'വഴി വെട്ടിയ പോരാട്ടം'
text_fieldsഷാജി ജെ. കോടങ്കണ്ടത്ത്, ഫോട്ടോ: ടി.എച്ച്. ജദീർ
‘നമ്മുടെ ഭരണഘടന ഓരോ പൗരനും വിലപ്പെട്ട സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഒരു ജനാധിപത്യ ഉപകരണമാണ്.’ 1956 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക് ആയപ്പോൾ അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ പ്രസംഗത്തിലെ പ്രധാന വാചകങ്ങളിലൊന്നാണിത്.
രാജ്യം 77ാമത്തെ റിപ്പബ്ലിക് ദിനം നാളെ ആഘോഷിക്കുമ്പോൾ സഞ്ചാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ തൃശൂർക്കാരനായ അഭിഭാഷകൻ ഷാജി ജെ. കോടങ്കണ്ടത്തിന്‍റെ പോരാട്ടവഴികളിലൂടെ ഒരു സഞ്ചാരം
2025 ആഗസ്റ്റ് ആറ്. ഉച്ചക്ക് 12 മണി. തൃശൂർ ജില്ലയിലെ പാലിയേക്കര ടോൾ പ്ലാസ. ആറടിയോളം ഉയരമുള്ള കഷണ്ടി കയറിത്തുടങ്ങിയ മനുഷ്യൻ ടോൾ പ്ലാസയുടെ ഉള്ളിലേക്ക് കയറുന്നു. അവിടെയിരുന്ന ജീവനക്കാരനോട് സംസാരിക്കുന്നു. ടോൾ പിരിവിനുള്ള സ്കാനർ നീക്കാത്തതിനെ കുറിച്ചാണ് ചോദ്യം. ബാരിക്കേഡ് മാറ്റിയെന്ന് ജീവനക്കാരന്‍റെ മറുപടി. സ്കാനർ എന്തുകൊണ്ട് മാറ്റുന്നില്ലെന്ന് ചോദ്യം. അത് മാറ്റുമെന്ന ഒഴുക്കൻ മറുപടി.
അത് മാറ്റാതെ പറ്റില്ലെന്നും കോടതി വിധിയെ ബഹുമാനിക്കുന്നതുകൊണ്ടാണ് ജനം ടോൾപ്ലാസയിലേക്ക് ഇടിച്ചുകയറാത്തതെന്നുമുള്ള അൽപം ശബ്ദം ഉയർത്തിയുള്ള മറുപടി. ഇതോടെ, ജീവനക്കാരൻ അയഞ്ഞു. സ്കാനറുകൾ നീക്കിത്തുടങ്ങിയെന്നും നാലെണ്ണംകൂടി നീക്കാനുള്ളൂവെന്നും ഏതാനും മിനിറ്റുകൾക്കുള്ളിൽ ഒഴിവാക്കുമെന്നും മറുപടി. ഇതോടെ, ആ വലിയ മനുഷ്യൻ പുറത്തിറങ്ങി. അപ്പോൾ ലഡു വിതരണം ചെയ്തും ഹോൺ മുഴക്കിയും ജനങ്ങൾ ആനന്ദിക്കുകയായിരുന്നു.
ആഗസ്റ്റ് ആറിന് രാവിലെതന്നെ ഹൈകോടതി ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ഹരിശങ്കർ വി. മേനോനും പാലിയേക്കര ടോൾ നാലാഴ്ചത്തേക്ക് നിർത്തിവെച്ച് ഉത്തരവിട്ട് രണ്ട് മണിക്കൂറിനകമാണ് പ്രധാന ഹരജിക്കാരനായ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ടോൾ പ്ലാസയിലേക്ക് കയറുന്നത്. ഹരജി നൽകി വിധി വരുത്തുക മാത്രമല്ല, നടപ്പാക്കുകകൂടി ഉത്തരവാദിത്തമാണെന്ന ചിന്തയാണ് സ്കാനറുകൾ നീക്കാനുള്ള ഇടപെടലിന് കാരണമെന്ന് ഷാജി ജെ. കോടങ്കണ്ടത്ത് പറയുന്നു. മറ്റൊരു കാരണംകൂടി ഇതിന് പിന്നിലുണ്ട്. 2025 ഏപ്രിൽ 28ന് തൃശൂർ ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ പാലിയേക്കര ടോൾ നിർത്തിവെച്ച് ഉത്തരവിട്ടിരുന്നു. ഒരു ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന ഈ ഉത്തരവിൽ ബാരിക്കേഡുകൾ ഉയർത്തിവെച്ചെങ്കിലും സ്കാനറുകൾ ഉപയോഗിച്ച് പണം പിരിച്ചിരുന്നു. ഈ സാഹചര്യംകൂടി ഒഴിവാക്കാനാണ് സ്കാനറുകൾ അഴിപ്പിക്കാൻ ഷാജി കോടങ്കണ്ടത്ത് രംഗത്തെത്തിയത്.
കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പാലിയേക്കരയിൽ ടോൾ സ്കാനറുകൾ അഴിക്കാൻ ആവശ്യപ്പെടുന്ന ഷാജി
ഹരജികൾ, പരാതികൾ, നിവേദനങ്ങൾ
തൃശൂർക്കാർക്ക് നവാബ് രാേജന്ദ്രൻ ഒരു വികാരമാണ്. നവാബിന്റെ പോരാട്ടങ്ങൾ ഇന്നും തൃശൂർക്കാരുടെ ഓർമയിലുണ്ട്. ഇനിയൊരു നവാബ് ഉണ്ടാകില്ലെന്ന് എല്ലാവർക്കും ഉറപ്പാണ്. നവാബിന്റെ പോരാട്ടങ്ങളിൽനിന്ന് ഉൗർജംകൊണ്ട വ്യക്തികളിൽ ഒരാളാണ് മുതിർന്നവർ കോടങ്കണ്ടൻ എന്നും മറ്റുള്ളവർ ഷാജി വക്കീൽ എന്നും വിളിക്കുന്ന ഷാജി ജെ. കോടങ്കണ്ടത്ത്. തൃശൂരിലെ കോടതികൾ മുതൽ സുപ്രീംകോടതി വരെ പോയി വിവിധ പൊതു ആവശ്യങ്ങൾക്കായി പോരാട്ടം നടത്തിയ ഷാജി കോടങ്കണ്ടത്ത് ഇതുവരെ നൽകിയത് 50ലധികം ഹരജികളാണ്.
തൃശൂർ ജില്ലയിലെ പഞ്ചായത്ത് റോഡിന്റെ വികസനം മുതൽ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് വരെ ഇതിലുണ്ട്. കോടതികളെ സമീപിക്കും മുമ്പ് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിവേദനവും പരാതിയും നൽകിയിരിക്കും. ഇത് നടക്കാെത വരുമ്പോഴാണ് നിയമ പോരാട്ടത്തിന് തുടക്കംകുറിക്കുക. കോൺഗ്രസ് നേതാവായിരിക്കുമ്പോൾ തന്നെ യു.ഡി.എഫ് സർക്കാറിനെതിരെ രണ്ട് പ്രാവശ്യത്തിലധികം കോടതിയലക്ഷ്യ ഹരജികളും നൽകിയിട്ടുണ്ട്. ഒരു തവണ പഞ്ചായത്തംഗമായതൊഴിച്ചാൽ, മറ്റ് ഒൗദ്യോഗിക സ്ഥാനങ്ങളൊന്നും വഹിച്ചിട്ടില്ലെങ്കിലും ജനസേവനത്തിന് വേറിട്ടൊരു മാതൃക തീർക്കുകയാണ് ഇദ്ദേഹം. നിയമവഴിയിൽ പോരാടിയാൽ വികസനം കൊണ്ടുവരാനും റോഡ് നന്നാക്കാനും കഴിയുമെന്നതിന്റെ ഉദാഹരണങ്ങളാണ് ഷാജി വക്കീലിന്റെ കേസുകൾ.
