Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഓർമയുടെ അറകളിലെ...

ഓർമയുടെ അറകളിലെ സുൽത്താന്‍

text_fields
bookmark_border
ഓർമയുടെ അറകളിലെ സുൽത്താന്‍
cancel

തിമിർത്തുപെയ്യുന്ന മഴ. ജാലകപ്പഴുതിലൂടെ ഒഴുകിയെത്തുന്ന തണുത്ത കാറ്റും, തെറിച്ചുവീഴുന്ന മഴത്തുള്ളികളുമേറ്റ് പുറത്തെ കട്ടപിടിച്ച ഇരുട്ടിൽ നോക്കി, കട്ടിലിൽ കുറേ നേരമിരുന്നു. താഴെ വീടുകളിൽ നിന്ന് കന്നഡക്കാരുടെ കലപില ശബ്ദം, മഴയുടെ ഇരമ്പലിൽ അവ്യക്തമായി കേൾക്കാം. സമയം ഒരു മണിയാകുന്നു. ബഷീറിന്റെ ‘യാ ഇലാഹി’ തുടർന്ന് വായിക്കാൻ ശ്രമിക്കുമ്പോൾ കറന്റ്പോയി. ജനലുകൾ അടച്ച് കൊളുത്തിട്ട് ഞാൻ കിടന്നു. പുസ്തകം തലയിണക്കടിയിൽ വെച്ച്, നാടിന്റെ ഓർമകളുമായി, കണ്ണുകൾ തുറന്നങ്ങിനെ കിടക്കുമ്പോൾ, ഒരു തൂവൽസ്പർശം പോലെ പതിയെ നിദ്ര എന്നെ മയക്കാൻ തുടങ്ങി. നിമിഷങ്ങൾ! ഗാഢമായ നിദ്ര! പൊടുന്നനെ ഒരു ശബ്ദം. ഞാൻ ഞെട്ടിയെഴുന്നേറ്റു. ഇടിമുഴക്കമാണോ? അതോ ചുമ്മാ തോന്നിയതോ? അല്ല, വീണ്ടും ആ ശബ്ദം. മുറിയുടെ പുറത്തെ വാതിലിൽ ആരോ മുട്ടുകയാണ്. ഈ അസമയത്ത് ആരാണ്?

ഞാൻ ഒന്ന് നടുങ്ങി. എഴുന്നേറ്റുചെന്ന് ഹാളിലെ സ്വിച്ചിട്ടു. കറന്റ് വന്നിട്ടില്ല. മൊബൈലിലെ ടോർച്ച് തെളിച്ച് വാതിലിനടുത്തുചെന്ന് നെഞ്ചിടിപ്പോടെ ചോദിച്ചു.

‘യാറപ്പാ?’

‘വാതിൽ തുറക്കു മോനൂ. ഞാനാണ്. പേടിക്കണ്ട.’

എവിടെയോ കേട്ടുമറന്ന ശബ്ദം. ഞാൻ വാതിൽ തുറന്നു. ഇടനാഴിയിൽ, ആവതില്ലാത്ത മട്ടിൽ ഒരാൾ പുറം തിരിഞ്ഞ് നിൽക്കുന്നു. ദേഹമാസകലം നനഞ്ഞിട്ടുണ്ട്. വൃദ്ധനാണ്. നല്ല സ്റ്റൈലൻ കഷണ്ടി. ജൂബ്ബയാണ് വേഷം. ഇങ്ങനെയൊരാളെ നേരത്തെ എവിടെയോ കണ്ടിട്ടുണ്ടല്ലോ. എവിടെ? ഇരുളിൽ ആളെ പൂർണമായും മനസ്സിലാകുന്നില്ല. ഞാൻ ചോദിച്ചു:

‘ആരാ?’

