കടം കഥ പറഞ്ഞ കഥ
text_fields‘കടം വാങ്ങുക എന്നത് മനുഷ്യന്റെ അവസാന നിമിഷത്തെയോ അല്ലെങ്കിൽ അവസാന പതനത്തെയോ കുറിക്കുന്ന ഒന്നാണ്. കടം വാങ്ങി വാങ്ങി അവസാന നിമിഷം വിഷം വാങ്ങി കഴിച്ചു മരിച്ച രതീഷിന്റെ ഡയറി വായിച്ച ചില കുറിപ്പുകൾ കഥയായി അല്ലെങ്കിൽ കവിതയായി അതുമല്ലെങ്കിൽ ഒരു പുഴയായി വായിക്കാൻ പറ്റുന്ന നോവിന്റെ പേരാണ് കടം കഥ!’ ഇങ്ങനെ തുടങ്ങുന്ന ജൂലിയറ്റിന്റെ ഡയറിയിലെ ആദ്യ വരികൾ കണ്ടപ്പോഴാണ് അനന്തുവിന് അത് വായിക്കാൻ ആഗ്രഹം ഉണ്ടായത്. അടുത്ത പേജ് മറിക്കാൻ തുടങ്ങുമ്പോൾ പുറകിൽനിന്നും കൈക്ക് പിടിവീണു.
‘എടാ ചെക്കാ ആരാന്റെ ഡയറി കാണാതെ വായിക്കുകയാ’ എന്നും പറഞ്ഞ് എടുത്തു പൂട്ടിവെച്ചു. കസിൻസ് ആണെങ്കിലും ജൂലിയറ്റ് ആ നിമിഷം ഒരു വല്യമ്മച്ചിയായി മാറുകയായിരുന്നു.
ആ കഥ വായിക്കാനുള്ള ജിജ്ഞാസ അവനിൽ കൂടിക്കൂടിവന്നു. ഒരു ഇരുപതുകാരന്റെ ആകാംക്ഷയൊന്നുമല്ല അവനിലുണ്ടായത്. അതിനും അപ്പുറം, രതീഷ് എന്ന കഥാപാത്രംപോലെ തന്റെ അയൽപക്കത്തെ സെബാസ്റ്റ്യൻ ചേട്ടന്റെ മരണവും ഇതുപോലെ ആയിരുന്നു. ആ കഥ ജൂലിയറ്റ് ഒരിക്കലും കാണിക്കില്ല എന്നറിയാവുന്നതുകൊണ്ടാണ് അവൻ സെബാസ്റ്റ്യൻ ചേട്ടന്റെ ജീവിത പശ്ചാത്തലം കഥയാക്കാൻ തീരുമാനിച്ചത്.
‘കഥ: ഒരാൾ ഒറ്റക്ക് ആകുമ്പോൾ സംഭവിക്കുന്നത്.’ കഥ എഴുതുന്നതിനു മുന്നേ അവൻ തലക്കെട്ട് കൊടുത്തു. അവൻ ആരംഭിച്ചു, ജൂലിയറ്റിന്റെ കഥയിലെ ആദ്യ വരിയിലെ ചില വാക്കുകൾ അവൻ കടം എടുക്കുകയും, ചിലത് തിരുത്തലുകളോടെ എഴുതുകയും ചെയ്തു.
‘സെബാസ്റ്റ്യൻ ചേട്ടൻ കടം വാങ്ങുന്നത് ആദ്യമായാണ്. ആദ്യമായി കടംവാങ്ങുക എന്നത് സെബാസ്റ്റ്യൻ ചേട്ടന്റെ അവസാന നിമിഷത്തെ കുറിക്കുന്ന ഒന്നായി എനിക്ക് തോന്നിയില്ല, കാരണം ആദ്യമായി സെബാസ്റ്റ്യൻ ചേട്ടന് കടം കൊടുത്ത വ്യക്തി ഞാനാണ്. തിരിച്ചുതരാൻ സെബാസ്റ്റ്യൻ ചേട്ടൻ പറഞ്ഞ അവധി കഴിഞ്ഞിട്ടും എനിക്ക് പരിഭവമൊന്നും ഉണ്ടായിരുന്നില്ല. പിന്നെയും പത്തു ദിവസം കഴിഞ്ഞു. ചോദിക്കാതെ ഒരു ഗൂഗിൾ പേ മെസേജ് വന്നു. പിന്നെ വാട്സ്ആപ്പിൽ താങ്ക്സ് എന്ന് ഒരു മെസേജ്. പൈസ അയച്ചതിന്റെ സ്ക്രീൻ ഷോട്ട്. അതിനുതാഴെ ഞാൻ ലവ് ചിഹ്നം ഇട്ടു. അത് ചുവന്ന മഴയായി പെയ്യുകയും, ബ്ലൂ ടിക് ആകാശത്തിലേക്ക് പരക്കുകയും ചെയ്തു.