മകളുടെ പേര് മാറ്റാൻ തുടങ്ങിയ പോരാട്ടം
2005 വരെ ജനന സർട്ടിഫിക്കറ്റിൽ ഒരിക്കലും തിരുത്തൽ വരുത്താൻ കഴിയാത്ത കാലമായിരുന്നു കേരളത്തിൽ. ഷാജി കോടങ്കണ്ടത്തിന്റെയും ഭാര്യ റോസിന്റെയും മകൾ സ്നേഹയെ അപ്പോഴാണ് സ്കൂളിൽ ചേർക്കുന്നത്. സ്നേഹ ഷാജി എന്ന പേര് സ്നേഹ റോസ് ഷാജി എന്ന് മാറ്റണമെന്ന് ഭാര്യക്ക് ആഗ്രഹം. തൃശൂർ മുനിസിപ്പാലിറ്റിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഷാജി വക്കീൽ ഹൈകോടതിയിലെത്തി. സ്വന്തം ആവശ്യവുംകൂടി മുൻനിർത്തി പൊതുപ്രധാന്യമുള്ള ആദ്യത്തെ കേസ്. ജനന സർട്ടിഫിക്കറ്റ് തിരുത്താൻ അനുമതി നൽകി ഹൈകോടതി ഉത്തരവായി. ഈ ഉത്തരവിന് പിന്നാലെ നിരവധി പേർ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് ലഭിക്കുകയും ചെയ്തു. ഇതോടെ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ അനുമതി നൽകിയുള്ള സർക്കാർ ഉത്തരവും പുറത്തിറങ്ങി. സ്വന്തം മകളുടെ ആവശ്യത്തിനാണെങ്കിലും കേരളത്തിലെ എല്ലാവർക്കും ആവശ്യമുള്ള ഉത്തരവ് ആദ്യമായി പുറത്തിറങ്ങി.
രണ്ടാമത്തെ കേസിൽ ഹരജിക്കാരി അഡ്വ. ഷാജിയുടെ ഭാര്യ റോസ് ആയിരുന്നു. ഇത് വൈദ്യുതിയുമായി ബന്ധപ്പെട്ടായിരുന്നു. മാടക്കത്തറയിൽ നിന്ന് ശക്തനിലെ പവർഹൗസിലേക്ക് തൃശൂർ നഗരത്തിലെ ഇടേറാഡുകൾ വഴി കേബിൾ വലിക്കുന്നു. ഈ സമയത്ത് ഇയ്യുണ്ണി റോഡിലൂടെ അണ്ടർഗ്രൗണ്ട് കേബിളും സനാന മിഷൻ റോഡിൽ പോസ്റ്റുകളിലൂടെയും വലിക്കുമെന്നായിരുന്നു തീരുമാനം. ഇന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവായിരുന്നു അന്ന് മേയർ. സനാന മിഷൻ റോഡിലും അണ്ടർ ഗ്രൗണ്ട് കേബിൾ വേണമെന്ന ആവശ്യം മേയർ അടക്കം അംഗീകരിച്ചില്ല. ഇതോടെ, ഭാര്യ റോസിെന ഹരജിക്കാരിയാക്കി ഹൈകോടതിയെ സമീപിച്ചു. ഹൈകോടതിയിൽനിന്ന് അനുകൂല വിധി ലഭിച്ചതോടെ കേരളത്തിൽ ആദ്യമായി സമ്പൂർണ അണ്ടർ ഗ്രൗണ്ട് കേബിൾ ഇട്ടു എന്ന ഖ്യാതിയും സനാന മിഷൻ റോഡിന് ലഭിച്ചു.
കോടങ്കണ്ടാ, നീ കണ്ണുതുറന്ന് നോക്ക്
കോൺഗ്രസ് കുടുംബത്തിൽ പിറക്കുകയും കെ.എസ്.യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും വളരുകയും ചെയ്ത് കേരളത്തിൽനിന്നുള്ള രാഹുൽ ബ്രിഗേഡിൽ അംഗമായ വ്യക്തിയാണ് ഷാജി കോടങ്കണ്ടത്ത്. 2006ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിൽ നിന്ന് ഷാജിയുടെ പേരും പരിഗണിച്ചിരുന്നു. പി.സി. ചാക്കോ വന്ന് മത്സരിക്കുകയും ചെയ്തു. ഈ സമയത്താണ് ബന്ധു കൂടിയായ നടുവിൽപ്പര ജോർജ് എന്ന ജോർജേട്ടന്റെ ‘നീ സമൂഹത്തിനുവേണ്ടി എന്ത് ചെയ്തു’ എന്ന ചോദ്യം. ഞാൻ ഡി.സി.സി സെക്രട്ടറി മാത്രമല്ലേ, എന്ത് ചെയ്യാനാണ് എന്നായിരുന്നു ഷാജിയുെട മറുപടി.
