ജന്നത്തുൽ ഫിർദൗസിെൻറ മണമുള്ള കത്ത്...
text_fieldsഗ്രാമത്തിലെ തോടിനരികിലുള്ള മൂന്നാമത്തെ വീടായിരുന്നു മജീദിേൻറത്. ചെമ്പരത്തിവേലി കെട്ടി അതിര്‍ത്തി തിരിച്ച ചെറിയൊരു പറമ്പ്. നടുവില്‍ കാലത്തിെൻറ കരുവാളിപ്പും മഴയുടെ പാടുകളും ചുമന്നുനിന്ന ഒരു ഓടുമേഞ്ഞ വീട്. ആ വീട്ടില്‍നിന്ന് അല്പം മുന്നോട്ട് ചെന്നാല്‍ മറ്റൊരു വീട്. നിറയെ മാമ്പഴം ചുമന്നുനില്‍ക്കുന്ന ഒരു കൂറ്റന്‍ മാവായിരുന്നു അതിെൻറ അടയാളം. ആ മാവിെൻറ തണലില്‍നിന്ന് പലപ്പോഴും മുംതാസ് ആ വഴിയിലേക്ക് നോക്കിയിരിക്കും.രണ്ട് വീടുകള്‍ക്കുമിടയില്‍ വലിയ ദൂരം ഉണ്ടായിരുന്നില്ല.
പക്ഷേ ഒരുകാലത്ത് ആ ചെറിയ ദൂരംതന്നെ രണ്ട് ഹൃദയങ്ങള്‍ക്കിടയില്‍ പടര്‍ന്നുകിടന്ന ഒരു അദൃശ്യ ലോകമായിരുന്നു. ആരും കാണാത്ത, ആരും അറിയാത്ത, പക്ഷേ അവരുടെ ശ്വാസത്തിെൻറ ചൂടില്‍ ജീവിച്ചിരുന്ന ഒരു ലോകം. മഴയില്‍ കുതിര്‍ന്ന് കളിച്ച ബാല്യത്തിെൻറ വൈകുന്നേരങ്ങളും, മാമ്പഴം പങ്കിട്ടു കഴിച്ച ഉച്ചതിരിഞ്ഞുകളുമാണ് ആദ്യം അവരുടെ മനസ്സുകളെ തമ്മിലടുപ്പിച്ചത്.
മദ്റസയിലേക്കുള്ള വഴിയില്‍ ഒപ്പം നടന്ന ചെറിയ ദൂരം പോലും അന്ന് അവര്‍ക്കൊരു വലിയ യാത്രയായിരുന്നു. മദ്റസയില്‍ ഒരിക്കല്‍ ഉസ്താദ് സ്വര്‍ഗത്തിലെ സിദ്റത്തുല്‍ മുന്‍തഹയെ കുറിച്ച് പറഞ്ഞിരുന്നു.
ആ വൃക്ഷത്തിെൻറ മഹിമയും അതിെൻറ അതിര്‍ത്തിക്കപ്പുറമുള്ള ദൈവിക നിശ്ശബ്ദതയും ഉസ്താദ് കാഴ്ചപോലെ പറയുമ്പോള്‍, മജീദിെൻറ കണ്ണുകള്‍ മുംതാസിെൻറ മുഖത്തായിരുന്നു. അവെൻറ നോട്ടത്തിെൻറ ചൂട് താങ്ങാനാവാതെ അവള്‍ തലതാഴ്ത്തി. ആ നിമിഷത്തില്‍ ഉസ്താദ് പറഞ്ഞ സ്വര്‍ഗം എവിടെയോ മുകളിലല്ല, തെൻറ അരികിലാണെന്ന് മജീദിന് തോന്നിയിരിക്കണം. കാലം കടന്നുപോകുമ്പോള്‍ ശരീരങ്ങൾക്കൊപ്പം വീടുകളും നിയമങ്ങളും മതിലുകളും കൂടെ വളരും. മുംതാസ് ഋതുമതിയായതിനു ശേഷം അവളുടെ നടപ്പിെൻറ പരിധി വീടിെൻറ വളപ്പിനുള്ളിലായി.
