കണ്ണുകൾ
text_fieldsഅവളുടെ ശരീരത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവളുടെ കണ്ണുകളായിരുന്നു. ഇരുട്ടുള്ള രാത്രിയിൽ ഒരു മോട്ടോർ കാറിന്റെ ഹെഡ്‌ലൈറ്റുകൾ പോലെയായിരുന്നു ആ കണ്ണുകൾ; ഒരാൾ ആദ്യം ശ്രദ്ധിക്കുന്നത് അവയാണ്. അവ മനോഹരമായ കണ്ണുകളായിരുന്നു എന്ന് നിങ്ങൾ കരുതരുത്. ഒരിക്കലുമല്ല. ഭംഗിയും അഭംഗിയും തമ്മിലുള്ള വ്യത്യാസം എനിക്ക് തിരിച്ചറിയാം. ക്ഷമിക്കണം, ആ കണ്ണുകളുടെ കാര്യത്തിൽ എനിക്ക് ഇത്രമാത്രമേ പറയാൻ കഴിയൂ, അവ സുന്ദരമായിരുന്നില്ല. എങ്കിലും, അതിൽ വല്ലാത്തൊരു ആകർഷണമുണ്ടായിരുന്നു.
ഞാനും ആ കണ്ണുകളും തമ്മിലുള്ള കണ്ടുമുട്ടൽ ഒരു ആശുപത്രിയിൽ വെച്ചായിരുന്നു. അവിടെ എന്റെ ഒരു ബന്ധു ശസ്ത്രക്രിയക്കുശേഷം ജീവിതത്തിന്റെ അവസാന ശ്വാസങ്ങൾ എണ്ണിക്കഴിയുകയായിരുന്നു എന്നുമാത്രം നിങ്ങൾ മനസ്സിലാക്കുക. രോഗികളെ പരിചരിക്കുന്നതിലോ, അവർക്ക് സാന്ത്വനം നൽകുന്നതിലോ എനിക്ക് വലിയ വിശ്വാസമില്ല, അത്തരം കാര്യങ്ങൾ വശവുമില്ല. പക്ഷേ, ഭാര്യയുടെ നിരന്തര നിർബന്ധം കാരണം പോകേണ്ടി വന്നു; മരിക്കാൻ പോകുന്ന ആ ബന്ധുവിനോട് എന്റെ സ്നേഹവും ആത്മാർഥതയും തെളിയിക്കാൻ വേണ്ടി മാത്രം.
സത്യം പറയാമല്ലോ, എനിക്ക് അവിടെ പോകാൻ വല്ലാത്ത മടുപ്പായിരുന്നു. ആശുപത്രി എന്ന പേരിനോടുതന്നെ വെറുപ്പാണ്, എന്തുകൊണ്ടെന്നറിയില്ല. ഒരുപക്ഷേ, പണ്ട് ബോംബെയിൽ വെച്ച് കൈക്കുഴക്ക് ഉളുക്ക് പറ്റിയ എന്റെ അയൽക്കാരിയായ വൃദ്ധയെ ജെ.ജെ ആശുപത്രിയിൽ കൊണ്ടുപോയതുകൊണ്ടാകാം. അവിടെ കാഷ്വാൽറ്റി വിഭാഗത്തിൽ എനിക്ക് രണ്ടര മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നു. അവിടെ ഞാൻ കണ്ടുമുട്ടിയ ഓരോ മനുഷ്യനും ഇരുമ്പിനെപ്പോലെ തണുത്തവരും വികാരമില്ലാത്തവരുമായിരുന്നു.
