Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമണ്ണിനോടും മനുഷ്യനോടും...

മണ്ണിനോടും മനുഷ്യനോടും പ്രണയത്തിലായ എഴുത്തുകാരൻ, ഓരോ വരിയിലും നിറഞ്ഞ ജീവിതം; കാനം ഇ.ജെയുടെ ഓർമകളിൽ മകൾ സേബ

text_fields
bookmark_border
മണ്ണിനോടും മനുഷ്യനോടും പ്രണയത്തിലായ എഴുത്തുകാരൻ, ഓരോ വരിയിലും നിറഞ്ഞ ജീവിതം; കാനം ഇ.ജെയുടെ ഓർമകളിൽ മകൾ സേബ
cancel
കാനം എന്ന ഗ്രാമത്തിന്റെ ഭംഗിയും മണ്ണിന്റെ മണവും അക്ഷരങ്ങളിലേക്ക് ആവാഹിച്ച് മലയാളികളുടെ വായനാ ലോകത്ത് വസന്തം വിരിച്ച എഴുത്തുകാരനാണ് കാനം ഇ.ജെ. കോട്ടയം ജില്ലയിലെ മണർകാടിനും വാഴൂരിനും ഇടയിലുള്ള ആ ഗ്രാമത്തിന്റെ പേര് തൂലികാനാമമാക്കിയപ്പോൾ പിറന്നത് മറക്കാൻ പറ്റാത്ത അനുഭവങ്ങളായിരുന്നു. പ്രണയവും വിരഹവും സന്തോഷവും വേദനയും സരളമായ ശൈലിയിൽ കോർത്തുവെച്ച ആ എഴുത്തുകൾ, അന്നും ഇന്നും വായനക്കാരെ മാസ്മരികമായ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കാനനഭംഗി ആവാഹിച്ച കഥകളിലൂടെ മലയാളികളുടെ മനം കവർന്ന പ്രിയപ്പെട്ട കാനം ഇ.ജെ എന്ന എഴുത്തുകാരന്റെ ജീവിതചിത്രം, എഴുത്തുകാരി കൂടിയായ മകൾ സേബാ ജോയ്കാനം ഓർത്തെടുക്കുകയാണ്.

കാനം അഥവാ 'കാട്' എന്നർത്ഥം വരുന്ന ഉൾനാടൻ ഗ്രാമത്തിന്റെ ഹരിതഭംഗി നുകർന്നെടുത്ത് കാനം എന്ന എഴുത്തുകാരൻ മനോഹരവും, ഹൃദയത്തെ തൊട്ടുണർത്തുന്നതുമായ കഥകൾ എഴുതിത്തുടങ്ങിയ കാലം! 1940 മുതൽ 80 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം കലാരംഗത്തെ സുവർണ്ണപ്രതിഭയായി വിരാജിച്ചു . കർഷകരെയും, കാർഷിക വൃത്തിയെയും കൂട്ടിയിണക്കി ജീവിതാനുഭവങ്ങൾ കോർത്തിണക്കി ഹൃദയത്തെ തൊട്ടുണർത്തും വിധം കാനം കഥകളെഴുതി. വശ്യസുന്ദരമായ ആ ശൈലിയെ കേരളീയർ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. കാനം എന്ന ഗ്രാമത്തിന്റെ നാമം, തൂലികാനാമമായി സ്വീകരിച്ച് അദ്ദേഹം എഴുത്ത് ഒരു തപസ്യയായി തുടർന്നു. പേരുപോലെ മനോഹാരിതയാർന്ന കാനം എന്ന കാനനഭംഗി നിറഞ്ഞ ഈ ഗ്രാമം, കോട്ടയം ജില്ലയിൽ മണർകാട്, പാമ്പാടി, വാഴൂർ പ്രദേശങ്ങൾ കഴിഞ്ഞാണ്.

കാനം ഇ.ജെ.യുടെ എഴുത്തുകൾ അന്നും, ഇന്നും പുതുമയുള്ളവയാണ്. ആശയും, നിരാശയും, പ്രണയവും, വിരഹവും, സന്തോഷവും ദുഃഖവുമെല്ലാം ഇടർന്ന കഥകൾ ഒരു കുളിർമഴയായി പെയ്തിറങ്ങിയ സരളമായ ശൈലി മലയാളികളുടെ ഹൃദയം കവർന്നെടുത്തു. കേരളത്തിന്റെ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചകളുടെയും, അനുഭവസാക്ഷ്യങ്ങളുടെയും സങ്കലനമായിരുന്നു ഈ എഴുത്തുകൾ ഓർമകളിലെ പൂത്തുലയുന്ന വസന്തമായി സുഗന്ധം വിടർത്തി ഇന്നും പൂവുകൾ ചൂടുന്നു.