ഒരിക്കല്‍ മാവിെൻറ മറവില്‍നിന്ന് അവള്‍ മൃദുവായി പറഞ്ഞു: ‘മജീദേ… ഞാനിപ്പോള്‍ വലിയ പെണ്ണായി…’ ആ വാക്കിെൻറ മുഴുവന്‍ അര്‍ഥം അന്ന് മജീദിന് മനസ്സിലായോയെന്നറിയില്ല. പക്ഷേ അവന്‍ അപ്പോഴും അവളുടെ കണ്ണുകളില്‍ തന്നെ മറന്നുവെച്ചവനായിരുന്നു. കാലം അവെൻറ തോളുകള്‍ക്ക് പുരുഷഭാവം നല്‍കിയപ്പോഴും, മനസ്സില്‍ അവള്‍ പതിയെ ഒരു തീരമില്ലാത്ത സ്നേഹക്കടലായി വളര്‍ന്നു. ഇരുവരും അതിനെ മഹാ ഹസ്യമാണെന്ന് കരുതിയെങ്കിലും പ്രണയം ഏറ്റവും ആദ്യം വെളിപ്പെടുന്നത് കണ്ണുകളിലൂടെയാണ്. ഒളിച്ചും പാത്തും മജീദ് ആ വഴിയിലൂടെ വരുന്ന ഓരോ തവണയും, അവെൻറ കണ്ണുകൾ തന്നെ അവനെ ഒറ്റികൊടുക്കും. അലച്ചുകുത്തി പെയ്യുന്ന മഴയില്‍, ചേമ്പില കൈയിലേന്തി, കാര്യമൊന്നുമില്ലാതെ മുംതാസിെൻറ വീടിനു മുന്നിലൂടെ നടന്ന്, നനഞ്ഞൊട്ടി ബസ്റ്റോപ്പിലെത്തുന്ന മജീദിനെ കണ്ട് കൂട്ടുകാര്‍ കളിയാക്കി: ‘പ്രേമത്താല്‍ മത്തായതാണ് നെനക്ക്, മജീദേ…’ അവര്‍ ചിരിച്ചുപറഞ്ഞ ആ കളിയാക്കലുകളില്‍ അവന്‍ പങ്കുചേര്‍ന്നില്ല. കാരണം മഴനൂലുകള്‍ക്കിടയിലൂടെ ഒരു മുഖം മാത്രം അവെൻറ മനസ്സില്‍ തെളിഞ്ഞുനിന്നിരുന്നു.
പുറത്തു പെയ്തത് മഴയായിരുന്നു; ഉള്ളില്‍ പെയ്തത് പ്രണയമായിരുന്നു. ആ സംഗീതം കേട്ടത് അവന്‍ മാത്രമാണ്. മജീദിെൻറ നടപ്പിെൻറ ശബ്ദം മുംതാസിെൻറ വീട്ടുകാര്‍ക്കും പരിചിതമായിരുന്നു. അവന്‍ ആ വഴിയിലൂടെ കടന്നുപോകുമ്പോള്‍ മുറ്റത്ത് നിന്നിരുന്ന ഉമ്മ ഒന്ന് തലപൊക്കി നോക്കും.
ഇത്താമാര്‍ തമ്മില്‍ കണ്ണോട്ടം മാറും. ഒന്നും തുറന്നുപറഞ്ഞില്ലെങ്കിലും, നിഷേധിക്കാത്ത ഒരു ചെറുസമ്മതം ആ വീട്ടിലെ വായുവില്‍ത്തന്നെ കലര്‍ന്നിരുന്നു. മുംതാസിെൻറ സഹോദരന്‍ യാസിന്‍ ഇതെല്ലാം മനസ്സിലാക്കിയവനായിരുന്നു. ഇടയ്ക്കിടെ അവന്‍ കളിയോടെ ചോദിക്കും: ‘ആ വഴിയിലോട്ട് ഇന്നെന്താ ഇത്ര നോക്കുന്നത്?’ അവള്‍ നാണത്താല്‍ തലവെട്ടിക്കും. അല്ലെങ്കില്‍ ഒരു തറുതല മറുപടി പറഞ്ഞു ഒഴിഞ്ഞുമാറാന്‍ നോക്കും. അപ്പോള്‍ അവന്‍ ചിരിച്ചുകൊണ്ട് വീണ്ടും പറയും: ‘മജീദ് ഇന്ന് രണ്ടുതവണ പോയി… കണ്ടില്ലേ?’ അത് കേള്‍ക്കുമ്പോള്‍ മുംതാസിെൻറ ഹൃദയം അപ്രതീക്ഷിതമായി ചെറുപക്ഷിയെപ്പോലെ പിടഞ്ഞുപറക്കും. നെഞ്ചിനുള്ളില്‍ ആരോ അറബന മുട്ടുന്നതുപോലെ തോന്നും.
