കഥ: പാതാളക്കരണ്ടി
text_fieldsഉച്ചയുറക്കത്തിന്റെ മുഷിച്ചിലിൽനിന്ന് നാലുമണിച്ചായയുടെ ഊഷ്മത്തിലേക്ക് നിവരുമ്പോഴാണ് ആമസോണിന്റെ പൊതി അവരുടെ കണ്ണിൽപ്പെട്ടത്. കൗതുകത്തോടെ അത് കൈsയിലെടുത്ത് തിരിച്ചും മറിച്ചും നോക്കി.
‘അത് നിനക്കുള്ളത് തന്നെയാ’
‘എന്താണിതിൽ?’
അയാൾ പുഞ്ചിരിച്ചു നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. അറുപതുവയസ്സു പിന്നിട്ട് കൺകുഴികളിൽ ആറു വയസ്സുകാരിയുടെ കൗതുകം നിറച്ചുവെച്ച് അവർ ധൃതിയിൽ ആ പൊതിയഴിക്കാൻ തുടങ്ങി.
‘പാതാളക്കരണ്ടി!’
പൊതി തുറന്നതും വിസ്മയത്തോടെ അവൾ മന്ത്രിച്ചു. വിടർന്ന കണ്ണുകളോടെ അത് കൈയിലെടുത്ത് നന്ദിയോടെ അവൾ ഭർത്താവിനെ നോക്കി.
‘ഇത് ഓൺലൈനായി വാങ്ങാൻ കിട്ടുമോ?’ അത്ഭുതം വിട്ടുമാറാതെ അവർ അയാളോടന്വേഷിച്ചു.
‘വെറുതെ ഒന്ന് സെർച് ചെയ്തു നോക്കിയതാ. സൈറ്റിൽ കണ്ടു. ഓർഡർ കൊടുത്തപ്പോ സാധനം സ്റ്റോക്കില്ലെന്നറിയിച്ചു. ബുക്ക് ചെയ്തിട്ടിതിപ്പൊ രണ്ടുമാസമായി ശരിക്കുപറഞ്ഞാ താനന്നിത് വേണമെന്ന് പറഞ്ഞതിന്റെ രണ്ടാം ദിവസം ഓർഡർ കൊടുത്തു. തന്നെ ഒന്നതിശയിപ്പിക്കാൻതന്നെയാ പറയാതിരുന്നത്.’
പെട്ടെന്നയാളിൽ യൗവനത്തിലേതെന്നപോലെ മാസ്മരികമായ സൗന്ദര്യം വന്നുനിറഞ്ഞതായും താൻ കണ്ടിട്ടുള്ളതിൽവെച്ചേറ്റവും സുന്ദരനായ പുരുഷൻ അയാളാണെന്നും അവർക്ക് തോന്നി, അവർ അയാളെ നോക്കി പ്രണയപൂർവം പുഞ്ചിരിച്ചു.
പാതാളക്കരണ്ടിയുടെ ഓരോ കൊളുത്തിലും മുനകളിലും കൗതുകത്തോടെ അവൾ വിരലോടിച്ചു. പാതാളക്കരണ്ടി ഇക്കിളിപൂണ്ടു ചിരിച്ചു. ആ ചിരി കിലുക്കത്തിൽ അവരുടെ ഓർമകളുടെ കെട്ടഴിഞ്ഞുവീണു.
അമ്മയുടെ കഴുത്തിൽനിന്നൂർന്നു വീണൊരു താലിമാല, ആൾമറയിൽനിന്ന് തെന്നിവീണൊരു വെള്ളമുണ്ട്, കപ്പിയിൽനിന്ന് പിടിവിട്ടുപോയൊരു തൊട്ടിയും കയറും, തുരുമ്പെടുത്തൊരു താക്കോൽക്കൂട്ടം, മുത്തുകൾ അടർന്നുപോയ പേരറിയാത്തൊരു പാദസരം, വിസിലൂതാൻ കഴിയാത്തൊരു പെൺപാവ... പാതാളക്കരണ്ടി വലിച്ചിട്ട് തുരുമ്പെടുത്ത ഓർമകൾക്ക് മുന്നിൽ അവൾ നനഞ്ഞൊട്ടി നിന്നു.