ഞാൻ പറഞ്ഞുവന്നത് എനിക്ക് ഏറെ ഇഷ്ടപ്പെട്ട ആ കണ്ണുകളെക്കുറിച്ചാണ്. അവൾ ബുർഖ ധരിച്ചിരുന്നു, പക്ഷേ മുഖപടം ഉയർത്തിയിരുന്നു. കൈയിൽ ഒരു മരുന്നുകുപ്പിയുമായി ജനറൽ വാർഡിന്റെ വരാന്തയിലൂടെ ഒരു ചെറിയ കുട്ടിയോടൊപ്പം അവൾ നടന്നുവരുകയായിരുന്നു. ഞാൻ അവളെ നോക്കിയപ്പോൾ വലുതോ ചെറുതോ അല്ലാത്ത, കറുപ്പോ തവിട്ടോ അല്ലാത്ത, നീലയോ പച്ചയോ അല്ലാത്ത ആ കണ്ണുകളിൽ വിചിത്രമായ ഒരു തിളക്കം മിന്നിമറഞ്ഞു. എന്റെ ചുവടുകൾ നിലച്ചു. അവളും നിന്നു. കൂടെയുള്ള കുട്ടിയുടെ കൈപിടിച്ച് അവൾ പതറിയ ശബ്ദത്തിൽ പറഞ്ഞു: ‘നിനക്ക് നടക്കാൻ വയ്യേ?’
കുട്ടി തന്റെ കൈ വിടുവിച്ചുകൊണ്ട് വേഗത്തിൽ പറഞ്ഞു: ‘ഞാൻ നടക്കുന്നുണ്ടല്ലോ, നിനക്ക് കണ്ണുകാണുന്നില്ലേ?’
ഇത് കേട്ടപ്പോൾ ഞാൻ ആ പെൺകുട്ടിയുടെ കണ്ണുകളിലേക്ക് വീണ്ടും നോക്കി. അവളുടെ അസ്തിത്വത്തിൽ എനിക്ക് ഇഷ്ടപ്പെട്ട ഒരേയൊരു കാര്യം ആ കണ്ണുകൾ മാത്രമായിരുന്നു. ഞാൻ മുന്നോട്ടുചെന്ന് അവളുടെ അടുത്തെത്തി. കണ്ണ് ചിമ്മാതെ അവൾ എന്നെ നോക്കി ചോദിച്ചു: ‘എക്സ്റേ എടുക്കുന്നത് എവിടെയാണ്?’
ഭാഗ്യവശാൽ, ആ ദിവസങ്ങളിൽ എക്സ്റേ ഡിപ്പാർട്ട്‌മെന്റിൽ എന്റെ ഒരു സുഹൃത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു, അവനെ കാണാനാണ് ഞാൻ വന്നതും. ഞാൻ ആ പെൺകുട്ടിയോട് പറഞ്ഞു: ‘വരൂ, ഞാൻ നിങ്ങളെ അങ്ങോട്ട് കൊണ്ടുപോകാം. ഞാനും അങ്ങോട്ടാണ് പോകുന്നത്.’ അവൾ ആ കുട്ടിയുടെ കൈപിടിച്ച് എന്റെ കൂടെ നടന്നു.
ഡോക്ടർ സാദിഖിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹം എക്സ്റേ എടുക്കുന്ന തിരക്കിലാണെന്ന് അറിഞ്ഞു. വാതിൽ അടച്ചിരിക്കുകയായിരുന്നു, പുറത്ത് രോഗികളുടെ തിരക്കുണ്ടായിരുന്നു. ഞാൻ വാതിലിൽ മുട്ടി. ഉള്ളിൽ നിന്ന് പരുഷമായ ഒരു ശബ്ദം കേട്ടു: ‘ആരാണ്? വാതിലിൽ തട്ടരുത്!’
പക്ഷേ ഞാൻ വീണ്ടും മുട്ടി. വാതിൽ തുറന്നു, ഡോക്ടർ സാദിഖ് എന്നെ ശകാരിക്കാൻ തുടങ്ങിയിട്ട് പെട്ടെന്ന് നിർത്തി: ‘ഓ, നീയായിരുന്നോ!’
‘അതെ, നിന്നെ കാണാൻ വന്നതാണ്. ഓഫിസിൽ ചോദിച്ചപ്പോൾ നീ ഇവിടെയുണ്ടെന്ന് അറിഞ്ഞു.’
‘അകത്തേക്ക് വരൂ.’
ഞാൻ പെൺകുട്ടിയെ നോക്കി പറഞ്ഞു: ‘വരൂ, പക്ഷേ ആ കുട്ടി പുറത്ത് നിൽക്കട്ടെ.’
