ഒറ്റയ്ക്കിരിക്കുന്നവൻ
text_fieldsടോണി എം. ആൻറണി
ഒറ്റയായവനെയും ഒറ്റക്കിരിക്കുന്നവനെയും
കരുതിയിരിക്കണം.
ഒരുവേള അയാളുടെ ഭാഷ,
നിനക്കപരിചിതമായ കാരുണ്യത്തിെൻറ,
സ്നേഹത്തിെൻറ ഭാഷയാകാം...
ഒരു നിമിഷാർധം കൊണ്ട് ചിലപ്പോൾ അയാൾ,
നിങ്ങൾ അറിയാത്ത നിങ്ങളെ,
കാൻവാസിലാക്കിയേക്കാം.
അയാൾ പറയാതെ പറയുന്നത്,
കുടത്തിലൊളിപ്പിച്ച വെളിച്ചത്തെക്കുറിച്ചാകും,
കൂടെക്കൂടിയ കറുത്തനിഴലിനെ
ആട്ടിയോടിക്കുന്നതിനെക്കുറിച്ചാവും.
വെള്ളത്തെക്കുറിച്ച് സ്വപ്നം മാത്രം
കാണുന്ന മരുഭൂമിയിലിരുന്ന് അയാൾ മഴയെയും
തുലാവർഷത്തെയും കുറിച്ച് പറയും.
വറുതിയിൽ ഇരുന്ന് അയാൾ
മാമ്പഴക്കാലത്തെയും
കുത്തരിയും പ്രഥമനും നിറഞ്ഞ
സദ്യയെക്കുറിച്ചും പാടും.
ഈ ലോകം കാണാൻ അയാൾ
നിങ്ങൾക്കായി അയാളുടെ കണ്ണട ഊരിത്തരും
കാണാക്കാഴ്ചകളുടെ മായക്കാഴ്ചകൾ
നിങ്ങൾക്കായി തുറന്നുതരും.
വേനലറുതിയിൽ വിണ്ടടർന്ന
കണ്ടങ്ങളിൽ അയാൾ കവിതകൊണ്ടൊരു
ഇടവപ്പാതി പെയ്യിക്കും.
ഒടുവിലൊരു മൃദുസ്മേരവുമായി
അയാൾ പതിയെ യാത്രപറയാനൊരുങ്ങും.
ചുമലിലെ ഭാണ്ഡം വീണ്ടും കെട്ടിയൊരുക്കി
നീണ്ട യാത്രയ്ക്കൊരുങ്ങും.
ഒറ്റയ്ക്കിരിക്കുന്നവനെ നഷ്ടപ്പെടാതിരിക്കാൻ
സ്നേഹംകൊണ്ടൊരു തടവറയൊരുക്കണം.
ഒരിക്കലും കടന്നുകളയാതിരിക്കാൻ
കവിത കൊണ്ടൊരു കയ്യാമം ഉണ്ടാക്കി
ഹൃദയക്കൊളുത്തിലങ്ങനെ ചേർത്തിട്ടേക്കണം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

