Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഒച്ച

ഒച്ച

text_fields
bookmark_border
ഒച്ച
cancel

റ്റവുമധികം പേടിക്കുന്നതെന്തിനെയെന്ന കൂട്ടുകാരി ആഷിഫയുടെ ചോദ്യത്തിന് അന്നയുടെ ഉത്തരം 'ഒച്ച' എന്നായിരുന്നു. എന്തൊച്ച എന്ന് ആഷിഫ പുരികം ചുളിച്ചപ്പോൾ ഇടിവെട്ടുന്ന ഒച്ച എന്ന് അന്ന. അതിന് ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ് ചൊല്ലിയാപ്പോരേ എന്നായി ആഷിഫ. എന്റെ കർത്താവേ ഇതെന്തോന്നാ എന്ന് അന്ന കണ്ണുമിഴിച്ചപ്പോൾ കൂട്ടുകാരിയത് കടലാസിൽ എഴുതിക്കൊടുത്തു. സാമൂഹ്യ ശാസ്ത്രത്തിന്റെ മാഷ് ചോദ്യം ചോദിക്കുമ്പോഴൊക്കെ ഉത്തരം പറഞ്ഞുകൊടുത്ത് അന്ന ആഷിഫയുടെ പേടിയും മാറ്റിയെടുത്തു.

പ്രാർഥന കൊണ്ടും രക്ഷയില്ലാത്ത ഒരൊച്ച അന്നയെ ഭയപ്പെടുത്തിത്തുടങ്ങിയത് കൗമാരകാലത്തെന്നോ ആണ്. എല്ലാ വാഹനങ്ങളും വഴിമാറിക്കൊടുത്ത് കടത്തിവിടുന്ന ലൈറ്റ് കത്തിച്ച് കരഞ്ഞോടുന്ന വെളുത്ത വണ്ടിയിൽ, ആശുപത്രിയിലെത്തിച്ചില്ലെങ്കിൽ മരിച്ചു പോകാവുന്ന രോഗിയുണ്ടെന്നറിഞ്ഞശേഷമായിരുന്നു അത്. ആശുപത്രിയിലെത്തിച്ചാൽ അയാൾ മരിക്കില്ലല്ലേ എന്ന ചോദ്യത്തിന് വ്യക്തമായൊരുത്തരം ലഭിച്ചതുമില്ല. അപ്പച്ചൻ അവസാനമായി വീട്ടിലെത്തിയത് ഒച്ചയില്ലാത്ത അതേ വണ്ടിയിലായിരുന്നിട്ടും, നിശ്ശബ്​ദതയെക്കാൾ സാധ്യത നിലവിളിക്കുണ്ടെന്നവൾ കരുതിയില്ല.

ജീവിതസൗകര്യങ്ങൾക്ക് മുൻതൂക്കം കൊടുത്ത ഭർത്താവ് ദേശീയ പാതക്കരികിൽ വീടു ​െവച്ചപ്പോൾ അന്നയുടെ സകല സ്വസ്ഥതയും തകർത്തത് അതേ ഒച്ച തന്നെയായിരുന്നു. ദിവസേന എട്ടോ പത്തോ തവണ അവളെ അർധബോധാവസ്ഥയിലെത്തിച്ച് നിലവിളി ശബ്​ദം കടന്നുപോയിക്കൊണ്ടിരുന്നു. ഉറക്കത്തിനിടയിൽ എഴുന്നേറ്റിരുന്ന് അറിയാത്ത രോഗിക്കുവേണ്ടി പ്രാർഥിക്കുന്ന അന്ന, ശാന്തമായി കിടന്നുറങ്ങുന്ന ഭർത്താവിനെയും മകളെയും ഈർഷ്യയോടെയും അൽപം അസൂയയോടെയും നോക്കി.

ഭയപ്പെടുത്തുന്ന ഒച്ചക്ക്​ പതിയെപ്പതിയെ തീവ്രത കുറഞ്ഞുവരുന്നതായും അത് മറ്റു ശബ്​ദങ്ങളോട് ലയിച്ചു ചേരുന്നതായും അന്നക്ക്​ തോന്നിത്തുടങ്ങി. പാൽ തിളച്ചുതൂവാതെ, ദോശ കരിയാതെ ദിവസങ്ങൾ സാധാരണ മട്ടിലേക്ക് തിരിച്ചുവന്നു.