ഇതോടെ ‘കോടങ്കണ്ടാ നീ കണ്ണുതുറന്ന് നോക്ക്. ചുറ്റുമുള്ള വിഷയങ്ങളിലേക്ക് നോക്ക്’ എന്നായിരുന്നു ജോർജേട്ടന്റെ പ്രതികരണം. ഈ വാക്കുകളാണ് സമൂഹത്തിനുവേണ്ടി എന്ത് ചെയ്യാനാകുമെന്ന അന്വേഷണത്തിലേക്ക് എത്തിയത്. ഇതോടെ താൻ ജീവിത മാർഗത്തിനായി തെരഞ്ഞെടുത്ത നിയമ വഴിതന്നെ സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചു. ഇതോെട നിയമവഴിയിൽ സാമൂഹിക പോരാട്ടത്തിന്റെ വഴി തുറന്നു. ഹർത്താൽ നിർത്തലാക്കാനും മദ്യ സൽക്കാരത്തിന് വീടുകളിൽ അനുമതി നൽകുന്നതിനും വിമാനത്താവളങ്ങളിലെ ചായയുടെ അമിത വിലക്കെതിരെയുമൊക്കെ സുപ്രീംകോടതിയിലും ദേശീയ മനുഷ്യാവകാശ കമീഷനിലും അടക്കം േപാരാട്ടം നടത്താനും പ്രചോദനമായത് ജോർജേട്ടന്റെ വാക്കുകളാണ്. ജനപ്രതിനിധിയാകാതെ തന്നെ ജനസേവന വഴിയിൽ പ്രവർത്തിക്കാമെന്ന വിശ്വാസവും അദ്ദേഹമാണ് പകർന്നത്.
പാളയും മരക്കഷണങ്ങളും ചോദിച്ചു വന്ന സ്ത്രീകൾ; ഉയർന്നത് പട്ടിലുംകുഴി തടയണ
കർഷകനാകുകയെന്നതായിരുന്നു ഷാജി കോടങ്കണ്ടത്തിന്റെ മോഹം. കർഷക കുടുംബത്തിൽ ജനിച്ച് അഭിഭാഷകനും രാഷ്ട്രീയ പ്രവർത്തകനും ആയപ്പോഴും അതിന് മാറ്റം വന്നില്ല. വിവാഹ സമയത്ത് ഭാര്യ റോസിനോടും ഇത് പങ്കുവെച്ചിരുന്നു. വിവിധ ഫലവർഗങ്ങൾ വളർത്തുകയെന്ന ലക്ഷ്യത്തോടെ പീച്ചിയിൽ പറമ്പ് വാങ്ങി. അവിടെ ഫലവർഗങ്ങൾ വളർത്തിത്തുടങ്ങി. ഈ പറമ്പിന്റെ പിറകു ഭാഗത്താണ് മണലിപ്പുഴ. അവിടെയുള്ള സ്ത്രീകളൊക്കെ വന്ന് കുറച്ച് പാളയും മരക്കഷണങ്ങളും ആവശ്യപ്പെട്ടു. എന്തിനാണെന്ന് ചോദിച്ചപ്പോൾ ചെക്ക് ഡാം കെട്ടാനാണെന്നായിരുന്നു മറുപടി. വേനൽക്കാലത്ത് മണലിപ്പുഴയിൽ വെള്ളമുണ്ടാകില്ല. ഒരിടത്തും ചെക്ക് ഡാമുമില്ല. നമുക്ക് സ്ഥിരം ചെക്ക് ഡാം ആക്കിയാലോ എന്ന് ആ സ്ത്രീകളോട് ചോദിച്ചു. വക്കീലേ, നടക്കാത്ത കാര്യമാണെന്നായിരുന്നു അവരുടെ മറുപടി.
എങ്കിലും പൊരുതാൻ തീരുമാനിച്ചു. ഭീമ ഹരജി തയാറാക്കുകയും പഞ്ചായത്ത് അംഗത്തെ കൊണ്ടുവന്ന് കാണിക്കുകയും ചെയ്തു. അന്നത്തെ കലക്ടർ ഫ്രാൻസിസിനെയും കണ്ടു. 10 ലക്ഷം രൂപ വരെയാണെങ്കിൽ വരൾച്ച ദുരിതാശ്വാസ ഫണ്ടിൽനിന്ന് അനുവദിച്ചുതരാമെന്നായിരുന്നു മറുപടി. ജലസേചന വകുപ്പിനെ കൊണ്ടുവന്ന് കണക്കെടുത്തപ്പോൾ 65 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ്. വീണ്ടും കലക്ടറെ കണ്ടു. നടക്കില്ലെന്നായിരുന്നു മറുപടി.