‘വിവാഹ വാർഷികത്തിന് എന്തുസമ്മാനം വേണോന്ന് ചോദിച്ചപ്പോ താനിതാണല്ലോ ആവശ്യപ്പെട്ടത്. ആദ്യം അത് തന്റെ സ്ഥിരം ഭ്രാന്തുകളിലൊന്നാണെന്ന് തോന്നിയെങ്കിലും എത്ര ഇരുമ്പുകടകളിൽ ഞാനിതു തെരഞ്ഞുപോയെന്നറിയാമോ? എങ്ങുമില്ല. പാതാളക്കരണ്ടിയൊക്കെ ഇപ്പൊ ആരാ വാങ്ങുന്നത്? കുഴിച്ചുമൂടിയതൊക്കെ ഓർത്തെടുക്കാൻ ആർക്കാ നേരം?’
അവളുടെ കൈയിൽനിന്ന് പാതാളക്കരണ്ടി വാങ്ങി നോക്കിക്കൊണ്ട് അയാൾ തുടർന്നു.
‘എന്നാലും എനിക്ക് മനസ്സിലാകാത്തത് ഉപയോഗമില്ലാതെ കിടക്കണ, കമ്പിവലയിട്ടു അടച്ചുമൂടിയ ആ കിണറിൽ തനിക്കെന്തു തപ്പാനാണ് ഇതെന്നാ?’
അവൾ ഒന്നും മിണ്ടാതെ അയാളിൽനിന്ന് പാതാളക്കരണ്ടി വാങ്ങി പൊതിഞ്ഞുെവച്ചു. പിന്നെ തിരിഞ്ഞ് അയാളെ കെട്ടിപ്പിടിച്ചു നെഞ്ചിൽ തലചായ്ച്ചുനിന്നു.
അത്താഴത്തിന് രണ്ടുപേരും ചേർന്ന് ചപ്പാത്തിയും കിഴങ്ങുകറിയും ഉണ്ടാക്കി. പാചകത്തിനിടയിൽ അയാൾ ഓരോരോ തമാശകൾ പറഞ്ഞ് അവരെ ചിരിപ്പിച്ചുകൊണ്ടേയിരുന്നു. അവർക്കിടയിൽ ഒരു നിമിഷംപോലും ശൂന്യത കടന്നുവരാതിരിക്കാൻ അയാൾ ബോധപൂർവം ശ്രമിച്ചുകൊണ്ടേയിരുന്നു.
എന്നാൽ, കഴിക്കാനിരിക്കുമ്പോൾ അവരുടെ മുഖം പെട്ടെന്ന് വാടുകയും കുനിയുകയും ചെയ്തു. അയാളിലും പെട്ടെന്ന് മൗനം വന്നുനിറഞ്ഞു.
‘അവനെ ഒന്ന് വിളിച്ചുതരാമോ?’
അയാളോട് അവർ ചോദിച്ചു. അയാൾ ഫോണെടുത്തു മകനെ വിളിച്ച് ലൗഡ്സ്പീക്കർ ഓണാക്കി വെച്ചു. നമ്പറിലേക്ക് ഫോൺ കുറെനേരം റിങ്ചെയ്ത ശേഷം നിലച്ചു.
‘അവനെന്തെങ്കിലും തിരക്കിലാവും’, അയാൾ പറഞ്ഞു. ‘ഉം...’ എന്നവർ മൂളുക മാത്രം ചെയ്തു.
അയാൾ വേഗം കഴിച്ചെഴുന്നേറ്റ് പാത്രവുമായി അടുക്കളയിലേക്ക് നടന്നു. പാത്രം കഴുകി വെച്ച് അയാൾ തിരികെ എത്തുമ്പോഴും അവൾ ചപ്പാത്തി കഷണങ്ങൾ കറിയിൽ മുക്കി കുതിർത്തുകൊണ്ടേയിരുന്നു. പെട്ടെന്ന് ഫോൺ കൈയിലെടുത്ത് അയാൾ പറഞ്ഞു.
