ദുബൈയിലെ പിങ്ക് വിപ്ലവം
text_fieldsദുബൈയിലെ പല രൂപങ്ങളും ഞാൻ കണ്ടിട്ടുണ്ട്. കണ്ണുതുറക്കാതെ കുതിക്കുന്ന റോഡുകൾ, ഗ്ലാസ്സിൽ സൂര്യനെ കുതിച്ചുയരുന്ന ആകാശഹരങ്ങൾ, ആഡംബരത്തിന്റെ പ്രകാശം. എന്നാൽ ഒരു ശനിയാഴ്ചയുടെ മന്ദപ്രഭയിൽ, ഞാൻ കണ്ട ദുബൈ അതല്ലായിരുന്നു. കണ്ണിനു കുളിർമയേകുന്ന ഒരുതരം പിങ്ക് നിറത്തിൽ ശ്വസിക്കുന്ന ഒരു നിശ്ശബ്ദതയായിരുന്നു. ദുബൈയുടെ തിരക്കേറിയ നഗരഹൃദയത്തിൽനിന്ന് ഏകദേശം 15 കിലോമീറ്റർ മാത്രം അകലെയായി, മറ്റൊരു ലോകത്തിന്റെ നിശ്ശബ്ദത പകരുന്ന ഒരു സ്വർഗ്ഗഭൂമിയാണ് ഫ്ലമിംഗോ പക്ഷികളുടെ അഭയകേന്ദ്രം. ഗ്ലാസ് ഗോപുരങ്ങൾക്കപ്പുറം, നിശ്ശബ്ദതയുടെ തടാകമായി വിരിഞ്ഞിരിക്കുന്നത് ദുബൈയുടെ റാൽഖോർ എന്ന സ്ഥലത്താണ്.
ആ യാത്ര ഞങ്ങൾക്കൊരു അത്ഭുതാനുഭവമായിരുന്നു. നഗരത്തിന്റെ ശബ്ദത്തിൽ നിന്ന് പ്രകൃതിയുടെ പിങ്ക് നിശ്ശബ്ദതയിലേക്കുള്ള ഒരു മനോഹര സഞ്ചാരം. ഒരു വൈകുന്നേരം കുടുംബസമേതം ഇരുന്ന് ഞങ്ങൾ ഈ യാത്ര പ്ലാൻ ചെയ്തു; ഞാൻ, ഭർത്താവും കുട്ടികളും ചേർന്ന് പുലർച്ചെ തന്നെ പുറപ്പെടാമെന്ന് തീരുമാനിച്ചു. കുട്ടികളുടെ ആവേശം, ‘ഫ്ലാമിംഗോകളെ അടുത്ത് കാണണം’ എന്ന ആഗ്രഹം, ഞങ്ങളുടെ ചെറിയ കുടുംബസമ്മേളനത്തെ തന്നെ ഒരു ഉത്സവമാക്കി. സൂര്യോദയത്തിന്റെ മൃദുവായ വെളിച്ചത്തിൽ തടാകത്തിനരികിൽ എത്തിച്ചേരുമ്പോൾ, വെള്ളത്തിന്മേൽ പിങ്ക് നിറത്തിൽ വിരിഞ്ഞുനിന്ന ഫ്ലാമിംഗോകൾ ഞങ്ങളെ വരവേറ്റു. ആ നിമിഷം ഒരു യാത്ര മാത്രമായിരുന്നില്ല; അത് ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയത്തിൽ പതിഞ്ഞ ഒരു സ്മരണയായി മാറി നഗരത്തിനടുത്ത് തന്നെയുണ്ടായിരുന്നെങ്കിലും, മനസ്സിൽ ഏറെ ദൂരെയെത്തിച്ചൊരു അത്ഭുതയാത്ര. ‘സൈറ്റ് വിസിറ്റ്’ എന്ന വാക്ക് എനിക്ക് എപ്പോഴും കോൺക്രീറ്റിന്റെയും കരാറുകളുടെയും ഗന്ധം തന്നെയാണ് ഓർമിപ്പിക്കുന്നത്. പക്ഷേ ആ ദിവസത്തെ സൈറ്റ് വിസിറ്റ്, കണക്കുകളില്ലാത്ത ഒരു കണക്ക്; ചതുരശ്ര അടികളില്ലാത്ത ഒരു വിസ്തൃതി; നിശ്ശബ്ദതയുടെ അളവെടുപ്പ്.
