Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകമ്യൂണിസ്റ്റ്...

കമ്യൂണിസ്റ്റ് പാർട്ടികൾ കുഴിച്ചുമൂടിയ ഭൂതത്തെ തുറന്നുവിടുന്ന പുസ്തകം

text_fields
bookmark_border
കമ്യൂണിസ്റ്റ് പാർട്ടികൾ കുഴിച്ചുമൂടിയ ഭൂതത്തെ തുറന്നുവിടുന്ന പുസ്തകം
cancel

തെന്നിന്ത്യയിലെ തോട്ടമേഖലയുടെ ഉത്ഭവ വികാസ ചരിത്രം അടയാളപ്പെടുത്തുകയാണ് സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമന്റെ 'ആഗോള മൂലധനവും ദക്ഷിണേന്ത്യയിലെ തോട്ടം തൊഴിലാളികളും' എന്ന പുസ്തകം. ഭൂതകാല ചരിത്രത്തിലേക്കാണ് അന്വേഷണം ഏറെ കടന്നു പോകുന്നതെങ്കിലും വർത്തമാന കേരളം അനുഭവിക്കുന്ന അടിത്തത്തിന്റെ ഏടുകളിലേക്ക് കൂടി വെളിച്ചം വീശുവെന്നാണ് ഈ പുസ്കത്തിന്റെ പ്രാധാന്യം. ഒരു പക്ഷെ ഇന്ന് ചർച്ച ചെയ്യേണ്ട പ്രധാന വിഷയം ഈ പുസ്തകത്തിന്‍റെ ഉള്ളടക്കത്തിലുണ്ട്. 1947ന് ശേഷം കേരളത്തിലെ തോട്ടം മേഖലയിലെ ഭൂവുടമസ്ഥത ഭരണകൂടത്താൽ എങ്ങനെ ആർക്കുവേണ്ടി സംരക്ഷിക്കുവെന്ന് ഭാഗികമായെങ്കിലും ഈ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. പുരോഗമനപരമായ ഭൂപരിഷ്കരണത്തിന്‍റെ വക്താക്കൾക്കു മുന്നിൽ ഈപുസ്തകം ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്.

1820കളിൽ കാപ്പി കൃഷിയിൽനിന്ന് തുടങ്ങിയ ബ്രിട്ടീഷ് തോട്ടങ്ങളുടെ വളർച്ചയെ സമഗ്രമായി അവതരിപ്പിക്കാൻ പുസ്തകത്തിലൂടെ രവിരാമന് കഴിഞ്ഞു. ഏതാണ്ട് കേരളത്തിന്‍റെ ഒന്നര നൂറ്റാണ്ടിലേറെയുള്ള തോട്ടങ്ങളുടെ ചരിത്രമാണ് ഉള്ളടക്കം. 1947നു മുമ്പ് തോട്ടം മേഖലയിൽ നിലനിന്നത് ഏറ്റവും മോശപ്പെട്ട തൊഴിൽ സാഹചര്യങ്ങളാണ്. നിരക്ഷരരായ തൊഴിലാളികൾ തോട്ടങ്ങളിലെ അടിമപ്പണിയേർപ്പെട്ട കാലം. മലേറിയ, കോളറ, പ്ലേഗ് തുടങ്ങിയവയാൽ വേട്ടയാടപ്പെട്ടവർ. തൊഴിലാളികളുടെ വിയർപ്പും രക്തവും കൊണ്ട് ഉത്പാദിപ്പിച്ച വിഭവങ്ങളുടെ മിച്ചം സായ്പന്മാർ ഇംഗ്ലണ്ടിലേക്ക് കടത്തിക്കൊണ്ടു പോയി. ലോകം മുതലാളിത്ത വ്യവസ്ഥയുടെ വളർച്ചക്ക് നമ്മുടെ തോട്ടങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. 1947ന് മുമ്പ് ബ്രിട്ടീഷുകാരുടെ കൊളോണിയൽ ഭരണത്തിലെ പ്രജകളായിരുന്നു മലയാളികൾ.

കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ട്രേഡ് യൂനിയൻ ഇടപെടലിലൂടെയാണ് തോട്ടം മേഖലയിൽ ക്രമേണ സാമൂഹികമാറ്റം ഉണ്ടാകാൻ തുടങ്ങിയത്. അക്കാലത്തെ യൂറോപ്യൻ തോട്ടങ്ങൾ വെള്ളക്കാരന്റെ ചൂഷണത്തിന്റെയും മനുഷ്യത്വരഹിതമായ അടിമത്ത തൊഴിലിനെയും കേന്ദ്രം എന്നാണ് എ.കെ.ജി വിലയിരുത്തിയത്. 1938ല്‍ തിരുവതാംകൂറിൽ ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂനിയൻ രജിസ്റ്റർ ചെയ്തതോടെ ആണ് തൊഴിലാളികളെ സംഘടിപ്പിച്ചു തുടങ്ങിയതും കമ്യൂണിസ്റ്റ് പാർട്ടി ഇവിടേക്ക് കടന്നുചെന്നതും.

1947നു ശേഷവും തോട്ടം മുതലാളിമാർ ഭരണകൂടത്തിനുള്ളിൽ വലിയ സ്വാധീന ശക്തിയായി നിലകൊണ്ടു. 1956 ഡിസംബർ 14ന് ലോക്സഭയിൽ തോട്ടം മേഖലയെ സംബന്ധിച്ച് എ.കെ.ജി പ്രമേയം അവതരിപ്പിച്ചു. നമ്മുടെ നാട്ടിൽനിന്ന് ബ്രിട്ടനിലേക്ക് ഒഴുകുന്ന ലാഭത്തിന്റെയും ഊറ്റിയെടുക്കലും വിദേശ ഉടമസ്ഥതയിലുള്ള തോട്ടം തൊഴിലാളികളുടെ ദരിദ്രമായ ജീവിതസാഹചര്യവും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് മൂലധനത്തിന്റെ ആധിപത്യം ദേശീയ താൽപര്യത്തിന് എതിരാണെന്നും അതിനാൽ വിദേശ തോട്ടങ്ങൾ ദോശസാൽക്കരിക്കണമെന്നും എ.കെ.ജി ചൂണ്ടിക്കാട്ടി. പ്രമേയത്തെ അന്ന് എതിർത്തത് കോൺഗ്രസാണ്. 1857ലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വിദേശം തോട്ടം ദേശസാൽക്കരണം എന്ന ആശയം മുന്നോട്ട് വെച്ചത്. ഈ നിർദേശം യൂറോപ്യൻ താൽപര്യങ്ങൾക്ക് ഭീഷണിയായിരുന്നു.

ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടതിൽ തോട്ടം മുതലാളിമാരുടെ പങ്ക്

1957ൽ അധികാരത്തിൽ വന്ന ഇ.എം.എസ് നയിച്ച കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് വിദേശ ഉടമസ്ഥതയിലുള്ള തോട്ടങ്ങളുടെ ദേശസാൽക്കരണം ആവശ്യമാണെന്ന് ഉറപ്പിച്ചു പറഞ്ഞു. എന്നാൽ, 1957ൽ കാർഷിക ബന്ധബിൽ തയാറാക്കിയപ്പോൾ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള തോട്ടങ്ങളെയെല്ലാം ഭൂപരിധി നിബന്ധനയിൽ നിന്ന് ഒഴിവാക്കി. അതേസമയം, തോട്ടം തൊഴിലാളികൾ കൂലി പരിഷ്കരണം ആവശ്യപ്പെട്ട് 1959 ശക്തമായ സമരം നടത്തി. മൂന്നാറിലെ പൊലീസ് വെടിവെപ്പിൽ രണ്ട് കമ്യൂണിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇ.എം.എസ് സമരത്തെ പിന്തുണച്ചു. നെഹ്റു സർക്കാർ സമരം പിൻവലിക്കാൻ ഇ.എം.എസ് സർക്കാരിൽ സമ്മർദം ചെലുത്തി. കമ്യൂണിസ്റ്റ് സർക്കാരിനെതിരെ വിമോചന സമരം ശക്തമാക്കാൻ ഇതും കാരണമായി. കമ്യൂണിസ്റ്റ് ഭരണത്തെ അട്ടിമറിക്കാൻ തോട്ടം മുതലാളിമാർക്ക് പ്രധാന പങ്കുവഹിച്ചുവെന്നാണ് രവിരാമന്‍റെ വിലയിരുത്തൽ.