മലയാളത്തിന്റെ അഭിമാനവും, ആത്മഹർഷവും വിലമതിക്കാനാവാത്ത സമ്പത്തുമായിരുന്നു ശ്രീ: കാനമാണ് മലയാളികളെ വായനയുടെ മാസ്മരിക ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കുടുംബ ബന്ധങ്ങളുടെ ചൂടും, ചൂരും പകർന്നു നൽകി അവരെ ആത്മനിർവൃതിയിലാറാടിച്ചു. മല്ലപ്പള്ളി കുടുംബാംഗമായ പി. ഐ . ശോശാമ്മ ടീച്ചർ ആണ് സഹധർമ്മിണി. സോഫി, സാലി, സാജൻ, സൂസൻ, സേബ എന്നിവർ മക്കളും, എം. ഐസക് (KSEB) എൻജിനീയർ, മാത്യു എൻ. എബ്രഹാം (Advocate) സിസ്സി സാജൻ, എം. വി പൗലോസ് (Advocate) തൂമ്പുങ്കൽ മാത്യു ജോയ് (മസ്കറ്റ്) എന്നിവർ ജാമാതാക്കളും, സ്മിത, എഡ്ഡിൻ, എബി, എബ്രഹാം, ആശ, സ്വപ്ന, ഫിലിപ്പ്, സോണിയ, മൻജിമ, അഞ്ജന, ജിബു ജോയ് എന്നിവർ കൊച്ചുമക്കളുമാണ്.

സാഹിത്യ വിശാരദൻ കോഴ്സ് പൂർത്തിയാക്കിയ അദ്ദേഹം, കാനം, കുമ്പളാംപൊയ്ക, മുണ്ടക്കയം എന്നിവിടങ്ങളിലെ സി. എം. എസ് സ്കൂളുകളിൽ അദ്ധ്യാപകനായിരിക്കെയാണ് മലയാള മനോരമ ആഴ്ചപ്പതിപ്പിൽ നോവലുകൾ എഴുതിത്തുടങ്ങിയതെങ്കിലും എഴുത്തിനോടുള്ള കമ്പം മൂലം അദ്ധ്യാപക ജോലിയിൽ നിന്നും വിരമിച്ചു. 1967 ൽ സ്വന്തമായി മനോരാജ്യം വാരിക ആരംഭിച്ചു. പമ്പാനദി പാഞ്ഞൊഴുകുന്നു, കാട്ടു മങ്ക, ഹൈറേഞ്ച്, ഈ അരയേക്കർ നിന്റേതാണ് തുടങ്ങി പ്രസിദ്ധമായ നൂറ്റിയമ്പതോളം നോവലുകൾ, ഏഴോളം നാടകങ്ങൾ, ബൈബിൾ കഥകൾ, കവിതകൾ, ഇരുപതോളം ചലച്ചിത്രങ്ങൾ, തിരക്കഥകൾ, സിനിമാഗാനങ്ങൾ ഇവയൊക്കെയും കാനം സാഹിത്യലോകത്തിനു നൽകിയ സമഗ്ര സംഭാവനകളാണ്. സംസ്കൃതത്തിലും അഗാധമായ പാണ്ഡിത്യം ഉള്ള അദ്ദേഹം നല്ലൊരു പ്രസംഗികൻ കൂടിയായിരുന്നു.

നല്ലൊരു മനുഷ്യസ്നേഹിയായിരുന്നു. വിമർശനങ്ങളെ വിലക്കെടുത്തിരുന്നില്ല. ജനങ്ങൾ നൽകിയിരുന്ന ആദരവുകൾ അവാർഡുകളായി സ്വീകരിച്ചു. തിരുവല്ല അമ്മാളു കുട്ടി കൊലക്കേസ് ആധാരമാക്കി നിർമിച്ച 'ഭാര്യ' എന്ന ചലച്ചിത്രം ഏറെ ജനപ്രീതിനേടി. വിവാദവിഷയമായ ഈ സംഭവം തങ്ങളുടെ കഥയാണെന്ന് വാദിച്ച് ചിലർ രംഗത്തുവന്നു. കലാകാരന്റെ ഭാവനയാണ് എന്നായിരുന്നു കാനത്തിന്റെ മറുപടി.

