പുസ്തക മൊഴിമാറ്റ അനുഭവങ്ങൾ പങ്കുവെച്ച് പരിഭാഷകൻ
text_fieldsഹുസൈൻ കടന്നമണ്ണ അനുഭവങ്ങൾ വിശദീകരിക്കുന്നു. അബ്ദുൽ ജലീൽ, റഫീഖ് തങ്ങൾ എന്നിവർ വേദിയിൽ
ദോഹ: ഒരു അറബ് നയതന്ത്രജ്ഞന്റെ സാംസ്‌കാരിക വിചാരങ്ങൾ എന്ന പുസ്തകത്തിന്റെ മൊഴിമാറ്റ അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ച് പരിഭാഷകനായ ഹുസൈൻ കടന്നമണ്ണ. സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ സംഘടിപ്പിച്ച പുസ്തക ചർച്ച എന്ന പരിപാടിയിലായിരുന്നു എഴുത്തുകാരനും വിവർത്തകനും ബഹുഭാഷ പണ്ഡിതനുമായ ഹുസൈൻ കടന്നമണ്ണ മനസ്സ് തുറന്നത്. 20ാം വയസ്സിൽ നയതന്ത്ര ജീവിതം ആരംഭിച്ച്, ഖത്തറിനെ പ്രതിനിധാനംചെയ്ത് ഒട്ടനവധി രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുകയും ഐക്യരാഷ്ട്ര സഭയിൽ ഖത്തറിന്റെ സ്ഥിരം പ്രതിനിധിയായിരിക്കുകയും ഖത്തറിൽ പല സമയങ്ങളിലായി വിവിധ മന്ത്രിതല ചുമതലകൾ നിർവഹിച്ചിട്ടുമുള്ള ഡോ. ഹമദ് ബിൻ അബ്ദുൽ അസിസ് അൽ കുവാരി അറബിയിൽ രചിച്ച പുസ്തകമാണ് 'ഒരു അറബ് നയതന്ത്രജ്ഞന്റെ സാംസ്‌കാരിക വിചാരങ്ങൾ' എന്ന തലക്കെട്ടിൽ ഹുസൈൻ കടന്നമണ്ണ മൊഴിമാറ്റം നടത്തിയത്.
ഖത്തറിലെ ദീർഘകാലത്തെ പ്രവാസ ജീവിതത്തിൽ ജോലിസ്ഥലത്തും അല്ലാതെയും അറബി ഭാഷ പണ്ഡിതരുമായുള്ള സഹവാസം ഇത്തരത്തിലുള്ള കൃതികളുടെ മൊഴിമാറ്റം നടത്തുമ്പോൾ ഏറെ സഹായിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. കുറെ വിഷയങ്ങളിൽ മൂലഗ്രന്ഥകാരന്റെയും തന്റെയും കാഴ്ചപ്പാടുകളിലും രുചിഭേദങ്ങളിലും ഉണ്ടായ സാമ്യതകൾ വിവർത്തനം കൂടുതൽ ആസ്വാദ്യകരമായ അനുഭവമാക്കിമാറ്റി എന്നദ്ദേഹം കൂട്ടിച്ചേർത്തു. സദസ്സിന്റെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. സി.ഐ.സി. റയ്യാൻ സോൺ സംഘടന സെക്രട്ടറി എം.എം. അബ്ദുൽ ജലീലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ, സോണൽ എക്സിക്യൂട്ടിവ് അംഗം മുഹമ്മദ് റഫീഖ് തങ്ങൾ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