‘ദേ... അവൻ വീഡിയോ കോളിലുണ്ട്.’
അവൾ മുഖമുയർത്തി ഫോണിലേക്ക് നോക്കി.
‘അമ്മേ... അച്ഛാ.. ഞാൻ ദേ ഇപ്പൊ എത്തിയിട്ടേയുള്ളൂ. ഇന്ന് ഒത്തിരി തിരക്കായിരുന്നു ഓഫിസിൽ. ഇനി കുളിച്ചു റെഡിയായിട്ടു വേണം ഡിന്നർ കഴിക്കാൻ പോകാൻ. കാതറിൻ വെയ്റ്റ്ചെയ്തു നിൽക്കുവാണ്. പോയിട്ട് വരാൻ വൈകിയില്ലേ ഞാൻ അങ്ങോട്ട് വിളിക്കാം. ബൈ.. ബൈ...’
വീഡിയോ നിലച്ചു. ഒരു നെടുവീർപ്പോടെ ചപ്പാത്തി കഴിച്ചെന്നു വരുത്തി അവർ എഴുന്നേറ്റു.
കിടക്കയിൽ അവർക്കു നേരെ ചരിഞ്ഞുകിടന്ന് അയാൾ പറഞ്ഞു. ‘എടോ.. താനിങ്ങനെ വിഷമിക്കാതെ. അവന്റെ ജോലി അത്രയും തിരക്കുള്ളതാണെന്നറിയില്ലേ? പിന്നെ ഒരു വിദേശി പെൺകുട്ടിക്ക് നമ്മുടെ രീതികളൊന്നും വശമില്ലല്ലോ. അവരു സുഖായിട്ട് അവിടെ കഴിയട്ടെടോ. നമുക്കതു പോരെ?’ മതി എന്നവൾ തലയാട്ടി.
‘ഉറങ്ങിക്കോ’ അയാൾ പുതപ്പ് അവരുടെ കഴുത്തോളം നീക്കിയിട്ടുകൊടുത്തു.
നിലാവിന്റെ അരണ്ട വെളിച്ചത്തിൽ ചുമരിൽ തൂക്കിയിരുന്ന മകന്റെ ഫോട്ടോയിലേക്കുനോക്കി അവർ കിടന്നു. ഭർത്താവിന്റെയും അവരുടെയും തോളിൽ ചേർത്തുപിടിച്ചു നടുവിൽ മകൻ ചിരിച്ചുനിൽക്കുന്ന ആ ഫോട്ടോ അവർക്കു ഏറെ പ്രിയമായിരുന്നു. നേർത്തശബ്ദത്തിൽ ഭർത്താവ് കൂർക്കംവലിക്കുന്നത് അവർ കേട്ടു. ഒച്ചയുണ്ടാക്കാതെ അവർ കിടക്കയിലെഴുന്നേറ്റിരുന്നു. പിന്നെ സാവധാനം എഴുന്നേറ്റ് മേശപ്പുറത്തിരുന്ന പൊതിയെടുത്തു.
ഒരു കിലുക്കം കേട്ടാണയാൾ കണ്ണ് തുറന്നത്. ഭാര്യ കിടന്നിരുന്നിടം ശൂന്യമായിരുന്നു. തുറന്നുകിടന്ന വാതിലിലൂടെ അയാൾ ഒച്ചയുണ്ടാക്കാതെ പുറത്തിറങ്ങി. കിണറ്റിൻ കരയിലെ രൂപം ഭാര്യയുടേതാണെന്ന് നിലാവെളിച്ചത്തിൽ അയാൾ തിരിച്ചറിഞ്ഞു. പാതാളക്കരണ്ടി കയറിൽ കെട്ടി അവർ കിണറ്റിലേക്കിറക്കുകയാണ്. വെള്ളത്തിൽ ഇടിച്ചിറക്കി കറക്കുമ്പോൾ എന്തിലോ അത് ഉടക്കി. ശ്രമപ്പെട്ട് അത് വലിച്ചുകയറ്റാൻ അവർ ശ്രമിക്കുന്നതു കണ്ടപ്പോൾ ഓടിപ്പോയി അവരെ സഹായിക്കണമെന്ന് അയാൾക്കുതോന്നിയെങ്കിലും ചെടികൾക്കിടയിൽ മറഞ്ഞു നിന്ന് അവരെ നിരീക്ഷിക്കുക മാത്രമാണയാൾ അപ്പോൾ ചെയ്തത്. ശ്രമപ്പെട്ട് ആൾമറക്കു മുകളിൽ അവർ വലിച്ചുകയറ്റി വെച്ച സാധനം ഒരു ഇടത്തരം ഇരുമ്പുപെട്ടിയാണെന്നയാൾ കണ്ടു.