അന്ന് ഉമ്മൻചാണ്ടിയായിരുന്നു മുഖ്യമന്ത്രി. ഇറിഗേഷൻ ചീഫ് എൻജിനീയറെ കണ്ടു. അവിടെനിന്നും പോസിറ്റിവ് മറുപടിയില്ല. ഇതോടെ, ഹൈകോടതിയിലേക്ക് എത്തി. കോടതി 65 ലക്ഷം നൽകാൻ ഉത്തരവിട്ടു. തന്നില്ല. കോടതിയലക്ഷ്യ ഹരജി നൽകി. ഇതോടെ ഫണ്ട് അനുവദിക്കുകയും മണലിപ്പുഴയിൽ പട്ടിലുംകുഴി ചെക്ക് ഡാം സ്ഥാപിക്കുകയും ചെയ്തു. പീച്ചിയിലെ ആശുപത്രി നിർത്താൻ ജലസേചന വകുപ്പ് തീരുമാനിച്ചു. ജനങ്ങളുടെ പ്രതിഷേധം ഉയർന്നു. വീണ്ടും ഹൈകോടതിയിെലത്തി. കോടതി ആശുപത്രി നിലനിർത്താൻ ഉത്തരവിടുകയും ആരോഗ്യ വകുപ്പ് ഏറ്റെടുക്കുകയും ചെയ്തു.
പീച്ചിയിലേക്ക് ൈവദ്യുതി വരുന്നത് കെ.എഫ്.ആർ.ഐയുടെ രണ്ട് കിലോമീറ്റർ സ്ഥലത്തുകൂടിയാണ്. മരങ്ങൾ തിങ്ങിനിൽക്കുന്ന ഈ പ്രദേശങ്ങളിൽ ശിഖരം വീണും മറ്റും വൈദ്യുതി മുടങ്ങുന്നത് പതിവാണ്. അന്ന് ആര്യാടൻ മുഹമ്മദാണ് വൈദ്യുതി മന്ത്രി. പീച്ചി പവർഹൗസ് ഉദ്ഘാടനത്തിന് എത്തിയപ്പോൾ മന്ത്രിക്ക് പരാതി നൽകി. ‘തനിക്ക് വല്ല സൂക്കേട് ഉണ്ടോ, ഇതൊന്നും നടക്കില്ലെന്നായിരുന്നു’ ആര്യാടന്റെ മറുപടി. ഇതോടെ വീണ്ടും ഹൈകോടതിയിൽ. കോടതി ഉത്തരവിനെ തുടർന്ന് രണ്ട് കിലോമീറ്റർ ദൂരം ഒരു കോടി ചെലവിൽ ഭൂഗർഭ കേബ്ൾ ഇട്ടു. പട്ടിലുംകുഴിയിലെ കോടതിപ്പാലം യാഥാർഥ്യമായതും ഷാജി കോടങ്കണ്ടത്തിന്റെ ഹരജിയുടെയും കോടതിയലക്ഷ്യ ഹരജിയുടെയും ഫലമായാണ്. ഇന്ന് തലയുയർത്തി നിൽക്കുന്ന കോടതിപ്പാലത്തിന് എട്ട് കോടിക്ക് മുകളിലാണ് ചെലവ് വന്നത്.
