ചപ്പെടാൻ കഴിയുന്നില്ല. നിന്നിലൂടെ പുറത്തേക്കിറങ്ങുമ്പോൾ തന്നെ നാമറിയാതെ അകത്തേക്ക് കയറിപ്പോകുന്നു. നിന്നെ നാം കുറ്റപ്പെടുത്തുകയല്ല വത്സാ എന്താണ് നിനക്ക് ഭവിച്ചത്?

അയാൾക്ക്‌ മറുപടിയുണ്ടായിരുന്നില്ല.

ശരിയാണ് ഏകാഗ്രത തീരെ കുറവാണു.

മകളുടെ കൂരിരുൾ വ്യാപിച്ച കണ്ണുകളാണിപ്പോൾ ഉറഞ്ഞുതുള്ളുമ്പോൾ വെളിച്ചപ്പെടുന്നത്.

അയാളുടെ ദൈന്യതയോടെയുള്ള നിൽപ് കണ്ടപ്പോൾ ദൈവം പറഞ്ഞു.

മടിക്കാതെ പറഞ്ഞോളൂ.

അതും ഞാൻ പറഞ്ഞിട്ടുവേണോ അങ്ങറിയാൻ?

തെല്ലുപരിഭവത്തിൽ അയാൾ ചോദിച്ചു.

ഈരേഴു പതിനാലു ലോകത്തെയും സർവ്വ ചരാചരങ്ങളുടെയും ജനിമൃതികൾ ഉൾപ്പടെ സകലതും മുൻകൂട്ടി അറിയുന്നവനല്ലേ അങ്ങ്? പിന്നെ അടിയനോടെന്തിനീ പരീക്ഷണം?

മറുപടിയൊന്നും കിട്ടാതായപ്പോൾ അയാൾ ഭക്ത്യാദരപൂർവ്വം കൈകൂപ്പി പ്രാർത്ഥിച്ചു പിന്തിരിഞ്ഞു.

അയാൾ വീട്ടിലേക്കു നടക്കുമ്പോൾ ശ്രീകോവിലിനുള്ളിലെ അഗ്നിനാമ്പുകൾ ഭക്ഷിക്കുന്ന സുഗന്ധ ദ്രവ്യങ്ങളുടെ സുഗന്ധം അയാൾക്കനുഭവപ്പെടാൻ തുടങ്ങി. ഒപ്പം പതിഞ്ഞ താളത്തിലൊരു ഒറ്റച്ചിലമ്പിന്റെ നാദവും. ഉവ്വ്, ഒരു സുഗന്ധവും ഒരു ചിലമ്പുനാദവും തന്നെ പിന്തുടരുന്നുണ്ട്.

അയാൾ അമ്പരന്നുപോയി. കാരണം ഗന്ധങ്ങളെല്ലാം താൻ കുളത്തിൽ നിക്ഷേപിച്ചതാണ്. പിന്നെ ഈ നാദം അയാളുടെ കൈ കാലിലേക്ക് നീണ്ടു.

പെട്ടെന്ന് കാതിൽ ഇമ്പമുള്ളൊരു സ്വരം കേട്ടു.

വത്സാ ഭയപ്പെടേണ്ട നടന്നോളൂ നാമും ഇന്ന് നിനക്കൊപ്പമുണ്ട്. നീ വെളിച്ചപ്പെടാതെ തന്നെ.

കോമരം വേലായുധനെ അടിമുടി വിറച്ചുപോയി.

എന്റെ ദൈവേ അങ്ങനിക്കൊപ്പമുണ്ടെന്നോ?

എനിക്കിതു വിശ്വസിക്കാൻ കഴിയുന്നില്ലല്ലോ.

ഉണ്ട് ഭക്താ നമുക്ക് നിന്റെ കുഞ്ഞിനെയൊന്നു കാണണം.

അയാൾക്ക്‌ എന്തുപറയണമെന്നറിയില്ലായിരുന്നു. അത്രയേറെ അമ്പരപ്പിലും ആഹ്ലാദത്തിലുമായിരുന്നു അയാൾ. ധൃതിയിൽ വീടണയുമ്പോൾ ഭാര്യ ഉമ്മറപ്പടിയിൽ തന്നെയുണ്ടായിരുന്നു.