പെട്ടിയുടെ തുരുമ്പിച്ച ഭാഗത്തെവിടെയോ കൊളുത്തിപിടിച്ചിരുന്ന പാതാളക്കരണ്ടി വിടുവിച്ച് അവർ പെട്ടി താഴേക്കിറക്കി വെച്ചു. കഴുത്തിൽക്കൂടി ചുറ്റിയിട്ടിരുന്ന ടവൽകൊണ്ട് പെട്ടിക്ക് മുകളിലെ മണ്ണും ചളിയും തുടച്ചുമാറ്റി. അകത്തു തങ്ങിനിന്ന ചളിവെള്ളം വാർത്തുകളഞ്ഞു. ചെറിയൊരു പൂട്ടുകൊണ്ടു അത് പൂട്ടിയിരിക്കുന്നത് അയാൾ കണ്ടു. പെട്ടിയുമായി അവൾ തിരിഞ്ഞുനടക്കാൻ തുടങ്ങിയപ്പോൾ അയാൾ വീട്ടിലേക്കു കടന്ന് കിടക്കയിൽ പോയി കണ്ണടച്ച് കിടന്നു. പെട്ടി കട്ടിലിനടിയിൽ കൊണ്ടുവെച്ച് അവർ വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു.
പതിവുള്ള പ്രഭാത നടത്തത്തിന് അയാൾ വിളിച്ചെങ്കിലും അവൾ പോയില്ല. തിരിച്ചെത്തുമ്പോൾ കിണറ്റിൻകരയിലെ അയയിൽ തൂങ്ങിയ പിഞ്ഞിത്തുടങ്ങിയ കുഞ്ഞുടുപ്പുകളും കഴുകിവെച്ച നിറംമങ്ങിയ പാൽക്കുപ്പിയും ദ്രവിച്ചുതുടങ്ങിയ കളിക്കോപ്പുകളും തലേന്ന് കിണറ്റിൽനിന്ന് ഭാര്യ വലിച്ചെടുത്ത പെട്ടിയിലേതാകുമെന്നു അയാൾ ഊഹിച്ചു. ആ കുഞ്ഞുടുപ്പുകളിൽ അയാൾ മൃദുവായി തലോടി. വെള്ളിടി വെട്ടിക്കൊണ്ട് രണ്ടു കരിമേഘപ്പൊട്ടുകൾ പെട്ടെന്നയാളുടെ കാഴ്ചയെ മറച്ചു.
അന്ന് അത്താഴം കഴിക്കാനിരുന്നപ്പോൾ മകനെ വിളിക്കണമോയെന്ന് അയാൾ അവരോടു തിരക്കി. വേണ്ട എന്നവർ തലയാട്ടി. അടുക്കളയിൽ അവർ പാത്രം കഴുകുമ്പോൾ മകൻ വീഡിയോ കോളിൽ ഉണ്ടെന്ന് പറഞ്ഞ് അയാൾ ഫോണുമായി അവരുടെ അടുത്തെത്തി.
