'അതുകൊണ്ടാണ് പലരും വെളുപ്പിക്കാൻ ശ്രമിച്ചിട്ടും അയാൾ അടപടലം പൊടിഞ്ഞുപോയത്' - ഹണി ഭാസ്കർ
text_fieldsകോഴിക്കോട്: നടിയെ ആക്രമിക്കപ്പെട്ടതിന് ശേഷം ഇന്നോളം ആ ക്രൂരന്റെ സിനിമകൾ കണ്ടിട്ടില്ലെന്ന് നടന്‍റെ പേരെടുത്ത് പറയാതെ സാഹിത്യകാരി ഹണി ഭാസ്ക്കർ. ഈ വിധി വന്നതുകൊണ്ടൊന്നും അയാളെ ആരും തോളിൽ ഏറ്റാൻ പോകുന്നില്ലെന്നും ദിലീപിനെ പേരെടുത്ത് പറയാതെ വിമർശിച്ചുകൊണ്ട് ഹണി ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു.
അയാളുടെ വളർച്ചകളെ അണ്ണാൻ കുഞ്ഞും തന്നാൽ ആയത് എന്ന രീതിയിൽ പല തരത്തിൽ പ്രതിരോധിച്ചവരുണ്ട്. അതുകൊണ്ട് തന്നെയാണ് അയാൾ കരഞ്ഞു കൊണ്ട് മാധ്യമങ്ങളിൽ പല വട്ടം പ്രത്യക്ഷപ്പെട്ടിട്ടും അയാളെ വെളുപ്പിക്കാൻ പല മാധ്യമങ്ങളും ശ്രമിച്ചിട്ടും അയാളുടെ സിനിമകൾക്ക് സകല പ്രമോഷനും അവർ നൽകിയിട്ടും അയാൾ അടപടലം പൊടിഞ്ഞു പോയതെന്നും ഹണി പറയുന്നു. നിരുപാധികം നിനക്കൊപ്പം എന്ന് പറഞ്ഞുകൊണ്ടാണ് ഹണി ഭാസ്കകർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ദുബായ് കരാമയിൽ അയാൾക്ക് ഒരു റെസ്റ്റോറന്റ് ഉണ്ട്. മലയാളികൾ അല്ലാത്തവർക്കൊപ്പം ഒഫീഷ്യൽ ഡിന്നറിനു അങ്ങോട്ട് കയറി ചെല്ലേണ്ട സാഹചര്യം വന്നപ്പോൾ അതിന്റെ വാതിൽക്കൽ എത്തിയപ്പോൾ മാത്രം ഇതാണ് ഭക്ഷണം കഴിക്കാൻ പോകുന്ന സ്ഥലം എന്നറിഞ്ഞപ്പോൾ പോലും പങ്കെടുക്കില്ല എന്ന എന്റെ ഒറ്റ വാശിമേൽ മറ്റൊരു സ്ഥലത്തേക്ക് എല്ലാവരും കൂടി ഡിന്നർ കഴിക്കാൻ പോകേണ്ട അവസ്ഥ വന്നു.
അന്നതിന്റെ കാരണം നല്ല വെടിപ്പായി പറഞ്ഞ് കൊടുക്കുന്ന നേരത്ത് ഇന്ന് റിപ്പോർട്ടർ ചാനലിലെ റോഷിപാലിനോട് ഒച്ച വെച്ച് ഇളിച്ച അതേ മനോഭാവം ഉള്ള മനുഷ്യരോട് നിങ്ങളുടെ സ്ത്രീകളെ പീഡിപ്പിച്ച ഒരുത്തന്റെ വീട്ടിൽ പോയി സദ്യ കഴിച്ചു കൈ കഴുകാൻ ഉള്ള മനസുണ്ടാകുമോ നിങ്ങൾക്ക് എന്നു ചോദിച്ചു വാ അടച്ചിട്ടുണ്ട്.
ഭാവനാ വിഷയത്തിന് ശേഷം ഇന്നോളം ആ ക്രൂരന്റെ സിനിമകൾ കണ്ടിട്ടില്ല.
ഞാൻ മാത്രമല്ല "മനുഷ്യരെല്ലാം" അയാളുടെ വളർച്ചകളെ അണ്ണാൻ കുഞ്ഞും തന്നാൽ ആയത് എന്ന രീതിയിൽ പല തരത്തിൽ പ്രതിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അയാൾ കരഞ്ഞു കൊണ്ട് മാധ്യമങ്ങളിൽ പല വട്ടം പ്രത്യക്ഷപ്പെട്ടിട്ടും അയാളെ വെളുപ്പിക്കാൻ പല മാധ്യമങ്ങളും ശ്രമിച്ചിട്ടും, അയാളുടെ സിനിമകൾക്ക് സകല പ്രമോഷനും അവർ നൽകിയിട്ടും അയാൾ അടപടലം പൊടിഞ്ഞു പോയത്.
ഈ വിധി കൊണ്ടൊന്നും ആ മനുഷ്യരാരും അയാളെ തോളിൽ ഏറ്റാൻ പോകുന്നില്ല. അല്ലാത്തവർ, അയാൾക്ക് ചുറ്റും നിന്ന് ആർപ്പ് വിളിച്ച് ആഘോഷിക്കുന്നവർ, ആ കെട്ട മനുഷ്യരെ കൊണ്ടൊന്നും സത്യത്തെ കൊന്നു കളയാൻ സാധിക്കുകയുമില്ല.
എത്രയോ സ്ത്രീകൾക്ക് തുറന്നു പറച്ചിലുകളുടെ പ്രകാശം പകർന്ന് കൊടുത്ത പ്രകാശം പരത്തുന്ന പെൺകുട്ടീ...
നീ വിജയിക്കുക തന്നെയാണ് "മനുഷ്യ മനസ്സുകളിൽ" ഇനിയും മുന്നോട്ടുള്ള പോരാട്ടങ്ങളിൽ...
നിരുപാധികം നിനക്കൊപ്പം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

