Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ കണ്ണുനീർ എന്തിന്റേതായിരുന്നു

text_fields
bookmark_border
ആ കണ്ണുനീർ എന്തിന്റേതായിരുന്നു
cancel

എടോ, എല്ലാ വലുതിനെയും താങ്ങിനിർത്തുന്നത് ചെറിയ കഷണങ്ങളാണ്. ചെറുതിന്റെ ബലത്തിലാണ് വലുത് പിടിച്ചുനിൽക്കുന്നത്. മനുഷ്യരാണെങ്കിലും ഇതുതന്നെയല്ലേ അവസ്ഥ?’

ഈ പ്രാവശ്യം ലീവിന് നാട്ടിൽ പോകുമ്പോൾ എന്തുതന്നെയായാലും വിജയൻ മാഷിനെ കാണണമെന്ന് അബ്ബാസ് ആഗ്രഹിച്ചിരുന്നു. എല്ലാ പ്രാവശ്യം പോകുമ്പോഴും ചെയ്തുതീർക്കേണ്ട ലിസ്റ്റിൽ മാഷിനെ കാണുക എന്നത് ഇടംപിടിക്കാറുണ്ടെങ്കിലും തിരക്കിനിടയിൽ അത് നടക്കാറില്ല. തിരിച്ച് പോകാൻ ബോർഡിങ് പാസ് എടുത്ത് എയർപോർട്ടിലെ കസേരയിൽ വെറുതെ ഇരിക്കുമ്പോൾ മാഷിന്റെ ഓർമകൾ ഒരു ദുഃഖമായി മനസ്സിൽ ബാക്കിയാവും.

പ്ലസ്ടുവിന് പാരലൽ കോളജിൽ നിന്നാണ് മാഷ് അവനെ പഠിപ്പിച്ചത്. വീട്ടിലെ സാമ്പത്തിക പ്രയാസം കാരണം രാവിലെ പത്രവിതരണവും കഴിഞ്ഞ് ക്ലാസിൽ എത്തുമ്പോഴേക്കും ഒരു പീരിയഡ് കഴിഞ്ഞിട്ടുണ്ടാവും. നേരം താമസിച്ചതിന്റെ പേരിൽ എന്നും പുറത്തായിരുന്നു സ്ഥാനം. കോളജിൽനിന്ന് ഇറങ്ങി അടുത്തുതന്നെയുള്ള പഴയ നിസ്കാരപ്പള്ളിയിൽ കയറിയിരുന്ന് സമയം കഴിച്ചുകൂട്ടും. ‘നീ എന്താ വൈകി വരുന്നത്?’ എന്ന് ആരും അവനോട് അന്നുവരെ ചോദിച്ചിട്ടില്ല.

പതിവുപോലെ നേരം താമസിച്ചുവന്ന ഒരു ദിവസം അന്ന് ക്ലാസിൽ വിജയൻ മാഷ് ക്ലാസെടുക്കുകയായിരുന്നു. അവൻ ഡോറിന് അടുത്തായി വന്നുനിന്നു. അവനെ കണ്ടതും മാഷ് ഒന്ന് തുറിച്ചുനോക്കി. പിന്നീട് അടുത്തേക്ക് വന്നു. വരാന്തയിലേക്ക് മാറിനിൽക്കാൻ ആവശ്യപ്പെട്ടു.

‘എടോ, നീ എന്താ എല്ലാ ദിവസവും ഇങ്ങനെ താമസിച്ച് വരുന്നത്?’ ശബ്ദം താഴ്ത്തി സൗമ്യമായി അവനോട് ചോദിച്ചു. അവൻ തലതാഴ്ത്തി ഒന്നും മറുപടി പറയാതെ നിന്നു.

‘അബ്ബാസ്... നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?’

ഒന്നുകൂടി അടുത്തുവന്ന് സ്നേഹത്തോടെ ചേർത്തുപിടിച്ചുകൊണ്ട് വീണ്ടും ചോദിച്ചപ്പോൾ അവൻ സാവധാനം പറഞ്ഞു.