പക്ഷേ യാസിെൻറ കളിയാക്കലില്‍ പരിഹാസമുണ്ടായിരുന്നില്ല; ഒരു സഹോദരെൻറ കരുതല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ എല്ലാ പ്രണയങ്ങള്‍ക്കും വഴിയൊരുക്കുന്ന വീടുകള്‍ കുറവാണ്. അവരുടെ പ്രണയത്തിന് മുന്നില്‍ ഒരു കഠിന നിഴലായി നിന്നത് മുംതാസിെൻറ മാമയായിരുന്നു. ആ തറവാട്ടില്‍ അയാള്‍ക്കെതിരെ സംസാരിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. അയാളുടെ ശബ്ദം ഉയരുമ്പോള്‍, വീടിനുള്ളിലെ മറ്റു ശബ്ദങ്ങള്‍ എല്ലാം പതുങ്ങിപ്പോകുമായിരുന്നു. പക്ഷേ അവരുടെ ഇടയില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നു,
മജീദിെൻറ അനിയത്തി ഷഹാന. ചെറുപ്പം. കുഴപ്പക്കാരി. പക്ഷേ ഈ സ്നേഹത്തിെൻറ ഏറ്റവും വിശ്വസ്തമായ കാവല്‍ക്കാരിയായിരുന്നു അവള്‍. ഒരിക്കല്‍ മജീദ് ഒരു ഒറ്റവരി കത്ത് എഴുതി: ‘സുഖമാണോ…?’ ആ കത്ത് മുംതാസിെൻറ കൈയിലെത്തിച്ചത് ഷഹാനയായിരുന്നു. കത്ത് കൈമാറുമ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ‘ഇത്താ… ആരോ കൊടുത്തതാണ്…’ മുംതാസിെൻറ മുഖത്ത് ഒരു കള്ളച്ചിരി വിടര്‍ന്നു: ‘ആരോ ആണോ…?’‘എനിക്കെല്ലാം അറിയാം… പക്ഷേ മാമ കാണണ്ട…’ അതായിരുന്നു തുടക്കം. പക്ഷേ അതിനുശേഷം കത്തുകളുടെ ഒരു നിശ്ശബ്ദ യാത്ര തുടങ്ങി. മജീദില്‍നിന്ന് മുംതാസിലേക്ക്. മുംതാസില്‍നിന്ന് മജീദിലേക്ക്. പറയാനാവാത്തതെല്ലാം കടലാസുകളുടെ മടക്കുകളില്‍ സൂക്ഷിച്ചുകൊണ്ടുള്ള രഹസ്യ സഞ്ചാരം.
ഒരിക്കല്‍ മുംതാസ് മജീദിന് ഒരു ചെറിയ മരപ്പെട്ടി നല്‍കി. അവളുടെ ഉപ്പ കൊണ്ടുവന്ന ചിത്രപ്പണികളുള്ള, കനം കുറഞ്ഞ, അതീവ സുന്ദരമായ ഒരു കുഞ്ഞുപെട്ടി. അത് തുറന്ന നിമിഷം ജന്നാത്തുൽ ഫിർദൗസ് അത്തറിെൻറ മണം പരന്നു.
