Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right...

യാത്രപറയാനാവാതെ....................

text_fields
bookmark_border
യാത്രപറയാനാവാതെ....................
cancel

‘കാരുണ്യക്കടലിന്റെ അതിഥിയായിട്ടല്ലേ എന്റുമ്മച്ചി പോവ്ണേ... പിന്നെന്തിനാ ഈ മിഴിയിണ നനയ്‌ണേ?’

‘ന്നാലും മ്മച്ചിന്റെ കുട്ടിക്കറിയാലോ ഞമ്മള് പാവങ്ങളാന്നും ആരോരും ഇല്ലാത്തോരാന്നും ഒക്കെ... ഓർക്കുമ്പോ പേടി തോന്നാണ് മോളെ...’

‘ഓ ന്റെ പൊന്നുമ്മച്ചി, ഇങ്ങള് കേട്ടിട്ടില്ലേ ആയിരത്തി നാന്നൂറ് വർഷങ്ങൾക്ക് മുമ്പ് അല്ലാന്റെ ദൂതര് പറഞ്ഞത്. ഇവിടെ കറുത്തവനും വെളുത്തവനും തമ്മിലോ പാവപ്പെട്ടവനും പണക്കാരനും തമ്മിലോ ആണും പെണ്ണും, അറബിയും അനറബിയും തമ്മിലോ യാതൊരു വ്യത്യാസവുമില്ലെന്ന്. പിന്നെ, നിങ്ങള് സ്ത്രീകളെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം ട്ടോന്ന് എടുത്ത് പറഞ്ഞത്. ആ പ്രവാചകന്റെ നാട്ടിലേക്കല്ലേ ന്റെ മ്മച്ചി പോവണേ... പിന്നെന്തിനാ.. കണ്ണ് നനയ്‌ണേ? സന്തോഷായി പോയി വരി...

ഒരുപാട് വീടുകളിൽ കയറിയിറങ്ങി പാത്രങ്ങളോട് മല്ലിട്ട് പലരുടെയും ആട്ടും തുപ്പും സഹിച്ച് താങ്ങാനാവുന്നതിലുമധികം ഭാരം പേറി ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ ഉള്ളിലൊളിപ്പിച്ചു വെച്ച മോഹം പൂവണിയാൻ പോവുമ്പോ ഇങ്ങനെ കരയാണോ. ഇനി ഈ കണ്ണ് നിറയരുത്....!’

യാത്ര പറഞ്ഞിറങ്ങുമ്പോ മോളെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോ അവളാശ്വസിപ്പിച്ചതിങ്ങനെയായിരുന്നു. അല്ലെങ്കിലും അവളങ്ങനെയാ. എനിക്ക് എല്ലാ കരുത്തും ശക്തിയും പകർന്നുതരുന്നത് അവളായിരുന്നു. ഭൂമിയിലേക്കവൾ വന്ന് മൂന്ന് വർഷം തികയുന്ന അന്നായിരുന്നു പ്രിയപ്പെട്ടവൻ ഞങ്ങളെ തനിച്ചാക്കി ദൈവത്തിന്റെ വിളികേട്ട് യാത്രയായത്. അന്നവളെ മാറോട് ചേർത്ത് പൊട്ടിക്കരയുമ്പോഴും അവളെന്നെ കരയാനനുവദിച്ചില്ല. എന്റെ കണ്ണിലേക്ക് നോക്കി മുഖഭാവങ്ങൾ മാറ്റി എന്നെ കെട്ടിപ്പിടിച്ച് കണ്ണീര് തുടക്കും. ഉമ്മച്ചി കരയല്ലെ, ഉമ്മച്ചി ചിരിക്ക് എന്ന് പറഞ്ഞ് വാശിപിടിക്കും. അത് കാണുമ്പോൾ അവൾക്കു വേണ്ടി ഞാൻ ചിരിക്കും... അത് കണ്ടാലേ അവളുടെ മുഖം തെളിയൂ.