അയാൾ തിരിഞ്ഞ് എന്നെ നോക്കി ഒരു മറുചോദ്യം. ‘എന്നെ മനസ്സിലായില്ലേ? ബടുക്കൂസെ... സൂക്ഷിച്ച് നോക്ക്’

അയാൾ നിശ്ശബ്ദം ചിരിക്കുന്നു. എന്റെ ഉള്ളിൽ ഭയം മൊട്ടിട്ടു തുടങ്ങി. ആ രൂപം കുറേക്കൂടി മുന്നോട്ട് നീങ്ങിനിന്നു. ആകാശത്ത് പെട്ടെന്നൊരു മിന്നൽ പിണർ. ആ പ്രകാശത്തിൽ ഞാൻ ആ മനുഷ്യന്റെ മുഖം വ്യക്തമായി കണ്ടു. എന്റെ അകക്കാമ്പിലും ഒരു വെള്ളിടി വെട്ടി. ബഷീർ! സാക്ഷാൽ വൈക്കം മുഹമ്മദ്‌ ബഷീർ! എന്റെ സകല ഇന്ദ്രിയങ്ങളും തലച്ചോറും മരവിച്ചുപോയി. ആലില പോലെ ഞാൻ വിറച്ചുനിൽക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം.

‘മനസ്സിലായി അല്ലേ? ഇനി അകത്തു കയറാവോ?’

എന്റെ അനുവാദത്തിന് കാത്തുനിൽക്കാതെ അദ്ദേഹം അകത്തുകയറി, കസേരയിൽ ഇരുന്നു.

‘ഇച്ചിരി കഴിഞ്ഞ് ഞാനങ്ങു പോകും. പേടിക്കണ്ട.’

എനിക്ക് ശബ്ദിക്കാനാവുന്നില്ല.

‘ബീഡിയോ സിഗരറ്റോ വലതുമുണ്ടെങ്കിൽ ഒരെണ്ണം താ. തണുക്കുന്നു. സുലൈമാനിയും വേണം.’

ആത്മാവിന് തീപിടിച്ചതുപോലെ ഞാൻ ലക്കും ലഗാനുമില്ലാതെ അടുക്കളയിലേക്ക് നടന്നു. എമർജൻസി ലൈറ്റ് തെളിച്ച് ഹാളിൽ വെച്ചു. അടുപ്പിൽ ചായ വെച്ചു. പൊടുന്നനെ അന്തരാളങ്ങളിൽനിന്ന് ഉൾവിളിപോലെ ആരോ പറയുന്നു,

‘എന്തിന് താൻ ബഷീറിനെ ഭയക്കുന്നു? ജീവിച്ചിരിക്കുമ്പോൾ സകല ജീവജാലങ്ങളെയും മനുഷ്യരെയും സ്നേഹിച്ച മനുഷ്യനാണ്. അങ്ങനെയുള്ള ബഷീറിന് ആരെയും ഉപദ്രവിക്കാനാവില്ല. ധൈര്യമായിരിക്കൂ.’

ചായയുമെടുത്ത് ‘സധൈര്യം’ ഞാൻ ബഷീറിന്റെ അടുക്കൽ ചെന്നു. ചായഗ്ലാസ് മേശപ്പുറത്തുവെച്ചു. അതോടൊപ്പം ഒരു സിഗററ്റ് കൂടും തീപ്പെട്ടിയും.എന്റെയുള്ളിൽ സംശയങ്ങൾ കുഴഞ്ഞുമറിയുന്നു.

ടേബിളിൽവെച്ച സുലൈമാനി ഒരിറക്ക് കുടിച്ച്,

സിഗരറ്റ് പായ്ക്കിൽനിന്ന് ഒരെണ്ണമെടുത്ത് തീകൊളുത്തി പുകച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു;

‘ഈ കന്നഡ രാജ്യം ഒരുപാട് പുരോഗമിച്ചു അല്ലെ? പണ്ട് മൈസൂർ സ്റ്റേറ്റ് ആയിരുന്നു.’

ശരിവെച്ചുകൊണ്ട് ചുമ്മാ ഞാൻ തലയാട്ടി.

‘നമ്മുടെ നാടും ഇന്ത്യാ മഹാരാജ്യവും ഒക്കെ ഒത്തിരി പുരോഗമിച്ചിട്ടുണ്ട്, നല്ല കാര്യം. പക്ഷേ, മനുഷ്യ ഹൃദയം ഇന്നും പുരോഗമിച്ചിട്ടില്ല. തമ്മിലടിയും മതവെറിയും വെറുപ്പും വിദ്വേഷവും.’

ഞാൻ ഇങ്ങേപ്പുറത്ത് മതിലിൽ ചാരി, കൈകൾ കെട്ടി അങ്ങനെ നിൽക്കുകയാണ്.