മജീദ് അതിനെ ഒരു വസ്തുവായി സൂക്ഷിച്ചില്ല; ഒരു കാലഘട്ടത്തിെൻറ ഹൃദയമായി സൂക്ഷിച്ചു. ഒരു വൈകുന്നേരം, ജാലകത്തിനരികില്‍ നിന്നുകൊണ്ട് മുംതാസ് മജീദും ഷഹാനയും വരുന്നത് കണ്ടു. മുറിയില്‍നിന്നിറങ്ങി വേലിക്കരികിലേക്ക് ചെല്ലാന്‍ തോന്നി.
പക്ഷേ മുറ്റത്ത് നിന്നിരുന്ന മാമയുടെ നിഴല്‍ അവളുടെ കാലുകളെ നിശ്ചലമാക്കി. അപ്പോള്‍ മജീദിനോട് ഷഹാന മന്ദമായി പറഞ്ഞു: ‘ഞാന്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് സംസാരിക്കാനേ പറ്റില്ലല്ലോ…’ അത് കേള്‍ക്കാതെ കേട്ടതുപോലെ മുംതാസ് ലജ്ജിച്ചു. ആ ലജ്ജയുടെ ചുവപ്പ് യാസിെൻറ കണ്ണില്‍നിന്ന് മറഞ്ഞില്ല. കാലം വീണ്ടും മുന്നോട്ടുപോയി.
ഇരുവര്‍ക്കും പത്തൊമ്പത് തികഞ്ഞിരുന്നു. പക്ഷേ മജീദിന് അന്നും ഉറച്ചൊരു ജോലി കിട്ടിയിരുന്നില്ല. നാളെയെന്ന വാക്ക് തന്നെയവന് അന്ന് ഒരു മങ്ങിയ രൂപമായിരുന്നു. അത്തരം സമയത്താണ് മുംതാസിനായി ഒരു നല്ല ആലോചന വരുന്നത്. അകന്ന ബന്ധുവഴി വന്ന ആ ആലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ മാമ ആളെയേര്‍പ്പാടാക്കി. ‘ഇനി വൈകിക്കേണ്ട…’ ആ തീരുമാനം കേട്ട നിമിഷം മുതല്‍ മുംതാസിെൻറ ഉള്ളില്‍ എന്തോ പതിയെ തകര്‍ന്നുതുടങ്ങി. ഒന്നു കരയാന്‍പോലും അവള്‍ക്ക് കഴിഞ്ഞില്ല.
ചില ദുഃഖങ്ങള്‍ കണ്ണീരാകാറില്ല; അവ ഉള്ളില്‍ത്തന്നെ കല്ലായി കിടക്കും. മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തം പ്രണയം ഉപേക്ഷിക്കേണ്ടി വരുന്ന പെൺകുട്ടികളുടെ മൗനത്തിന് ശബ്ദമില്ല. അവള്‍ മജീദിന് ഒരു കത്തെഴുതണമെന്നു വിചാരിച്ചു. പക്ഷേ അതിനും കഴിഞ്ഞില്ല.
ഞാന്‍ കാത്തിരിക്കും എന്ന് പറഞ്ഞ് സ്വന്തം ജീവിതം നിർത്തിവെക്കാന്‍ അവള്‍ക്കവകാശവുമില്ലായിരുന്നു, ധൈര്യവുമില്ലായിരുന്നു. എങ്കിലും മറക്കാന്‍ കഴിഞ്ഞില്ല. തനിക്കുമാത്രം തുറക്കാനാകുന്ന ഒരു രഹസ്യഹൃദയവാതിലിനുള്ളില്‍, വിരഹത്തിെൻറ ഒരു നദിയില്‍, അവള്‍ മജീദിനെ ഒരു തിരയായി ഒളിപ്പിച്ചു. ഒന്നും പറഞ്ഞില്ലെങ്കിലും അവളുടെ നിസ്സഹായത മജീദിന് മനസ്സിലാവുമായിരുന്നു. അതുകൊണ്ടായിരുന്നു അവരുടെ പിരിയലില്‍ പരാതികളില്ലാതിരുന്നത്.