‘സർ, ഞാൻ രാവിലെ പത്രവിതരണത്തിന് പോകും. അതുകഴിഞ്ഞ് വരുന്നതുകൊണ്ടാണ്.’

അത് കേട്ടപ്പോൾ മാഷ് കുറച്ചുസമയം ഒന്നും സംസാരിക്കാതെ നിന്നു. പിന്നെ അവന്റെ തോളിൽ കൈവെച്ച് എന്തോ ആലോചിച്ചതിനുശേഷം ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടു. അന്നുമുതൽ മാഷിന് അവനോട് പ്രത്യേക പരിഗണനയായിരുന്നു. ഫീസ് അടക്കാത്തവരുടെ ലിസ്റ്റ് വായിക്കുമ്പോൾ അവന്റെ പേര് മനഃപൂർവം വായിക്കാതിരിക്കും. ശേഷം ക്ലാസ് കഴിഞ്ഞ് പോകുമ്പോൾ സ്വകാര്യമായി ചോദിക്കും.

‘അബ്ബാസ്, ഫീസ് ഞാൻ അടക്കണോ? കൈയിൽ പൈസയില്ലെങ്കിൽ പറയണം കേട്ടോ.’

കൃത്യമായ മേൽവിലാസമോ ഫോൺ നമ്പറോ അറിയാത്തതുകൊണ്ട് ഒരുപാട് അന്വേഷണത്തിന് ഒടുവിലാണ് മാഷിന്റെ വീട് കണ്ടെത്താൻ കഴിഞ്ഞത്. കുന്നിൻചരിവിലെ വലിയ കയറ്റത്തിന്റെ ഒടുവിലുള്ള മാഷിന്റെ വീട്ടിൽ എത്തുമ്പോൾ സമയം അഞ്ചുമണിയായിരുന്നു. വീട് കഴിഞ്ഞാൽ പിന്നീട് വലിയ പാറകൾ നിറഞ്ഞ കാടുമൂടിയ പ്രദേശങ്ങളാണ്. വീടിന്റെ പിന്നാമ്പുറത്തുതന്നെ ഉയരത്തിലായി ഏതുനിമിഷവും വീഴാറായ മട്ടിൽ വലിയ പാറകളെ കുറെ ചെറിയ പാറക്കഷണങ്ങൾ താങ്ങിനിർത്തുന്നതുപോലെ തോന്നിച്ചു. മുറ്റത്തുനിന്ന് താഴേക്ക് നോക്കിയാൽ പാറക്കെട്ടുകൾക്കിടയിലൂടെ ശബ്ദമുണ്ടാക്കി ഒഴുകുന്ന ചെറിയ അരുവി കാണാം.

അതിനിടയിലാണ്, വീടിന്റെ മുറ്റത്തായി ഒരു ചെറുപ്പക്കാരന്റെ ഫോട്ടോ പതിച്ച കുഴിമാടം ശ്രദ്ധയിൽപെട്ടത്. മാഷ് വരാന്തയിൽനിന്ന് ലോട്ടറി ടിക്കറ്റുകൾ ബാഗിൽ നിറക്കുകയായിരുന്നു. ബൈക്കിന്റെ ശബ്ദം കേട്ടതുകൊണ്ടാകാം ആശ്ചര്യത്തോടെ അയാൾ ഒന്ന് സൂക്ഷിച്ചുനോക്കി. പരിചയമുള്ള ഭാവത്തിൽ പുഞ്ചിരിച്ചു.

‘ഇതാര്?’ ഒന്നുകൂടി നോക്കിക്കൊണ്ട് അയാൾ ചോദിച്ചു.

‘മാഷിന് ശരിക്കും എന്നെ മനസ്സിലായോ?’

‘എടാ അബ്ബാസേ, നിന്നെയൊക്കെ മറക്കാൻ കഴിയുമോ? പണ്ടത്തെ പോലെ പത്രവിതരണമൊക്കെ ഇപ്പോഴും ഉണ്ടോ?’