ദുഃഖിതരോടും, നിന്ദിതരോടും കൂറുള്ള വലിയ മനസ്സിന്റെ ഉടമയായ ഇദ്ദേഹം, നിന്ദിതരുടെയും പീഡിതരുടെയും സങ്കടങ്ങൾ ക്ഷമയോടെ കേട്ട് സ്നേഹത്തോടെ അവരോട് ചേർന്നിരിക്കും. സൗഹൃദങ്ങൾക്ക് അങ്ങേയറ്റം വില കൽപ്പിക്കുന്ന വിശാല മനസ്കൻ ! പ്രശസ്തനായ കാർട്ടൂണിസ്റ്റ് ടോംസും, സാഹിത്യ കാരൻ തോമസ് ടി. അമ്പാട്ടും, മംഗളം വർഗ്ഗീസും, ജേസ്സിയും , മറ്റൊരു പാട് പ്രശസ്തരും സുഹൃത് വലയം അലങ്കരി ച്ചിരുന്നു.

ശീതകാലത്തിന്റെ തുടക്കമാണ്. മണൽ പാകിയ വലിയ മുറ്റത്ത് വൈവിധ്യമാർന്ന കുറ്റിച്ചെടികളും, പൂക്കൾ നിറഞ്ഞു നിൽക്കുന്ന പനിനീർ ചെടിയും, ജമന്തിയും, മന്ദാരവും, മുല്ലയും, പിച്ചിയും! ചിത്രശലഭങ്ങളും, കരിവണ്ടുകളും, പൂത്തുമ്പികളും തെന്നിപ്പറക്കുന്ന കുളിരുള്ള പ്രഭാതങ്ങൾ.. കാനം ഈ. ജെയുടെ വീട്ടു മുറ്റത്ത് ഇനിയും ഒരുപാട് ചെടികളും, പൂക്കളും, മരങ്ങളും പൂത്തുലഞ്ഞു നിൽക്കുന്നുണ്ട്.

ഡിസംബർ മാസത്തിന്റെ വരവാണ്. ഡിസംബറിൽ മാത്രം വിരിയുന്ന ഡാലിയാപ്പൂക്കളും, ക്രിസ്മസ് സ്റ്റാർ എന്നറിയപ്പെടുന്ന ചുവപ്പ് ഇലകൾ നിറഞ്ഞ മനോഹരമായ ചെടിയും, ഡിസംബർപ്പൂവ് എന്നറിയപ്പെടുന്ന ക്രിസാന്തമും സീനിയാപ്പൂക്കളുമെല്ലാം എന്നു വേണ്ട ശൈത്യകാലപ്പൂക്കളെല്ലാം തണുത്ത തെന്നലിൽ തലയാട്ടി നൃത്തമാടിക്കൊണ്ടിരിക്കുന്നു. സപ്പോട്ടയെയും, പേരമരങ്ങളെയും, പനിനീർ ചാമ്പയേയും , വെള്ളച്ചാമ്പയേയുമെല്ലാം തൊട്ടു തലോടി സ്നേഹം പകർന്നു നീങ്ങുന്ന ആ കലാകാരന്റെ ചുണ്ടിലൂറുന്ന മന്ദഹാസത്തിനൊപ്പം കഥാ തന്തുകളും ഗാനങ്ങളും വിരിയുകയായി.

ക്രിസ്മസിന്റെ ഒരുക്കങ്ങളുമായി അമ്മ ഓടി നടക്കുന്നു. ഒരാഴ്ചയായി കാനത്തിന്റ മക്കളും, ജാമാതാക്കളും, പേരക്കുട്ടികളുമെല്ലാം എത്തിയിട്ട്. ഓരോദിവസവുംആഘോഷങ്ങൾ പൊടിപൂരം തന്നെ ! ക്രിസ്മസിന്റെ തലേദിവസം രാവിലെ കോളിംഗ് ബെൽ ചിലച്ചുണർന്നു. ഒശൻ റാവുത്തറാണ്. അദ്ദേഹമാണ് ആടിനെ അറുക്കുന്ന 'കസായി'. കസായി എന്നു പറഞ്ഞാൽ അറവുകാർക്കുള്ള പൊതുനാമമാണ്. ചായയും, അച്ചപ്പവും കഴിച്ചുകൊണ്ടിരിക്കുമ്പോൾ കാനം പറഞ്ഞു, 'റാവുത്തറേ, രണ്ടു മുട്ടനുകളേയും രാവിലെ തന്നെ കശാപ്പാക്കണം'. 'ശരി സാറേ... തൊഴുത്തിലൊന്നു നോക്കട്ടെ'. രണ്ട് കൊഴുത്ത മുട്ടനാടുകളെയും 'ദുആ ചൊല്ലി' റാവുത്തർ മൊഴിഞ്ഞു, 'ബിസ്മില്ലാഹി, അല്ലാഹു അക്ബർ'.

