Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകൂടണയാത്ത കിളി

കൂടണയാത്ത കിളി

text_fields
bookmark_border
കൂടണയാത്ത കിളി
cancel

വീടിന്റെ വരം പോലെനിന്ന ഒരു മാവിൽ, സ്രഷ്ടാവിന്റെ ഗൂഢമായ താൽപര്യത്തെ സാധൂകരിക്കാനെന്നവണ്ണം ഏതാനും പക്ഷികൾ കുടിപാർത്തിരുന്നു. തേന്മാവിലൂടെ ഊർന്നിറങ്ങുന്ന ആ തേൻ നുകരാൻ ഏത് പക്ഷിയാണ് ആഗ്രഹിക്കാത്തത്. ഇന്നലെകളുടെ യാമങ്ങളിൽ അവൻ പിന്നേയും ആ കിളി കരയുന്നത് കേട്ടു. ഇപ്പോഴുമുണ്ട്... അതിന് എന്തുപറ്റിയോ ആവോ!..

‘അമ്മേ... ഇന്നലെ മുഴുവൻ ആ കിളി കരയുകയായിരുന്നു. അതിനെന്തോ പറ്റിയിട്ടുണ്ട് ’. അവൻ ഓടിവന്ന് അമ്മയോട് പറഞ്ഞു.

‘അതിന് വിശന്നിട്ടാവും’. അമ്മ പറഞ്ഞു.

‘അതെങ്ങനെ ശരിയാവും, മാവിൽ മാങ്ങയുണ്ടല്ലോ...’ അവൻ പറഞ്ഞു.

‘എന്നാലെനിക്കറിയില്ല. നീതന്നെ ചെന്ന് ചോദിക്ക്’. അമ്മ പറഞ്ഞു.

അവൻ മുറ്റത്തേക്കോടി. തേന്മാവിനടിയിൽ വീണുടഞ്ഞ പഴങ്ങൾ ഏതല്ലാമോ ഓർമകളുടെ ഗന്ധം പുറപ്പെടുവിക്കുന്നുണ്ട്. അബദ്ധത്തിൽ കൈതട്ടിയ മുരിങ്ങമരം ഇന്നലെ പെയ്ത മഴയുടെ അവശേഷിപ്പുകൾ നനഞ്ഞ ചിറകുകൊണ്ട് കുടഞ്ഞിട്ടു.

‘കിളിയേ...എന്തിനാ ഇന്നലെ കരഞ്ഞത്?’ അവൻ ചോദിച്ചു.

കിയോ...കിയോ...കിയോ യോ യോ....

‘അപ്പൂ... ഇങ്ങോട്ട് വാ...’ ഇറങ്ങിവരാൻ പല മഴകൾക്കും കൂടൊഴിഞ്ഞു കൊടുത്ത ആകാശത്തെ നോക്കി അമ്മ പറഞ്ഞു.

‘അപ്പൂ...ഞാനിന്ന് ബാങ്ക് വരെ പോകുകയാണ്. ഞാൻ വരുന്നതുവരെ ഇവിടെ അടങ്ങിയിരിക്കണം’. അമ്മ പറഞ്ഞു.

‘നീ അനുവിനെ പോയി ഉണർത്ത്’.

അനുവാണ് വീട്ടിലെ മൂത്തകുട്ടി. അപ്പു ഇളയതും. ഇന്നലെ സ്കൂൾ ടൂർ കഴിഞ്ഞ് വന്നപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. അതിന്റെ ക്ഷീണത്തിൽ വന്ന് ഉറങ്ങിയതാണ്, നേരം എട്ടായിട്ടും അവൾ എണീറ്റിട്ടില്ല.

‘ചേച്ചീ...ചേച്ചീ... എണീക്ക്. അമ്മ വിളിക്കുന്നു.’ വിളിക്കുക എന്ന കർത്തവ്യം നിറവേറ്റി അവൻ അമ്മയുടെ അടുത്തുചെന്നു.

‘അമ്മേ... കിളിയുടെ തൊണ്ടയിൽ എന്തോ കുരുങ്ങിയിട്ടുണ്ട്.’ അപ്പു പറഞ്ഞു.

‘അതെങ്ങനെ അപ്പൂനറിയാം.’ അമ്മ ചോദിച്ചു.

‘കിളിയോട് ഞാൻ എന്തുപറ്റീന്ന് ചോദിച്ചപ്പോൾ അത് കിയോ കിയോന്ന് മാത്രേ പറഞ്ഞൊള്ളൂ.’ അപ്പു പറഞ്ഞു. അമ്മ ചിരിച്ചു.

ഹാവ്... ഉറക്കച്ചടവോടെ എണീറ്റുവന്ന അനുവിനോട് അമ്മ പറഞ്ഞു: ‘ഞാനിന്ന് ബാങ്ക് വരെ പോവാണ്. ഞാൻ വരുന്നതുവരെ ഇവനെ നോക്കൊണ്ടു. പിന്നെ മഴക്കാലാണ്, പുറത്തിറങ്ങണ്ട.’ എന്ന താക്കീതോടുകൂടി അമ്മ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി.

