ഇവിടെ വായനക്ക് റിട്ടയർമെന്റില്ല
text_fieldsപുതുക്കാട് പെൻഷൻ ഭവനിലെ ലൈബ്രറി
ആമ്പല്ലൂർ: അറിവിന്റെ ലോകത്തേക്കുള്ള വാതായനം തുറന്നിട്ട് പെൻഷൻകാരുടെ വായനശാല. വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച പെൻഷൻകാരുടെ ദൈനംദിന ജീവിതത്തിൽ ക്രിയാത്മകമായി ഒന്നും പ്രവർത്തിക്കാനില്ലാതെ പോകുന്നുവെന്ന തിരിച്ചറിവിലാണ് 2076 അംഗങ്ങളെയും വായനയുടെ ലോകത്തേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വായനശാല തുടങ്ങുന്നത്. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുക്കാടുള്ള ബ്ലോക്ക് പെൻഷൻ ഭവനിൽ 2024 ജനുവരി ഒന്നിനാണ് കൊടകര ബ്ലോക്ക് സർവിസ് പെൻഷനേഴ്സ് ലൈബ്രറിക്ക് തുടക്കം കുറിച്ചത്.
ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളും അംഗങ്ങളിൽനിന്ന് സംഭാവനയായി ലഭിച്ചതാണ്. വായനശാല അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പ്രഫ. സി. രവീന്ദ്രനാഥ് പുസ്തക ശേഖരത്തിൽനിന്ന് നൽകിയ പുസ്തകങ്ങൾ അടക്കം 3000 പുസ്തകങ്ങൾ ലഭിച്ചത് ലൈബ്രറിയുടെ പ്രവർത്തനത്തിന് ഊർജംപകർന്നു. എഴുത്തച്ഛൻ പുരസ്കാര ജേതാവ് പ്രഫ. എസ്.കെ. വസന്തൻ ഉദ്ഘാടനം നിർവഹിച്ച ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ചുള്ള പ്രഭാഷണങ്ങളും അംഗങ്ങൾക്കായി സാഹിത്യ കൃതികളെകുറിച്ചുള്ള കുറിപ്പ് തയാറാക്കൽ, കലാ-സാഹിത്യ മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
വായനയിൽ താൽപര്യമുള്ള, ലൈബ്രറിയിൽ എത്താൻ കഴിയാത്ത അംഗങ്ങൾക്ക് പുസ്തകങ്ങൾ വീട്ടിൽ എത്തിക്കുന്ന സംവിധാനവും നടപ്പാക്കിയിട്ടുണ്ട്. വായന പക്ഷാചരണത്തിന്റെ ഭാഗമായി ജൂലൈ അഞ്ചിന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ആസ്വാദന കുറിപ്പ് മത്സരവും സംഘടിക്കുന്നുണ്ട്. പെൻഷർമാരായ ടി.എസ്. സുബ്രഹ്മണ്യൻ പ്രസിഡന്റും കെ.കെ. സോജ സെക്രട്ടറിയും ടി.എം. രാമൻകുട്ടി ലൈബ്രേറിയനുമായുള്ള കമ്മിറ്റിയാണ് വായനശാലയുടെ പ്രവർത്തനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