ആടുകളുടെ മാംസവും എല്ലും മറ്റു ഭാഗങ്ങളുമെല്ലാം വേർതിരിച്ചു നൽകിയിട്ട് റാവുത്തർ പിരിഞ്ഞു. അമ്മയാകട്ടെ വൈവിധ്യമാർന്ന ആട്ടിറച്ചി രുചികൾ ഒരുക്കാനായി അടുക്കളയിലേക്ക് നീങ്ങി. 1978ൽ അഭ്രപാളികളിലെത്തിയ 'അവൾ വിശ്വസ്തയായിരുന്നു' എന്ന കാനം എഴുതിയ കഥയിലെ തിരയും, തീരവും എന്ന സുപ്രസിദ്ധ ഗാനവും അദ്ദേഹത്തിനു സ്വന്തം. എന്നാൽ ഇതെഴുതിയതരാന്നെന്ന് ഇന്നും പലർക്കുമറിയില്ല. കാനത്തിന്റെ കഥകൾ, സിനിമയാകുമ്പോൾ അതിലെ ഗാനങ്ങളും അദ്ദേഹം തന്നെയാണഴുതുന്നത്, എഴുതിയ പാട്ടുകളെല്ലാം ഹിറ്റാണ്.

എല്ലാ ഗാനങ്ങൾക്കും സംഗീതം നൽകിയത് അർജുൻ മാസ്റ്ററായിരുന്നു. പഴയ തലമുറയും,പുതിയതലമുറയും ഈ ഗാനങ്ങൾ മനസ്സോടുചേർത്തു വച്ചിരിക്കുന്ന ഈരടികളാണ്.

കവിത.

കാനം ഈ. ജെ (ജന പ്രിയ എഴുത്തുകാരൻ ).

1950വർഷ ത്തിൽ എഴുതിയത്.

കുറെ നാ ളു കൂടി ക്കഴിയട്ടെ തമ്പ്രാനേ

കുറുമി ക്കിടാത്തി ക്കിതാണു മാസം.

വയറു നോവാണെന്നു

തന്നോടിന്നലെ -

പറയണകേട്ടവൾ പല തവണ.

അറിയേണ്ട തൊ ന്നെനിക്ക്,

നീ ഇപ്പോഴീ പുരയും,

പറമ്പു മൊഴി ഞ്ഞീ ടണം,

പണി യുവാൻ പോക യാ ണി വി ടിന്നൊരു -

മണിമേട യെന്റെ മകനു വേണ്ടി!

കുറുമി യുടെ മ്മയ്ക്കും, കുറുമി യുട മ്മയ്ക്കും -

വാതം പിടിച്ചൊരു ,കുറുവടി പോലെ കിടക്കയല്ലേ?

ഒരുമാസം കൂടി കഴിഞ്ഞോട്ടെ തമ്പ്രാനേ -

കരതലം കൂപ്പി ക്കരഞ്ഞു പാവം.

ഒരു മാസം പോയിട്ടൊരു ദിനം കൂടി

പുരയിൽ നീ പാർക്കുക വേണ്ട -മേലിൽ.

പറയരുതങ്ങനെ, തമ്പ്രാക്കളല്ലാതീ -

പറയർക്കു വേറൊരു

ഗതി യെവിടെ?

അടിയനിവി ടുന്നിറങ്ങിയാൽ പ്പിന്നൊന്ന് -

നടുവു നിവർക്കുന്ന തെവിടെ യെങ്ങോ?

എവിടെ പോയി നീ തുലഞ്ഞാലും -

വേണ്ടുകില്ലിവിടെ

നിന്നി പ്പോ ളി റങ്ങീ ടണം.

