Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightയാത്രാമൊഴി

യാത്രാമൊഴി

text_fields
bookmark_border
യാത്രാമൊഴി
cancel

ഇന്ന് എന്റെ സുഹൃത്ത് ഖലീലിെൻറ ഇത്താത്തയുടെ കല്യാണമാണ്. ഒരാഴ്ച മുമ്പ് തന്നെ ഉത്സവപ്രതീതി തോന്നും വിധം വീട്ടിൽ നിറയെ ആളുകളുണ്ടായിരുന്നു. മിനിഞ്ഞാന്ന് മാഹിയിൽ നിന്നും ഫ്രിഡ്ജും അലങ്കാര ലൈറ്റുകളും വന്നിരുന്നു. ഇലക്ട്രീഷ്യൻ ബഷീർക്ക വന്ന് അതൊക്കെ ഫിറ്റ് ചെയ്തു. ഖലീലിെൻറ ബാപ്പ രാജപ്രൗഢിയിൽ ജോലിക്കാർക്കൊക്കെ നിർദ്ദേശം കൊടുത്ത് പന്തലിൽ നിലയുറപ്പിച്ചിട്ടുണ്ട്. അത്തറിെൻറയും മുല്ലപ്പൂവിെൻറയും വിവിധതരം പെർഫ്യൂമുകളുടെയും ഗന്ധം അവിടുത്തെ അന്തരീക്ഷത്തിൽ തങ്ങിനിന്നു.

ഖലീലിെൻറ കുടുംബക്കാർ മുഴുവനും വന്നുചേർന്നിട്ടുണ്ട്. അന്ന് ഇന്നത്തെപ്പോലെ ആർക്കും തിരക്കുള്ള കാലമല്ല. എല്ലാവരും ചുറ്റിപ്പറ്റി വീട്ടിൽ തന്നെയുണ്ട്. ഊട്ടുപുരയിൽ ചായയും പലഹാരങ്ങളും തകൃതിയായി ഒരുങ്ങുന്നുണ്ട്. വന്നവർ വന്നവർ അത് കഴിക്കുന്നുമുണ്ട്. ഞാനും ഖലീലും ഉറ്റ സുഹൃത്തുക്കളായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ ഇന്നും ഒരുമിച്ചുതന്നെയാണുള്ളത്. വീട്ടിൽ നടക്കുന്ന ഈ ആഘോഷത്തിമിർപ്പോടെയുള്ള കല്യാണമൊന്നും അവനെ ബാധിച്ചതേയില്ല. അവനും എന്നെപ്പോലെ തന്നെ പന്തലിെൻറ ഭംഗിയും ജനങ്ങളുടെ വരവും ആസ്വദിച്ചു നിൽക്കുകയാണ്.

വൈകുന്നേരമായപ്പോൾ ഞങ്ങളുടെ സന്തോഷം വർദ്ധിച്ചു. അതിന് കാരണം, പഞ്ചസാരവെള്ളം കുടിക്കുമ്പോൾ ആളുകൾ ഉപേക്ഷിക്കുന്ന സ്ട്രോ പെറുക്കിയെടുക്കലായിരുന്നു. പുതുപ്പെണ്ണിന് കല്യാണത്തിന് മുമ്പുള്ള മിക്ക ദിവസങ്ങളിലും ബന്ധുവീടുകളിൽ സൽക്കാരമായിരുന്നു. അതിൽ ചിലയിടങ്ങളിലൊക്കെ കൂട്ടുകാരനും പോയിരുന്നു.

