സമാധാനം
text_fieldsരാവിലെ ഏഴു മണിക്ക് തുടങ്ങിയതായിരുന്നു അയാളുടെ ഓട്ടം. നഗരത്തിരക്കിലൂടെയുള്ള ബസ് യാത്ര, കമ്പ്യൂട്ടറിനു മുന്നിലെ എട്ട് മണിക്കൂർ, നൂറുകണക്കിന് ഇ-മെയിലുകൾ, ബോസിന്റെ ചോദ്യങ്ങൾ... സമയം ഒട്ടും പാഴാക്കാതെ നീങ്ങിയ മണിക്കൂറുകൾ. കൃത്യം അഞ്ചുമണിക്ക് കമ്പ്യൂട്ടർ ഷട്ട് ഡൗൺ ചെയ്യുമ്പോൾ, ശരീരത്തിലെ ഓരോ പേശിയും ഒരുദിവസത്തെ ഭാരം ഇറക്കിവെച്ചതുപോലെ നെടുവീർപ്പിട്ടു. വിരലുകൾ കീബോർഡിൽനിന്ന് മോചിപ്പിക്കപ്പെട്ട ആ നിമിഷത്തിൽ, അയാളുടെ മനസ്സിൽ സന്തോഷത്തിന്റെ മണിയൊച്ച മുഴങ്ങി. ഓഫിസ് ഗേറ്റ് കടന്ന് റോഡിലെത്തിയപ്പോൾ സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ കടുംചുവപ്പ് വാരിവിതറിയിരുന്നു. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ അയാൾ തന്റെ ഹെഡ്‌സെറ്റ് ചെവിയിൽ വെച്ചു. ഇപ്പോൾ കേൾക്കേണ്ടത് തിരക്കിട്ട അറിയിപ്പുകളോ ഫോൺകോളുകളോ അല്ല; മനസ്സിലേക്ക് ശാന്തത കൊണ്ടുവരുന്ന ഒരു പഴയ ഗസലാണ്.
തിരക്കിൽ ഞെങ്ങിഞെരുങ്ങിയുള്ള ബസ് യാത്രയിൽ അയാൾക്ക് ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ, വീട്. ജോലിയുടെ ടെൻഷനും നഗരത്തിന്റെ പുകച്ചിലും യാത്രയുടെ ബുദ്ധിമുട്ടുകളും അയാളെ അലട്ടിയില്ല. ഒരു മണിക്കൂറിനുള്ളിൽ അയാൾ തന്റെ ഇഷ്ടപ്പെട്ട ലോകത്ത് എത്തിച്ചേരും.
‘നിങ്ങളുടെ സ്റ്റോപ്പായി.’ ഗസലിനെ കീറിമുറിച്ച് കണ്ടക്ടറുടെ ശബ്ദം ചെവിയിലെത്തി. ബസിറങ്ങി, അയാൾ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞു.
ഇവിടെ ശാന്തമാണ്. റോഡരികിലെ വീട്ടിലെ മുല്ലച്ചെടിയിൽനിന്നും നേരിയ ഗന്ധം ഒഴുകിയെത്തി. നഗരത്തിലെ മാലിന്യം പേറിയ ശ്വാസകോശങ്ങൾക്ക് അതൊരു തണുത്ത വെള്ളം പോലെയായി.
മഗ്‌രിബ് നമസ്കാരത്തിന് വേണ്ടി ആളുകൾ പള്ളിയിലേക്ക് പോകുന്നു. അമ്പലത്തിലെ സന്ധ്യാദീപത്തിന്റെ വെളിച്ചം റോഡിൽ ഒരു നേർത്ത മഞ്ഞ വരയിട്ടു. ആ വഴി, സമാധാനത്തിന്റെ വഴിയാണെന്ന് അയാൾക്ക് തോന്നി.
വീടെത്തിയപ്പോൾ കതക് തുറന്ന് ആദ്യം വന്നത് മക്കളാണ്. ‘വാപ്പിച്ചീ!’ എന്ന ആ വിളിയിൽ ഒരു ദിവസത്തെ എല്ലാ ക്ഷീണവും അലിഞ്ഞുപോയി. ഭാര്യ ഓടിവന്ന്, കണ്ണുകളിൽ സ്നേഹം നിറച്ച്, അയാളുടെ വിയർത്ത നെറ്റിയിൽ മെല്ലെ തൊട്ടു.
