കുഞ്ഞൻ പുസ്തകങ്ങളിലൂടെ വായനയുടെ വലിയ ലോകത്തേക്ക്
text_fieldsകുഞ്ഞൻ പുസ്തകങ്ങൾക്കൊപ്പം ഗിന്നസ് സത്താർ
തൃശൂർ: വായന മരിക്കുന്നുവെന്ന ചർച്ചകൾക്കിടയിലും ഒരു സൂചിത്തുമ്പിനോളം പോന്ന പുസ്തകങ്ങളുമായി പുതുതലമുറയെ വായനയിലേക്ക് ക്ഷണിക്കുകയാണ് ഗിന്നസ് സത്താർ എന്ന തൃശൂർക്കാരൻ. നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കാവുന്ന പതിനായിരക്കണക്കിന് മിനിയേച്ചർ പുസ്തകങ്ങൾ സൗജന്യമായി നൽകി ഇദ്ദേഹം നടത്തുന്ന വായന വിപ്ലവം ഇപ്പോൾ അരലക്ഷം കോപ്പികൾ എന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ്.
17 വർഷമായി സത്താർ തുടരുന്ന ഈ ദൗത്യത്തിലെ ഏറ്റവും പുതിയ കണ്ണിയാണ് ‘ആദൂർ കവിതകൾ’ എന്ന കുഞ്ഞൻ പുസ്തകം. വെറും മൂന്ന് സെന്റീമീറ്റർ നീളവും 2.5 സെന്റീമീറ്റർ വീതിയും 250 മില്ലിഗ്രാം തൂക്കവുമുള്ള ഈ പുസ്തകത്തിൽ, ചിത്രങ്ങൾ സഹിതം 81 പോസ്റ്റർ കവിതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. 150 രൂപ വിലമതിക്കുന്ന ഈ പുസ്തകത്തിന്റെ 15,000 കോപ്പികളാണ് ഈ വായനാക്കാലത്ത് സൗജന്യമായി പുസ്തകപ്രേമികളിലേക്ക് എത്തുന്നത്
ഒറ്റയാൾ പോരാട്ടം വായന മരിക്കുന്നു എന്ന ചർച്ചകൾ സജീവമായ കാലത്താണ് ഇങ്ങനെയൊരു ആശയം സത്താറിന് ഉദിച്ചത്. വലിയ പുസ്തകങ്ങൾ വായിക്കാൻ മടിക്കുന്ന പുതിയ തലമുറയെ ആകർഷിക്കാൻ എന്തുചെയ്യാൻ കഴിയുമെന്ന ചിന്തയാണ് ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകങ്ങളിലേക്ക് എത്തിച്ചത്. 2008ലെ വായനാദിനത്തിൽ, ഒന്നര ഇഞ്ച് വലുപ്പമുള്ള ‘എസ്.എം.എസ് 101 കഥകൾ’ എന്ന പുസ്തകത്തിന്റെ 5,000 കോപ്പികൾ സൗജന്യമായി നൽകിക്കൊണ്ടായിരുന്നു തുടക്കം.
പിന്നീടങ്ങോട്ട് അതൊരു ശീലമായി, ദൗത്യമായി. 2009ൽ ഒരിഞ്ച് വലുപ്പത്തിലുള്ള കവിത സമാഹാരം, 2010ൽ ഒന്നര സെന്റിമീറ്ററുള്ള ഇംഗ്ലീഷ് പുസ്തകം ‘ഫിഫ്റ്റി: ഫിഫ്റ്റി’, 2015ൽ ‘ആധാർ മിനിക്കഥകൾ’, 2023ൽ ‘ഹൈക്കു കഥകൾ’ എന്നിങ്ങനെ ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന 35,000 പുസ്തകങ്ങൾ ഇതിനകം വായനക്കാർക്ക് സമ്മാനിച്ചു. നിർമാണം പൂർണമായും കൈകൊണ്ടാണ്. നിരവധി ലോക റെക്കോഡുകളാണ് തേടിയെത്തിയത്. 2011ൽ ലിംക ബുക്ക് ഓഫ് റെക്കോഡ്സ് ലഭിച്ചു.
2016ൽ നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കാവുന്ന 1 സെന്റീമീറ്ററിനും 5 സെന്റീമീറ്ററിനും ഇടയിൽ വലുപ്പമുള്ള 3137 പുസ്തകങ്ങൾ രചിച്ചതിന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് സത്താർ.‘ഒരു ലക്ഷം പുസ്തകങ്ങളെങ്കിലും സൗജന്യമായി നൽകണം, അതാണ് തന്റെ ഏറ്റവും വലിയ സ്വപ്ന’മെന്ന് സത്താർ പറയുന്നു. ഈ വായനാദിനത്തിൽ സത്താർ നൽകുന്ന സന്ദേശം വളരെ വ്യക്തമാണ് വായനയുടെ രൂപവും ഭാവവും മാറിയേക്കാം, പക്ഷേ അതിന്റെ ആത്മാവ് ഒരിക്കലും മരിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