കരി മല വെട്ടി വിതച്ച കാല ത്തല്ലേ -

മുരുകനിവിടെ കുടിലു കെട്ടി -

മല മുട്ടി ക്കിളച്ചു -

തൈ ത്തെങ്ങുകൾ, കുഴി വച്ചതും അടിയനല്ലേ?

കുല നിറഞ്ഞല്ലേ കിടക്കുന്നതിപ്പഴാ -

മലയിലെ ങ്ങും കമുകു കളും?

ഒരു മാസം കൂടെ കഴിയട്ടേ തമ്പ്രാനേ,

പറയന്റെ മേൽ ഒരു കരുണ യില്ലേ?

മതിയെടാ നിർത്തൂ, നിൻ വേദാ ന്ത -മല്ലെങ്കിൽ -

മുതു കിനു തന്നെ നീ

തൊഴി പിടിക്കും,

അറിവു കൊടുക്കണോ -പോലീസിൽ

അല്ലാതെപിരിയുന്നോ വേഗം പിണങ്ങി ടാതെ?

ഒരു ദോസോം കൂടി കഴിഞ്ഞോട്ടെ,

പറയനെ ത്തല്ലുവാൻ

പോലീസു വന്നെന്നാൽ

കുറവല്ലേ തമ്പ്രാനേ മാറിയേക്കാം!

തറു തല പറയുന്നോ - തെമ്മാടീ -

കരണം പൊളിക്കും ഞാൻ, കാട്ടുജാതീ

കര തലം പൊക്കുന്നു തമ്പുരാൻ,

പാവത്തിൻ കരണ ത്തടിക്കുന്നു -കനി വില്ലാതെ!

പൊളിയെടാ നിന്റെ കുടില് -

പൊളിയെടാ നിന്റെ കുടില്

കരയുന്നോ നീ -

വെളിയിലിറ ങ്ങടാ

തല്ലു കൊള്ളി

എരിയുന്ന ചൂട്ടുമായി

പെട്ടെന്നു തമ്പുരാൻ -

പുറയുടെ അരികിലേകോടിടുന്നു.

അരുതരു തയ്യോ, തീ വയ്ക്കരുതേ തമ്പ്രാനേ -

കുറു മിയും, തള്ളയുമുണ്ടകത്ത്!

കരിയട്ടെ ചാമ്പലായ്

കുറു മിയും, കുന്തവും, പുര മുകളിലെ ലെരിഞ്ഞു തീരട്ടെ -

കുറുമി കരയുന്നു, വേദന -

ദൈവമേ,

വയറു തിരുമ്മുന്നു പേ റ്റു നോ വാൽ!

മുരുകനകത്തേ ക്കു പായുന്നു -

കാന്തയെ

കരതാരിലേന്തുന്നു, തീ പടരുന്നു

എരിയും തീക്കട്ടയും, ചാമ്പലും പാവത്തിൻ -

നെറുകയിൽ വീഴുന്നു

നീറിടുന്നു,

ഞെളിപിരി കൊണ്ടു കുറുമി ഉരുളുന്നു,

പുളയുന്നു, കരയുന്നു, തീ കാളു ന്നു!

മുറ വിളി കൂട്ടുന്നു-മാറി ലടിക്കുന്നു

മുരുകൻ നടുങ്ങുന്നു, കൈ കൂപ്പുന്നു.

പുക കൊണ്ടു മൂടുന്നു

പെട്ടെന്നു തീ പടരുന്നു, മറയുന്നു തമ്പുരാനെങ്ങോ തിടുക്കമായ്.

''''''''''''

പുര ചുട്ട കേസിന്ന ന്തിയിൽ വന്നു പോലീസ്,

മുരുകനെ ബന്ധിച്ചു കൊണ്ടു പോയി

ഇടികൊണ്ടു രക്തം വാർന്നു നടു വൊടി ഞ്ഞോതുകയാണവൻ -

കുടിലിനു തീ വച്ചതടിയാനാണേ... (2)

കരയുവാ ൻ കണ്ണുകൾ

ഉള്ളവരുണ്ടെങ്കിൽ

വരിക, നമുക്കു

നിരന്നു നിൽക്കാം. (3)

. .

