Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉല്ലുബ്രീത്ത

text_fields
bookmark_border
ഉല്ലുബ്രീത്ത
cancel

ഉല്ലുബ്രീത്ത... ഇൗയിടെയായി വീട്ടിലെത്തിയ പൂച്ചക്ക് കുട്ടികൾ ഇട്ട പേരാണ്. ആരാ ഈ പേരിട്ടത്, ഏതോ കഥയിലെ ദുഷ്ടദേവതയുടെ പേരല്ലേ ഇത്? വയറും നിറച്ചാണ് വന്നിരിക്കുന്നത്. ആരോ കര കടത്തിയതാണ്. ശല്യക്കാരായ പൂച്ചകളെ ചാക്കിലാക്കി പടിഞ്ഞാറോട്ട് പോകുന്ന കല്ലുവണ്ടിയിൽ എത്ര തവണ കയറ്റിവിട്ടിട്ടുണ്ട്. ഇപ്പഴും ഉണ്ടോ ഇങ്ങനെത്തെ നാടുകടത്തൽ! ഇനി ഇത് പെറ്റുകൂട്ടും. ഈ പേരുകൂടി ആയപ്പോൾ പൂച്ചയോടുള്ള വെറുപ്പ് കൂടുകയാണ് ചെയ്തത്. പേരുമുണ്ടല്ലോ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും!

‘ബുബ്ബു ഇട്ടതാ പേര്, മാറ്റരുത് എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്’

കുട്ടിക്കൂട്ടത്തിന്റെ നേതാവ് അസ്സയാണത്. കുട്ടികൾ വലിയ ആവേശത്തിലാണ്. ഉല്ലൂ എന്ന് വിളിച്ച് അതിന്റെ പിന്നാലെ കൂടും. പരവശയാണെങ്കിലും കുട്ടികളുടെ കമ്പനി ഉല്ലുവിന് ഇഷ്ടമായെന്ന് തോന്നുന്നു. എങ്കിലും വീട്ടിനുള്ളിൽ കയറ്റാൻ ഞങ്ങൾ മടിച്ചു.

ഒരു ദിവസം പൂച്ചയെ കണ്ടില്ല. ടെറസിന്റെ മുകളിൽനിന്ന് ചെറിയ കരച്ചിൽ കേൾക്കുന്നുണ്ട്. പൂച്ചക്കുട്ടികളുടെ കരച്ചിൽ. പോയി നോക്കുമ്പോൾ നാല് സ്റ്റൈലന്മാർ, സ്റ്റൈലത്തികളാണോ എന്നറിയില്ല, കണ്ണുതുറക്കാതെ പാല് കുടിക്കുകയാണ്. അസ പിന്നെ അവിടെ നിന്ന് പോരാതായി. അവളുടെ ചെങ്ങായ്ച്ചികളും. ഒരു ദിവസം അവൾ വന്നു ഒരാവശ്യവുമായി, കുട്ടികൾക്ക് പേരിടണം.

‘അതൊക്കെ നിങ്ങൾ പെണ്ണുങ്ങളുടെ പണിയല്ലേ?’

ഞാൻ ഒഴിഞ്ഞുമാറാൻ നോക്കി. ഒന്നിനെ ഞാൻ സൂക്ഷിച്ച് നോക്കി. തള്ളയുടെ പകർപ്പുതന്നെ. വെള്ള കലർന്ന നല്ല തവിട്ടു നിറം.. ഇത് ബ്രൗണിയായാലോ? പേര് അവർക്കിഷ്ടായി. പിന്നെ വരയന് ലൈനീ, വെള്ളക്ക് വൈറ്റീ, നാലാമത്തേതിന് ബ്ലാക്കീ എന്നും പേരിട്ടു. പേരിടലിന്റെ ഗുട്ടൻസ് പിടികിട്ടിയിട്ടാണോ എന്നറിയില്ല, പിറ്റേ ദിവസം അവൾ പറഞ്ഞു.

‘വൈറ്റിയെ ഞങ്ങൾ പേര് മാറ്റി ലൗലി എന്നാക്കിയിട്ടുണ്ട്.’

‘ആയിക്കോട്ടെ.’