വൈകുന്നേരമായപ്പോൾ മൈക്ക് സെറ്റുമായി കണാരേട്ടനും അസിസ്റ്റൻറും വന്നു. അസിസ്റ്റൻറും അടുത്തുള്ള തെങ്ങിൽ ഉച്ചഭാഷിണി കെട്ടി. പിന്നീട് പന്തലിനുള്ളിൽ പാട്ട് റെക്കോർഡ് അറേഞ്ച് ചെയ്ത പാട്ടുപെട്ടിയിൽ പാട്ട് വെക്കാൻ തുടങ്ങി. വൈകുന്നേരമായപ്പോൾ ട്യൂബ് ലൈറ്റുകളും മിനിയേച്ചർ ബൾബുകളും കല്യാണവീടിനെ പ്രകാശപൂരിതമാക്കി. അന്തരീക്ഷം സംഗീതമയവും ജനനിബിഡവുമായി. ശബ്ദമുഖരിതമായ അന്തരീക്ഷത്തിലേക്ക് ആളുകൾ കൂടിക്കൂടി വന്നു. വന്നവർ വന്നവർ കല്യാണപ്പന്തലിൽ ഭക്ഷണം കഴിക്കാനായി തിക്കും തിരക്കും കൂട്ടി. ഒരുവിധം തിരക്കൊഴിഞ്ഞപ്പോൾ ഞാനും ഖലീലും ഭക്ഷണം കഴിച്ചു; നല്ല പോത്തിറച്ചിക്കറിയും ചൂടുള്ള നെയ്ച്ചോറും പിന്നെ തക്കാളി ചട്ണിയും.

രാത്രി പത്തരയായപ്പോൾ ജനക്കൂട്ടം പിരിഞ്ഞുപോയി. പിന്നെ ബാക്കിയുള്ളത് കുടുംബക്കാരും അയൽപക്കക്കാരുമാണ്. കല്യാണവീട്ടിലിരുന്ന് ഉറക്കം തൂങ്ങിയ എന്നെ വിളിച്ച് ഇക്കാക്ക വീട്ടിലേക്ക് കൊണ്ടുപോയി. ഉറങ്ങാൻ കിടന്നപ്പോൾ കണ്ണുനിറയെ കല്യാണവീടായിരുന്നു. അവിടുത്തെ ആർഭാടങ്ങളും പുതുപ്പെണ്ണിെൻറ ചമഞ്ഞൊരുങ്ങലും മനസ്സിൽ നിറഞ്ഞുനിന്നു. ജനറേറ്ററിെൻറ ശബ്ദം എെൻറ വീട്ടിലും കേൾക്കാമായിരുന്നു.

എെൻറ ഇത്തയുടെ അതേ പ്രായം തന്നെയാണ് ഖലീലിെൻറ ഇത്താത്തക്കും. ഞങ്ങൾ അയൽപക്കക്കാർ ഒരു കുടുംബം പോലെയാണ് കഴിഞ്ഞത്. അതുകൊണ്ടുതന്നെ നാളെ വിവാഹിതയായി മറ്റൊരു വീട്ടിലേക്ക് പോകുന്ന ഖലീലിെൻറ ഇത്താത്തയെ ഓർത്ത് എനിക്കും സങ്കടം വന്നു.

പിറ്റേന്ന് രാവിലെ ഉണർന്നു, വസ്ത്രം മാറി, നല്ല രീതിയിൽ പെർഫ്യൂം ഒക്കെ പൂശി ഞാനും കല്യാണവീട്ടിലേക്ക് പുറപ്പെട്ടു. ആളുകൾ വന്നുതുടങ്ങി. പഴയപോലെ തന്നെ പഞ്ചസാരവെള്ളം കൊടുത്തു തുടങ്ങി. ഖലീലിെൻറ നിർദ്ദേശപ്രകാരം ഇന്ന് ഞാനുമുണ്ട് പഞ്ചസാരവെള്ളം കൊടുക്കാൻ. കുറച്ചൊക്കെ കൊടുത്തു കഴിഞ്ഞപ്പോൾ എനിക്ക് മടുത്തു, ഞാൻ പിൻവാങ്ങി. അപ്പോഴേക്കും ആളുകൾ വന്നുകൊണ്ടേയിരുന്നു. പണം പയറ്റിനായി സജ്ജമാക്കിയ മേശയിൽ കണക്കെഴുതാൻ ഒരാൾ വന്നിരുന്നു.