മോളുറങ്ങിയോ?

ഉവ്വ്.

അയാൾ മറുപടിയൊന്നും പറയാതെ അകത്തുപോയി അലക്കിയുണക്കി വച്ചിരിക്കുന്ന വെള്ളമുണ്ടെടുത്തുവന്നു കസേര വൃത്തിയായിതുടച്ചു. പിന്നെ ചന്ദനത്തിരിയുടെ കൂടെടുത്തു മൂന്നാലെണ്ണമെടുത്തു കത്തിച്ചു.

അവിടവിടെയായി സ്ഥാപിച്ചു. അയാളുടെ ഈ ചെയ്തികൾക്കെല്ലാം ഒരു പതിവില്ലായ്മയുടെ സ്വഭാവമുണ്ടായിരുന്നതുകൊണ്ടു ഭാര്യ അമ്പരപ്പോടെ ചോദിച്ചു.

നിങ്ങക്കിതെന്തുപറ്റി വേലുവേട്ടാ? അലക്കിയുണക്കിവച്ച മുണ്ടാണ്. നാളെ അമ്പലത്തിൽപോകുമ്പോ എന്തെടുത്തുടുക്കും?

അയാൾ മറുപടിയൊന്നും പറഞ്ഞതേയില്ല.

ദൈവമേ ഒടുവിൽ എന്റെ കുടിലിലും അങ്ങെത്തിച്ചേർന്നല്ലോ ദയവായി ഇരുന്നാലും.

മരക്കസേര ഞെരിഞ്ഞമരുന്നൊരു സ്വരം അയാൾ മാത്രം കേട്ടു.

നിങ്ങളിതെന്താണ് പിറുപിറുക്കുന്നതു വേലുവേട്ടാ?

അയാളതിനും മറുപടിയൊന്നും പറഞ്ഞില്ല.

ഞാൻ കഞ്ഞിയെടുക്കാം.

അയാളിൽ നിന്നും മറുപടിയൊന്നും കിട്ടാതായതോടെ അവൾ അകത്തേക്ക് നടന്നുകൊണ്ടു പറഞ്ഞു.

ഇത്തിരികഴിഞ്ഞപ്പോൾ തേങ്ങാ ചുരണ്ടി ചേർത്ത ആവിപറക്കുന്ന കഞ്ഞി അയാൾക്ക്‌ മുന്നിലെത്തി. കൂടെയൊരു ഈർക്കിൽ കുത്തിയ പച്ചപ്ലാവിലയും.

ഇത്തിരിക്കഞ്ഞി എനിക്കുകൂടി കാണുമോ?

അയാളുടെ ചെവിയിലാരോ ചോദിക്കുന്നു.

അയാളുടെ മുഖഭാവം മാറുന്നതുകണ്ട ഭാര്യ ചോദിച്ചു.

വന്നപ്പോ തൊട്ടു ഞാൻ ശ്രദ്ധിക്കുന്നതാ നിങ്ങക്കെന്തുപറ്റിയെന്റെ വേലുവേട്ടാ?

ഒന്നുമില്ല നീ ഇതുപോലൊരു പാത്രം കഞ്ഞികൂടിയെടുക്കു.

അവൾ ആകെ അമ്പരന്നു പോയിരുന്നു.

നോക്കിനിൽക്കാതെ കഞ്ഞിയെടുത്തോണ്ടു വാ കമലേ.

അയാൾ ഭക്ത്യാദരവിന്റെ ഉന്മാദത്തിലെത്തിയിരുന്നു.

അവൾ വേഗം അകത്തുപോയി കഞ്ഞിയുമായെത്തി. പിന്നെ അവൾക്കയാളോടൊന്നും ചോദിക്കാനേ തോന്നിയില്ല. അവൾ അകത്തേക്ക് നടന്നു ഇത്തിരികഴിഞ്ഞു പാത്രമെടുക്കാൻ വന്ന കമലയുടെ ആത്മഗതം ഇങ്ങനെയായിരുന്നു.

