ഞാൻ അറിഞ്ഞ പുണ്യപ്രവാചകൻ’ പുസ്തകം പ്രകാശനം ചെയ്തു
text_fieldsബംഗളൂരുവിൽ നടന്ന ചടങ്ങിൽ പ്രമുഖ കന്നട എഴുത്തുകാരൻ യോഗേഷ് മാസ്റ്റർ രചിച്ച ‘
ഞാൻ അറിഞ്ഞ പുണ്യപ്രവാചകൻ’ എന്ന പുസ്തകം പ്രകാശനം ചെയ്തപ്പോൾ
ബംഗളൂരു: പ്രമുഖ കന്നട എഴുത്തുകാരൻ യോഗേഷ് മാസ്റ്റർ രചിച്ച ‘ഞാൻ അറിഞ്ഞ പുണ്യപ്രവാചകൻ’ പുസ്തകം ബംഗളൂരുവിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ‘മുഹമ്മദ് നബി, സമത്വമുള്ള സമൂഹത്തിന്റെ ശിൽപി’ എന്ന പ്രമേയത്തിൽ ജമാഅത്തെ ഇസ്ലാമി കർണാടക സംസ്ഥാന കമ്മിറ്റി നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് പുസ്തക പ്രകാശനം. ഒക്ടോബർ ആറുവരെയാണ് കാമ്പയിൻ.
കർണാടക സർക്കാർ മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയും പ്രമുഖ എഴുത്തുകാരനുമായ ചിരഞ്ജീവ് സിങ് പുസ്തകം പ്രകാശനം ചെയ്തു. ‘സുധ-മയൂര’ എക്സിക്യൂട്ടിവ് എഡിറ്റർ രഘുനാഥ പുസ്തകം പരിചയപ്പെടുത്തി. കന്നട ബുക്ക് അതോറിറ്റി മുൻ പ്രസിഡന്റും പ്രശസ്ത എഴുത്തുകാരിയുമായ ഡോ. വസുന്ദര ഭൂപതി മുഖ്യാതിഥിയായിരുന്നു. പ്രവാചകന്റെ ജീവിതദർശനം വരച്ചുകാട്ടുന്നതാണ് പുസ്തകം. നബിയുടെ സന്ദേശം ജീവിതത്തിൽ ഉൾക്കൊണ്ടാണ് നബിയോടുള്ള സ്നേഹം പ്രകടമാക്കേണ്ടതെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഗ്രന്ഥകാരനായ യോഗേഷ് മാസ്റ്റർ നബിയെക്കുറിച്ച് ഗാനം ആലപിച്ചു.
സമൂഹത്തിൽ നിലനിൽക്കുന്ന വെറുപ്പും വിദ്വേഷവും ഇല്ലാതാക്കാനും സമാധാന ജീവിതവും സാഹോദര്യവും നിലനിർത്താനും മുഹമ്മദ് നബിയുടെ സന്ദേശത്തിന് പ്രചാരം ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കർണാടക സംസ്ഥാന പ്രസിഡന്റും പുസ്തക പ്രസാധകരായ ‘ശാന്തിപ്രകാശന’ ചെയർമാനുമായ ഡോ. മുഹമ്മദ് സഅദ് ബെലഗാമി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് കുഞ്ഞി സംസാരിച്ചു.