പക്ഷേ അതല്ല രസം, സെബാസ്റ്റ്യൻ ചേട്ടൻ ഈ കടം വീട്ടിയത് ഇന്ദിര ചേച്ചിയുടെ അടുത്തുനിന്ന് വാങ്ങിയ പുതിയ കടംകൊണ്ടാെണന്ന് ഈ ലോകത്തിൽ അറിയാവുന്നത് സെബാസ്റ്റ്യൻ ചേട്ടന്റെ സ്വകാര്യ ഡയറിക്ക് മാത്രമാണ്. കണക്ക് എഴുതിവെക്കാനാണെന്ന് പറഞ്ഞു രാത്രി കിടക്കാൻ പോകുന്നു... ചില ഡയറി കണക്കെടുപ്പ്!
ഇന്ദിര ചേച്ചിയുടെ കടം വീടാൻ ഒന്നിച്ചു പഠിച്ച സുമേഷിനോട് ചോദിച്ചാലോ. മടിച്ചുമടിച്ചു അവൻ ചോദിച്ചു. ബ്ലൂ ടിക് വന്നു സെക്കൻഡുകൊണ്ട് ഗൂഗിൾ പേ യിൽ മണി ശബ്ദം മുഴങ്ങി. ആദ്യമായി ചോദിച്ചതുകൊണ്ടും, അവൻ ഒരുമിച്ചു പഠിച്ചതുംകൊണ്ടും ആയിരിക്കാം അങ്ങനെ. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ പോക്കറ്റിൽ കിടക്കുന്ന പൈസയും ഹൃദയവും തമ്മിൽ പൊരിഞ്ഞ ബന്ധമാണ്. ആ ബന്ധത്തിൽനിന്നാണ് കാലിയായ കീശ നോക്കി പുതിയ ഒരു കടക്കാരൻ കൂട്ടുകാരെ കണ്ടെത്താൻ സെബാസ്റ്റ്യൻ ശ്രമിച്ചത്.
സീനിയർ ആയി പഠിച്ച സ്നേഹ, പേരിൽ സ്നേഹം ഉള്ളതുകൊണ്ടാണ് ആദ്യം മുട്ടിയത്. ‘ഒരു ആയിരം ജി പേ ചെയ്യാമോ?’ പെട്ടെന്ന് അവൾ ഞെട്ടുകയും ആളെ കൺഫേം ചെയ്യാൻ കാൾ ചെയ്യുകയും ചെയ്തു. ചിരിച്ചുകൊണ്ട് എന്തൊക്കെയോ പറഞ്ഞു. ഇപ്പൊ ഒന്നും വിശ്വസിക്കാൻ പറ്റില്ല അതാ വിളിച്ചത് എന്നും പറഞ്ഞു, ആയിരം ജി പേയിൽ വന്നു.’
ആ കദനകഥ എങ്ങനെ എഴുതണം എന്ന് അറിയില്ല, പക്ഷേ അവൻ അത് കൃത്യമായി എഴുതി. ചില വരികളിൽ മഷി കണ്ണീർ വീണു തടിച്ചുകൊഴുക്കുകയും മെലിഞ്ഞു മെലിഞ്ഞു ഇല്ലാതാവുകയും ചെയ്തു. എന്നാലും കൃത്യമായി വായിക്കാൻ പറ്റുന്ന ഒന്നായിരുന്നു.
ജൂലിയറ്റ് മുന്നിൽ നിൽക്കുന്നു. ചിരിച്ചുകൊണ്ട് ഡയറി നീട്ടി. ‘ഒരു കണ്ടീഷൻ. എന്റെ ഡയറി നിനക്ക് വായിക്കാൻ തരാം, പക്ഷേ നിന്റെ ഡയറി എനിക്ക് വായിക്കാൻ തരണം.’ അത് വല്ലാത്ത കണ്ടീഷൻ ആയി പോയെന്ന് പറയാൻ മനസ്സ് കൊതിച്ചു, ഒരു രഹസ്യം അറിയാൻ സ്വന്തം രഹസ്യം വിൽക്കുക!
