'മമ്മൂക്കയല്ലാതെ മറ്റൊരാളെ ഇട്ടിക്കോരയായി സങ്കൽപ്പിക്കാനാവില്ല' -ടി.ഡി രാമകൃഷ്ണൻ
text_fieldsഫ്രാന്‍സിസ് ഇട്ടിക്കോരയുമായി മമ്മൂട്ടി
കോഴിക്കോട്: മമ്മൂട്ടിയല്ലാതെ മറ്റൊരാളെ തന്റെ കഥാപാത്രമായ ഇട്ടിക്കോരയായി സങ്കല്‍പ്പിക്കാനാവില്ലെന്ന് എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍. ഫ്രാന്‍സിസ് ഇട്ടിക്കോര സിനിമയാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു നോവലാണെന്നും സിനിമയാവുകയാണെങ്കില്‍ മമ്മൂട്ടിയല്ലാതെ മറ്റൊരാളെ നായകനായി സങ്കല്‍പ്പിക്കാനാവില്ലെന്നും ടി.ഡി രാമകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലായിരുന്നു പരാമർശം. ഇട്ടിക്കോര സിനിമയായാൽ ആര് നായകനായി കണാനാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
"ഇട്ടിക്കോര സിനിമയാക്കാൻ ബുദ്ധിമുട്ടുള്ള സബ്ജക്ടാണ്. ആക്കിയാൽ മമ്മൂട്ടിയല്ലാതെ മറ്റൊരാളെ അതിൽ നായകനായി സങ്കൽപ്പിക്കാനാവില്ല. ഇട്ടിക്കോരയുടെ ആദ്യ വായനക്കാരിൽ ഒരാളാണ് മമ്മൂക്ക. ഇട്ടിക്കോര പ്രസിദ്ധീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം അത് വായിച്ചു. ആ കാലം മുതല്‍ ഞങ്ങള്‍ തമ്മിൽ സൗഹൃദമുണ്ട്. അതാണ് പിന്നീട് ഭ്രമയുഗത്തിൽ ഒന്നിച്ച് വർക്ക് ചെയ്യുന്നതിലേക്ക് എത്തിച്ചത്"- ടി.ഡി രാമകൃഷ്ണന്‍ പറഞ്ഞു.
മമ്മൂട്ടി ഇട്ടിക്കോരയാകണമെന്ന ടി.ഡി രാമകൃഷ്ണന്‍ പറയുന്ന വിഡിയോക്ക് നിരവധിപ്പേരാണ് പ്രതികരണവുമായി എത്തിയത്. ഇട്ടിക്കോര ആയി മമ്മൂട്ടി അഭിനയിക്കുന്നതിനെ അംഗീകരിക്കുന്നുണ്ടെങ്കിലും നോവൽ സിനിമയാക്കേണ്ടതില്ല എന്ന അഭിപ്രായം പങ്കുവെക്കുന്നവരുമുണ്ട്.
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനപകുതിയിലും പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും കുന്നംകുളത്ത് ജീവിച്ചിരുന്ന ഇട്ടിക്കോര ആരായിരുന്നുവെന്ന് അറിയാന്‍ അയാളുടെ അനന്തര തലമുറയില്‍ പെട്ട, മറ്റൊരു ഇട്ടിക്കോര ശ്രമിക്കുന്നതിലൂടെയാണ് നോവല്‍ വികസിക്കുന്നത്. പുരാതന കേരളത്തിലുണ്ടായിരുന്നു എന്ന് കഥയിൽ പറയുന്ന, മന്ത്രവാദവും നരഭോജനവും ഒക്കെ ശീലമാക്കിയ പതിനെട്ടാം കൂറ്റുകാർ എന്ന സാങ്കൽപ്പിക കുടുംബക്കാരുടെ കഥയാണ് നോവലിന്റെ പ്രമേയം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.