കുറ്റപ്പെടുത്തലുകളില്ലാതിരുന്നത്. വാക്കുകളായി പുറപ്പെടാതെ പോയ വേദനകള്‍ മാത്രം അവശേഷിച്ചു. മജീദിനെ ഒരിക്കല്‍കൂടെ കാണണമെന്ന് മുംതാസ് അപേക്ഷിച്ചപ്പോള്‍, യാസിന് അതു തള്ളാനായില്ല. മാമയുടെ കണ്ണുവെട്ടിച്ച് അവന്‍ അവളെ കൂട്ടി തൊട്ടടുത്തുള്ള കുന്നിന്‍പുറത്തേക്ക് കൊണ്ടുപോയി. മുന്‍കൂട്ടി പറഞ്ഞിരുന്നതിനാല്‍ മജീദും എത്തിയിരുന്നു.ആ കൂടിക്കാഴ്ചയില്‍ സമയം പോലും മന്ദഗതിയില്‍ നടന്നിരിക്കണം. പിരിയേണ്ട നിമിഷം വന്നപ്പോള്‍ ഇരുവരും കുറച്ചുനേരം ഒന്നും പറയാതെ നിന്നു. മുംതാസിെൻറ കണ്ണുകളില്‍ തടഞ്ഞുവെച്ച കണ്ണുനീര്‍ നിറഞ്ഞിരുന്നു.
മജീദിെൻറ മൗനത്തില്‍ തകര്‍ന്നുപോകുന്ന ഹൃദയത്തിെൻറ ശബ്ദം ഉണ്ടായിരുന്നു. അവസാനമായി അവര്‍ ആലിംഗനം ചെയ്തു. നെറുകയിലെൊരു സ്നേഹചുംബനത്തില്‍, പറഞ്ഞുപോവാന്‍ കഴിഞ്ഞില്ലാത്ത മുഴുവന്‍ സ്നേഹവും, ജീവിക്കാനാകാതെ പോയ മുഴുവന്‍ സ്വപ്നവും ഒതുക്കിവെച്ചു.
പിന്നെ, തങ്ങളുടെ മുഴുവന്‍ വിഷമവും ഉള്ളിലൊതുക്കി, രണ്ട് ദിശകളിലേക്ക് നടന്നു. വൈകാതെ മുംതാസ് പാലക്കാട്ടേക്ക് പോയി. തങ്ങള്‍ ഒരിക്കല്‍ ഒപ്പം നടന്ന വഴിയിലൂടെ നടക്കുമ്പോള്‍, സ്വന്തം കാല്‍ച്ചുവടുകള്‍ പോലും മജീദിന് ഭാരമായി തോന്നി. അന്നേദിവസം യാസിനും അസാധാരണമായി മൗനത്തിലായിരുന്നു. ചില വേര്‍പാടുകളില്‍ വാക്കുകള്‍ അനാവശ്യമായി മാറും. കാലം പിന്നെ കാറ്റിെൻറ വേഗത്തില്‍ കടന്നുപോയി. കുറച്ച് നാള്‍ക്കു ശേഷം മജീദ് ഗള്‍ഫിലേക്ക് പോയി. മൂന്നാം വര്‍ഷം ഷഹാനയുടെ വിവാഹം നടന്നു. ജീവിതം എല്ലാവരെയും അവരവരുടെ വഴികളിലൂടെ കൊണ്ടുപോയി. അതിനിടെയാണ് യാസിനെ മരണം ആകസ്മികമായി കൂട്ടിക്കൊണ്ടുപോയത്.