ദേശീയപാത അതോറിറ്റിയുടെ നമ്പർ വൺ ‘ശത്രു’
നിരവധി പൊതുതാൽപര്യ ഹരജികളും മറ്റും നൽകിയിട്ടുണ്ടെങ്കിലും സമീപ കാലത്ത് അഡ്വ. ഷാജി കോടങ്കണ്ടത്തിനെ കൂടുതൽ ശ്രദ്ധയിൽ കൊണ്ടുവന്നത് ദേശീയപാത വിഷയത്തിലെ പോരാട്ടങ്ങളാണ്. സ്വയം അനുഭവിച്ച ദുരിതത്തിൽനിന്നാണ് ഈ പോരാട്ടത്തിന്റെ തുടക്കം. തൃശൂരിൽനിന്ന് പീച്ചിയിലെ പറമ്പിൽ പോയി കൃഷിക്ക് നനച്ച് തിരിച്ചുവരുമ്പോൾ പാലക്കാട്- തൃശൂർ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. വാഹനങ്ങൾ നീങ്ങുന്നില്ല. അവിടെ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളോട് അന്വേഷിച്ചപ്പോൾ കൃത്യമായ മറുപടി കിട്ടിയില്ല. ഇതോടെ, എൻജിനീയർ എവിടെ എന്നായി ചോദ്യം. അങ്ങനെ ആരും അവിടെയില്ല. ഇതോടെ ഇന്ത്യൻ റോഡ് കോൺഗ്രസ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണോ നിർമാണം എന്നായി ചോദ്യം. ഒന്നുമില്ലെന്ന് വ്യക്തമായി. ഇതോടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജി നൽകി. കമീഷനെ നിയോഗിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾക്കുള്ള നിർദേശങ്ങൾ കോടതി പുറപ്പെടുവിച്ചു.
കുതിരാനിലെ ടണലുകളിെലാന്ന് നിർമാണം പൂർത്തിയാക്കിയിട്ടും തുറന്നിരുന്നില്ല. ഇതിനെതിരെയായിരുന്നു അടുത്ത പരാതി. ഇതിലും അനുകൂല വിധി. ഈ സമയത്താണ് ഈ പാതയിലെ റോഡ് അപകടങ്ങളിലെ മരണം കൂടുന്നത് ശ്രദ്ധയിൽപെട്ടത്. ഇതോടെ, വിവരാവകാശ അപേക്ഷ പ്രകാരം 12 വർഷത്തിനിടെ 300ലധികം പേർ വണ്ടിയിടിച്ചു മരിച്ചു എന്ന മറുപടി ലഭിച്ചു. ഇേതാടെ ദേശീയപാത അതോറിറ്റി ചെയർമാനെതിരെ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകുകയും നരഹത്യക്ക് കേസെടുക്കുകയും ചെയ്തു.
ഇന്ത്യയിൽ ആദ്യമായാണ് ദേശീയപാത അതോറിറ്റി ചെയർമാനെതിരെ കേസ് എടുക്കുന്നത്. പാലക്കാട്-തൃശൂർ പാതയിൽ പണിതീരാതെ ടോൾ ആരംഭിക്കൽ, സമയത്ത് നിർമാണം പൂർത്തിയാക്കാതിരിക്കൽ അടക്കം വിഷയങ്ങളിലും കോടതിയിലെത്തി. മണ്ണുത്തി-ഇടപ്പള്ളി പാതയിലെ േടാളിനെതിരെ നടത്തിയ പോരാട്ടമാണ് 71 ദിവസം പാലിയേക്കര ടോൾ പിരിവ് നിർത്തിവെക്കാനും പാത നവീകരിക്കാനും കാരണമായത്. ആഗസ്റ്റ് ആറിലെ ഹൈേകാടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ കരാർ കമ്പനി സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ആകെ എതിർക്കാനുണ്ടായിരുന്നത് അഡ്വ. ഷാജി കോടങ്കണ്ടത്തായിരുന്നു. അദ്ദേഹത്തിന്റെ എതിർപ്പിന്റെ ഫലമായാണ് കുണ്ടുംകുഴിയും നിറഞ്ഞ റോഡിൽ യാത്രചെയ്യുന്നതിന് ടോൾ നൽകേണ്ടതില്ലെന്നും സുഗമമായ ഗതാഗതം അവകാശമാണെന്നും പ്രഖ്യാപിച്ചുള്ള സുപ്രീംകോടതി വിധിയുണ്ടായത്.
ഇപ്പോഴും പാലക്കാട്- തൃശൂർ, ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതകളിൽ അഡ്വ. ഷാജി കോടങ്കണ്ടത്ത് നിയമപോരാട്ട മുഖത്താണ്. പാലിയേക്കര ടോൾ കാലാവധി 2026ൽ അവസാനിക്കേണ്ടത് 2028 വരെ നീട്ടിക്കൊടുത്തതിനെതിരെയും പാലക്കാട്-തൃശൂർ പാതയിലെ ടോൾ പിരിവിനെതിരെയുമുള്ള ഹരജികൾ ഹൈകോടതിയുടെ പരിഗണനയിലാണ്.
