പബ്ലിസിറ്റിക്ക് വേണ്ടി എന്തിന് അവർ പുകവലിക്കണം?; അരുന്ധതി റോയിയുടെ 'മദര്‍ മേരി കംസ് ടു മി'ക്ക് എതിരായ ഹരജി തള്ളി സുപ്രീം കോടതി
text_fieldsന്യൂഡൽഹി: അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുസ്തകം നിരോധിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. കവർ പേജിൽ എഴുത്തുകാരി പുകവലിക്കുന്ന ചിത്രം യുവജനങ്ങളെ വഴിതെറ്റിക്കുന്നതും അനാരോഗ്യ പ്രവണതകൾ പ്രോത്സാഹിപ്പിക്കുന്നതും നിയമ വിരുദ്ധവുമാണെന്ന് ആരോപിച്ചായിരുന്നു കേസ്.
ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും ഉൾപ്പെട്ട ബെഞ്ചാണ് ഹരജി തള്ളിയത്. ഈ വിഷയത്തിൽ എ. രാജസിംഹൻ എന്നയാൾ സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഒക്ടോബർ 13- ന് കേരള ഹൈകോടതി തള്ളിയിരുന്നു. തുടർന്ന് ഹൈകോടതി വിധിക്കെതിരെ ഹരജിക്കാരൻ സുപ്രീം കോടതിയില്‍ അപ്പീൽ നല്‍കുകയായിരുന്നു.
2003ലെ സിഗരറ്റുകളുടെയും മറ്റ് പുകയില ഉൽപ്പന്നങ്ങളുടെയും (വ്യാപാരം, വാണിജ്യം, ഉത്പാദനം, വിതരണം തുടങ്ങിയവയുടെ പരസ്യ നിരോധനവും നിയന്ത്രണവും) നിയമത്തിലെ സെക്ഷൻ അഞ്ചിന്റെ ലംഘനമാണ് കവര്‍ ഫോട്ടോയെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം.
എന്നാൽ എഴുത്തുകാരനും പ്രസാധകനുമായ പെൻഗ്വിൻ ഹാമിഷ് ഹാമിൽട്ടൺ നിയമം ലംഘിച്ചിട്ടില്ലെന്ന് ബെഞ്ച് വിലയിരുത്തി. മാത്രമല്ല ഹൈകോടതി ഉത്തരവിൽ ഇടപെടാൻ ഒരു കാരണവും കാണുന്നില്ല എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
'അവർ ഒരു പ്രശസ്ത എഴുത്തുകാരിയാണ്. അത്തരമൊരു കാര്യം അവർ പ്രോത്സാഹിപ്പിച്ചിട്ടില്ല. മാത്രമല്ല പുസ്തകത്തിൽ പുകവലി ചിത്രത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവർ ഒരു പ്രമുഖ വ്യക്തിയുമാണ്. പബ്ലിസിറ്റിക്ക് വേണ്ടി എന്തിനാണ് ഇത്തരമൊരു കാര്യം ചെയ്യുന്നത്? പുസ്തകം അത് എടുത്ത് വായിക്കുന്ന ഒരാൾക്കുള്ളതാണ്' -ചീഫ് ജസ്റ്റിസ് പറഞ്ഞു. പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം ഹരജികൾ ഫയൽ ചെയ്യുന്നതിനെതിരെയും കോടതി ഹർജിക്കാരന് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