ഡോക്ടർ സാദിഖ് പതുക്കെ എന്നോട് ചോദിച്ചു: ‘ഇതാരാണ്?’ ഞാൻ മറുപടി നൽകി: ‘ആരാണെന്ന് അറിയില്ല. എക്സ്റേ ഡിപ്പാർട്ട്‌മെന്റ് എവിടെയാണെന്ന് ചോദിച്ചതാണ്, കൂടെ കൂട്ടിയെന്ന് മാത്രം.’
ഡോക്ടർ സാദിഖ് വാതിൽ കുറച്ചുകൂടി തുറന്നു. ഞാനും ആ പെൺകുട്ടിയും അകത്തു കയറി.
നാലഞ്ച് രോഗികൾ അവിടെയുണ്ടായിരുന്നു. ഡോക്ടർ വേഗത്തിൽ അവരുടെ സ്ക്രീനിങ് കഴിഞ്ഞ് അവരെ വിട്ടയച്ചു. അതിനുശേഷം ആ മുറിയിൽ ഞങ്ങൾ രണ്ടുപേർ മാത്രമായി, ഞാനും ആ പെൺകുട്ടിയും. ഡോക്ടർ എന്നോട് ചോദിച്ചു: ‘അവർക്ക് എന്താണ് രോഗം?’
ഞാൻ പെൺകുട്ടിയോട് ചോദിച്ചു: ‘നിങ്ങൾക്ക് എന്താണ് അസുഖം? ഏത് ഡോക്ടറാണ് എക്സ്റേ എടുക്കാൻ പറഞ്ഞത്?’ ആ ഇരുട്ടു മുറിയിൽ അവൾ എന്നെ നോക്കി മറുപടി പറഞ്ഞു: ‘എന്താണ് അസുഖമെന്ന് എനിക്കറിയില്ല. ഞങ്ങളുടെ അയൽപക്കത്തുള്ള ഒരു ഡോക്ടറാണ് എക്സ്റേ എടുക്കാൻ പറഞ്ഞത്.’
മെഷീന്റെ അടുത്തേക്ക് വരാൻ ഡോക്ടർ അവളോട് പറഞ്ഞു. അവൾ മുന്നോട്ട് നീങ്ങിയപ്പോൾ മെഷീനിൽ ശക്തമായി തട്ടി. ഡോക്ടർ ദേഷ്യത്തിൽ ചോദിച്ചു: ‘നിനക്ക് കണ്ണ് കണ്ടൂടെ?’ അവൾ മിണ്ടിയില്ല. ഡോക്ടർ അവളുടെ ബുർഖ മാറ്റി സ്ക്രീനിന് പിന്നിൽ നിർത്തി. സ്വിച്ച് ഓൺ ചെയ്തു. ഞാൻ ആ സ്ക്രീനിൽ നോക്കിയപ്പോൾ അവളുടെ വാരിയെല്ലുകൾ കണ്ടു. ഹൃദയം ഒരു മൂലയിൽ കറുത്ത പൊട്ടുപോലെ മിടിക്കുന്നത് കാണാമായിരുന്നു.
അഞ്ചാറ് മിനിറ്റ് ഡോക്ടർ ആ വാരിയെല്ലുകളും എല്ലുകളും പരിശോധിച്ചു. ശേഷം സ്വിച്ച് ഓഫ് ചെയ്ത് വെളിച്ചമിട്ട് എന്നോട് പറഞ്ഞു: ‘നെഞ്ച് തികച്ചും ക്ലിയർ ആണ്.’ പെൺകുട്ടിക്ക് എന്ത് മനസ്സിലായെന്നറിയില്ല, അവൾ തന്റെ മാറിടത്തിൽ ഷാൾ ശരിയാക്കി ബുർഖ തിരഞ്ഞു.
ഒരു മൂലയിൽ മേശപ്പുറത്ത് ബുർഖ ഇരിപ്പുണ്ടായിരുന്നു. ഞാൻ അതെടുത്ത് അവൾക്ക് നൽകി. ഡോക്ടർ സാദിഖ് റിപ്പോർട്ട് എഴുതുന്നതിനിടയിൽ ചോദിച്ചു: ‘നിന്റെ പേരെന്താണ്?’
ബുർഖ ധരിച്ചുകൊണ്ട് അവൾ മറുപടി പറഞ്ഞു: ‘എന്റെ പേര്... എന്റെ പേര് ഹനീഫ എന്നാണ്.’