‘താൻ ഇരിക്കെടോ. ഞാൻ പറഞ്ഞുവന്നത് എന്തിനാണ് മനുഷ്യർ തമ്മിൽ വെറുപ്പും വിദ്വേഷവും? ഇവന്മാർക്ക് നാളെയെക്കുറിച്ചുള്ള ചിന്തയുണ്ടോ? ഭയാനകമായ രോഗങ്ങൾ വരാനിരിക്കുന്നു..

അതിനുവേണ്ടിയുള്ള മുൻകരുതലുകളെ കുറിച്ചാണ് നമ്മൾ ചിന്തിക്കേണ്ടത്. ആര് ചിന്തിക്കുന്നു?

മനുഷ്യരാശിക്ക് ജീവവായു കിട്ടാതെ വരുന്ന ഒരവസ്ഥ ഉണ്ടാവും. അതേക്കുറിച്ച് ഓർത്തിട്ടുണ്ടോ?’ അദ്ദേഹത്തിന്റെ വാക്കുകൾ കൗതുകത്തോടെ ഞാൻ കേട്ടുകൊണ്ടിരുന്നു.

‘ഭയാനകം എന്നുപറഞ്ഞത് വെറുതെയല്ല. തനിക്കറിയണോ? പക്ഷിമൃഗാദികളെല്ലാം നശിച്ചുപോകും. മരങ്ങളായ എല്ലാ മരങ്ങളും നശിച്ചുപോകും. മനുഷ്യൻ ഒാക്സിജൻ സിലിണ്ടർ ദേഹത്തുകെട്ടിനടക്കുന്ന കാലം വരും. ജാതിയും മതവും പറഞ്ഞു മനുഷ്യൻ മനുഷ്യനെ ചറപറാ വെട്ടിക്കൊല്ലും. മനസ്സിലായോ?’

ഞാൻ പതിയെ ചോദിച്ചു.

‘സത്യത്തിൽ ദൈവം തമ്പുരാൻ ഈ കാലഘട്ടത്തിലല്ലേ നബിയെയും കൃഷ്ണനെയും ക്രിസ്തുവിനെയും ശ്രീനാരായണ ഗുരുവിനെയും ഒക്കെ ഇറക്കേണ്ടിയിരുന്നത്?’

‘എന്തിന്? മാനവരാശിക്കുവേണ്ടി അവർ എക്കാലത്തേക്കുമായി പറഞ്ഞുവെച്ചുപോയ മഹദ് വചനങ്ങൾ നമുക്ക് മുന്നിലുണ്ടല്ലോ. സമത്വ സുന്ദരമായ ഒരു സാമൂഹിക ജീവിതത്തിനായി ഒരുപാട് നന്മകളും ജീവിതരീതികളും നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. മനുഷ്യനെയും സകല ജീവജാലങ്ങളെയും സ്നേഹിക്കാനും, മനസ്സും ശരീരവും ശുദ്ധമാക്കിവെക്കാനും പഠിപ്പിച്ചുതന്നിട്ടുണ്ട്. അവർ പറഞ്ഞുവെച്ച വിശുദ്ധ ഗ്രന്ഥങ്ങൾ നമുക്ക് മുന്നിലുണ്ട്. എന്നിട്ടോ? വായിച്ചോ അറിവ് നേടിയോ? നൂറു ശതമാനം അറിവുനേടിയെന്ന് വമ്പുപറയുന്ന മലയാളി അളുംബൂസന്മാർ പോലും ദുഷിച്ചുനാറിയ ചിന്താഗതികളുമായി നടക്കുന്നു.’ ബഷീറിന്റെ കണ്ഠമിടറി.

‘മനുഷ്യരേക്കാൾ ബുദ്ധിയും ശക്തിയും കഴിവുമുള്ള പടപ്പുകൾ വേറെയുമുണ്ട്. മനുഷ്യൻ വെറും നിസ്സാരനാണ്. മുമ്പ് ഞാൻ പറഞ്ഞിട്ടുണ്ട്. നടക്കുന്ന കക്കൂസാണ് അളുംബൂസന്മാരായ മനുഷ്യർ.’

