മൂന്ന് മിനിക്കഥകൾ
text_fieldsചായ
ഒരെത്തും പിടിയും കിട്ടാതെ വന്നപ്പോഴാണ് ചായ കുടിക്കണമെന്ന് തോന്നിയത്. കടയിൽ പതിവു തിരക്കില്ല.
‘അപ്പുണ്ണിയേട്ടാ’
ഒരു മൂളലിൽ മറുപടി വന്നു.
‘ഇവിടെ രാഷ്ട്രീയം പറയരുത്’ എന്നെഴുതിയ ബോർഡിന്റെ താഴെയിരുന്ന് രണ്ടുപേർ എന്തോ അടക്കം പറയുന്നുണ്ട്. അവരുടെ മുന്നിലെ ഒഴിഞ്ഞ ഗ്ലാസിലും പ്ലേറ്റിലും രണ്ടുമൂന്ന് ഈച്ചകൾ പറന്നു നടക്കുന്നുണ്ട്. എതിരെ ഞാനുമിരുന്നു.
ഇടക്കുയർന്ന ചിരിയിൽ നിന്നും ഒരു അശ്ലീലം എന്റെ മേലേക്ക് തെറിച്ചു. എന്റെ വിമ്മിഷ്ടം ചൂടുപിടിക്കും മുൻപേ ചായ വന്നു. കട്ടൻ ആറിത്തണിഞ്ഞിട്ടുണ്ട്. ഒറ്റക്കടിയിൽ തന്നെ തികട്ടിവന്ന പരിപ്പുവട ഒന്നമർത്തി നോക്കി. ചീർത്ത് പതം വന്നിട്ടുണ്ട്. എനിക്കെന്തോ, രാഷ്ട്രീയം പറയണമെന്ന് തോന്നി.
ശീർഷാസനം
പൊന്ന് കായ്ക്കുന്ന മരമായിരുന്നു. പുരയ്ക്കുനേരെ ചാഞ്ഞു. മുറിക്കണമെന്ന് ശാസ്ത്രം. മുറിച്ചു. വീണതോ പുരപ്പുറത്തും.
പലായനം
അതിർത്തി കടന്നുപോകുന്ന അവസാനത്തെ മരത്തോട് മഴ ചോദിച്ചു.
‘ഒരു വിത്ത് തരാമോ? നിന്റെ ഓർമ്മയ്ക്കായി’
മരം ഒന്ന് നിന്നു. പിന്നെ, കൊമ്പുകൾ താഴ്ത്തി,
ചില്ലകൾ ഒതുക്കി പതിയെ കടന്നുപോയി.
ഒന്നും പറയാതെ... ഒപ്പം മഴയും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