കൈപിടിച്ച് വരാന്തയിൽ ഇരുത്തുന്നതിനിടയിൽ മാഷ് ചോദിച്ചപ്പോൾ അവൻ അത്ഭുതപ്പെട്ടു. മാഷ് ഒന്നും മറന്നിട്ടില്ല. മാഷിന്റെ തലയിലെയും താടിയിലെയും രോമങ്ങൾ പൂർണമായും നരച്ചിരുന്നു.

‘ഇല്ല സർ... ഇപ്പോൾ ഗൾഫിലാണ്.’

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘സാറിപ്പോൾ എന്താ പരിപാടി?’

‘പ്രത്യേകിച്ച് ഒന്നുമില്ല. വല്ലപ്പോഴും ട്യൂഷൻ സെന്ററിൽ നിന്ന് വിളിച്ചാൽ പോകും. വയസ്സായതുകൊണ്ട് ന്യൂജൻ കുട്ടികൾക്കൊന്നും നമ്മുടെ ക്ലാസ് അത്ര പിടിക്കില്ല. ബാക്കിസമയം അങ്ങാടിയിൽപോയി ലോട്ടറി വിൽക്കും.’

മാഷ് ഭാര്യയുടെ പേര് നീട്ടിവിളിച്ചപ്പോൾ അവർ വരാന്തയിലേക്ക് വന്നു.

‘ഇത് എന്റെ പഴയ ഒരു വിദ്യാർഥിയാണ്. പേര് അബ്ബാസ്.’

കുറച്ച് അഭിമാനത്തോടെ അയാൾ പറഞ്ഞു. അവർ ഒന്ന് ചിരിക്കുക മാത്രം ചെയ്ത് അകത്തേക്ക് പോയി.ചുമരിലെ ഇളകിയ ചായവും വരാന്തയിലെ വർഷങ്ങളായി മാറ്റാത്ത പഴയ ഫർണിച്ചറുകളും ആ വീടിന്റെ കഥ പറയുന്നുണ്ടായിരുന്നു. ഭാര്യക്ക് പിന്നാലെ മാഷും അകത്തേക്ക് പോയി. അകത്തുനിന്ന് അവർ എന്തൊക്കെയോ അടക്കം പറയുന്നത് കേട്ടു. കുറച്ച് കഴിഞ്ഞ് മാഷ് പുറത്തേക്ക് വന്നു.

‘മകന്റെ ശവകുടീരമാ.’

അവൻ അതിലേക്ക് ശ്രദ്ധിക്കുന്നതുകണ്ട് മാഷ് അലക്ഷ്യമായി പറഞ്ഞു. പിന്നെ കുറേനേരം മാഷ് ഒന്നും സംസാരിച്ചില്ല. ശൂന്യതയിലേക്ക് നോക്കിനിന്നുകൊണ്ട് എന്തോ ആലോചിച്ചു.

‘ആകെയുള്ള ഒരു പ്രതീക്ഷയായിരുന്നു... അവൻ...’

വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ അദ്ദേഹം പ്രയാസപ്പെട്ടു.

‘തോൽവിയെ ധൈര്യമായി നേരിടാതെ അവൻ തോറ്റുകൊടുത്തു. അവൻ ഒരു നിമിഷം നമ്മളെ ഓർത്തിരുന്നെങ്കിൽ..! എത്ര പ്രതീക്ഷയോടെയാണ് ഓരോ രക്ഷിതാക്കളും മക്കളെ വളർത്തുന്നത്. അതൊന്നും അവർ ഓർക്കുന്നില്ല.’

ഒന്നും പറയാനാകാതെ അബ്ബാസ് പാറയിലേക്ക് നോക്കിനിന്നു. അല്ലെങ്കിലും പ്രതീക്ഷകൾ നഷ്ടപ്പെട്ടവരെ എന്തുപറഞ്ഞ് സമാധാനിപ്പിക്കും? കുറച്ചുനേരം വല്ലാത്തൊരു നിശ്ശബ്ദത തളംകെട്ടിനിന്നു. ഭാര്യ രണ്ട് കട്ടൻചായയുമായി പുറത്തേക്ക് വന്നു.

