പൗരൻ
text_fieldsഅയാൾക്കന്ന് പൗരത്വം തെളിയിക്കേണ്ടതുണ്ടായിരുന്നു. അയാൾ ജനിച്ചതും ഇതുവരെ വളർന്നതും ഇവിടെയായിരുന്നു. അയാളുടെ സമ്പാദ്യം അധ്വാനം വിയർപ്പ് എല്ലാം നാടിനുവേണ്ടി ചെലവഴിച്ചു, വൃദ്ധനായിരുന്നു അയാൾ. ഇപ്പോൾ രാജ്യം പറയുന്നു അയാൾ പൗരത്വം തെളിയിക്കണമെന്ന്.
സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, വീടിന്റെ രേഖകൾ എല്ലാം അയാൾ പെറുക്കിക്കൂട്ടി. ഇറങ്ങുമ്പോൾ ഒരുനിമിഷം ശങ്കിച്ചു പിന്നോട്ടുതന്നെ വന്നു. അയാൾ ഇതുവരെ തുറക്കാത്ത ആ പെട്ടി അയാൾ തുറന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത അയാളുടെ പിതാവിന്റെ സൂക്ഷിപ്പു മുതലുകളായിരുന്നു അതിൽ.
സ്വാതന്ത്ര്യ ഭടന്മാർക്ക് മുമ്പ് രാജ്യം നൽകി ആദരിച്ച ശിലാഫലകം, ഗാന്ധിജി സ്വന്തം കൈയൊപ്പോടെ നൽകിയ ആത്മകഥ, ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുത്തപ്പോൾ ബ്രിട്ടീഷുകാരന്റെ ചവിട്ടുകൊണ്ട് രക്തംപുരണ്ട പിതാവിന്റെ ഷർട്ട് എല്ലാം അയാൾ കൈയിൽ കരുതി.
പൗരത്വം തെളിയിക്കേണ്ട ലൈൻ നീണ്ടതായിരുന്നു. അവസാനം അയാളുടെ ഊഴവുമെത്തി. ദൃഢഗാത്രനും ആജാനുബാഹുമായ ഓഫിസർ അയാളെ തുറിച്ചു നോക്കി. അയാൾ ചിരിക്കാൻ ശ്രമിച്ചു.
ഗൗരവത്തിൽ ഓഫിസർ ചോദിച്ചു ‘ഉം എന്താ പേര്?’
‘മുഹമ്മദ് എന്ന മാനു. മാനു എന്ന് നാട്ടുകാർ വിളിക്കും’
സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, വീടിന്റെ രേഖകൾ എല്ലാം അയാളുടെ മുന്നിൽ ഹാജരാക്കി. ഓഫിസർ എല്ലാം ഒരു നോട്ടം നോക്കി മാറ്റിവെച്ചു.
‘ഇതൊന്നും പൗരനാണെന്ന് തെളിയിക്കാനാവശ്യമായ രേഖകളല്ല.’
അപ്പോൾ അയാൾ തന്റെ പക്കലുള്ള പെട്ടി തുറന്നു.
‘ഇതെന്താണ്?’
‘എന്റെ പിതാവ് സ്വാതന്ത്ര്യ സമര ഭടനായിരുന്നു. അതിന്റെ തെളിവുകളാണ്’
ഓഫിസർ കോപംകൊണ്ട് പല്ലിറുമ്പി. സ്വാതന്ത്ര്യസമര ഭടൻ എന്ന് കേട്ടപ്പോൾ അയാളുടെ കണ്ണുകൾ തീപ്പന്തമായി.
ശിലാഫലകം അയാൾ നിലത്തിട്ട് ചവിട്ടി തകർത്തു. രക്തംപുരണ്ട ഷർട്ട് അയാൾ വലിച്ചുകീറി. ഗാന്ധിജി ഒപ്പിട്ട ഓട്ടോബയോഗ്രഫി അയാൾ വലിച്ചുകീറി ദൂരെ എറിഞ്ഞു.
‘നീയും നിന്റെ തന്തയും ഗാന്ധിയും. ഈ സ്വാതന്ത്ര്യമല്ല ഞങ്ങൾക്കാവശ്യം.’
അയാൾ ആ മനുഷ്യനെ നിലത്തിട്ട് ചവിട്ടി. വീണ്ടും വീണ്ടും ചവിട്ടി. അപ്പോൾ അയാൾ ഉറക്കെ വിളിച്ചു, ‘ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്’.
അയാളുടെ ശരീരത്തിൽനിന്നും രക്തം പൊട്ടിയൊഴുകി. അയാൾ രക്തംപുരണ്ട ഷർട്ട് മടക്കി തന്റെ തോളിലിട്ടു. മറ്റൊരു സമരത്തിന്റെ അടയാളമായി സൂക്ഷിക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