ഈ പോരാട്ടം എല്ലാവർക്കും സാധിക്കും
ഒരു പദവിയും ഇല്ലെങ്കിലും ഇത്തരത്തിൽ പോരാട്ടം നടത്താൻ എല്ലാവർക്കും സാധിക്കുമെന്ന് അഡ്വ. ഷാജി കോടങ്കണ്ടത്ത് വ്യക്തമാക്കുന്നു. അതിന്റെ തെളിവാണ് രണ്ട് പതിറ്റാണ്ടായി താൻ നടത്തുന്ന പോരാട്ടം. നിയമപോരാട്ടങ്ങൾക്ക് സാമ്പത്തിക ചെലവുണ്ട്. തന്റെ കേസിൽ സ്വന്തം കൈയിൽനിന്ന് പൈസയെടുത്താണ് പോരാട്ടം. എന്നാൽ, സമൂഹത്തിന് വേണ്ടിയിറങ്ങുന്നവരെ സഹായിക്കാൻ ഒരുപാട് പേർ രംഗത്ത് എത്താറുണ്ട്. കൂടുതൽ പേർ ഇൗ വഴിയിലേക്ക് വന്നാൽ വികസനവും മറ്റ് പ്രവർത്തനങ്ങളും സുഗമമായി നടപ്പാക്കാനാകും. അവരെ പിന്തുണക്കാൻ സമൂഹം തയാറാകും.
അമേരിക്കയിൽ എം.എസ് ചെയ്യുന്ന സിയോൺ എസ്. കോടങ്കണ്ടത്തും എം.ബി.ബി.എസിന് പഠിക്കുന്ന സ്നേഹയുമാണ് ഷാജി കോടങ്കണ്ടത്തിന്റെ മക്കൾ. പോരാട്ടവഴിയിൽ കൈത്താങ്ങായി ഭാര്യ റോസുമുണ്ട്.
പ്രധാന നിയമപോരാട്ടങ്ങൾ
1. പാലിയേക്കര ടോൾ നിർത്തൽ (ഹൈകോടതി മുതൽ സുപ്രീംകോടതി വരെ നീണ്ട പോരാട്ടം)
2. പാലിയേക്കര ടോൾ പിരിവ് 2028 വെര നീട്ടി നൽകിയതിനെതിരെ ഹൈകോടതിയിൽ ഹരജി
3. മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാത നിർമാണം പൂർത്തിയാക്കാത്തതും ടോൾ പിരിക്കലിനും എതിരെയുള്ള ഹരജികൾ
4. ദേശീയപാത നിർമാണത്തിൽ ഇന്ത്യൻ റോഡ് കോൺഗ്രസ് മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി
5. ദേശീയപാതയുടെ പണി നടക്കുമ്പോൾ നിലവിലെ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി
6. റേഡിയേഷൻ ഉപകരണങ്ങൾ കൃത്യമായി പരിശോധന നടത്താനും അത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ശാസ്ത്രീയമാക്കാനും ആവശ്യപ്പെട്ടുള്ള ഹരജി
7. ഹർത്താൽ നിർത്താൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹരജി
8. വീടുകളിലെ മദ്യ സൽക്കാരത്തിന് ലൈസൻസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹരജി
10. എയർപോർട്ടുകളിലെ ചായയുടെയും സ്നാക്സിന്റെയും വില കുറക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കൊടുത്ത
11. ചെക്ക് കേസുകളിലെ കോടതി അധികാരപരിധി നിശ്ചയിക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി കൊടുത്ത ഹർജി
12. പുത്തൂർ സുവോളജിക്കൽ പാർക്കിലെ മാനുകൾ ചത്തത് അന്വേഷിക്കാൻ ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിൽ കൊടുത്ത ഹർജി
13. ജനന സർട്ടിഫിക്കറ്റ് പേരുകൾ തിരുത്താൻ ആവശ്യപ്പെട്ടുകൊടുത്ത ഹർജി
14. കേരളത്തിൽ അഞ്ചുവർഷംകൊണ്ട് 50,000 പേർ ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനും ഹൈകോടതിയിലും നൽകിയ ഹരജി
15. മലയോര ഹൈവേ റൂട്ട് മാറ്റൽ: ഹൈകോടതിയിലും സുപ്രീംകോടതിയിലും നൽകിയ ഹരജികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