അവളെ ചേർത്തു വെച്ച് കാലത്തോടൊപ്പം നടക്കുന്നതിനിടയിൽ കടന്നുപോകാത്ത നോവിന്റെ നെരിപ്പോടുകളില്ല. ആർത്തലച്ചുവരുന്ന സങ്കടത്തിരമാലകൾ ഞങ്ങളെ മുക്കിക്കൊല്ലുമ്പോഴൊക്കെ മനസ്സിലേക്ക് കയറിവന്ന പങ്കായമായിരുന്നു ഹാജറാ ബീവി. ആരോരുമില്ലാത്ത മരുഭൂമിയിൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും പോലുമില്ലാത്തൊരിടത്ത് നാഥന്റെ മുമ്പിൽ ജീവിതം സമർപ്പിച്ചതിന് സംസം പൊട്ടി ഒഴുകിയിട്ടുണ്ടെങ്കിൽ ആ നാഥൻ ഇന്നുമുണ്ടല്ലോ എന്ന ആശ്വാസം. അവൻ ഇനിയും വരണ്ട മരുഭൂമിയിൽ തെളിനീരുവ തീർക്കും എന്ന പ്രതീക്ഷയാണ് ഓരോന്നോരോന്നായി നേടിയെടുക്കാൻ കരുത്തായത്.

മിനായിലേക്ക് നീങ്ങുമ്പോൾ ഉള്ള് പിടയുന്നുണ്ടായിരുന്നു. ലക്ഷക്കണക്കിനാളുകൾ ഒരിടത്തൊരുമിക്കുമ്പോഴുണ്ടാകുന്ന രംഗം മനസ്സിൽ തെളിയുമ്പോൾ മനസ്സ് പിടക്കുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ് നാഥന്റെ മുമ്പിൽ നമ്മളെല്ലാവരും തുല്ല്യരാണ് എന്ന പരിശുദ്ധ വചനത്തിന്റെ പൊരുളറിഞ്ഞത്. മിനായിൽ നിന്നും അറഫയിലേക്ക് നീങ്ങുന്ന വെള്ളാമ്പൽ പൂക്കൾക്കിടയിലൂടെ നടന്നുനീങ്ങുമ്പോൾ നീ ഒറ്റക്കല്ല, ലോകം മുഴുവൻ നിന്നോടൊപ്പമുണ്ടെന്ന് പറയാതെ പറയുന്നത് കേട്ടപ്പോൾ ഉള്ളം തളിർക്കുകയായിരുന്നു. നാഥനെയല്ലാതെ മറ്റാരെയും ഭയക്കാതെ ജനസാഗരത്തിനിടയിലൂടെ ഞാനൊറ്റക്ക് നടക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന സുരക്ഷിതത്വമോർത്ത് അഭിമാനപുളകിതയായി!

അറഫയിൽ ഹൃദയം തുറന്നുവെച്ച് കൈകളുയർത്തി ഇന്നോളം ചെയ്ത തെറ്റുകളുടെ പാപക്കറകൾ ചുടുകണ്ണീരുകൊണ്ട് കഴുകിത്തുടച്ച് ചോദിക്കാനുള്ളതൊക്കെ ചോദിച്ചു വാങ്ങാനും പറയാനുള്ളതൊക്കെ പറഞ്ഞുതീർക്കാനും മണിക്കൂറുകൾ ഉണ്ടായിരുന്നെങ്കിലും അത് കഴിഞ്ഞുപോയതറിഞ്ഞില്ല... ആ സന്നിധിയിൽ നിന്നെഴുന്നേറ്റു പോരാനാകാതെ കണ്ണീർ മഴയിൽ കുളിച്ചുനിൽക്കവെയാണ് കൂടെയുള്ളവർ വന്ന് ‘മുസ്‌ദലിഫ’യിലേക്ക് പോകാനായെന്നുപറഞ്ഞു വിളിച്ചത്. ടെന്റിനുപുറത്ത് ഇരുൾ പരന്നുതുടങ്ങിയിരിക്കുന്നു. അറഫയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ മനുഷ്യന് പാപക്കറകൾ കഴുകാനായിങ്ങനെയൊരിടം തന്ന നാഥനോടെങ്ങനെ നന്ദി പറയണമെന്നറിയാതെ ഹൃദയം വിങ്ങുകയായിരുന്നു.