‘ഹനീഫ!’ ഡോക്ടർ ആ പേര് ഒരു കടലാസിൽ എഴുതി അവൾക്ക് നൽകി. ‘ഇത് നിന്റെ ഡോക്ടറെ കാണിക്കൂ.’ അവൾ ആ കടലാസ് വാങ്ങി കുപ്പായത്തിനുള്ളിൽ തിരുകി.
അവൾ പുറത്തിറങ്ങിയപ്പോൾ അറിയാതെ ഞാൻ അവളുടെ പിന്നാലെ പോയി. ഡോക്ടർ സാദിഖ് എന്നെ സംശയത്തോടെയാണ് നോക്കുന്നതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു. ആ പെൺകുട്ടിയുമായി എനിക്ക് എന്തോ ബന്ധമുണ്ടെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിട്ടുണ്ടാകും. പക്ഷേ നിങ്ങൾക്ക് അറിയാവുന്നതുപോലെ, അങ്ങനെ ഒന്നുമില്ലായിരുന്നു. അവളുടെ കണ്ണുകൾ എനിക്ക് ഇഷ്ടപ്പെട്ടു എന്നതല്ലാതെ. ഞാൻ അവളുടെ പിന്നാലെ പോയി. അവൾ ആ കുട്ടിയുടെ വിരൽ പിടിച്ചിട്ടുണ്ടായിരുന്നു. ടാങ്ക (കുതിരവണ്ടി) സ്റ്റാൻഡിൽ എത്തിയപ്പോൾ ഞാൻ ഹനീഫയോട് ചോദിച്ചു: ‘നിങ്ങൾക്ക് എവിടെയാണ് പോകേണ്ടത്?’
അവൾ ഒരു തെരുവിന്റെ പേര് പറഞ്ഞു. ഞാൻ കള്ളം പറഞ്ഞു: ‘എനിക്കും അങ്ങോട്ടാണ് പോകേണ്ടത്. ഞാൻ നിങ്ങളെ വീട്ടിൽ വിടാം.’
കൈപിടിച്ച് അവളെ വണ്ടിയിൽ കയറ്റിയപ്പോൾ എന്റെ കണ്ണുകൾ തന്നെ ഒരു എക്സ്റേ ഗ്ലാസായി മാറിയതുപോലെ എനിക്ക് തോന്നി. എനിക്ക് അവളുടെ മാംസവും തൊലിയും കാണാൻ കഴിഞ്ഞില്ല, വെറും അസ്ഥികൂടം മാത്രം. പക്ഷേ ആ കണ്ണുകൾ... അവ പൂർണമായും സുരക്ഷിതമായിരുന്നു, വല്ലാത്തൊരു ആകർഷണത്തോടെ. അവളുടെ അടുത്തിരിക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ആരെങ്കിലും കാണുമെന്ന് കരുതി ഞാൻ ആ കുട്ടിയെ അവളുടെ കൂടെ ഇരുത്തി മുൻസീറ്റിൽ ഇരുന്നു.
‘ഞാൻ... ഞാൻ സാദത്ത് ഹസൻ മൻടോ ആണ്.’
‘മൻടോ? അതെന്ത് പേരാണ്?’
‘അത് കശ്മീരികളുടെ ഒരു ജാതിപ്പേരാണ്.’
‘ഞങ്ങളും കശ്മീരികളാണ്.’
‘അങ്ങനെയോ!’
‘ഞങ്ങൾ കംഗ്‌വായ് ആണ്.’
ഞാൻ തിരിഞ്ഞുനോക്കി പറഞ്ഞു: ‘അത് വലിയ തറവാടാണല്ലോ.’
അവൾ പുഞ്ചിരിച്ചു, അവളുടെ കണ്ണുകൾക്ക് ആകർഷണം കൂടി. ജീവിതത്തിൽ മനോഹരമായ ഒരുപാട് കണ്ണുകൾ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഹനീഫയുടെ മുഖത്തെ ആ കണ്ണുകൾ അതിശയകരമായ വശ്യതയുള്ളവയായിരുന്നു. അതിൽ എന്താണ് ഇത്ര പ്രത്യേകത എന്ന് എനിക്കറിയില്ല. ഞാൻ നേരത്തെ പറഞ്ഞതുപോലെ അവ ഒട്ടും സുന്ദരമായിരുന്നില്ല, പക്ഷേ അവ എന്റെ ഹൃദയത്തിൽ തറച്ചിരുന്നു.