പാവം നന്നായി വിശന്നിട്ടുണ്ടാകും രണ്ടുപാത്രവും കാലിയായല്ലോ.

എന്റെ ദൈവേ..

എന്റെ ദൈവേ..

വേലായുധന്റെ ആത്മഹർഷം ഇത്തിരി ഉച്ചത്തിലായി.

കമലേ മോളെ വിളിച്ചുണർത്തു.

ങേ, ങ്ങക്ക് പ്രാന്തായോ വേലുവേട്ടാ? ഓള് ഒറങ്ങുകയല്ലേ?

കമലേ മോളെ വിളിച്ചുണർത്തു.

ഇത്തവണ ആ ശബ്ദത്തിനു വെളിച്ചപ്പെട്ടദൈവത്തിന്റെ സ്വരമായിരുന്നു.

ഭയന്നുപോയ കമല മോളെ തട്ടിയുണർത്തി ഉമ്മറത്തേക്ക് എത്തിച്ചു.

മോളിങ്ങുവന്നെ..

കോമരം വേലായുധൻ അതീവ വാത്സല്യത്തിൽ മകളെ വിളിച്ചു. അവൾ തപ്പിത്തടഞ്ഞു അയൽക്കരികിലെത്തി അടുത്തുള്ള കസേര തപ്പിപ്പിടിച്ചു അതിലിരിക്കാൻ തുടങ്ങിയതും അയാളുടെ ഒച്ച പൊന്തി.

അരുതു അതിൽ ഇരിക്കരുത്.

കുഞ്ഞു അമ്പരന്നുപോയി.

അതെന്താ അച്ഛാ ഈ കസേര കാലിയാണല്ലോ?

വേണ്ടെന്നു പറഞ്ഞില്ലേ മോള് അച്ഛന്റെ മടിയിലിരുന്നോളൂ..

അയാളുടെ ശബ്ദം വിറച്ചിരുന്നു.

കുഞ്ഞിന് കരച്ചിൽ വരുന്നുണ്ടായിരുന്നു. അച്ഛനിന്നു വരെ അവളോടിത്ര പരുഷമായി സംസാരിച്ചിട്ടേയില്ല. കമലയ്ക്കു ദേഷ്യം വരുന്നുണ്ടായിരുന്നെങ്കിലും അവളതു പണിപ്പെട്ടടക്കി.

ഭക്താ നാം നിന്റെ മകളെ അനുഗ്രഹിച്ചിരിക്കുന്നു അവളിൽ നാം സംപ്രീതനായിരിക്കുന്നു.

നാമിപ്പോൾ മടങ്ങുന്നു. ഇനിയുള്ള കുറച്ചുനാളുകൾ നമ്മെ ശ്രീകോവിലിൽ കണ്ടില്ലെങ്കിൽ ഒട്ടും പരിഭ്രമിക്കേണ്ടതില്ല. നാമൊരു വിദേശയാത്ര പോകുന്നു. മടങ്ങാൻ ഇത്തിരി സമയമെടുത്തേക്കും. ചിലപ്പോൾ മടങ്ങിയില്ലെന്നും വരാം ആരും നമ്മെ അന്വേഷിക്കേണ്ടതില്ല.

ഭക്തജനങ്ങൾക്ക് മുന്നിൽ നിന്നിലൂടെ നാം വെളിച്ചപ്പെടാം. ഈ ലോകവും നാമും നമ്മെ ദർശിക്കുന്നവരുടേതു മാത്രമല്ല. നമ്മെ ദർശിക്കാൻ സാധിക്കാത്തവരുടേതുമാണ്.

ദാർശനികത്വവും ഒരു നൈതിക ബോധമാണ് വത്സാ. ഭക്തന് മനസ്സിലായോ?

അയാൾ വിഡ്ഢിയെപ്പോലെ തലയാട്ടി.

