ഒരു പൗരന്റെ രണ്ട് കഥകൾ
text_fields1. നിങ്ങളാണോ ഗാന്ധിജി?
ഗാന്ധിയൻ ചരിത്രം കുത്തിയിരുന്ന് വായിച്ചുതീർത്ത ഒരു പരിഷ്കാരി അദ്ദേഹത്തിന്റെ വലിയ ഫാനായി മാറി. അങ്ങനെയങ്ങനെ ഗാന്ധിയെ അന്വേഷിച്ചിറങ്ങിയതായിരുന്നു അയാൾ.
ജനുവരി മുപ്പത്. മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന ദിവസം. കടൽത്തീരത്ത് വെച്ച് ഒരു രാഷ്ട്രീയ പ്രവർത്തകന്റെ തീപ്പൊരി പ്രസംഗം കേട്ട് യാചകന്റെ മനസ്സിൽ ഗോദ്സെയോടുള്ള വെറുപ്പിന്റെ പല ഭാവങ്ങൾ കറുത്തിരുണ്ടു. അത് കരയിലൂടെ ഭ്രാന്തമായി അലഞ്ഞു. ദൂരെ കടൽ തീരത്ത് ചെരുപ്പിടാതെ, ഒറ്റ മുണ്ട് മാത്രമുടുത്ത, കൈയിലൊരു വടിപിടിച്ച താൻ വായിച്ചുതീർത്ത ഗാന്ധി. പരിഷ്കാരിയുടെ ആലോചനയിൽ ഗാന്ധിയുടെ രൂപം പ്രതിഫലിച്ചു. അയാളുടെ മെലിഞ്ഞ കോലം കണ്ട് ആരാധന തിരയോളം ഇരട്ടിച്ചു. അയാളോടി ചെന്ന് ബഹുമാനത്തോടെ തല കുനിച്ച് ‘നമസ്തേ’ എന്നും പറഞ്ഞ് കൈ മുത്തി. എന്നിട്ടാവേശത്തോടെ തികട്ടിവന്ന ചോദ്യം തുപ്പി.
‘നിങ്ങളാണോ ഗാന്ധിജി’
ഒരാളോടി വരുന്നു, തല കുനിക്കുന്നു, അഭിസംബോധന ചെയ്യുന്നു, കൈ ചുംബിക്കുന്നു, ഗാന്ധിയാണോന്ന് ചോദിക്കുന്നു, ഇതെന്ത് മറിമായം? കടൽക്കാറ്റിൽ താളമിടുന്ന കാലി പള്ളയുടെ നിർബന്ധംകൊണ്ടുമാത്രം അയാൾ അന്ധാളിപ്പ് മറച്ചുവെച്ച് കൈവലിച്ചു. മറ്റേ കൈയിലെ പാത്രം നീട്ടി യാചിച്ചു. ഗാന്ധിയൻ ചിത്രവും ചരിത്രവും പൊടുന്നനെ പൊട്ടിപ്പൊളിഞ്ഞതറിഞ്ഞ്, അതിന്റെ അപമാനത്താൽ ഈർഷ്യയോടെ പരിഷ്കാരി യാചകനെ ഉന്തി. മണലിൽനിന്ന് എണീക്കാൻ പാടുപെടുന്ന അയാളെ ചവിട്ടാൻ വേണ്ടി കാലുയർത്തി. പ്രസംഗകന്റെ വാക്കുകൾ ഉയർന്നുപൊങ്ങിയ ബൂട്ടിനടിയിൽ മിന്നിമാഞ്ഞു. യാചകൻ ചോദിച്ചു.
‘നിങ്ങളാണോ ഗോദ്സെ?’
പരിഷ്കാരിയുടെ ചെളി പറ്റിയ ബൂട്ട് തല കവരുന്നു. മണൽക്കൂന പിളർക്കുന്നു.
2. പശുവിന്റെ മണം
ഉന്തുവണ്ടിക്കാരനായ അബ്ദുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടക്കുകയാണ്.
ആഴ്ന്നിറങ്ങിയ നാല് കുത്തുകള്. മൂന്നെണ്ണം അടിവയറ്റിലും ഒന്ന് പിറകില് സ്വൽപം മാറി ഇടത് ഭാഗത്തും. കഠാരയുടെ മൂന്നിഞ്ച് കുടൽ തുളച്ചുകയറി. ടൗണിന്റെ ഒത്തമധ്യത്തിൽ വെച്ചായിരുന്നു. പത്ത്-പതിനഞ്ചാളുകൾ സംഭവം നേരിട്ട് കണ്ടെങ്കിലും ആരും ഇതുവരെ കോടതിയിൽ ഹാജരായിട്ടില്ല. അബ്ദുവത്ര പെട്ടെന്ന് മരിച്ചിരുന്നില്ല. അഞ്ചു മിനിറ്റോളം ജീവനുവേണ്ടി ദാഹിച്ചു.