പഴയ ഇരുമ്പ് കസേര മാറ്റി 'വി.ഐ.പി കസേര' എന്ന പേരിൽ മടഞ്ഞ ഇരുമ്പ് കസേരകൾ മാറിവന്ന കാലമായിരുന്നു അത്. നാട്ടിലെ പ്രമുഖന്മാർ പലരും കല്യാണവീട്ടിലെത്തി പന്തലിലെ ശ്രദ്ധാകേന്ദ്രമായ ഇടങ്ങളിൽ ഇരിപ്പുറപ്പിച്ചു. അവർ വലിയ ഉച്ചത്തിൽ സംസാരങ്ങളും തമാശകളും പറഞ്ഞു തുടങ്ങി. ഇത് കേൾക്കുന്ന ചിലർക്കൊക്കെ ഇവരുടെ സംസാരം അരോചകമായി തോന്നുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ചില സ്തുതിപാഠകർ വിഡ്ഢിച്ചിരിയോടെ അവർക്കൊപ്പം കൂടി. ആളുകൾ വന്നുകൊണ്ടേയിരുന്നു. ചിത്രശലഭങ്ങളെപ്പോലെ വസ്ത്രങ്ങൾ ധരിച്ച് വളരെ ചെറിയ കുട്ടികൾ പന്തലിൽ ഓടിനടന്നു.

പന്ത്രണ്ട് മണിയായപ്പോഴേക്കും ആദ്യപന്തി ഭക്ഷണം വിളമ്പിത്തുടങ്ങി.

കാക്കയുടെ കരച്ചിലും ആളുകളുടെ ശബ്ദവും ഇടകലർന്ന കല്യാണവീടിെൻറ അന്തരീക്ഷം രസകരമായി തോന്നി. ഇന്ന് ഞാൻ ഖലീലിനെ കാത്തുനിന്നില്ല; വേഗം പോയി മറ്റു കൂട്ടുകാരോടൊത്ത് ഭക്ഷണം കഴിച്ചു. സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു. പള്ളിയിൽ നിന്നും മുസ്ലിയാർ കുട്ടികളും ഉസ്താദുമാരും നിരനിരയായി കല്യാണവീട്ടിലേക്ക് വന്നു. വെള്ള വസ്ത്രമണിഞ്ഞുള്ള അവരുടെ വരവ് നയനമനോഹരമായ ഒരു കാഴ്ചയായി തോന്നി. ഓട്ടോറിക്ഷയിലും കാറിലും ബൈക്കിലുമായി ആളുകൾ വന്നുകൊണ്ടേയിരുന്നു.

വീട്ടിലേക്ക് ക്ഷണിച്ച ഒരുവിധം ആൾക്കാരൊക്കെ ഭക്ഷണം കഴിഞ്ഞു എന്നായപ്പോൾ, പുതിയാപ്ല വരേണ്ട സമയമായി എന്ന് ആരോ പറഞ്ഞു. പിന്നെ അതിനുള്ള ഒരുക്കങ്ങളായി. മുൻപ് പെണ്ണുകാണാൻ വന്നപ്പോൾ പുതിയാപ്ലയെ ഞാൻ കണ്ടിരുന്നില്ല, അന്ന് സ്കൂൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഫോട്ടോയിൽ മാത്രം കണ്ട അദ്ദേഹത്തെ നേരിൽ കാണാൻ വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു. രണ്ടു മണിയായതോടുകൂടി പുതിയാപ്ലയും കൂട്ടരും വന്നു. മുൻപ് ഏർപ്പാടാക്കിയ പ്രകാരം ഖലീൽ പുതിയാപ്ലക്ക് ബൊക്കെ കൊടുത്ത് സ്വീകരിച്ചു, കൂടെ ഞാനും ഉണ്ടായിരുന്നു.