ഞാൻ അൽപം ധൈര്യം സംഭരിച്ച് അവളുടെ നെറ്റിയിൽ വീണുകിടന്ന ഒരു മുടിയിഴ വിരൽകൊണ്ട് മാറ്റി വെച്ചു. അവൾ അത് കാര്യമാക്കിയില്ല.
ഞാൻ വീണ്ടും ധൈര്യം കാട്ടി അവളുടെ കൈ എന്റെ കൈയിലെടുത്തു. അവൾ എതിർത്തില്ല. പക്ഷേ, കൂടെയുള്ള കുട്ടിയോട് അവൾ ചോദിച്ചു: ‘നീ എന്തിനാണ് എന്റെ കൈ അമർത്തുന്നത്?’
ഞാൻ പെട്ടെന്ന് കൈ വിട്ടു. കുട്ടിയോട് ചോദിച്ചു: ‘നിങ്ങളുടെ വീട് എവിടെയാണ്?’ കുട്ടി ഒരു തെരുവിലേക്ക് വിരൽചൂണ്ടി. വണ്ടി അങ്ങോട്ട് തിരിഞ്ഞു. തെരുവിൽ വല്ലാത്ത തിരക്കായിരുന്നു. റോഡിലെ കുഴികൾ കാരണം വണ്ടി ആടിയുലയുന്നുണ്ടായിരുന്നു. അവളുടെ തല പലപ്പോഴും എന്റെ തോളിൽ തട്ടുന്നുണ്ടായിരുന്നു. അവളെ എന്റെ മടിയിൽ കിടത്തി ആ കണ്ണുകൾ നോക്കിയിരിക്കാൻ എനിക്ക് തോന്നി.
കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ വീടെത്തി. കുട്ടി വണ്ടി നിർത്താൻ പറഞ്ഞു. വണ്ടി നിന്നപ്പോൾ അവൻ താഴെയിറങ്ങി. ഹനീഫ അവിടെത്തന്നെ ഇരുന്നു. ഞാൻ പറഞ്ഞു: ‘നിങ്ങളുടെ വീടെത്തി!’
ഹനീഫ വിചിത്രമായ കണ്ണുകളോടെ എന്നെ നോക്കി ചോദിച്ചു: ‘ബദ്രു എവിടെ?’
ഞാൻ ചോദിച്ചു: ‘ഏത് ബദ്രു?’
‘എന്റെ കൂടെ ഉണ്ടായിരുന്ന ആ കുട്ടി.’
വണ്ടിക്ക് അടുത്തായി നിൽക്കുന്ന കുട്ടിയെ ഞാൻ നോക്കി.
‘അവൻ ഇതാ ഇവിടെ നിൽക്കുന്നുണ്ടല്ലോ.’
‘അതേയോ...’ എന്നുപറഞ്ഞ് അവൾ ബദ്രുവിനോട് പറഞ്ഞു: ‘‘ബദ്രു, എന്നെ ഒന്ന് ഇറക്കൂ.’’
ബദ്രു അവളുടെ കൈപിടിച്ച് വളരെ കഷ്ടപ്പെട്ട് താഴെയിറക്കി. ഞാൻ സ്തംഭിച്ചുപോയി. പിറകിലെ സീറ്റിലേക്ക് നീങ്ങുന്നതിനിടയിൽ ഞാൻ ആ കുട്ടിയോട് ചോദിച്ചു: ‘എന്താണ് കാര്യം? അവർക്ക് സ്വയം ഇറങ്ങാൻ കഴിയില്ലേ?’
ബദ്രു മറുപടി പറഞ്ഞു: ‘ഇല്ല സാർ... അവളുടെ കണ്ണുകൾക്ക് അസുഖമാണ്... അവൾക്ക് ഒന്നും കാണാൻ കഴിയില്ല.!’
(തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ ഉർദു വകുപ്പ് അധ്യക്ഷയാണ് ഉർദു കവയിത്രി കൂടിയായ ഖൈറുന്നിസ എൻ.പി.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