ഭൂപരിഷ്കണ നിയമം പാസാക്കിയപ്പോഴും വിദേശ തോട്ടംഭൂമി ഒഴിവാക്കിയിരുന്നു. 1970ലെ സി. അച്യുതമേനോൻ സർക്കാർ കണ്ണൻ ദേവൻ ഹിൽസ് (റിസംപ്ഷൻ ഓഫ് ലാൻഡ്സ്) ആക്ട് പാസാക്കിയതിന് ശേഷവും വിദേശ ഉടമസ്ഥതയിലുള്ള തോട്ടം ഭൂമി കണ്ണൻ ദേവൻ കമ്പനിക്ക് കൈവശം വെക്കാൻ അനുമതി നൽകി. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ക്രമേണ തോട്ടങ്ങളുടെ ദേശസാൽക്കരണം എന്ന വാഗ്ദാനത്തിൽ നിന്ന് പുറകോട്ട് പോയി. നമ്മുടെ തൊട്ടടുത്ത ശ്രീലങ്കയിൽ ഭരണകൂടം അധികാരമേറ്റപ്പോൾ ബ്രിട്ടീഷ് തോട്ടങ്ങൾ ദേശസാൽക്കരിച്ചിരുന്നു. അത് ഏറെ പ്രശംസ നേടി. എന്നാൽ നമ്മൾ ആ പാത സ്വീകരിച്ചില്ല.

കമ്യൂണിസ്റ്റ് പാർട്ടികൾ അവരുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിയിലെ പ്രധാനപ്പെട്ട വാഗ്ദാനമാണ് (വിദേശ തോട്ടങ്ങൾ ദേശസാൽക്കരിക്കുക) ഉപേക്ഷിച്ചത്. ബ്രിട്ടീഷ് പ്ലാന്റേഷൻ കമ്പനികളുടെ കൈയിൽ വൻതോതിൽ ഭൂമി കേന്ദ്രീകരിക്കപ്പെട്ടു. തോട്ടം മേഖലയിലെ കമ്പനികൾ അന്നും ഇന്നും അവരുടെ ഭൂമി കൈവശം വച്ചിരിക്കുന്നു. ഇപ്പോൾ അവർക്ക് നികുതി ഒഴിവാക്കി കൊടുത്തിരിക്കുന്നു.1971ലെ കണ്ണൻദേവൻ ഭൂമി ഏറ്റെടുക്കൽ നിയമം താരതമ്യേന പുരോഗമനപരമായിരുന്നു എന്നാണ് ഗ്രന്ഥകാരന്റെ അഭിപ്രായം. നിയമത്തിലെ വ്യവസ്ഥകളുടെ പരിമിതികൾ കെ.ആർ. ഗൗരിയമ്മ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ ചൂണ്ടിക്കാണിച്ചിരുന്നു.അത് കണ്ണൻദേവൻ കമ്പനിക്കു ഭൂമി കൊടുക്കാനുള്ള നിയമം എന്നായിരുന്നു ഗൗരിയമ്മയുടെ വിമർശനം.

ചുരുക്കത്തിൽ എ.കെ.ജി നയിച്ച മിച്ചഭൂമി സമരങ്ങളോ കണ്ണൻ ദേവൻ ഏറ്റെടുക്കൽ നിയമമോ തോട്ടം തൊഴിലാളികൾക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടാക്കിയില്ല. അവർ 1947ന് ശേഷവും വിദേശകമ്പനികളുടെ അടിമത്തൊഴിലാളികളായി. വിദേശകമ്പനികൾ കേരളത്തെ വൻതോതിൽ ചൂഷണം ചെയ്തു. റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരൻ റിപ്പോർട്ട് സമർപ്പിച്ചപ്പോഴാണ് തോട്ടങ്ങൾ നിയമവിരുധമായിട്ടാണ് 1947ന് ശേഷം ഹാരിസൺ അടക്കമുള്ള വിദേശകമ്പനികൾ കൈവശം വെച്ചിരുന്നതെന്ന് കേരളം അറിഞ്ഞത്. എം.ജി രാജമാണിക്യം വരെയുള്ളവരുടെ റിപ്പോർട്ടുകൾ നിയമസഭക്ക് മുന്നിലെത്തിയിട്ടും ഭൂമി ഏറ്റെടുക്കാൻ നിയമപരമായി തീരുമാനം മുന്നണി സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല.