ആറടി പൊക്കത്തിൽ സുന്ദരനായ പുതിയാപ്ലയെ ഞാനും കണ്ടു. സ്യൂട്ടും കോട്ടും ധരിച്ച് ടൈ കെട്ടിയ അവരെ ഞങ്ങൾ കുട്ടികളും നാട്ടുകാരും അതിശയത്തോടെ നോക്കി. അക്കാലത്ത് വളരെ അപൂർവ്വമായേ ഇത്തരം വേഷങ്ങളിൽ വരന്മാർ വരാറുള്ളൂ. അതുകൊണ്ടുതന്നെ നാടൻ സ്ത്രീകൾ ആ വേഷം കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. ബഹളത്തിെൻറ ഹൈപ്പിലെത്തിയ കല്യാണവീട്ടിൽ പുതിയാപ്ലക്കും കൂട്ടർക്കും പ്രത്യേക ഭക്ഷണം ഒരുങ്ങി. അവർക്കായി സോഡാക്കുപ്പിയിൽ നിറച്ച രസ്ന വെള്ളം സ്ട്രോ സഹിതം കൊടുത്തു തുടങ്ങി. പിന്നീട് പുതിയാപ്ലയെയും കൂട്ടരെയും പന്തലിലേക്ക് ആനയിച്ചു. അവർ മൃഷ്ടാന്നഭോജനം നടത്തി തിരികെ പന്തലിലേക്ക് വന്നു. നിക്കാഹ് തലേന്ന് കഴിഞ്ഞതുകൊണ്ട് മഹർ കെട്ടൽ മാത്രമായിരുന്നു ഇന്നത്തെ ചടങ്ങ്.

മഹർ കെട്ടൽ കഴിഞ്ഞു. അപ്പോഴേക്കും ചെക്കെൻറ വീട്ടിൽ നിന്നും പെണ്ണിനെ കൂട്ടാനായി ഒരുപറ്റം സ്ത്രീകൾ ജീപ്പിൽ വന്നു. ഇവിടെ നിന്നും കുറച്ചുപേർ പുതുപ്പെണ്ണിെൻറ കൂടെ അങ്ങോട്ട് പോകുന്നുണ്ട്, അതിനായി ഇവിടെയും വാഹനങ്ങൾ വന്നു. വരെൻറ വീട്ടിൽ നിന്നും വന്നവർ പുതുപ്പെണ്ണിനെ സുന്ദരിയായി ഒരുക്കി വീട്ടിലെ നടുത്തളത്തിലേക്ക് കൊണ്ടുവന്നു. പിന്നീട് വീട്ടിലുള്ളവരെല്ലാം അനുഗ്രഹം കൊടുക്കുന്ന ചടങ്ങായിരുന്നു. ഖലീലിെൻറ കണ്ണുനിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു. എെൻറ ഉള്ളിലും സങ്കടത്തിരമാലയുണ്ടായി.

ഖലീലിെൻറ ഉപ്പയും ഉമ്മയും അതുപോലെതന്നെ അമ്മാവനും അനുഗ്രഹിക്കാനായി മുന്നോട്ടുവന്നു. അപ്പോഴേക്കും അവെൻറ ഇത്താത്ത പൊട്ടിക്കരയുന്നുണ്ടായിരുന്നു. സങ്കടം സഹിക്കവയ്യാതെ ഖലീലും കരഞ്ഞു, കൂടെ ഞാനും!

സർവ്വാഭരണവിഭൂഷിതയായി ഇത്താത്ത വീട്ടിൽ നിന്നും ഇറങ്ങി. അതുവരെ ആഘോഷത്തിമിർപ്പിലായിരുന്ന വീട് വല്ലാതെ സങ്കടത്തിലായി. അത്രക്ക് വികാരനിർഭരമായിരുന്നു ആ രംഗം. ഞാനും കൂട്ടുകാരനും അവെൻറ ഇത്താത്തയെ യാത്രയാക്കാൻ വണ്ടികൾ കൂട്ടംകൂട്ടമായി നിർത്തിയിട്ട റോഡിലേക്ക് പോയി. കൈവീശി അവൻ യാത്ര പറഞ്ഞു. കാറിൽ മുഖംപൊത്തി കരഞ്ഞിരുന്ന ഇത്താത്ത അത് കണ്ടിരുന്നില്ല. ഒരു വയറ്റിൽ ജനിച്ചില്ലെങ്കിലും കർമ്മം കൊണ്ട് എെൻറ ഇത്താത്ത തന്നെയായ അവർക്ക് മനസ്സിൽ ഞാൻ മംഗളങ്ങൾ നേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamstorymalayalam literatureSaudi ArabiaExpatriate writer
News Summary - goodbye
Next Story