കുട്ടികളെയും ഞങ്ങളെയും അടുപ്പിക്കുന്ന കണ്ണിയായി ഉല്ലുവും മക്കളും മാറി. ഓരോരുത്തരുടെയും പേരു പറഞ്ഞാണ് ഞങ്ങൾ വിശേഷങ്ങൾ കൈമാറുന്നത്. ക്രമേണ ഞങ്ങൾക്കും ഇവർ ഒഴിച്ചുകൂടാത്തവരായി ഞങ്ങളുടെ കുട്ടികളായി, പേരക്കുട്ടികളായി... ഒരു ദിവസം കടിപിടി ശബ്ദം കേട്ടാണ് രാത്രി ഞങ്ങൾ ഉണർന്നത്. പൂച്ചകളുടെ ദയനീയ നിലവിളി. ലൈറ്റിട്ടപ്പോൾ കണ്ടത് ഉല്ലുവിനെ കടിച്ചുപിടിച്ച് കുറ്റിക്കാട്ടിലേക്ക് മറയുന്ന പട്ടിയെയാണ്. ഉറപ്പില്ല കുറുക്കനോ മറ്റ് ജന്തുക്കളോ ആവാം. കുട്ടികൾ പേടിച്ച് ഒരു മൂലയിൽ പതുങ്ങിയിരിപ്പുണ്ട്. ഞങ്ങൾ നിസ്സഹായാവസ്ഥയിലായിരുന്നു. പിറ്റേന്ന് ഈ വിവരം കേട്ടപ്പോൾ അസ കരച്ചിലിന്റെ വക്കിലെത്തി.

‘നിങ്ങളെന്തേ അതിനെ നോക്കാഞ്ഞത്...’

കുറ്റം ഞങ്ങൾക്കായിരുന്നു.

‘കുട്ടികളെയെങ്കിലും നോക്കണേ.’

അവളുടെ അപേക്ഷയാണ്... പാലുകുടിക്കുന്ന സമയത്ത് അമ്മയെ തിരയുന്ന മക്കൾ. ആ കാഴ്ച ഞങ്ങളെ ഏറെ നൊമ്പരപ്പെടുത്തി. ഇവരെയെങ്കിലും രക്ഷിക്കൽ ദൗത്യമായി ഞങ്ങൾ ഏറ്റെടുത്തു. അവർക്ക് ഇപ്പോൾ പൂർണ സ്വാതന്ത്ര്യമാണ്. ബെഡും സോഫയും കസേരയും അവർ കിടപ്പറകളാക്കി. അമ്മയില്ലാത്ത മക്കളല്ലേ... കൊത്തിയരിഞ്ഞ മീൻ കഷണങ്ങൾ അവർക്ക് ഏറെ ഇഷ്ടമായി. പട്ടികളിൽനിന്നുള്ള രക്ഷ തന്നെയായിരുന്നു അവർക്ക് ആദ്യം വേണ്ടത്. ഒരുദിവസം സാധാരണ കാണുന്ന സ്ഥലത്ത് അവരെ കാണുന്നില്ല. ഞങ്ങൾ ആകെ അസ്വസ്ഥരായി. അൽപം കഴിഞ്ഞപ്പോൾ നാലും കൂടെ ടെറസിന്റെ മുകളിൽനിന്ന് ഇറങ്ങിവരുന്നുണ്ട്. വാലൊക്കെ പൊക്കിപ്പിടിച്ച് ഗമയിലാണ് വരവ്. ഒരു തന്തപ്പൂച്ചയുമുണ്ട് കൂടെ. നമ്മുടെ ലൈനിയുടെ അതേ ഛായ... അമ്മയുടെ അഭാവത്തിൽ മക്കളുടെ സംരക്ഷണം അച്ഛൻ ഏറ്റെടുത്തിരിക്കുന്നു. അച്ഛനെ കിട്ടിയ സന്തോഷം അവരുടെ മുഖത്തുമുണ്ട്. അവർ ഹാപ്പിയാണ്. ഞങ്ങളും.

ഭാര്യ കൊണ്ടുവെച്ച ഭക്ഷണപാത്രത്തിലേക്കാണ് അവരുടെ വരവ്. മടിച്ചുനിൽക്കുന്ന ഒരുത്തനെ ഭാര്യ ഉഷാറാക്കുന്നുണ്ട്

‘ആത്തീ വേഗം വന്നോ, അല്ലെങ്കിൽ നിനക്കൊന്നുമുണ്ടാവൂലാട്ടോ!...’ ആത്തി എന്റെ പേരക്കുട്ടിയുടെ ഓമനപ്പേരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ullubreeta
Next Story