അന്നത്തെ ഒരു പകൽ!സൂര്യ രശ് മികൾ തണുത്ത കാറ്റിനോടെന്തോ രഹസ്യ മായി മൊഴിഞ്ഞു. ഇളം കാറ്റിന്റെ കുളിർമ്മയിൽ അപ്പോൾ പ്രകൃതി യാകെ പൂത്തുലഞ്ഞതു പോലെ കുണുങ്ങി. അന്ന് കോട്ടയത്തെ പ്രസിദ്ധമായ ഹോട്ടൽ "അമ്പാസ്സിഡർ "ഹോട്ടലിൽ രണ്ടു പേർ മുറി യെടുത്ത് ഒത്തു കൂടി യിരിക്കുക യാണ്. ഈസമയം "അവൾ വിശ്വസ്ത ആയിരുന്നു ""സിനിമയുടെ അണിയറ ഒരുക്കങ്ങൾ ഏതാണ്ട് കഴിഞ്ഞിരിക്കുന്നു. ഏതാനും ഗാന രംഗങ്ങളും, ഗാനങ്ങളും മാത്രമേ ഇനി ചിത്രീകരിക്കും വാനുള്ളു. അതിനാണ് പ്രശസ്ത സംഗീത സംവിധായകൻ അർജ്ജുൻ മാഷ് എത്തിയിരിക്കുന്നത്. മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ഈ കഥ അർജ്ജുൻ മാഷ് പല വട്ടം വായിച്ചതാണ്.

അവർ സംഭാഷണത്തിൽ മുഴുകിയിരിക്കേ കോളിങ്ബെൽ ചിലച്ചു. നല്ല ചൂടൻ പെറോട്ടയും, തേങ്ങാകൊത്ത് ചേർത്തുലർത്തിയ ബീഫും, ചില്ലി ചിക്കനുമെല്ലാം മേശയിൽ നിരന്നു. രുചിയോടെ ഭക്ഷണം ആസ്വദിച്ചു കൊണ്ടിരിക്കുമ്പോഴും അവർ സിനിമ യെ ക്കുറിച്ചും അതിലെ ഗാനങ്ങളെ ക്കുറിച്ചും വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ഭക്ഷണശേഷം അവർ വീണ്ടും ഗഹനംമായ ചർച്ച കളിലേക്കുമുങ്ങി. "സോമന്റെ നൂറാമത്തെ ചിത്രമല്ലേ ഇത്‌?

"അതേ യതെ "കാനം തുടർന്നു."കമൽ ഹാസൻ അതിഥി താരമായെത്തുന്നു "

, "എന്തായാലും കഥയും, സംഭാഷണവും, ഗാനങ്ങളും താൻ തന്നെയായത് നന്നായി. കഥാ സന്ദർ ഭ ത്തിനനു യോജ്യ മായ ഈരടി കൾ ചിത്രത്തിനൊരു മുതൽ ക്കൂട്ടാണ്." കാനം ഒന്നൂറി ച്ചിരിച്ചു. അദ്ദേഹം അങ്ങനെ യാണ്. എന്തു ചോദ്യം കേട്ടാലും ഒരു ചെറു പുഞ്ചിരി യിലൊതുക്കും. "പൂർവ്വ കാമുകൻ സുഹൃത്തിന്റെ വീട്ടിലെത്തുമ്പോൾ -തന്റെ എല്ലാ മെല്ലാ മായിരുന്ന കാമുകി യാണ് അയാളുടെ ഭാര്യ എന്നറിഞ്ഞു സ്തബ് ധ നാകുന്നു.

കാനം വിശദീകരിച്ചു."അവർ വള്ളത്തിലൂടെ കായലിലെ തണുത്ത കുളിർ കാറ്റിലൂടെ യുള്ള യാത്രയിൽ പാട്ടു ചിത്രീ കരണം തുടങ്ങുന്നു "

"വരികൾ ഒന്നു വായിക്കെടോ "

മാഷ് ഉദ്വേ ഗ ഭരിത നായി.

കാനം വരികൾ വായിച്ചു.