മൂടിവെക്കുന്ന അട്ടിമറികൾ

ഡോ. കെ. രവിരാമൻ കമ്യൂണിസ്റ്റ് പാർട്ടികൾ നടത്തിയ വർത്തമാനകാല അട്ടിമറിയെ മൂടിവെക്കുകയാണ്. 1947ന് മുമ്പ് വിദേശ കമ്പികൾ കൈവശം വെച്ചിരുന്ന തോട്ടം ഭൂമി ഏറ്റെടുക്കുന്നതിന് നിയമനിർമാണം നടത്തണമെന്ന് റിപ്പോർട്ട് നൽയിട്ടും കമ്യൂണിസ്റ്റ് പാർട്ടികൾ തോട്ടം ഉടമകൾക്കൊപ്പം ആണ്. തോട്ടം മുതലാളിമാരോടുള്ള പാർട്ടി നേതൃത്വത്തിന്റെ ആഭിമുഖ്യം പരസ്യമായ രഹസ്യമാണ്. തോട്ടം ഭൂമി ഏറ്റെടുക്കാനും അത് സർക്കാർ ഉടമസ്ഥതയിൽ നിലനിർത്താനും ഭൂരഹിതർക്ക് വിതരണം ചെയ്യാനും തടസം ഇന്ന് കമ്യൂണിസ്റ്റ് പാർട്ടികളാണ്.

ചരിത്രത്തിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ഭൂപരിഷ്കരണത്തിന് അനുകൂലവും കോൺഗ്രസ് അടക്കമുള്ള വലതുപക്ഷ ശക്തികൾ ഭൂപരിഷ്കരണത്തിന് എതിരുമായിരുന്നു. എന്നാൽ, സി. അച്യുതമേനോനെ പോലെ കേരളത്തിന്‍റെ ആദരവ് നേടിയ മുഖ്യമന്ത്രി പോലും 1970കളിൽ ബ്രിട്ടീഷ് മൂലധന ശക്തികൾക്ക് ഒപ്പം നിന്നു. പിന്നീടൊരിക്കലും കമ്യൂണിസ്റ്റ് പാർട്ടികൾ വിദേശതോട്ടങ്ങൾ ഏറ്റെടുക്കണമെന്ന് വാദിച്ചിട്ടേയില്ല. വർത്താമനകാലത്ത് വിദേശതോട്ടം ഭൂമി നിയമനിർമാണത്തിലൂടെ ഏറ്റെടുക്കുന്നതിനെ എതിർക്കുന്നതാകട്ടെ കമ്യൂണിസ്റ്റ് പാർട്ടികളാണ്. കമ്യൂണിസ്റ്റ് പാർട്ടികൾ മറച്ചുപിടിച്ച സത്യത്തെ ആദ്യം തുറന്നുകാട്ടിയത് നിവേദിത പി. ഹരനാണ്. അന്നുമുതൽ കേരളത്തിന് മുന്നിൽ വലിയ ചോദ്യമായി നിൽക്കുകയാണ് വിദേശ തോട്ടം ഭൂമി.

വർത്തമാന കേരളം വലിയ ധനപ്രതിസന്ധിയെ നേരിടുമ്പോഴാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. രവിരാമൻ തുറന്നുവിടുന്നത് കമ്യൂണിസ്റ്റ് പാർട്ടികൾ കുഴിച്ചുമൂടിയ 'വിദേശതോട്ടം ഭൂമി ദേശസാൽക്കണം' എന്ന ദുർഭൂതത്തെയാണ്. ഇക്കാര്യം തുറന്നെഴുതാൻ ആസൂത്രണ ബോർഡ് അംഗമെന്ന നിലയിൽ എന്ന നിലയിൽ രവിരാമന് പരിമിതികളുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം തോട്ടം മുതലാളിമാരെ സംരക്ഷിക്കുന്ന നിലപാടിനോട് രവിരാമൻ മൗനം പാലിക്കുകയാണ്. ആ മൗനം വാചാലമാണ്. കേരളം ആരു ഭരിച്ചാലും തോട്ടം ഉടമകൾ ഭരണകൂടത്തിനുള്ളിൽ ഭരണകൂടമാണെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു.

Show Full Article
TAGS:k raviraman 
News Summary - The book exposes the demon buried by the communist parties
Next Story