Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഎന്‍റെ സ്വന്തം മുല്ല

എന്‍റെ സ്വന്തം മുല്ല

text_fields
bookmark_border
എന്‍റെ സ്വന്തം മുല്ല
cancel

അവളുടെ ഓർമയ്ക്കായി മുറ്റത്തെ ഉമ്മറപ്പടിയോട് ചേർന്ന് ഞാനൊരു മുല്ലവള്ളി നട്ടിരുന്നു. രാവിലെയും വൈകുന്നേരവും അവളുടെ ദാഹത്തിനനുസരിച്ച് ആവശ്യത്തിന് വെള്ളമൊഴിച്ചു കൊടുക്കും. സായാഹ്നങ്ങളിലെ ഒഴിവു വേളകളിൽ ഉമ്മറപ്പടിയിലെ ചാരുകസേരയിലിരുന്ന് അവളുടെ വളർച്ചയും പച്ചപ്പും ആവോളം ആസ്വദിച്ചുപോന്നു. അവളുടെ വളർച്ചയ്‌ക്കനുസരിച്ച് വീട്ടിൽ നിന്നിറങ്ങുമ്പോഴും തിരിച്ചു വരുമ്പോഴും അവളെന്നെത്തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. പതിയെപ്പതിയെ എെൻറ ശ്രദ്ധ മുഴുവൻ അവളിലേക്കൊഴുകാൻ തുടങ്ങി.

വർഷവും വസന്തവും വേനലും വെയിലും ആവോളം നുകർന്ന്, കാലത്തോടൊപ്പം എെൻറ ആയുസ്സ് കുറയുന്നതിനനുസരിച്ച് എന്നോടുള്ള വാശിയെന്നോണം എനിക്ക് ചുറ്റും അവൾ ചില്ലകൾ പടർത്താൻ തുടങ്ങി. ‘ഞാനും വലിയൊരാളാവാൻ പോവുന്നു’ എന്ന് എന്നെ അറിയിക്കാനായിരിക്കും ചില്ലകളിൽ അങ്ങിങ്ങായി അവളുടെ മൊട്ടുകൾ അതിരാവിലെ തന്നെ എന്നെ നോക്കി പുഞ്ചിരി തൂകിത്തുടങ്ങിയത്. ‘നീ വെറുമൊരു വള്ളി മാത്രമാണെന്നും അങ്ങനെ എന്നെ മയക്കാൻ ശ്രമിക്കേണ്ടതില്ലെന്നും’ എന്നോട് തന്നെ വീണ്ടും വീണ്ടും ഓർമിപ്പിച്ച് ഞാനും അവളെ നോക്കി പുഞ്ചിരിക്കും. എത്ര തിരക്കാണെങ്കിലും നിത്യവും രാവിലെയും വൈകുന്നേരവും അവളുടെ ദാഹം തീർക്കാൻ ഞാൻ മറന്നിരുന്നില്ല. അതിനുള്ള നന്ദി അവളും കാണിക്കുമെന്ന് ഞാൻ ഉറച്ചുവിശ്വസിച്ചു.

എെൻറ വിശ്വാസം ശരിവെച്ച് കാലക്രമേണ പടർന്നു പന്തലിച്ച ശാഖകളിലെല്ലാം നിറയെ മൊട്ടുകളും പൂക്കളും നിറഞ്ഞു. സൗന്ദര്യത്തോടൊപ്പം അതിരാവിലെ മുതൽ ചുറ്റും സുഗന്ധവും പരക്കാൻ തുടങ്ങി. ആവശ്യത്തിലധികം പൂക്കളും സുഗന്ധവും നിറച്ച് അവളെന്നെ വീർപ്പുമുട്ടിക്കൽ പതിവാക്കി. വർഷങ്ങൾ കടന്നുപോയി…

ഉമ്മറപ്പടിയിലെ സായാഹ്നങ്ങളോടൊപ്പം മധ്യവയസ്സും കടന്ന് ശരീരം അതിെൻറ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിരിക്കുന്നു. തലയിൽ അങ്ങിങ്ങായി വെളുത്ത മുടികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. എെൻറ മുല്ലയാകട്ടെ, അവളുടെ യുവത്വത്തിെൻറ ചോരത്തിളപ്പിലും. അതിെൻറ അഹങ്കാരമായിരിക്കും ഈയിടെയായി അവൾ കാണിച്ചുതുടങ്ങിയിരിക്കുന്നത്.

നിറയെ പൂക്കൾ…

ചുറ്റും പരക്കുന്ന സുഗന്ധം…

ഉമ്മറപ്പടിയിലെ ചാരുകസേരയിലിരുന്ന് എെൻറ കണ്ണുകളടയുന്നത് അവൾ ശ്രദ്ധിച്ചു കാണില്ല. ‘എെൻറ കണ്ണുകളടഞ്ഞാലും അവൾക്ക് വെള്ളവും വളവും നൽകാൻ മറക്കരുത്‘ എന്ന് എെൻറ കുട്ടികളോടും പൂ പറിക്കാൻ വരുന്ന അയൽപക്കത്തെ കുട്ടികളോടും എപ്പോഴും ഞാൻ ഉപദേശിക്കാറുണ്ടായിരുന്നു. എെൻറ മുല്ലയെ നോവിക്കരുത്, ഒരിക്കലും വള്ളിയിൽ നിന്നും മൊട്ടുകളും പൂക്കളും പറിക്കരുത്, നിലത്തുവീണ പൂക്കൾ മാത്രം പെറുക്കുക, അവളുടെ സൗന്ദര്യവും സുഗന്ധവും ആവോളം ആസ്വദിക്കുക…

‘മണ്ണിട്ടു മൂടിയ എെൻറ മോഹങ്ങൾക്ക് മീതെ, നനഞ്ഞ പച്ചമണ്ണിൽ എെൻറ മുല്ലവള്ളിയുടെ ജീവനുള്ള ഒരു ശാഖ നിങ്ങൾ നടണം’ എന്ന് ഈയിടെയാണ് മക്കളോട് ഞാൻ വസിയ്യത്ത് ചെയ്തത്. അവൾ എെൻറ ഹൃദയത്തിലേക്ക് വേരുകളിറക്കും; എെൻറ നനവിൽ ചവിട്ടി അവൾ പടർന്നു പന്തലിക്കും. ഓരോ വസന്തവും എനിക്കായി പൂക്കുമെന്നും ചുറ്റും സുഗന്ധം പരത്തുമെന്നും എനിക്ക് ഉറപ്പുണ്ട്. ജീവനിലും ആത്മാവിലും നിഴലായി, ഒന്നായി അവളെന്നും കൂടെയുണ്ടാവുമെന്ന പ്രതീക്ഷയോടെ…

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:storyliteraturesaudiarabia
News Summary - story
Next Story