‘അമ്മേ... അച്ഛാ... ഞാൻ ദേ ഇപ്പൊ എത്തിയിട്ടേയുള്ളൂ. ഇന്ന് ഒത്തിരി തിരക്കായിരുന്നു ഓഫിസിൽ. ഇനി കുളിച്ചു റെഡിയായിട്ടുവേണം ഡിന്നർ കഴിക്കാൻ പോകാൻ. കാതറിൻ വെയ്റ്റ്ചെയ്തു നിൽക്കുവാണ്. പോയിട്ട് വരാൻ വൈകിയില്ലേ ഞാൻ അങ്ങോട്ട് വിളിക്കാം. ബൈ... ബൈ’
വീഡിയോ കണ്ട് ഒന്നും മിണ്ടാതെ അവർ കിടക്കയിലേക്ക് പോയി. കിടക്കുമ്പോൾ അയാൾ വീണ്ടും അവരോടായി പറഞ്ഞു.
‘അവന് ഒരുപാട് തിരക്കുകളാ; അതാണ്. സുഖായിട്ടിരിക്കുന്നുണ്ടെന്നറിഞ്ഞാൽ മതിയല്ലോ നമുക്ക്. ‘അതെ’ എന്നവൾ തലകുലുക്കി.
രാത്രി ഏറെ വൈകിയപ്പോൾ തലേന്ന് രാത്രി കേട്ടതുപോലെ എന്തോ ഒരു കിലുക്കം വീണ്ടും കേട്ടതുപോലെ അയാൾക്ക് തോന്നി. ഭാര്യ അടുത്ത് ഉറങ്ങുന്നുണ്ടായിരുന്നു. അയാൾ സാവധാനം എഴുന്നേറ്റിരുന്നു. മേശപ്പുറത്തിരുന്ന പാതാളക്കരണ്ടിയുടെ പൊതി അവിടെതന്നെയുണ്ട്. അയാൾ എഴുന്നേറ്റ് സാവധാനം ആ പൊതിയെടുത്ത് പുറത്തേക്കു നടന്നു. കിണറ്റിൻ കരയിലെത്തി പാതാളക്കരണ്ടി കയറിൽ കെട്ടി കിണറ്റിലേക്കിട്ട് വെള്ളത്തിൽ ഇടിച്ചുകറക്കി. വലിയകിലുക്കത്തോടെ അതെന്തിലോ ഉടക്കി. അയാൾ ശ്രദ്ധാപൂർവം അത് വലിച്ചു കരക്കെത്തിച്ചു. അത് മറ്റൊരു പാതാളക്കരണ്ടിയായിരുന്നു! അത് തുരുമ്പെടുത്തു തുടങ്ങിയിരുന്നു. പാതാളക്കരണ്ടി ശ്രദ്ധാപൂർവം തുടച്ചു വൃത്തിയാക്കിയ ശേഷം അയാൾ അതുമായി മുറിയിലെത്തി. പുതിയ പാതാളക്കരണ്ടി പൊതിഞ്ഞ് മേശപ്പുറത്തു വെച്ചു.
കിണറ്റിൽനിന്ന് കിട്ടിയ പാതാളക്കരണ്ടി മറ്റൊരു സഞ്ചിയിൽ ഭദ്രമായി പൊതിഞ്ഞ് അലമാരയിൽ അയാൾക്ക് മാത്രം അറിയാവുന്ന രഹസ്യ അറയിൽ മകന്റെ സെൽഫോൺ നിശ്ശബ്ദമാക്കി സൂക്ഷിച്ചിരുന്നതിന് തൊട്ടരികിലായി വെച്ചുപൂട്ടി. പിന്നെ സാവധാനം നടന്ന് കിടക്കയിൽ കയറി ഭാര്യയോട് ചേർന്നുകിടന്നു. മകനപ്പോൾ ചുമരിലെ ചിത്രത്തിൽ നിന്നിറങ്ങി തങ്ങൾക്കു നടുവിൽ പറ്റിച്ചേരുമ്പോലെ അയാൾക്ക് തോന്നി. അയാൾക്ക് കരച്ചിൽ വന്നു. പെട്ടെന്ന് ഭാര്യ അയാൾക്കു നേരെ തിരിഞ്ഞുകിടന്ന് അയാളുടെ നെഞ്ചിലേക്ക് തല ചേർത്തു. അയാൾ അവരെ ചേർത്തുപിടിച്ച് മുടിയിഴകളിൽ തഴുകിക്കൊണ്ട് കണ്ണടച്ചുകിടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