അന്നയുടെ പേർഷ്യൻ പൂച്ചക്കുഞ്ഞുങ്ങളെ ഞെട്ടിച്ചും കരയിപ്പിച്ചും പൊടുന്നനെ ആ ഒച്ച തിരിച്ചുവരുകയായിരുന്നു. ലോക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ ഭർത്താവാണ് അന്നക്കൊരു പെൺപൂച്ചയെ വാങ്ങിക്കൊടുത്തത്. പേർഷ്യൻ കാറ്റ് ഡോൾഫേസ് ഇനത്തിൽപെട്ട പൂച്ചക്ക്​ ബെല്ലയെന്ന പേരുകൊടുത്തത് ടീനേജ്കാരി മകളും. ജനലിലൂടെ കാടനെ ഒളിഞ്ഞു നോക്കുന്ന ബെല്ലയെ 'പിഴച്ചു'പോകാതെ സംരക്ഷിച്ച് അവൾക്ക് ചേരുന്ന ഒരുവനുമായി ഇണചേർത്ത് ഉണ്ടാക്കിയെടുത്തതാണ് മൂന്നു സുന്ദരിക്കുഞ്ഞുങ്ങളെ. പെണ്ണുങ്ങളായതുകൊണ്ട് ഒന്നിന് പതിനായിരത്തിൽ കുറയാതെ കിട്ടും. അഞ്ചോ പത്തോ മിനിറ്റിന്റെ വ്യത്യാസത്തിൽ നിലവിളിച്ചുകൊണ്ടോടുന്ന വണ്ടിയെ അന്ന മനസ്സറിഞ്ഞ് പ്രാകി. പൂച്ചക്കുഞ്ഞുങ്ങൾ ഭയന്ന് ഹൃദയാഘാതത്താൽ മരിച്ചുപോകുമോയെന്ന് ആകുലപ്പെട്ട് അവൾ വീട്ടിനുള്ളിൽ ഉഴറിനടന്നു.

നിലവിളി ശബ്​ദത്തെ തന്നെക്കൂടാതെ മറ്റൊരാൾ പ്രാകുന്നതുകേട്ടാണ് അന്ന മകളുടെ മുറിയിലെത്തിയത്. ഓൺലൈൻ കവിതാലാപന മത്സരത്തിനായി കവിത റെക്കോഡ് ചെയ്യുന്നത് തടസ്സപ്പെട്ട് തലക്ക്​ കൈ കൊടുത്ത് മകളിരിക്കുന്നു. കഷ്​ടപ്പെട്ട് ചൊല്ലിയ വരി മുറിച്ച് ഒച്ച കടന്നുപോയതുകാരണം രണ്ടാമത് ചൊല്ലണമല്ലോയെന്ന സങ്കടം കേട്ടപ്പോൾ ഏതു വരിയെന്നറിയാൻ അന്ന കവിതയിലേക്ക് പാളിനോക്കി. ചക്ഷു ശ്രവണ ഗളസ്ഥമാം ദർദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ, കാലാഹിനാ പരിഗ്രസ്തമാം ലോകവും ആലോല ചേതസ്സാ ഭോഗങ്ങൾ തേടുന്നു എന്ന് ഉച്ചാരണ ശുദ്ധിയോടെ ചൊല്ലി മകളെ നോക്കി. നിന്റെ പ്രായത്തിൽ തന്നാ ഞാനും ഇത് പഠിച്ചതെന്ന് ഗമയിൽ പറഞ്ഞപ്പോൾ എന്നാലതിന്റെ അർഥം കൂടൊന്നു പറഞ്ഞുതാ എന്നായി മകൾ. കവിതയങ്ങനെ ഓരോ വരീടേം അർഥം കീറി മുറിക്കാനൊന്നും നിക്കണ്ട, മൊത്തത്തിലുള്ള ഒരാശയം മനസ്സിലാക്കിയാ മതിയെന്ന് അന്ന തടി രക്ഷപ്പെടുത്തി. അടുത്ത നിലവിളിക്കു മുമ്പ്​ കവിത റെക്കോഡ് ചെയ്യാനായി മകളും ഡോൾഫെയ്സ് കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണം സെർച്ച് ചെയ്യാനായി അന്നയും ഫോണിനുമുന്നിൽ ഇരിപ്പായതോടെ എഴുത്തച്ഛന്റെ വരികൾ അട്ടം നോക്കി ഒച്ചയില്ലാതെ ചിരിച്ചു.

കവിത റെക്കോഡിങ്ങിനായി മുകൾനിലയിലെ റൂമിൽ അടച്ചിരുന്നവൾ എന്തിനാണ് കോണിപ്പടിയിലൂടെ ഓടിയിറങ്ങിയതെന്ന് അന്നക്കറിയില്ല. ശബ്ദം കേട്ടവൾ ഓടി വന്നപ്പോഴേക്ക് മകൾ തലയുംകുത്തി താഴെ വീണിട്ടുണ്ട്. വണ്ടി വിളിച്ച് ആശുപത്രിയിലെത്തിച്ചപ്പോൾ അധികസൗകര്യങ്ങളുള്ള മറ്റൊരിടത്തേക്ക് പറഞ്ഞയക്കുകയാണുണ്ടായത്. വെള്ള വണ്ടിയിൽ മകളോടൊപ്പമിരി​െക്ക അതിന് ആവശ്യത്തിന് വേഗതയില്ലെന്ന് അന്നയ്ക്ക് തോന്നി. വേഗം വേഗം വേഗം എന്ന് അവളുടെ മനസ്സിനൊത്ത് വണ്ടിയും നിലവിളിച്ചുകൊണ്ടിരുന്നു.

(ചിത്രീകരണം:റിഞ്ജു വെള്ളില)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam storyochapriya sunil
News Summary - story ocha by priya sunil
Next Story