അടുത്ത ദിവസം അയൽപക്കത്തെ വസന്ത ചേച്ചിയുടെ മകൾ ബിബിതയുടെ കല്യാണമായതിനാൽ എല്ലാവരും എത്തിയിട്ടുണ്ട്. ആ കല്യാണത്തിന്റെ സന്തോഷം വീടിന്റെ മുറ്റംവരെ തുള്ളിത്തുളുമ്പി നിന്നു. കല്യാണത്തിരക്കിന്റെ മണമുള്ള ഒരു സായാഹ്നമായിരുന്നു അത്. നഗരത്തിൽനിന്നും വന്ന ഇക്കയും കുടുംബവും, ദൂരെയുള്ള ഇത്തയും കുടുംബവും എത്തിയതോടെ വീടിന് ഒരുത്സവത്തിന്റെ ഭാവം. അകത്തളത്തിൽ ചിരികളും, കുശലാന്വേഷണങ്ങളും ഉയർന്നു. ഓരോരുത്തരും അവരുടെ വീട്ടിലെ അടുക്കളയിൽ ഉണ്ടാക്കിയ സ്നേഹം ചേർത്ത നാടൻ പലഹാരങ്ങൾ പൊതിഞ്ഞു കൊണ്ടുവന്നു. കുളിച്ചുവന്ന അയാൾക്കു മുന്നിൽ, അടുക്കളയിൽ നിന്ന് വരുന്ന ചൂടുചായയുടെയും, പഴംപൊരിയുടെയും ഗന്ധം ഒഴുകിയെത്തി...
മുറ്റത്തെ പാഷൻ ഫ്രൂട്ട് മരത്തിനു താഴെ എല്ലാവരും ചേർന്ന് നിലത്ത് പായ വിരിച്ചിരുന്നു. ഉപ്പയും, ഉമ്മയും, സഹോദരങ്ങളും, കുടുംബവും ആ ഒത്തുചേരലിന്റെ മധ്യത്തിലുണ്ടായിരുന്നു. ആവി പറക്കുന്ന ചായ ഗ്ലാസുകളിലേക്ക് പകർന്നു. പലഹാരത്തളികകൾ നടുവിലിരുന്നു. ആ ചായകുടി വെറും ചായ കുടിയായിരുന്നില്ല, അത് അവർക്കിടയിലെ മായാത്ത ബന്ധങ്ങളുടെ ആഘോഷമായിരുന്നു.
എല്ലാവരും സന്തോഷത്തോടെ സംസാരിച്ച്, കല്യാണവീട്ടിലേക്ക് തിരിച്ചു. രാത്രി വൈകി, എല്ലാവരും അവരവരുടെ റൂമുകളിലേക്ക് കിടക്കാൻ വന്നു.
പതിഞ്ഞ കാൽവെപ്പുകളോടെ അയാൾ ഉമ്മയുടെ മുറിയിലേക്ക് നടന്നു. അവിടെ, മങ്ങിയ വെളിച്ചത്തിൽ, ഉമ്മയുടെ നിസ്‌കാരപ്പായ വിരിച്ചിട്ടിരിക്കുന്നു. പതിയെ ചെന്ന് ഉമ്മയുടെ അടുത്ത്, ആ പായയിൽ, തലവെച്ചു. ഒരു കുട്ടിയെപ്പോലെ ഉമ്മയുടെ മടിയിലേക്ക് ഒതുങ്ങിക്കിടന്നു. ഉമ്മ സംസാരിച്ചില്ല. അവർക്ക് എല്ലാം അറിയാമായിരുന്നു. മകന്റെ മൗനത്തിന്റെ ഭാരം ആ വാത്സല്യത്തിന് മനസ്സിലാക്കാൻ സാധിച്ചു. അവർ പതുക്കെ, വാത്സല്യത്തോടെ, തന്റെ കൈകൾകൊണ്ട് മകന്റെ തലമുടികൾ തടവിക്കൊടുത്തു. മറ്റെല്ലാ ബഹുമതികളെക്കാളും ലോകത്തിലെ എല്ലാ സന്തോഷങ്ങളെക്കാളും അയാൾ ഇഷ്ടപ്പെട്ടിരുന്നത് ഈ ഒരൊറ്റ ലാളനയായിരുന്നു. ഈ സ്പർശം... ഈ സാമീപ്യം.
താൻ വളരെ ശ്രദ്ധിച്ച് തിരഞ്ഞെടുക്കുന്ന, വിലകൂടിയ പെർഫ്യൂമുകൾ ഇഷ്ടപ്പെടുന്ന ആളായിരുന്നു. എന്നാൽ ആ നിമിഷം, അയാളുടെ മൂക്കിലേക്ക് അടിച്ചുകയറിയത് ഉമ്മയുടെ നിസ്‌കാരക്കുപ്പായത്തിന്റെ മണമായിരുന്നു. പ്രാർഥനയുടെയും, ത്യാഗത്തിന്റെയും പരിശുദ്ധിയുടെയും മറ്റൊരർഥത്തിൽ പറഞ്ഞാൽ സ്വന്തം വീടിന്റെയും മണം. ആ ഗന്ധവും, തലോടലും അയാളുടെ സകല ഭാരങ്ങളെയും എടുത്തുമാറ്റി. ആ മടിത്തട്ടിൽ അയാൾ ശാന്തമായി കണ്ണടച്ചു. അന്ന് സൂര്യൻ അസ്തമിച്ചെങ്കിലും, അയാളുടെ വീട്ടിൽ സമാധാനത്തിന്റെ പുതുവെളിച്ചം പരന്നിരുന്നു. വീട്ടിലേക്കുള്ള ആ മടക്കം അയാൾക്ക് വെറും യാത്രയായിരുന്നില്ല. അതൊരു പൂർണവിരാമംകൂടിയായിരുന്നു, സമാധാനത്തിലേക്കുള്ള തിരിച്ചുനടത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