എന്നാലും അവൾ എഴുതിയതും ഞാൻ എഴുതിയതും ഒരേ വിഷയം ആണല്ലോ. അപ്പോൾ അത് നോക്കുന്നതിൽ തെറ്റില്ല എന്നു കരുതി. എന്നാലും ഒരു ചെറിയ ശങ്ക മടിച്ചുനിന്നു, ‘ഞാൻ പൂർത്തിയാക്കിയില്ല’ അവൻ മറുപടി കൊടുത്തു.
‘ഞാനും പൂർത്തിയാക്കിയില്ല’ ജൂലിയറ്റ് പറഞ്ഞു. പരസ്പരം അവർ ആ എഴുത്തുകൾ കൈമാറി. സെബാസ്റ്റ്യൻ ചേട്ടൻ രണ്ടു ഡയറിയിലും ജീവിക്കുന്നു എന്ന് കരുതിയ എനിക്കു തെറ്റി. ജൂലിയറ്റ് ഇപ്രകാരം കുറിക്കുന്നു.
‘എന്റെ പേര് സെബാസ്റ്റ്യൻ ഇത് ഒരു ആത്മഹത്യാ കുറിപ്പ് ഒന്നുമല്ല, എന്നാൽ ഒരു ആത്മകഥ ആണെന്ന് കരുതുകയും അരുത്. ഇത് ഞാൻ ഇന്ന് മാത്രം എഴുതുന്ന ഒന്നാണ്. ഇത് നിങ്ങൾ വായിക്കുമ്പോൾ ഞാൻ ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ടാകും. പക്ഷേ, എന്റെ ഈ എഴുത്ത് ഇവിടെതന്നെ ഉണ്ടാകും. ആ ഉറപ്പിൽ അല്ലെങ്കിൽ ആ വിശ്വാസത്തിലാണ് ഇത് രേഖപ്പെടുത്തുന്നത്.’
ഈ സമയം കണ്ണീർ വീണു ചില അക്ഷരങ്ങൾ സമുദ്രമായി മാറുകയും ഉറപ്പ് എന്ന വരി ഒരു പായ്ക്കപ്പൽ ആയി രൂപപ്പെടുകയും ചെയ്തു. വെള്ളമടിക്കാത്ത സെബാസ്റ്റ്യൻ ചേട്ടൻ അന്ന് നന്നായി മദ്യപിച്ചു. കാറ്റിലും കോളിലും ആടി ഉലഞ്ഞു. അടുത്ത കരയിലേക്ക് ഇനി എത്തിപ്പെടില്ല എന്ന തോന്നൽകൊണ്ടാവണം പൊട്ടിപ്പൊട്ടി ചിരിച്ചു, കടലിനു നടുവിൽ ആ ചിരി, അല്ലെങ്കിൽ മനസ്സിന്റെ വിങ്ങൽ ആരു കേൾക്കാൻ.
പ്രവാസ ജീവിതം നന്നായി സാമ്പത്തിക ഉയർച്ച ഉണ്ടാക്കി. പക്ഷേ, പെട്ടെന്നാണ് ചില ബിസിനസ് ചിന്ത ഇരുത്തിരിഞ്ഞു വരുകയും സെബാസ്റ്റ്യൻ ആ മേഖലയിൽ പരാജയം അനുഭവിക്കുകയും പിന്നീട് കടത്തിൽ മുങ്ങിത്താഴുകയും ചെയ്തത്. ഇപ്പോൾ കപ്പൽ ഇല്ല, പറക്കാൻ ഹെലികോപ്ടർ ഇല്ല, ആകെ പായ്കപ്പൽ മാത്രം...’
ജൂലിയറ്റിന്റെ ഡയറി ഇങ്ങനെ അവസാനിച്ചു. അവൾ എന്റെ ഡയറി വാങ്ങി വായിച്ചു കരഞ്ഞു. ഞാൻ അവളുടെ ഡയറി വായിച്ച് ആ കണ്ണീർ തുടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