പാൽക്കടലിരുൾ മൂടി. രാപാർക്കാനായി ‘മുസ്ദലിഫ’ ഒരുങ്ങിയിരിക്കുന്നത് കണ്ടപ്പോൾ മറ്റൊന്നും നോക്കാതെ പറ്റിയൊരിടത്ത് തലചായ്ച്ചു. ഒരായിരം ചരിത്രകഥകളുമായെത്തിയ ഇളം തെന്നൽ പറഞ്ഞ കഥകൾ കേട്ട്, കേട്ടങ്ങനെ കിടക്കവെ കണ്ണിണയടഞ്ഞതറിഞ്ഞില്ല. ‘ലബ്ബൈയ്ക്ക’യുടെ ഈണം വന്ന് വിളിച്ചുണർത്തിയപ്പോൾ കുഞ്ഞുകല്ലുകൾ പെറുക്കിയെടുത്ത് പിശാചിനെയെറിയാൻ മിനായിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു കൂടെയുള്ളവർ. അവരോടൊപ്പം ചേർന്ന് നടക്കുമ്പോൾ മുന്നിൽ ഇസ്മാഈലിന്റെ കൈപിടിച്ച് നടക്കുന്ന കാരുണ്യവാന്റെ ‘കൂട്ടുകാര’നെ കൺമുന്നിൽ കാണുന്നപോലെ...

നടന്നുനടന്ന് ‘ജംറ’കളിലേക്ക് ഓരോ കുഞ്ഞുകല്ലെടുത്തെറിയുമ്പോഴും പിശാച് മനസ്സിൽ നിന്നോടിയകലുന്നുണ്ടായിരുന്നു. മകനെ കമഴ്ത്തിക്കിടത്തി കഴുത്തിൽ കത്തിവെക്കുന്ന ഉപ്പയും, ‘കൽപിക്കപ്പെട്ടത് നടപ്പാക്കിക്കൊള്ളൂ’ എന്നുപറഞ്ഞ് സ്വർഗം കിനാവുകണ്ട് കിടക്കുന്ന കുഞ്ഞുമോനും തക്ബീർ മുഴക്കുന്നത് കേൾക്കുന്നുണ്ടായിരുന്നു! അപ്പോഴെവിടെ നിന്നോ ഒരു വെള്ളാട്ടിൻ കുട്ടിയുടെ കരച്ചിൽ കേൾക്കുന്നു... ഹൃദയം വിറകൊള്ളുന്ന പോലെ. തൊണ്ട വരണ്ടുണങ്ങിയ പോലെ... ആരുടെയോ കൈപിടിച്ച് മെല്ലെ നടന്നുനീങ്ങവെ ഹാജറയുമ്മ സംസം വെള്ളവുമായി കാത്തിരിക്കുന്നുണ്ടെന്നാരോ മനസ്സിൽ മന്ത്രിക്കുന്നുണ്ടായിരുന്നു.

പിന്നെ ഒട്ടും താമസിക്കാതെ ഹറമിലേക്ക് നടന്നു. കഅബാലയത്തിന്റെ ചാരത്തേക്ക് നടന്നടുക്കവെ ഇരമ്പിയെത്തുന്ന ജനസാഗരത്തിലെ ഓളപ്പരപ്പിലൊരു തുള്ളിയായി ഞാനലിഞ്ഞു ചേർന്നു... കണ്ണീരിൽ കുതിർന്ന പ്രാർഥനകൾക്ക് പല ഭാഷകളും ഈണങ്ങളുമായിരുന്നെങ്കിലും ആ ഭവനത്തിന്റെ നാഥന്റെ മുന്നിൽ എല്ലാവരുമൊന്നായി മാറിയിരുന്നു... ആ പുണ്യഗേഹമൊന്നു തൊടാനും ഹജറുൽഅസവദത്തൊന്നുമുത്താനും പലവട്ടം ശ്രമിച്ചുനോക്കിയെങ്കിലും തിരമാലകളെന്നെ തീരത്തേക്കുതന്നെ തിരിച്ചെത്തിക്കുകയായിരുന്നു. ആ മോഹം നടക്കില്ലെന്നു മനസ്സിലാക്കി കരയിലൂടെ നടന്ന് ത്വവാഫ് പൂർത്തിയാക്കി മക്കാമു ഇബ്രാഹീമിനരികിൽ ചെന്ന് രണ്ട് റകഅത്ത് നമസ്കരിച്ച് സംസം വയറുനിറയെ കുടിച്ച് സഫയും മിനായും ലക്ഷ്യമാക്കി നടന്നു.