പെരുമഴയും കാറ്റും കൂടിയ ഒരു ദിവസമായിരുന്നു അത്. പെട്ടെന്നൊരു നെഞ്ചുവേദന. ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പേ അവന്‍ മടങ്ങിയിരുന്നു. മരിച്ചുകിടക്കുമ്പോഴും അവെൻറ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നുവെന്ന് എല്ലാവരും പറഞ്ഞു. ജീവനോടെ ഇരിക്കുമ്പോള്‍ പോലെ തന്നെ, മറ്റുള്ളവരുടെ രഹസ്യവേദനകളെ സ്വന്തം മൗനത്തില്‍ വഹിച്ചുകൊണ്ടായിരിക്കണം അവന്‍ പോയത്. വളരെ വൈകിയാണ് ഷഹാനയുടെ ഒരു കത്തും കാസറ്റും മജീദിന് കിട്ടിയത്. അപ്പോഴാണ് യാസിെൻറ മരണവാര്‍ത്ത അവന്‍ അറിഞ്ഞത്. അന്നു രാത്രി റൂമില്‍ ഒറ്റയ്ക്കിരുന്ന് മജീദ് പൊട്ടിക്കരഞ്ഞു.
ചില മനുഷ്യരെ നമ്മള്‍ സ്നേഹിച്ചത് കൊണ്ട് മാത്രമല്ല കരയുന്നത്; നമ്മുടെയൊരു കാലം അവരോടൊപ്പം മണ്ണടിയുന്നതുകൊണ്ടാണ്. ഷഹാനയുടെ കത്തുകളിലും കാസറ്റുകളിലും ഇടയ്ക്കിടെ മുംതാസിെൻറ വിവരങ്ങളും ഉണ്ടായിരുന്നു. ‘ഇത്താ സുഖമാണെന്ന് പറഞ്ഞു…’ ‘രണ്ടാമതും പ്രസവിച്ചു, പെണ്‍കുട്ടിയാണ്…’ ‘ഗള്‍ഫിലേക്ക് പോകുന്നെന്നു കേട്ടു…’ ‘അവന്‍ നല്ല ജോലിയിലാണ്…’ ജീവിതം മുന്നോട്ടുപോയി. പേരുകള്‍ മാറി. ബന്ധങ്ങള്‍ വളര്‍ന്നു. വീടുകള്‍ പുനര്‍നിര്‍മിച്ചു. പക്ഷേ ചില ഓര്‍മകള്‍ മാത്രം പഴയ ജനല്‍പ്പാളികളില്‍ പായലു പോലെ മായാതെ പച്ചപിടിച്ചു നിന്നു.
വർഷങ്ങൾക്കുശേഷം, ഗള്‍ഫിലെ ഒരു മലയാളി കുടുംബസംഗമത്തിലാണ് അവർ വീണ്ടും കണ്ടുമുട്ടിയത്. മുംതാസാണ് ആദ്യം അവനെ കണ്ടത്. ഒരു നിമിഷം സമയം നിശ്ചലമായതുപോലെ അവള്‍ക്ക് തോന്നി. തെൻറ മുന്നില്‍, കുടുംബത്തോടൊപ്പം നില്‍ക്കുന്ന മജീദ്. അവനും അവളെ കണ്ടു. അവര്‍ അപ്പോള്‍ പഴയ ഗ്രാമത്തിലെ രണ്ട് കൗമാരഹൃദയങ്ങള്‍ ആയിരുന്നില്ല.
ജീവിതം കണ്ടവര്‍, കുടുംബം നേടിയവര്‍, ഉത്തരവാദിത്തങ്ങളുടെ ഭാരത്തില്‍ പക്വമായവര്‍ ആയിരുന്നു. എങ്കിലും ഉള്ളിെൻറ ഏറ്റവും അഗാധമായ ഒരു മൂലയിലോ, അവര്‍ ഇപ്പോഴും ആ പഴയ വഴിയിലൂടെ പരസ്പരം നോക്കുന്ന ബാല്യഹൃദയങ്ങളായി തുടരുന്നുണ്ടായിരുന്നു. മജീദ് മൃദുവായി ചോദിച്ചു: ‘സുഖമാണോ…?’ മുംതാസ് പുഞ്ചിരിച്ചു: ‘സുഖമാണ്… നിങ്ങളോ…?’ ‘അല്‍ഹംദുലില്ലാഹ്…’ കുടുംബങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. ചുറ്റും ശബ്ദങ്ങളും മുഖങ്ങളും ചിരികളും ഉണ്ടായിരുന്നു. പക്ഷേ അവരുടെ ഉള്ളില്‍ മാത്രം പഴയ കത്തുകളുടെ കടലാസ് ശബ്ദം കേള്‍ക്കാമായിരുന്നു. ജാലകത്തിനരികിലെ നോട്ടങ്ങള്‍, മഴനാളുകള്‍, ഷഹാനയുടെ ചെറുചിരി, യാസിെൻറ കളിയാക്കല്‍... എല്ലാം ഒരു നിമിഷം വീണ്ടും ജീവിച്ചു. പക്ഷേ ഒന്നും വാക്കുകളായില്ല. കണ്ണീരായതുമില്ല. ചില വേദനകള്‍ കരയുന്നില്ല; അവ ചെറുചിരിയിലൂടെ മാത്രം ഒളിഞ്ഞുനില്‍ക്കും. ‘ശരി… കാണാം…’‘ഇന്‍ഷാ അല്ലാഹ്…’ അവര്‍ വീണ്ടും രണ്ട് ദിശകളിലേക്ക് നടന്നു. പക്ഷേ രണ്ടാളുടെയും ഉള്ളില്‍ ഒരു നേരിയ വിങ്ങലുണ്ടായിരുന്നു.