‘സത്യത്തിൽ മനുഷ്യന് ജീവിക്കാൻ മതം ആവശ്യമുണ്ടോ?’ എന്റെ ചോദ്യം കേട്ട് ബഷീർ ശബ്ദമില്ലാതെ ചിരിച്ചു. എന്നിട്ട് പറഞ്ഞു: ‘നല്ല ഫഷ് ക്ലാസ് ചോദ്യം. ഈ ലോകത്ത് കാക്കത്തൊള്ളായിരം മതങ്ങളുണ്ട്. വല്ല ഗുണവുമുണ്ടോ? മതം നല്ലതുതന്നെ. അത് മനുഷ്യ നന്മക്കുള്ളതാവണം. മനസ്സ് നന്നാക്കാനുള്ളതാവണം. പക്ഷേ, മനുഷ്യൻ സകലതും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല മനുഷ്യവർഗം മതം കൊണ്ട് അന്യോന്യം ശത്രുക്കളായി വരുകയാണ്. പുതിയ സംസ്കാരവും ദുഷിച്ച ചിന്തകളും. മതമില്ലാതെ ജീവിക്കുന്നവരുമുണ്ട്. ഒരു കുഴപ്പവുമില്ല. പടച്ച തമ്പുരാനോട് പ്രാർഥിക്കാനും, രഹസ്യം പറയാനും മതത്തിന്റെ ആവശ്യമൊന്നുമില്ല. ഇപ്പറഞ്ഞ മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം മനുഷ്യർ മനുഷ്യരുടെ രക്ഷക്കുവേണ്ടി പടച്ചുണ്ടാക്കിയതാണ്.’

പറഞ്ഞുനിർത്തി ബഷീർ കണ്ണടച്ചു നിശ്ശബ്ദമായിരുന്നു. ഈ അവസരത്തിൽ ബഷീർ അറിയാതെ, കുറെ സെൽഫി എടുത്തു. നാളത്തെ പത്രത്തിൽ അയച്ചുകൊടുക്കണം. വിചിത്രമായ കാഴ്ച കണ്ട് ലോകം അന്ധാളിക്കട്ടെ. ഒറ്റ രാത്രി കൊണ്ട് ഞാൻ പ്രശസ്തനാവാൻ പോകുന്നു. പക്ഷേ, റിസൾട്ട് നോക്കിയപ്പോൾ ഫോട്ടോയിൽ ബഷീറില്ല. അദ്ദേഹമിരുന്ന കസേര മാത്രം.

ഞാൻ പെട്ടെന്ന് ഗൂഗ്ളിൽ തിരഞ്ഞ് ബഷീറിന് പ്രിയപ്പെട്ട പങ്കജ് മല്ലിക്കിന്റ പാട്ട് പ്ലേ ചെയ്തു. സിഗരറ്റ് പിടിച്ച വലതുകൈ ചലിപ്പിച്ചുകൊണ്ട് ബഷീർ പാട്ട് ആസ്വദിച്ചു. പുറത്തെ ഇരുട്ടിൽ നോക്കി എന്തോ ഓർത്തുകൊണ്ടിരുന്നു. ഒരുപക്ഷേ, മാങ്കോസ്റ്റിൻ ചുവട്ടിലെ ശബ്ദമുഖരിതമായ സദസ്സിന്റെ ഓർമകളായിരിക്കാം.

‘ഗുസർഗയാ വോ സമാനാ കൈസാ കൈസാ...’

പാട്ട് അവസാനിച്ചപ്പോൾ ഞാൻ ചോദിച്ചു,

‘ജീവിതത്തിൽ നിറവേറാത്ത വല്ല ആഗ്രഹവും

ഉണ്ടായിരുന്നോ?’

‘എനിക്ക് അങ്ങനെയാതൊരു ആഗ്രഹവുമില്ലായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ എൺപത് വയസ്സിലേറെ ജീവിച്ചില്ലേ... മാത്രമല്ല എത്രയെത്ര നാടുകൾ കണ്ടു. കറുപ്പും വെളുപ്പുമായ എന്തുമാത്രം മനുഷ്യരെ കണ്ടു. വിശപ്പും കണ്ണീരും നിലവിളികളും...

റഹ്മാനെ..!