‘തൽക്കാലം ചായ കുടിക്ക്. നമുക്ക് ഭക്ഷണമൊക്കെ കഴിഞ്ഞ് പോകാം.’

അതിന് അവൻ ഒന്നും മറുപടി പറഞ്ഞില്ല. ഇല്ലായ്മകളുടെ കാഴ്ചകൾ മറച്ചുപിടിക്കാൻ മാഷ് ഒരുപാട് കഷ്ടപ്പെടുന്നതുപോലെ അവന് തോന്നി. അവന്റെ കൈപിടിച്ച് മാഷ് മുറ്റത്തേക്കിറങ്ങി. ശവകുടീരത്തിന്റെ അടുത്ത് പോയി. ഒന്നും സംസാരിക്കാതെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

‘സർ, ഇത്ര വലിയ പാറകളെ നിസ്സാരമായ ചെറിയ കല്ലുകളാണല്ലോ താങ്ങിനിർത്തുന്നത്. അതിങ്ങനെ താഴേക്ക് പോരുമോ?’

അവൻ മാഷിന്റെ മനസ്സ് മാറ്റാൻ വേണ്ടി ചോദിച്ചു.

‘എടോ, എല്ലാ വലുതിനെയും താങ്ങിനിർത്തുന്നത് ചെറിയ കഷണങ്ങളാണ്. ചെറുതിന്റെ ബലത്തിലാണ് വലുത് പിടിച്ചുനിൽക്കുന്നത്. മനുഷ്യരാണെങ്കിലും ഇതുതന്നെയല്ലേ അവസ്ഥ?’

മാഷ് പറഞ്ഞത് ശരിയാണെന്ന് അവന് തോന്നി.

‘സർ, ഞാൻ പോവുകയാണ്. രാത്രിയായാൽ ബുദ്ധിമുട്ടാകും.’

അവൻ വാച്ചിൽ നോക്കിക്കൊണ്ട് പറഞ്ഞു.

‘എടാ, ഭക്ഷണമൊക്കെ കഴിച്ച് പോകാം. ഞാൻ അങ്ങാടി വരെ പോയി വേഗം വരും.’

‘വേണ്ട സർ. എനിക്ക് വേഗം പോവണം. ഞാൻ മറ്റൊരു ദിവസം വരും.’

പിന്നെ മാഷ് ഒന്നും പറഞ്ഞില്ല. അവൻ കീശയിൽ നിന്ന് കുറച്ച് പൈസയെടുത്ത് മാഷിന്റെ പോക്കറ്റിൽ ഇട്ടുകൊടുത്തു.

‘ഹേയ്, ഇതൊന്നും വേണ്ട.’

എന്നുപറഞ്ഞ് തടയാൻ ശ്രമിച്ചെങ്കിലും അവൻ അത് കീശയിൽതന്നെ വെച്ചുകൊടുത്തു. ശേഷം പതുക്കെ ചെവിയിൽ പറഞ്ഞു.

‘അബ്ബാസ്, ഫീസ് ഞാൻ അടക്കണോ? പൈസയില്ലെങ്കിൽ പറയണം കേട്ടോ.’

അത് കേട്ടപ്പോൾ മാഷ് ചിരിച്ചുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു. അപ്പോഴും മാഷിന്റെ കണ്ണിൽനിന്ന് കണ്ണുനീർ വരുന്നുണ്ടായിരുന്നു. അത് സന്തോഷത്തിന്റേതാണോ അതോ ദുഃഖത്തിന്റേതാണോ എന്ന് തിരിച്ചറിയാൻ അവൻ പ്രയാസപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - What Do Those Tears Mean? A Touching Tale of Loss and Longing
Next Story