അതോടൊപ്പം ഒരു സമാധാനവും. അവള്‍ സന്തോഷത്തോടെ ജീവിക്കുന്നു എന്നു കണ്ട ആശ്വാസം. അവന്‍ ജീവനൊടെയുണ്ടെന്ന അറിവിെൻറ മൃദുവായ നിറവ്. കാറോടിക്കുമ്പോള്‍ മജീദിെൻറ മനസ്സ് വീണ്ടും പഴയ ഗ്രാമത്തിലേക്ക് തിരിഞ്ഞു... ചുവന്ന മണ്ണുവഴി, മാവ്, ജാലകത്തിനരികിലെ ഒരു മുഖം, കൈയില്‍ കത്തുമായി ഓടുന്ന ഷഹാന… വീട്ടിലെത്തിയ മുംതാസിെൻറയും അവസ്ഥ വേറെയായിരുന്നില്ല. തെൻറ ഉള്ളില്‍ വളരെ പഴയൊരു വാതില്‍ പതിയെ തുറക്കപ്പെട്ടതുപോലെ അവള്‍ക്ക് തോന്നി. ഒന്നും തിരികെ വന്നില്ല. ഒന്നും പൂർണമായി നഷ്ടമായതുമില്ല. പക്ഷേ ഒരു കാലം, ഒരു നിമിഷത്തേക്കെങ്കിലും വീണ്ടും ജീവിച്ചു. അപ്പോഴാണ് ഒരിക്കല്‍ ഷഹാന ഏൽപിച്ചിരുന്ന ആ പഴയ പെട്ടിയെക്കുറിച്ച് അവള്‍ ഓര്‍ത്തത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ചിത്രപ്പണികളുള്ള കുഞ്ഞു മരപ്പെട്ടി അവള്‍ പതിയെ തുറന്നു. പഴയ കത്തുകള്‍. ചിലത് മങ്ങിയിരുന്നു.
ചിലത് മടക്കുപാടുകള്‍ കൊണ്ട് പഴകിയിരുന്നു. പക്ഷേ അവയില്‍ എഴുതപ്പെട്ട സ്നേഹം ഇന്നും മങ്ങിയിരുന്നില്ല. അവള്‍ ഒരു കത്ത് തുറന്നു.
ആദ്യവരി... ‘സുഖമാണോ…?’ മുംതാസിെൻറ കണ്ണുകള്‍ നനഞ്ഞു. മൃദുവായി, തനിക്കുതന്നെ കേള്‍ക്കുന്ന ശബ്ദത്തില്‍ അവള്‍ പറഞ്ഞു: ‘സുഖമാണ്… നിെൻറ അസാന്നിധ്യമൊഴികെ…’ ആ നിമിഷത്തില്‍ വീണ്ടും ജന്നത്തുൽ ഫിർദൗസിെൻറ മണം പരന്നു. പുറത്ത് ഒരു തണുത്ത കാറ്റ് വീശി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