സൈനബ കോടതി മുമ്പാകെ സംഭവിച്ചതൊക്കെയും വിസ്തരിച്ചു. പ്രതിയെ ചോദ്യംചെയ്യുകയാണ്.
‘എന്തിനാണ് അയാളെ കൊന്നത്?’
‘അയാൾ പശുവിറച്ചി കടത്തുകയായിരുന്നു’ -അയാളുടെ യാതൊരു കൂസലുമില്ലാത്ത മറുപടിയിൽ ജഡ്ജി ആരുമറിയാതെ മുഖം തുടക്കുകയെന്ന വ്യാജേന കൈ മൂക്കിൽ തൊട്ടു. ഉച്ചക്ക് തിന്ന ബീഫിന്റെ മണം ഇപ്പോഴും കനപ്പിച്ചുണ്ട്.
നുണയാണത്. അത് പശുവിറച്ചിയല്ല. സൈനബ ഉച്ചത്തിൽ വിളിച്ചുപറയാൻ ശ്രമിക്കുന്നു. പക്ഷേ, ഊരാക്കുടുക്കിട്ട ഒരു കറുത്ത കയർ അവളുടെ കഴുത്തിൽ മുറുകി. മറ്റേയറ്റം കോടതിവളപ്പിലെ പശുവിലേക്ക് നീണ്ടു. അവൾ കുതറാൻ ശ്രമിക്കുമ്പോൾ പശു ഓടുന്നു. അവൾ നാക്കിട്ടടിച്ചു. തന്റെ ഉമ്മാന്റെ പൂതിയായിരുന്നു. കോഴിയിറച്ചി. എട്ട് മാസം പള്ളയിലുണ്ട്. അത് വാങ്ങി വീട്ടിലേക്ക് തിരിക്കുകയായിരുന്നു അബ്ദുവും സൈനബയും. ശാന്തമായി എല്ലാം വീക്ഷിക്കുന്ന ജഡ്ജി.
തൊണ്ടിമുതലായി ലഭിച്ചത് രണ്ട് കിലോ ഇറച്ചിയും കഠാരയും. ഇനിയത് അളന്നുതിട്ടപ്പെടുത്തുന്ന തിരക്കിലാണ്. ഇറച്ചി (ബീഫ്) കിലോ മുന്നൂറ്റിയമ്പത്. അപ്പോൾ രണ്ട് കിലോക്ക് എഴുനൂറ്. കഠാരക്ക് കൂടിപ്പോയാൽ ഇരുനൂറ്. അപ്പോൾ മൂല്യം കൂടുതൽ പ്രതി ഹാജരാക്കിയ ഇറച്ചിക്കു തന്നെ. അയാളുടെ കണ്ണുകളിൽനിന്ന് ഹൃദയത്തിലേക്ക് തുരുമ്പ് പെരുപ്പിച്ചു.
വിധി വായിക്കുമ്പോൾ വെന്ത ബീഫിന്റെ മണം കോടതിമുറിയിൽ അതിക്രമിച്ചു കയറി.
‘ഹാജരാക്കിയ തെളിവുകളുടെ ബലഹീനത കാരണത്താലും പ്രതിയെന്ന് വാദിക്കുന്നയാൾക്കെതിരെ മറ്റു തെളിവുകളൊന്നും ഇല്ലാത്തതിനാലും കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരിക്കുന്നു.’
അവൾ തലയുയർത്തി. എല്ലാം മൗനിയാണ്. ചെലമ്പിച്ച ഒച്ചയോടെ നീതിക്കുവേണ്ടി യാചിക്കുന്ന ഫാനിന്റെ മുറുമുറുപ്പുകൾ മാത്രം. അതിന് മുകളിലായി രക്തച്ചുവപ്പിൽ ആകാശവും ഒത്തനടുക്ക് തുലാസുമേന്തി പടച്ചോനും. ഒരു തട്ടിൽ രണ്ട് കിലോ പശുവിറച്ചി. മറ്റേതിൽ മനുഷ്യന്റേതും. മനുഷ്യന്റെ തട്ട് ‘പൊത്തോ’ന്ന് താഴ്ന്നു. സൈനബ ഏന്തിവലിഞ്ഞുനോക്കി. ഉപ്പയുടേതോ അതോ കൊലയാളിയുടേതോ? കഠാരയുടെ മൂന്നിഞ്ച് ഉള്ളരിഞ്ഞ പാടുകൾ, അവ പഴുത്തുതുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