"തിരയും, തീരവും ചുംബിച്ചുറങ്ങി,

തരി വളകൾ വീണു കിലുങ്ങി,

നദിയുടെ നാണം -നുരകളിലൊതുങ്ങി -

നനഞ്ഞ വികാരങ്ങൾ മയങ്ങി... മയങ്ങി "

കസേരയിലിരുന്ന അർജ്ജുൻ മാഷ് ചാടി എഴുന്നേറ്റു. "വാണി ജയറാമിന്റെ സ്വരത്തിൽ ഈ ഗാനം ഉയരങ്ങൾ കീഴടക്കും "

പാട്ടിന്റെ വരികൾ പ്രാർത്ഥന യോടെ കണ്ണടച്ചു കയ്യിൽ വാങ്ങി മാഷ് ഹാർമോണിയവുമായി ചമ്രകൊട്ടയിരുന്നു. താളവും, രാഗവും, ശ്രുതിയും തമ്മിൽ പുണർന്നു. ഒരുമണിക്കൂറിനുള്ളിൽ ഗാന ധാര ഒഴുകി പ്പടർന്നു. ആ മാസ്മര ലഹരിയിൽ കണ്ണടച്ചിരുന്ന കാനം -എരിഞ്ഞു തീർന്ന ദിനേശ് ബീഡി യുടെ ചൂട് കൈ വിരൽ പൊള്ളിച്ച പ്പോഴാണ് കണ്ണു തുറന്നത്.

"ഇനിയും പാടൂ "കാനം ആവേശത്തോടെ പറഞ്ഞു

പാട്ട് പല തവണ കേട്ടിട്ടും കാനത്തിന് മതിയായില്ല.

"ഈ പാട്ടിനു ശേഷമുള്ള സംഭാഷണം താനൊന്നു വായിച്ചേ "

കാനം -സോമനും, ജയഭാരതിയും തമ്മിലുള്ള സംഭാഷണം വായിക്കുവാൻ തുടങ്ങി

"ഈപുഴ എത്ര മനോഹാരിയാണ്?ഇതിൽ ഓളങ്ങൾ ഇല്ലെങ്കിൽ "

"ഈ കുഞ്ഞോളങ്ങളും, കുളിർ കാറ്റും എനിക്കിഷ്ടമാണ് "

പക്ഷെ -അതിന്റെ ആഴത്തിൽ ചുഴികളുണ്ട്. അവിടെ അപകടങ്ങൾ പതി യിരിക്കുന്നു "

"ആണല്ലേ -അതിനെ നേ രി ടണം "

"നീ പെണ്ണല്ലേ -നിനക്കതിനു കഴിയുമോ?

"എന്നും കഴിയും "

"എനിക്കറിയില്ല, ഈ ഓളങ്ങൾ എന്നെ എവിടെ എത്തി ക്കുമെന്ന് "

"ഓളങ്ങൾ നമ്മെ ഇവിടെ കൊണ്ടെത്തിച്ചല്ലോ."

ജയഭാരതി പൊട്ടിച്ചിരിക്കുന്നു

"കണ്ടോ കണ്ടോ ഇതാ ഞാൻ നേരത്തെ പറഞ്ഞ കഥാ സന്ദർഭവും, അതിന് അനു യോജ്യ മായ ഈരടികളും തമ്മിലുള്ള ചേർച്ച "

"കടലിന്റെ കൈ കളാൽ നഖക്ഷതമേൽക്കുമ്പോൾ തീരങ്ങളേ നീ ഓർക്കുമോ?

തിരയുടെ വേദനമറക്കുമോ?

"ഹൊ.. എന്തൊരു കാൽപ്പനികത ആണെടോ തന്റെ ഗാനങ്ങൾക്ക്!

കാനം ഒന്നൂറി ച്ചിരിച്ചു.

രണ്ടുപേരും കൈ കൊടുത്തു പിരിഞ്ഞു

"കാണാം “

കോട്ടയം ജില്ലയിലെ കിഴക്കൻ അതിർത്തി ഗ്രാമത്തിൽ 1962 June മാസം പതിമൂന്നാം തീയതി ജോൺ, അന്നാമ്മ ദമ്പതികളുടെ മകനായി പിറന്ന കാനം 1987 June മാസം പതിമൂന്നാം തീയതി മരണത്തെ പുൽകി മാഞ്ഞു, എങ്കിലും കാൽപ്പനികയുടെ മരിക്കാത്ത കലാകാരനായി ശ്രീ കാനം ഈ. ജെ ഇന്നും അനേകം ജനഹൃദയങ്ങളിൽ ജീവിക്കുന്നു. സ്നേഹത്തോടെ പ്രണാമം!

മകൾ

സേബാ ജോയ്കാനം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:memoirmalayalam literaturestoriesmalayalam novelKanam
News Summary - Today is Kanam E.J.'s birthday and memorial day
Next Story