‘അമ്മ വരുമ്പോൾ തേൻമുട്ടായി കൊണ്ടുവരൊണ്ടു.’ അപ്പു ഉള്ളിൽനിന്നും വിളിച്ചുപറഞ്ഞു.

കൂടുവിട്ട് പറന്നകലുന്ന അമ്മക്കിളിയെ അപ്പു ജനലിലൂടെ നോക്കിക്കണ്ടു. എന്തോ ഒരു വിഷാദത്തിൽ അവ കരയുന്നുണ്ട്. അവർക്കൊപ്പം അവനും കരയണമെന്ന് തോന്നി.

അച്ഛൻ അയച്ച പണമെടുക്കാനാണ് അമ്മ പോയിട്ടുള്ളത്. അച്ഛന് വിദേശത്ത് വലിയ ഹോട്ടലിലാണ് ജോലിയെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. രണ്ടുവർഷം കൂടുമ്പോഴേ അച്ഛൻ വരാറൊള്ളൂ. അച്ഛനയച്ച പണം വാങ്ങിവരുമ്പോൾ അമ്മ വലുതായിട്ട് എന്തെങ്കിലും കൊണ്ടുവരാറുണ്ട്.

അനു വീട്ടിലെ പണികളെല്ലാം ചെയ്തുകൊണ്ടിരിക്കയാണ്, ചേച്ചി കാണാതെ അപ്പു മുറ്റത്തേക്കിറങ്ങിയത്. ചുറ്റും നട്ടുവളർന്ന മരങ്ങൾ വീട് ഒരു കോട്ടക്കുള്ളിൽ നിൽക്കുന്ന കൊട്ടാരമാണെന്ന് തോന്നിച്ചു. അവൻ കരഞ്ഞുകൊണ്ടിരിക്കുന്ന പക്ഷിക്കുഞ്ഞുങ്ങളെ നോക്കി. പെട്ടെന്നു പൊട്ടിയ വയറുപോലെ ഒരു കുട കുഞ്ഞുതുള്ളികൾക്ക് ആകാശം ജന്മമിട്ടു.

‘അപ്പൂ... ഇങ്ങോട്ട് വാ... ’അനു വിളിച്ചു.

നനഞ്ഞ തലയുമായി കയറിച്ചെന്ന അവനെ ചേച്ചി സ്വീകരിച്ചത് ഒരു പിടി നുള്ള് കൊണ്ടായിരുന്നു.

സമയം സന്ധ്യയാവാറായി. ബാങ്കിൽ പോയ അമ്മ ഇപ്പോഴും വരാത്തതിന്റെ അങ്കലാപ്പിലാണ് അനു. അമ്മക്കിളി കൂടണയാത്തതിന്റെ നോവിലാണ് അപ്പു. നേരം ഇരുട്ടിത്തുടങ്ങിയിട്ടും അമ്മ വരുന്നതിന്റെ അടയാളങ്ങളില്ല. മഴ എന്തോ മുൻ വൈരാഗ്യമുള്ള മട്ടിൽ ഇപ്പോഴും തിമിർത്ത് പെയ്യുകയാണ്. ഭക്ഷണം കൊടുത്ത് അനു അപ്പുവിനെ ഉറക്കാൻ കിടത്തി. കിടക്കുമ്പോഴും ഇരമ്പിവന്ന മഴകൾക്കിടയിൽ കുടചൂടി വന്ന കുഞ്ഞിക്കിളിയുടെ ശബ്ദം അവന്റെ കാതിനെ അസ്വസ്ഥമാക്കി. അമ്മക്കിളി ഇപ്പോഴും എത്തിയിട്ടില്ല.

കാത്തിരിപ്പിന്റെ മുഷിപ്പിലും അമ്മക്കൊന്നും സംഭവിക്കരുതേ എന്നായിരുന്നു അവളുടെ പ്രാർഥന. അപ്പു ഉറങ്ങിയിട്ടുണ്ട്. അവൾ വാതിൽപടിയിൽ തലചായ്ച്ച് കിടന്നു.

‘ഞാൻ വരുന്നതുവരെ ഇവനെ നോക്കൊണ്ടു.’ അമ്മയുടെ ഈ വാക്കുകൾ ചെവിയിൽ മുഴങ്ങിക്കേൾക്കാം. ജീവിതകാലം മുഴുവൻ നോക്കാൻ അമ്മ പറഞ്ഞില്ലല്ലോ... അപ്പോളമ്മ വരും. അവൾ സ്വയം ആശ്വസിച്ചു.

നേരം പുലർന്നിട്ടും അമ്മ വന്നില്ല. അപ്പുവിനിപ്പഴും കിളിയുടെ ശബ്ദം കേൾക്കാം. അമ്മക്കിളിയും വന്നില്ല. രണ്ടുപേരും കരയുകയായിരുന്നു. കിളികളും ആകാശവും കരയുന്ന നേരത്ത് ദൈവം അവരോട് കരയല്ലേ...കരയല്ലേന്ന് പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:storyliterature
News Summary - story
Next Story