അച്ഛന്റെ കൈക്കു നല്ല ചൂട്. മകളുടെ തലയിൽ വിശ്രമിച്ചിരുന്ന അയാളുടെ കൈവിരലുകളെ ഓമനിച്ചു കൊണ്ട് മകൾ പറഞ്ഞപ്പോൾ,

അതെന്റെ കയ്യല്ല ദൈവത്തിന്റെ കരങ്ങളാണെന്നു പറയണമെന്ന് അയാൾക്കുണ്ടായിരുന്നെങ്കിലും പറഞ്ഞില്ല.

കാൽച്ചിലമ്പു നാദം സാവധാനം അവ്യക്തമാവുന്നതു അയാൾ മാത്രം കേട്ടു.

പിറ്റേന്ന് പ്രഭാത പൂജയ്ക്കെത്തിയ പൂജാരി ശ്രീകോവിൽ തുറന്നപ്പോൾ നടുങ്ങിപ്പോയി. വിഗ്രഹം അപ്രത്യക്ഷമായിരിക്കുന്നു. വാർത്ത കാട്ടുതീപോലെ പടർന്നു.

തലേ ദിവസം ദൈവം തന്റെ കൂടെ തന്റെ കുടിലിൽ ഉണ്ടായിരുന്നെന്നും തനിക്കൊപ്പം ആഹാരം കഴിക്കുകയും തന്റെ കുഞ്ഞിന്റെ കൂരിരുൾ വ്യാപിച്ച കണ്ണുകൾ തലോടി അനുഗ്രഹിച്ചുവെന്നും അയാൾക്കു പറയണമെന്നുണ്ടായിരുന്നെങ്കിലും ദൈവത്തിന്റെ ഉഗ്രകല്പനയുണ്ടായിരുന്നതും പറഞ്ഞാൽ തന്നെ അതാരും വിശ്വസിക്കില്ലെന്നറിയാവുന്നതുകൊണ്ടും അയാൾ മൗനം കുടിച്ചിരുന്നു.

ദൈവം കുടിയിരുത്തപ്പെട്ട മനോഹരമായ ആ പഞ്ചലോഹവിഗ്രഹമിപ്പോൾ വിഗ്രഹമോഷ്ടാവായ വേൽമുരുകചെട്ടിയാരുടെ വിദേശത്തേക്ക് സാധനങ്ങൾ കയറ്റിയയക്കുന്ന കണ്ടയ്നറിനുള്ളിൽ താത്കാലികമായി കുടിയിരുത്തപ്പെട്ടിരിക്കുകയാണ്. കോമരം വേലായുധൻ തന്നെയാണ് ദൈവത്തിന്റെ നിർബന്ധത്തിൽ വിഗ്രഹത്തെ ആ കണ്ടയ്നറിനുള്ളിൽ എത്തിച്ചത്. ആദ്യമായി ഉത്സവം കാണാൻപോകുന്നൊരു കുഞ്ഞുബാലന്റെ കൗതുകത്തിലും ആകാംക്ഷയിലുമായിരുന്നു ദൈവത്തിനു കോമരം വേലായുധന്റെ തോൾ സവാരി.

ഇപ്പോൾ ബ്രിട്ടനിലെ പ്രശസ്തമായൊരു മ്യൂസിയത്തിലെ ചില്ലു കൂട്ടിലിരുന്നു അത്യാധുനികലോകത്തിന്റെ മായിക ഭംഗിയിൽ അഭിരമിച്ചിരിക്കുകയാണ് ദൈവം എന്ന് കാഴ്ചക്കാർക്ക് തോന്നാമെങ്കിലും ദൂരെയെങ്ങോ പ്രശസ്തമായൊരു കണ്ണാശുപത്രിയിൽ നിന്നും വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം നീലവിരി വകഞ്ഞുമാറ്റിയ ജാലകത്തിനുമപ്പുറം മനോഹര പ്രകൃതിവിസ്മയത്തെ ആവോളം കോരിയെടുക്കുകയായിരുന്നു വേലായുധന്റെ മകളുടെ പുതിയ കണ്ണിലൂടെ വേലായുധന്റെ പ്രിയപ്പെട്ട ദൈവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:short storyLiteratuearts club
News Summary - velichappetta daivam
Next Story