ഭരത വാക്യം
text_fieldsഎനിക്ക് ഒരു ഇരുന്നൂറിൽ കൂടുതൽ വയസ്സ് പ്രായമുണ്ട്. പ്രായക്കൂടുതൽകൊണ്ട് ഓർമയിൽ മൂടൽമഞ്ഞ് വീണതുപോലെ. പറയുന്ന കാര്യങ്ങൾക്ക് വ്യക്തതക്കുറവുണ്ടാകാം. എങ്കിലും പറയാതിരിക്കാൻ കഴിയില്ല. കാരണം, നീണ്ട കാലത്തിനുമുന്നിൽ എന്നെയും കാലത്തെയും സാക്ഷ്യപ്പെടുത്താൻ ഞാനല്ലാതെ മറ്റാരുമില്ലല്ലോ.
കള്ളന്മാർ ഇരുൾ മുറിച്ചെത്തുന്നത് തടയാനാണ് കേളുക്കാരണവർ ചുമരുകൾക്ക് ആനപ്പള്ള പണിയിച്ചത്. എന്നിട്ടും ഒരു കർക്കടകരാത്രിയിൽ കള്ളന്മാർ പതുങ്ങിയെത്തി ചുമര് തുരന്നു. ഒരുപാട് അധ്വാനിച്ചിരിക്കണം നൂണ്ടുകയറാനുള്ള വിടവ് തീരാൻ. എന്നാൽ , എല്ലാം ശ്രദ്ധയോടെ ഉള്ളിലിരുന്ന് കാണുന്നുണ്ടായിരുന്നു ചിത്തിര കെട്ടിലമ്മ.
ആദ്യം കള്ളന്മാർ ഒരു കലം ഉള്ളിലേക്കിട്ട് തിരിച്ചെടുത്തു. പിന്നെ അവരിലൊരാൾ കുത്തൊഴുക്കുള്ള പുഴ നീന്തുംപോലെ ഉള്ളിലേക്ക് നീണ്ടതും കെട്ടിലമ്മ കൈയിലേന്തിയ തിളങ്ങുന്ന വാൾ ഉയർന്ന് താഴ്ന്നതും ഒരുമിച്ചായിരുന്നു. തല അകത്തും ഉടൽ പുറത്തും...
തലയെടുത്ത് പുറത്തിട്ടു. ഒപ്പം വലിയൊരു ചാക്കും.
‘പെരുമീനുദിക്കുംമുമ്പ് കൊണ്ട്പോയ്കൊ.
കാര്യങ്ങളെല്ലാം ഇരുളിൽ അലിഞ്ഞ് പോട്ടേ...’
പിന്നെ അവിടെ എല്ലാം പഴയതുപോലെ. ദാസിമാർ ഉറക്കമുണർന്ന് വന്ന് ചോരക്കടൽ വറ്റിച്ച് അകവും പുറവും വൃത്തിയാക്കി. എന്നിട്ടും ചോരയുടെ രൂക്ഷ ഗന്ധം...
കാലത്ത് ഉറക്കമുണർന്ന് വരാൻ കൂട്ടുകുടുംബത്തിലെ കുഞ്ഞുങ്ങളും യുവതികളും യുവാക്കളും പലവിധ പ്രായത്തിൽപ്പെട്ടവരും ഒരുപാടുണ്ട്. അവരാരും രാത്രിനടന്നത് അറിയാനേ പാടില്ല. മുറികളിലും തൊടികളിലും ഓടിക്കളിക്കുന്ന കുഞ്ഞുങ്ങളിൽ ഒരാൾക്ക് മാത്രം പ്രത്യേകതയുണ്ട്. അവന് വെള്ളിക്കണ്ണുകളും ചെമ്പൻ മുടിയും പാലുപോലെ വെളുപ്പും...
വെള്ളക്കാരെ ഇരവും പകലും പരിചരിച്ച് ഊട്ടിയതിനും ഉറക്കിയതിനും കാരണവർക്ക് കിട്ടിയ സമ്മാനം. ഇരുളൊളിച്ച മച്ചകത്ത് സാവിത്രിപ്പെണ്ണ് ബലം പിടിക്കാതെ വഴങ്ങിക്കൊടുത്തത് കേളുക്കാരണവരുടെ മൗനപ്രേരണയാലായിരുന്നോ. അറിയില്ല... ഒടുവിൽ വയറ്റാട്ടി കൗസുതള്ളയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തിക്കൊണ്ട് സാവിത്രിപ്പെണ്ണ് രക്തപ്രളയത്തിൽ കുളിച്ച് ആടിത്തളർന്ന് വിശ്രമിക്കുന്ന തെയ്യക്കോലം പോലെ...
അപ്പോൾ പുതുമുളയുടെ ഉച്ചത്തിലുള്ള കരച്ചിൽ ഇരുൾ കനപ്പിലാകെ ഒരു പ്രതിഷേധം പോലെ പ്രതിധ്വനിച്ചു. തറവാട്ടു വീട്ടുതൊടിയിലുണ്ടായിരുന്ന കുളം നിറയെ വെളുപ്പും ചുവപ്പും നിറത്തിലുള്ള ആമ്പലുകളുണ്ടായിരുന്നു. പിന്നീടെപ്പോഴോ കുളം നികന്നുതുടങ്ങി. കൽക്കെട്ടുകൾ പെരുമ്പാമ്പിനെപ്പോലുള്ളവേരുകൾ പുളഞ്ഞ് പൊട്ടിപ്പൊളിഞ്ഞു. ഏറക്കുറെഈ അടുത്തകാലത്താണ് ചേരിപ്പൊടിയുമായി ലോറികൾവന്ന് കുളത്തിൽ തള്ളാൻ തുടങ്ങിയത്. മാത്രമല്ല, കേളുക്കുറുപ്പിന്റെ നാലാം തലമുറയിൽപെട്ട രാഗിണിമോൾ ആമ്പൽ പറിക്കാൻ കുളത്തിലിറങ്ങി ചളിയിൽ ആണ്ടുപോയത്.
