തുടയ്ക്കാതെ മാഞ്ഞ നീർമണി
text_fieldsഓഫീസിൽ തിരക്കിട്ട ജോലികളിലിരിക്കുമ്പോഴാണ് സ്കൂളിൽ നിന്നും ടീച്ചറിന്റെ വിളി വന്നത്. പേരെന്റ്സ് മീറ്റിംഗിന് ആമിയുടെ അമ്മ തന്നെ വരണം മറ്റാരെയും അയച്ചാൽ പോരാ. കാരണം പറയാതെ തന്നെ ഊഹിക്കാം.പന്ത്രണ്ടു വയസ്സിന്റെ പോരായ്മകൾ നേരിട്ട് ബോധ്യപ്പെടുത്തിയതിന്റെ സംതൃപ്തി ടീച്ചർക്കും അനുദിനം താഴ്ന്നു വരുന്ന അക്കാഡമിക് നിലവാരം കണ്ടുള്ള നടുക്കം എനിക്കും നേരിട്ടനുഭവിക്കാം.
മീറ്റിംഗ് കഴിഞ്ഞ് പ്രത്യേകം മാറ്റിനിർത്തി ടീച്ചർ ഓരോന്നായി എണ്ണി പറഞ്ഞു. പഠന വൈകല്യമോ ബുദ്ധി കുറവോ ഇല്ല. മടിയാണ് കാരണം. "എന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്തു.ബാക്കി നിങ്ങൾ തീരുമാനിക്കൂ?...."പറയാതെ പറഞ്ഞ പാരെന്റിഗ് പോരായ്മകൾ.
ഉപദേശിച്ചു... ശാസിച്ചു...ശിക്ഷിച്ചു.....ഇനിയെന്ത്??
നീയതിനെ വല്ല കൗൺസിലിങ്നും കൊണ്ടുപോ!
അതെങ്ങനെയാ കൊച്ചിന്റെ കാര്യം നോക്കാൻ നിനക്കവിടെ സമയം?
അച്ഛന്റെ ശ്രദ്ധ കിട്ടാത്തോണ്ടാ?
അങ്ങനെ പോരായ്മകളെല്ലാതെ തേടിയെടുത്തുന്നൊന്നും പരിഹാരം കിട്ടിയില്ല. ഒടുവിലെ അത്താണി തന്നെ ശരണം.
പ്രാർഥനമുറിയിൽ കയറി.പോരായ്മ തന്നവനോട് പരിഭവം പറയാലോ....ഉള്ളിൽ ഘനീഭവിച്ചു കിടക്കുന്നതൊക്കെയും ഇടറിയ വാക്കുകളിലൂടെയും മിഴികളിൽ നീർമണികളായും പുറത്തുവന്നു. ജീവിതം മധ്യാഹ്നത്തോടടക്കുമ്പോൾ പ്രതീക്ഷിക്കാനിനിയെന്താണെനിക്ക് ബാക്കി അവളുടെ ഭാവിയല്ലാതെ....??
തൊട്ടപ്പുറത്തെ മുറിയിൽ സംസാരം കേട്ടു .കളികൂട്ടുകാരി നീനു വിനോടൊപ്പം തകർക്കുന്നു.പഠനത്തിലെ കുറവ് കളിയിൽ കാണാറില്ല. എപ്പോഴും ഓടണം ചാടണം.
നീനുവിന്റെ ചോദ്യം "എടീ ആമീ വലുതായാൽ നിനക്കാരാവാനാ ഇഷ്ടം??"
``എനിക്കു ഒരു പാട് പഠിച്ചു ദൂരെ ജോലി കിട്ടുന്നിടത്തൊന്നും പോണ്ട. എന്തെങ്കിലും ജോലി ചെയ്തു അമ്മയെ നോക്കണം.വയസ്സായി ആരും നോക്കാനില്ലാത്ത അമ്മമാരെ സംരക്ഷിക്കണം. വിശന്നു വലഞ്ഞവർക്ക് ആഹാരം കൊടുക്കണം. മനസ് വേദനിച്ചിരിക്കുന്നവരോട് നല്ല വാക്ക് പറയണം.ഇതിനൊക്കെ പറ്റുന്നഎന്തെങ്കിലും നല്ല ജോലി ചെയ്യും.".
വാതിലിനിപ്പുറം അമ്മ കേൾ ക്കുന്നുണ്ടെന്നവൾക്കറിയില്ലായിരുന്നു.
"നാഥാ "അറിയാതെ ഉള്ളിൽ നിന്നാ വിളി വിളിയുയർന്നു .
പരാജിതനോടൊപ്പം നടക്കാൻ ഉള്ളിൽ കനൽ പേറുന്നവന് കുളിരാവാൻ വിശക്കുന്നവന് അന്നമാവാൻ തളരുന്നവന് താങ്ങാവാൻ എന്റെ കുഞ്ഞിനെ പഠിപ്പിച്ചതേത് പാഠശാലയാണ്?
ഗർഭപാത്രം മുതൽ ജീവതം പഠിച്ചുതുടങ്ങിയവൾ...... ഉദരത്തിൽകിടന്ന് അമ്മയുടെ കരളിന്റെ നൊമ്പരമൂറ്റിക്കുടിച്ചറിഞ്ഞ വേദന....... .അരവയറിൽ വിറകു കീറിയും വെള്ളം കോരിയും ഊർജ്ജമായതിൻ ബാക്കി അമ്മിഞ്ഞയായ് നുകർന്ന വിശപ്പിന്റെ കാഠിന്യം...
........ രാവേറെചെന്നിട്ടും അടുക്കളയുടെ കലമ്പലിൽ മോചനം കിട്ടാത്ത അമ്മയുടെ വരവുകാത്തുറങ്ങിയ ഒറ്റപ്പെടൽ ....
എളിയിലിരിക്കുന്ന അവളോടൊപ്പം മുടികുത്തിനു പിടിച്ചു തള്ളുമ്പോൾ പഠിച്ച അവഗണനയുടെ പാഠം ...
ഒടുവിൽ പടിയിറക്കപ്പെടുമ്പോൾ ആരും ഇടപെടാനില്ലാത്ത നിസ്സഹായത....
അവിടുന്നു തുടങ്ങിയ അതിജീവന പോരാട്ടത്തിന്റെ കഥ. അതിലൂടെ നേടിയെടുത്ത സ്വന്തം കിടപ്പാടം.
പന്ത്രണ്ടു വർഷത്തെ ജീവിതം തന്നെ സർവകലാശാലയാക്കിയവൾക്ക്.....ആ തിരിച്ചറിവ് നേടിയവൾക്ക് പാഠശാലകളിലെ അറിവ് സ്വായത്തമാക്കാൻ തടസ്സമെന്ത്??
കണ്ണുകൾ മുകളിലേക്കുയർത്തി. "നീയെത്രകാരുണ്യവാൻ "പരിഭവങ്ങളെല്ലാം തിരിച്ചെടുത്തിരിക്കുന്നു. തുടയ്ക്കാതെ കണ്ണുനീർ മായ്ച്ചവനെ നിനക്കു സ്തുതി".
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