കുഞ്ഞു മകന് ഒരു തുള്ളി ദാഹനീരിനുവേണ്ടി എന്നെ പോലൊരു പെണ്ണ് അന്ന് ഓടിത്തീർത്ത വഴികളിലൂടെ ഞാനും നടക്കാൻ തുടങ്ങി. ചുട്ടുപൊള്ളുന്ന കരിമ്പാറയും മണൽ കാടുമിന്ന് ശീതീകരിച്ച മാർബിൾ തറയായി മാറിയെങ്കിലും അവരോടിയതുപോലെ പ്രതീക്ഷയുള്ള ഓരോട്ടത്തിന്, നടത്തത്തിന് എന്റെ കാലുകൾക്ക് ആക്കം കിട്ടിയ പോലെ... പ്രതീക്ഷയുടെയും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും കൊടുമുടി കയറിയിറങ്ങിയ ആ കറുത്ത പെണ്ണിനെ ലോകത്തിന്റെ നെറുകയിൽ കൊണ്ടുവെച്ചാദരിച്ച നാഥനെ കുറിച്ചോർത്തപ്പോൾ വീണ്ടും വീണ്ടും പെണ്ണായി പിറന്നതിൽ അഭിമാനം തോന്നി. ‘സഅയ്’ കഴിഞ്ഞ് പുറത്തേക്കിറങ്ങി നാഥനെ സ്തുതിച്ച് കൂടെയുള്ളവരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞപ്പോൾ മോളുടെ മുഖം മനസ്സിൽ തെളിഞ്ഞുവന്നു...

‘സന്തോഷം കൊണ്ടാ മോളെ.. ഇത്തവണ നീ ക്ഷമിക്ക്...’ മനസ്സിൽ മെല്ലെ മന്ത്രിച്ചു.

പിന്നീടുള്ള ദിവസങ്ങളൊന്നും കഴിഞ്ഞുപോയതറിഞ്ഞില്ല. വീട്ടിൽ നിന്നും പോന്നിട്ടിന്നേക്ക് നാപ്പത് ദിവസം കഴിഞ്ഞു. ഇന്നിതാ ഞാനീ കഅബാലയത്തിനരികിൽ കറുത്ത കല്ലിനെ മുത്തി മനുഷ്യന്റെ ഒഴുക്കിനെ വകഞ്ഞുമാറ്റി നെഞ്ചും മുഖവും കഅബാ ഗേഹത്തിന്റെ ചുമരിലേക്കമർത്തി എന്റെ എല്ലാമെല്ലാമായ നഥനോട് അങ്ങേയറ്റത്തെ നന്ദി പറഞ്ഞു കൊണ്ട് ഈ പുണ്യ ഭവനത്തോട് യാത്ര ചോദിക്കാനായി വന്നുനിൽക്കുകയാണ്. കണ്ണീർ ചാലുകളീ ചുമരിലൂടൊലിച്ചിറങ്ങുകയാണ്...

‘ഉമ്മച്ചീ... അലാറം അടിക്കുന്നതൊന്നും കേൾക്കണില്ലേ? എന്തൊരുറക്കാത്? എഴുന്നേൽക്ക്...’ മോളുറക്കെ തട്ടിവിളിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:storyliterature
News Summary - story
Next Story