ഇപ്പോൾ കുളമുണ്ടായിരുന്ന സ്ഥാനത്ത് പേരറിയാത്ത മരങ്ങൾ നിറഞ്ഞ കാടു മാത്രം... കഥ പറയുമ്പോൾ ഒരു താളവും ക്രമവും പാലിക്കണമെന്നുണ്ടല്ലോ. എനിക്കതിന് കഴിയുന്നില്ല. കാരണം പ്രായത്തിന്റെ അവശത എന്റെ അനുഭവങ്ങളിലും കരിനിഴൽ വീഴ്ത്തിയിരിക്കുന്നു. ഇനി എത്ര കാലം ചോർന്നൊലിച്ച് ഓടിളകി മരമിളകി ചുവരുകളിൽ ഭൂപടങ്ങൾ വരച്ച വിറയാർന്നു തുടങ്ങിയ എന്റെ ശരീരം...
ഇതിനിടയിൽ കടലും മലയും കടന്നെത്തിയവർ ദേശത്തുനിന്ന് അവർക്ക് വേണ്ടതെല്ലാമെടുത്ത് ഗ്രഹണി ബാധിച്ച പൈതലായ മാറിയ നാടിനെ ഉപേക്ഷിച്ച് പോയി. നമ്മുടെ നാട് നമ്മളുടേതായി.
ജന്മിത്തവും നാടുവാഴിത്തവും പോയ്മറഞ്ഞു. അക്ഷരങ്ങൾകൊണ്ട് സർഗപ്രക്രിയയിൽ മുഴുകുന്നവർ ഒരുവശത്ത്, വൈലോപ്പിള്ളി പറഞ്ഞപോലെ ഉർവിയെ പുഷ്പിപ്പിക്കും കലപോൽ നമുക്കത്ര നിർവൃതികരം സർഗ വ്യാപാരമുണ്ടോമന്നിൽ എന്ന വിശ്വാസവുമായി മണ്ണിനെ കവിതയാക്കിയവർ മറുവശത്ത്...
നാലുകെട്ടിൽ ജനിച്ചുവളർന്ന തലമുറകൾ ഒടുങ്ങി. അപ്പോഴും പുതുതലമുറകൾ മുളച്ചുവന്നുകൊണ്ടേയിരുന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ ജീവിക്കുകയാണിപ്പോൾ അവകാശികൾ. അതിനിടയിൽ മിച്ചഭൂമി സമരം സംഭവിക്കുകയും കാലാകാലമായി സമ്പാദിച്ചുകൂട്ടിയ അനാഥമായ ഭൂസ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടുകയും ചെയ്തു.
ഇനി ഏത് നിമിഷവും എന്റെ ശ്വാസം നിലപ്പിച്ച് പൊളിച്ചടുക്കാൻ കൂട്ടം ചേർന്ന് യന്ത്ര രാക്ഷസന്മാരുമായി അവർ എത്തും. പരിസരം കിടുങ്ങുമാറുച്ചത്തിൽ അവ അലറിത്തിമർക്കും. കാടുപിടിച്ച മുറ്റവും തുളസിത്തറയും പിന്നെ തൊടിയിലെ ശവകുടീരങ്ങളും കിളച്ചുമറിക്കും. ഓടിളക്കി മാറ്റും. ഉത്തരങ്ങളും കഴുക്കോലും പട്ടികകളും പറിച്ചെറിയും. കുഞ്ഞുങ്ങളുടെ പാൽപ്പല്ല് ഇളക്കിമാറ്റുംപോലെ ചുമരിൽനിന്ന് കല്ലുകൾ ഒന്നൊന്നായി പറിച്ചെടുക്കും. പിന്നെ ജാലകങ്ങളും കട്ടിലകളും ദ്രവിച്ചുതുടങ്ങിയ വാതിൽപ്പോളകളും. ദിവസങ്ങൾ കഴിയുമ്പോൾ ഞാനിവിടെ ഉണ്ടായിരുന്നു എന്നതിന് ഒരുതെളിവുപോലും അവശേഷിക്കാതെ...
അരിഞ്ഞുമാറ്റിയ എന്റെ ശരീര ഭാഗങ്ങൾ പലയിടങ്ങളിലേക്ക് കയറ്റിക്കൊണ്ടുപോകും. എന്റെ മരണം പുതിയ കാലത്തിന്റെ അനിവാര്യതയാണെന്ന് ഞാൻ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ എല്ലാകാലത്തും എല്ലാത്തിനും വെറും സാക്ഷി മാത്രമായ ഞാൻ ഇനി ഏതെങ്കിലും കഥയിലുണ്ടാകുമോ. ആർക്കറിയാം...
എന്നോട് തന്നെയായി വെറുതെ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എല്ലാം അവസാനിക്കുന്നതിനുമുമ്പ് ഞാനായിത്തന്നെ ഭരതവാക്യം ചൊല്ലട്ടേ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