സൂഫികളും സന്യാസിമാരും ഹിജഡകളും യാചകരും വേശ്യകളും ഒക്കെ എന്റ സുഹൃത്തുക്കളായിരുന്നു. പിന്നെ കുറേ ബഹുമതികളൊക്കെ തന്ന് സർക്കാറും മറ്റും അനുഗ്രഹിച്ചിട്ടുണ്ടല്ലോ. പത്മശ്രീ, ഫെലോ, ഡോക്ടറേറ്റ്... പോരാഞ്ഞു ചില്ലറ താമ്ര പത്രങ്ങളും. ഇതിനൊന്നും ഞാൻ ആഗ്രഹിച്ചതല്ല. ആരോടും ചോദിച്ചു വാങ്ങിയതുമല്ല. എഴുത്ത് തൊഴിലാളിയായ എന്നെ ആദരിച്ചു തന്നതാണ്. ഇപ്പറഞ്ഞ താമ്രപത്രം കൊണ്ട് ഞാൻ കുറുക്കനെ എറിഞ്ഞിട്ടുണ്ട്.’ ബഷീർ ഉറക്കെ ചിരിച്ചു. എനിക്കും ചിരിവന്നു.

ബഷീർ ചിരിച്ചുകൊണ്ട് എഴുന്നേറ്റു. ജൂബ്ബ എടുത്തണിഞ്ഞു പോകാനായി ഒരുങ്ങുന്നു. ബഷീറിയൻ കഥാപാത്രങ്ങളെ കുറിച്ചുള്ള ചില സംശയങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം പുറത്തേക്ക് നടക്കുന്നു. സുഹറയും ദേവിയും നാരായണിയും കുഞ്ഞു പാത്തുമ്മയുമൊക്കെ എന്റെയുള്ളിൽ ഓരോന്ന് ചോദിച്ചു കരഞ്ഞുവിളിച്ച് നിൽക്കുന്നു. പക്ഷേ, കേൾക്കാൻ ബഷീറിന് സമയമില്ല.

‘ഭൂമിയിൽ ഇന്ന് എനിക്കനുവദിച്ചുതന്ന സമയം തീരാറായിരിക്കുന്നു. സുബ്ഹി ബാങ്കിനുമുമ്പ് എനിക്കെന്റെ സാങ്കേതത്തിലെത്തണം. ചുമ്മാ നിന്നെ വന്നൊന്ന് കാണണമെന്നു തോന്നി. മരിച്ചുപോയവരെ ആഴത്തിൽ ഓർക്കുന്ന മനുഷ്യരെ ആത്മാക്കൾക്ക് അറിയാൻ പറ്റും. നീയെന്നെ ജോർ ജോറായി ഓർക്കുന്നുണ്ടല്ലോ, അതാ നിന്നെ കാണാൻ വന്നത്. ജഗന്നിയന്തവായ തമ്പുരാൻ നിന്നെ അനുഗ്രഹിക്കട്ടെ.’

ബഷീർ പുറത്തിറങ്ങി. ബാൽക്കണിയിൽനിന്നുകൊണ്ട് ആ മഹാ മനുഷ്യൻ എന്റെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു.

അദ്ദേഹം മഴയിലിറങ്ങി ഇരുട്ടിൽ നടന്നുപോകുന്നത് പിടയുന്ന മനസ്സോടെ ഞാൻ നോക്കിനിന്നു. എന്റെ മനസ്സ് വിതുമ്പി. എനിക്കേറെ പ്രിയപ്പെട്ട കഥാകാരനാണ് ആ പോകുന്നത്. ദൃഷ്ടിപഥത്തിൽ നിന്ന് ബഷീർ മാഞ്ഞുപോകാൻ തുടങ്ങിയപ്പോൾ ദിഗന്തം പൊട്ടുമാറുച്ചത്തിൽ ഒരു ഇടിനാദം. ഞാൻ ഞെട്ടി. മുറിയിൽ എല്ലായിടവും വിളക്കുകൾ തെളിഞ്ഞുകത്തുന്നു. വിയർപ്പിൽ കുളിച്ച് ഞാൻ കട്ടിലിൽ ഇരിക്കുന്നു.

റഹ്മാനെ... സ്വപ്നമായിരുന്നോ? ഞാൻ ഗാഢമായി ഉറങ്ങിപ്പോയിരിക്കുന്നു. ബഷീർ വന്നത് കിനാവ് തന്നെയാണോ? എന്റെയുള്ളിൽ വീണ്ടും ഭയം അങ്കുരിച്ചു തുടങ്ങി. ലൈറ്റണക്കാതെ ഏറെനേരം ഞാൻ അങ്ങനെ ഇരുന്നു. അപ്പോഴും പുറത്ത് മഴ തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Culturevykom muhammed basheerliteratureNovels
News Summary - The Sultan of the chambers of memory
Next Story