ലോട്ടറി
text_fieldsപ്രവാസി മലയാളികളുടെ രചനകൾ (ലേഖനം, അനുഭവക്കുറിപ്പുകൾ, കവിത, ചെറുകഥ, വരകൾ, യാത്രാവിവരണം തുടങ്ങിയവ) പ്രസിദ്ധീകരിക്കുന്നതിനുള്ള ഇടമാണ് ആർട്സ് ക്ലബ്. രചനകൾ അയക്കേണ്ട വിലാസം: kuwait@gulfmadhyamam.net
ഗ്രാമത്തിലെ കനോലി കനാലിന്റെ കടവും കടന്ന് വരുന്ന ഓരോരുത്തരെയും ചായക്കടയിൽ ചൂടൻ പാലൊഴിച്ച് ചില്ലു ഗ്ലാസിൽ നീട്ടിയാറ്റി ചായയടിക്കുമ്പോഴും ബാലേട്ടൻ കണ്ണുകൾ നീട്ടിയെറിഞ്ഞ് തിരഞ്ഞുകൊണ്ടിരുന്നു. ചായക്കടയിൽ ഇരിക്കുന്ന ആർക്കും ആ നോട്ടത്തിന്റെ അർഥമറിയാം. ലോട്ടറി ടിക്കറ്റ് വാങ്ങിക്കാൻ ഏല്പിക്കപ്പെട്ട ആരെയെങ്കിലും തിരഞ്ഞുള്ള നോട്ടമാണ് അത്.
ചായ വാങ്ങി ബെഞ്ചിൽ വെച്ച് തിരിച്ചുനടന്ന മകൾ സുധ ബാലേട്ടനോട് പറയും;
'അച്ഛാ ഇതൊന്നു നിറുത്തരുതോ? ഈ മുടിഞ്ഞ ലോട്ടറി എടുപ്പ്..'
ചായക്കടയുടെ വടക്കിനിയിൽ പാത്രമുരച്ചു കഴുകുന്ന ബാലേട്ടന്റെ ഭാര്യ ജാനകിയേടത്തി പാത്രത്തിൽ തട്ടി ശബ്ദമുണ്ടാക്കി തന്റെ പ്രതിഷേധവും, അസ്വാരസ്യവും നനുത്ത പടക്കം പോലെ അറച്ചറച്ചു പൊട്ടിമുരണ്ട് ഏതോ ഭാഷയിലെന്നോണം അറിയിക്കും. അവരുടെ ശബ്ദം പുറത്തേക്ക് ഏറെയും തള്ളിവരാതെ നോക്കാൻ ശ്വാസംമുട്ടും വലിവും വേണ്ടവിധം ശ്രമിച്ചുകൊണ്ടിരിക്കും.
പിറ്റേന്നും വെളുപ്പാൻകാലത്ത് കടവിൽ അക്കരക്ക് തോണി കയറുന്ന അന്ത്രുമാനെയും വിലാസിനിയെയും നീലാണ്ടനെയുമെല്ലാം വിളിച്ച് ബാലേട്ടൻ ഒരു തുക കൊടുത്ത് പറയും.
'അന്ത്രുമാനേ.. നീ തിരോന്തൊരത്തേക്കല്ലേ, പപ്പനാഭന്റെ മണ്ണാ ഒരു ലോട്ടറി എടുത്തോണേ.."
"വിലാസിനീ, ഗുരുവായൂരപ്പന്റെ കടാക്ഷം ഉള്ള സ്ഥലാ.. കിഴക്കേ നടേന്ന് തന്നെ എടുക്കണേ..."
"നീലാണ്ടാ, മമ്പറത്ത് തങ്ങളെ ജാറത്തിന്റെ മുമ്പിലെ പെട്ടിക്കടേന്ന് ഒന്ന് എടുത്തേക്കണേ..."
ആ കരക്കാർക്ക് ഒരിക്കലും മറക്കാനാവാത്ത നിഷ്കളങ്കനായ ഒരു പച്ച മനുഷ്യനായിരുന്നു ബാലേട്ടൻ. ഒരാളെയും ഉപദ്രവിക്കാനോ തന്റെ ചായക്കടയിൽ പരദൂഷണം പ്രചരിക്കുന്നത് പ്രോത്സാഹിപ്പിക്കാനോ തയാറല്ലാതെ ദിനപത്രങ്ങളുടെ ലോട്ടറി കോളങ്ങളിൽ കണ്ണുകൾ വലിച്ചിഴഞ്ഞ് പിടഞ്ഞുതീർന്ന ഒരാത്മാവ്, അതായിരിക്കും ബാലേട്ടൻ.
കാലം ഒരുപാട് കടന്നു പോയി, നര വീണു തുടങ്ങിയ മുടി മാടിയൊതുക്കി ചുവന്ന െഫ്രയിമിലെ കണ്ണട മൂക്കിനുമുകളിൽ ഉറപ്പിച്ച് സുധേച്ചി കാരുണ്യ ലോട്ടറി എടുക്കാൻ കാഷ് കൗണ്ടറിൽനിന്ന് പതിവായി ഇറങ്ങി വന്നു.
സൈക്കിളുകാരന്റെ പലക ബോർഡിൽ നിരത്തിയ ലോട്ടറി വർണങ്ങളിലേക്ക് കൈ ഓടിച്ചു.
അപ്പോഴൊക്കെ 'ഹോട്ടൽ ബാലേട്ടൻ' എന്ന ബോർഡെഴുതിയ കടയിലെ ചുമരിലിരുന്ന് ബാലേട്ടൻ നിഷ്കളങ്കമായി ചിരിക്കും.
ദൈന്യതനിറഞ്ഞ മുഖവുമായി ചുമരിലിരുന്ന് ജാനകിയേടത്തി കൂടി ചിരിക്കാൻ മറക്കുന്നത് കാണുമ്പോൾ സുധേച്ചി കൈകൾ പിൻവലിച്ചു ഹോട്ടലിലേക്ക് തിരിച്ചുനടക്കും.