നഗരത്തിന്റെ തിരക്കിൽ നിന്ന് വെറും കുറച്ച് കിലോമീറ്റർ മാത്രം അകലെയാണെങ്കിലും, ആ അഭയാരണ്യത്തിലേക്ക് കാൽവെച്ചപ്പോൾ സമയം പതുക്കെയായി. കാറ്റ് തന്നെ ഒരു ഗാനം പോലെ മാറി. മുന്നിൽ വെള്ളം, അതിന്മേൽ സൂര്യപ്രകാശം, അതിന്റെ മുകളിൽ പിങ്ക് നിറത്തിൽ തെളിഞ്ഞുനിൽക്കുന്ന ഫ്ലാമിംഗോ പക്ഷികൾ. പ്രകൃതിയുടെ സ്വയം വരച്ച ഒരു ചിത്രപടം. അവരെ ആദ്യമായി അടുത്തുനോക്കുമ്പോൾ, അവർ പക്ഷികൾ അല്ലെന്ന് തോന്നി. അവർ നിശ്ശബ്ദ കവിതകളാണ്. നീണ്ട കാലുകൾ വെള്ളത്തിൽ നിശ്ചലമായി; ചിലത് ഒരു കാലിൽ നിൽക്കുന്നു. ലോകത്തിന്റെ മുഴുവൻ ഭാരവും താങ്ങാൻ ഒരേയൊരു കാലു മതി എന്ന ആത്മവിശ്വാസം പോലെ. ചിലത് തല താഴ്ത്തി വെള്ളത്തിനുള്ളിൽ എന്തൊക്കെയോ തിരയുന്നു. ആഹാരമല്ല, ജീവിതത്തിന്റെ ലയമെന്ന് തോന്നിയ നിമിഷങ്ങൾ. നിരീക്ഷണ ഹട്ടിന്റെ ജാലകത്തിലൂടെ ഞാൻ അവരെ നോക്കി നിന്നു. എന്റെ ശ്വാസം പോലും അവരെ അലട്ടാതിരിക്കട്ടെ എന്ന് തോന്നി. അവിടെയുള്ളവർ ആരും വലിയ ശബ്ദത്തിൽ സംസാരിച്ചില്ല. ക്യാമറകളുടെ ക്ലിക്ക് ശബ്ദം പോലും ഒരു പ്രാർത്ഥനയായി മാറിയിരുന്നു. ആ നിമിഷങ്ങളിൽ എനിക്ക് മനസ്സിലായി. നഗരവും പ്രകൃതിയും ശത്രുക്കളല്ല. ഒരുമിച്ച് നിലനിൽക്കാൻ കഴിയുന്ന രണ്ട് ലോകങ്ങളാണവ. ഒരു വശത്ത് ആകാശഹരങ്ങൾ, മറുവശത്ത് വെള്ളത്തിന്മേൽ ചായംപൂശിയ പിങ്ക് പ്രതിബിംബങ്ങൾ. വികസനം ഉയരുമ്പോഴും, പ്രകൃതി അടിയുറച്ച് നിൽക്കുന്നു. ഫ്ലാമിംഗോകൾ ഇവിടെ സ്ഥിരതാമസക്കാർ അല്ല. അവർ യാത്രക്കാരാണ്. ദൂരദേശങ്ങളിൽ നിന്ന് പറന്ന് എത്തുന്നവർ. ഈ തടാകങ്ങൾ അവരുടെ ഇടവേള. വിശ്രമത്തിന്റെ അധ്യായം. പിന്നെ വീണ്ടും പറക്കാൻ കരുത്ത് ശേഖരിക്കുന്ന ഒരു നിശ്ശബ്ദ പരിശീലനം. അവരുടെ യാത്രയിൽ ഈ സ്ഥലം ഒരു ചെറു പേജായിരിക്കാം. എന്നാൽ എന്റെ ജീവിതത്തിൽ അതൊരു മുഴുവൻ അധ്യായമായി മാറി. അന്ന് ഞാൻ തിരിച്ചറിഞ്ഞത് നമുക്ക് കാണാൻ കഴിയാത്ത നിശ്ശബ്ദതകളാണ് ഏറ്റവും വലിയ അനുഭവങ്ങൾ. നാം അന്വേഷിക്കുന്നത് പലപ്പോഴും ഉയരങ്ങളാണ്; എന്നാൽ ആത്മാവിനെ സ്പർശിക്കുന്നത് ഈ നിശ്ചലതയാണ്.
മടങ്ങുമ്പോൾ, പിന്നോട്ടു നോക്കി. വെള്ളത്തിന്മേൽ പിങ്ക് നിറം ഇനിയും പടർന്നുനിന്നു. സൂര്യൻ അല്പം ഉയർന്നിരുന്നു. നഗരം വീണ്ടും എന്നെ വിളിച്ചു തുടങ്ങി. പക്ഷേ എന്റെ ഉള്ളിൽ ഒരു ഭാഗം അവിടെ തന്നെ നിന്നു. ഒരു കാലിൽ നിൽക്കുന്ന ഫ്ലാമിംഗോ പോലെ, നിശ്ശബ്ദമായി, സമാധാനത്തോടെ. ആ ദിവസത്തെ സൈറ്റ് വിസിറ്റ് ഒരു ബിസിനസ് യാത്രയല്ലായിരുന്നു. അതെന്റെ മനസ്സിന്റെ പുനർനിർമാണം. ദുബൈടെ തിരക്കിനിടയിൽ, പിങ്ക് നിറത്തിൽ എഴുതപ്പെട്ട ഒരു ശാന്തഗാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

