പ്രണയത്തുരുത്ത്
text_fieldsഇവരിപ്പോൾ മുഖത്തോട് മുഖം നോക്കിയിരിക്കുകയാണ്. ദൂരേക്ക് ഇടയ്ക്കിടെ നോക്കുന്നുണ്ട്, വരാനില്ലാത്ത ആരെയോ കാത്ത്. അല്ലെങ്കിൽ വീടിനുള്ളിലെ ബെഡ്‌റൂമിൽ ഒരാളും സിറ്റിങ് റൂമിൽ മറ്റേയാളും... ഇടക്ക് മിണ്ടിയും മറ്റു ചിലപ്പോൾ ഒന്നും മിണ്ടാനില്ലാതെയും.
മൗനം ചങ്കും നെഞ്ചും കീറി മുറിക്കുമ്പോൾ പടച്ചോനോടങ്ങനെ വർത്താനം പറഞ്ഞിരിക്കും. കഴിഞ്ഞുപോയ നഷ്ടങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്വർഗലോകവും എല്ലാമെല്ലാം മതിവരുവോളം സംസാരിക്കും.
നല്ല പ്രായത്തിൽ വീടകം നിറഞ്ഞ് ജീവിച്ച് ഇപ്പോ വനവാസം ആയവരുണ്ട് ഇവരിൽ. കൈവിരലുകൾക്കപ്പുറം എണ്ണം പെറ്റു പോറ്റിയവരുണ്ട് ഇതിൽ. കുടുംബത്തോടൊപ്പം ജീവിച്ചു കൊതിതീരാത്ത പ്രവാസികളുമുണ്ട്. തിരക്കൊഴിഞ്ഞ വൻകിട കച്ചവടക്കാരുണ്ട് ഇതിൽ. പല്ലും നഖവും കൊഴിഞ്ഞ ഘടാഘടിയന്മാരുമുണ്ട്. ഇവരാണ് മിക്ക വീടുകളിലെയും ഉപ്പമാരും ഉമ്മമാരും. നാട്ടിലെ അധിക വീടുകളിലുമുള്ള ഇവരെ കാണുമ്പോൾ എെൻറ മനസ്സിൽ തികട്ടിവരുന്ന ഒരു സങ്കടമുണ്ട്.
പണ്ട് ഇവർ ഒന്ന് സ്വസ്ഥമായി ഒറ്റക്കിരുന്ന് സംസാരിക്കാൻ എത്ര ആഗ്രഹിച്ചിട്ടുണ്ടാവും? കോലായിലെ വാപ്പമാർ അടുക്കളയിലേക്ക് കൊതിയോടെ എത്ര നോക്കികാണും?വീട്ടിലെ അവസാന അംഗവും ഉറങ്ങി എന്ന് ഉറപ്പുവരുത്തിയിട്ട് ‘എടിയേ, വാ... കുറച്ചു വെള്ളം താ’ എന്ന് പറഞ്ഞവർ എത്ര ഉണ്ടാവും? ഇപ്പൊ ആരെയൊക്കെയോ നോക്കിയിരിക്കുന്ന ഇവർ അന്ന് എപ്പോഴെങ്കിലും ഒന്ന് വീട്ടിൽ തനിച്ചായെങ്കിൽ എന്ന് മോഹിച്ചിട്ടുണ്ടാവില്ലേ? ഇപ്പോൾ വിറയാർന്ന കൈകൾ കൊണ്ട് പരസ്പരം വേദനകൾ അകറ്റുമ്പോൾ, ചുക്കിച്ചുളിയാത്ത കരസ്പർശം എത്ര മോഹിച്ചു കാണും?
മിണ്ടാനൊരു വഴിയില്ലാതെ, തുള്ളി മരുന്നുകൾ ഇറ്റിക്കുന്ന ഇപ്പോഴത്തെ മിഴികളിലേക്ക് നോക്കി തമ്മിൽ തമ്മിൽ എത്ര സംസാരിച്ചിരിക്കണം. ഖൽബും കണ്ണും തൊട്ട് ഉണ്ടായിട്ടും ജീവിതം ആസ്വദിക്കാതെ ജീവിച്ചിട്ടുണ്ടാവില്ലേ?
മിണ്ടാൻ പേടിച്ച്, തൊടാൻ പേടിച്ച്, കാതുകളിൽ കിന്നാരമോതാൻ പേടിച്ച്, ഒരുമിച്ചൊന്ന് കാറ്റുകൊള്ളാൻ, യാത്ര പോകാൻ, കുട്ടികളെ താലോലിക്കാൻ, എല്ലാമെല്ലാം മറ്റാർക്കൊക്കെയോ വേണ്ടി മാറ്റിവെച്ച്... ഇപ്പൊ വസന്തവും ശിശിരവും വർഷവും എല്ലാം കഴിഞ്ഞിട്ട് ഒറ്റക്കായിട്ട്, എന്തിനാ... വർഷങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ കുറച്ചുദിവസത്തെ ജീവിതം മാത്രം തന്നു കൊതി തീരാതെ പണ്ടത്തെ പ്രവാസിയുമില്ലേ ഇതിൽ. ഒരു കൊതിയുമില്ലാതെ അടുത്ത്, ഒന്നിച്ച് ജീവിക്കുന്നു.
ഒരു ചൊല്ലുണ്ടല്ലോ, ഐസ് ഉണ്ടാകുമ്പോൾ പൈസ ഉണ്ടാവില്ല. പൈസ ഉണ്ടാകുമ്പോൾ ഐസ് ഉണ്ടാവില്ല. ഐസും പൈസയും ഉണ്ടാകുമ്പോൾ സ്കൂൾ ഉണ്ടാവില്ല. അതുപോലെ... ഇപ്പൊ ഇവരുടെ കൈയിൽ ഐസും പൈസയും ഉണ്ട്. പക്ഷേ, സ്കൂൾ ഇല്ലല്ലോ... എന്നാലും എത്ര വാർധക്യത്തിലും ഒരാൾക്ക് മറ്റൊരാളെ പിരിഞ്ഞിരിക്കാൻ വയ്യാത്ത ആ പ്രണയമുണ്ടല്ലോ, അത് പുതുതലമുറയെ പോലും അതിശയിപ്പിക്കും വിധം കരുത്തുറ്റതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

