തരിശു ഭൂമിക്കൃഷി
text_fieldsമനസ്സിലൊരിടവും തരിശിടാതെ
അവിടെ മുഴുവൻ
വിത്തുകൾ പാകണം.
തിളങ്ങുന്ന ചോളമണികളും,
മഞ്ഞ പൂത്തുനിറയുന്ന
കടുകും വിതറണം.
എള്ളും നെല്ലും ഗോതമ്പും മുളപ്പിക്കണം.
കാറ്റുകളെ മെരുക്കി
സമശീതോഷ്ണം നിറക്കണം.
വാക്കാൽ വളം ചേർത്ത്,
പാട്ടാൽ നനച്ച്,
ഉള്ളു പൊന്നാക്കണം.
എന്റെ മനപ്പാടങ്ങളിലിപ്പോൾ
കൊയ്ത്തു കഴിഞ്ഞിരിക്കുന്നു.
വിളഞ്ഞ മണികൾ പറയ്ക്കളന്ന്
കിളികൾക്ക് കൊറിക്കാനിട്ടുകൊടുത്തു,
വിത്തിനുപോലും വക്കാതെ.
കൊഴിച്ചുമാറ്റിയ കറ്റകൾ
കൂനയായിക്കിടപ്പാണ് എമ്പാടും.
നാളെ അവയെ
ഞാനെന്റെ നിലങ്ങളിൽ വിതറും.
ചവിട്ടിക്കൊഴിച്ചിട്ടും ഉതിരാമണികൾ അവക്കിടയിൽ
മറഞ്ഞിരിപ്പുണ്ടാവും.
അവ നിലംപൂണ്ട് കിളിർത്തെന്നിരിക്കും.
പാഴാകാൻ വിധിപ്പെട്ട
മനസ്സാഴങ്ങളിലേക്ക് വേരാഴ്ത്തി
പുതിയ തളിരുകൾ വിരിയിച്ചേക്കും...
അങ്ങനെ,
ഒരു തരിശുപാടം മുഴുവൻ
വീണ്ടുമൊരു വിതയാൽ പച്ചയാക്കാൻപോന്ന
വിത്തുകളേകുംവണ്ണം
കതിരുകൾ നിവർത്തി
അവയെന്റെ മൺമനം നിറക്കും.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

