ഇരുട്ട്
text_fieldsബാച്ചിലർ ഫ്ലാറ്റിൽ സഹവാസികളോടൊപ്പം സുലൈമാനിയുടെ രുചിയും കടുപ്പവും നുണഞ്ഞ് വൈകുന്നേരത്തെ വെടിവട്ടം ആസ്വദിച്ചിരിക്കുമ്പോഴാണ് ഷാജിയുടെ ഫോൺ ശബ്ദിച്ചത്. നാട്ടിൽനിന്നും ഭാര്യ സുഹാനയുടെ പതിവ് കിളിമൊഴി. റൊമാൻസിൽ തുടങ്ങിയ സംസാരം പതിയെ ഗൗരവത്തിലേക്ക് കടന്നപ്പോൾ ആത്മഗതം പോലെ ഷാജി പറഞ്ഞു: ‘ഹോ... ഇനി മൂന്നുമാസം കൂടിയല്ലേ ഉള്ളൂ മോന്റെ പഠിത്തം. അതുകഴിഞ്ഞിട്ടുവേണം എന്റെ നടുവൊന്ന് നിവർത്താൻ.’
സുഹാന പെട്ടെന്നെന്തോ ഓർത്തിട്ടെന്ന പോലെ പറഞ്ഞു: ‘നാളെ മോന്റെ കോളജിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. കാമ്പസ് സെലക്ഷൻ നടക്കുന്നതിനെപ്പറ്റി പറയാനായിരിക്കും.’ ഷാജിയുടെ മുഖം പ്രകാശഭരിതമായി. പിറ്റേന്ന് കോളജിൽ പോയിവന്നതിനുശേഷം വിശേഷങ്ങൾ അറിയിക്കൂ എന്ന് പറഞ്ഞ് ഷാജി ഫോൺ വച്ചു.
സൗദിയിൽ മുപ്പതിൽപരം കൊല്ലങ്ങളായി ജോലിയെടുക്കുന്ന പ്രവാസിയാണ് ഷാജി. കുടുംബഭാരം, പെങ്ങന്മാരുടെ കല്യാണം, വീടുപണി, സ്വന്തം കല്യാണം, മകന്റെ പഠനം ഇവയെല്ലാം നിമിത്തം അയാളുടെ പ്രവാസത്തിന്റെ ദൈർഘ്യം കൂടിക്കൊണ്ടിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെല്ലാം അവഗണിച്ചുകൊണ്ട് അമ്പത്തെട്ടാം വയസ്സിലും അദ്ദേഹം വിശ്രമവേളകളിലും ജോലിചെയ്ത് ഒരു കരക്കെത്താൻ ശ്രമിക്കുകയാണ്.
ഫോൺ വിളി കഴിഞ്ഞപ്പോൾ ഷാജിയുടെ മുഖത്തുണ്ടായ സന്തോഷം റൂമിലുള്ളവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സഹവാസികളിലൊരാൾ ‘ഇന്നെന്താ മുഖത്ത് പ്രത്യേക ഒരുപ്രകാശം’ എന്ന് ചോദിച്ചതിന് മറ്റൊരാൾ അല്ലേലും കെട്ട്യോളു വിളിക്കുമ്പോൾ ഈ പ്രകാശം കാണാറുണ്ടല്ലോ എന്ന് മറുപടി പറഞ്ഞു. പക്ഷെ ഇന്നെന്തോ പ്രത്യേകതയുണ്ട് എന്നായി മറ്റൊരാൾ. എല്ലാവരോടുമായി പുഞ്ചിരിച്ചുകൊണ്ട് ഷാജി പറഞ്ഞു: ‘പ്രത്യേകിച്ചൊന്നും ഇല്ല മക്കളെ. മോൻ എൻജിനീയർ ആകാൻ ഇനി മൂന്നു മാസം കൂടെ. അതുകഴിഞ്ഞാൽ എന്റെ കഷ്ടപ്പാടൊക്കെ തീരൂംന്ന് പറയ്യായിരുന്നു ഞങ്ങൾ.’
ഓവർ ടൈം ഡ്യൂട്ടിക്ക് പോകാനൊരുങ്ങിയ ഷാജിയോട് സഹവാസികളൊരാൾ പറഞ്ഞു: ‘നിങ്ങളീ രാത്രിയും പകലും ഇങ്ങനെ അധ്വാനിക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ലാട്ടോ. ഇടക്കൊക്കെ സ്വന്തം ആരോഗ്യം നോക്കണം. ഇപ്പോ തന്നെ ഇല്ലാത്ത അസുഖങ്ങളൊന്നും ഇല്ല. ഇങ്ങനെ ഓവർടൈം ഡ്യൂട്ടി എടുത്താൽ നിങ്ങളില്ലാണ്ടാവും മനുഷ്യാ...’
നൊമ്പരം കലർന്നൊരു പുഞ്ചിരിയായിരുന്നു മറുപടി: ‘എന്നിട്ടും ഒന്നും എവിടേം എത്തണില്ല. രണ്ടറ്റോം കൂട്ടിമുട്ടിക്കണ്ടേ... എല്ലാം ശരിയാകും’
‘എത്ര കൊല്ലമായി ഇദ്ദേഹം ഇവിടെ ഇങ്ങനെ കിടന്ന് കഷ്ടപ്പെടുന്നു.’ ജോലിക്ക് പോകാനിറങ്ങിയ ഷാജി കാഴ്ചയിൽനിന്ന് പറഞ്ഞപ്പോൾ കൂട്ടത്തിലൊരാൾ മന്ത്രിക്കും പോലെ പറഞ്ഞു.
*************
പ്രമുഖമായൊരു എൻജിനീയറിങ് കോളജിലാണ് ഷാജിയുടെയും സുഹാനയുടെയും ഏകമകനായ ഷാഹുൽ പഠിക്കുന്നത്. അവസാനവർഷമാണ്. കോളജിൽനിന്നും വിളിച്ചതിനെത്തുടർന്നാണ് സുഹാന കോളജിൽ എത്തിയത്. തന്റെ മകനെ കൂടാതെ മറ്റു മൂന്ന് ആൺകുട്ടിളെയും രണ്ടു പെൺകുട്ടികളെയും കൂടി ഓഫീസ് റൂമിലേക്ക് പ്രിൻസിപ്പൽ വിളിച്ചുവരുത്തിയിട്ടുണ്ട്.
നല്ല ദേഷ്യത്തിലാണ് പ്രിൻസിപ്പൽ, കടുപ്പമേറിയ സ്വരത്തിൽ അദ്ദേഹം പറഞ്ഞു: അധികം വളച്ചുകെട്ടില്ലാതെ പറയാം, നിങ്ങളെപ്പോലുള്ള കാശുകാരുടെ മക്കൾ കാരണം പാവപ്പെട്ട വീട്ടിലെ കുട്ടികൾ കൂടി വഴിതെറ്റുകയാണ്. ഗൾഫുകാരുടെ മക്കൾക്ക് ആർമാദിക്കാനുള്ള കാശ് പാരന്റ്സ് അയച്ചുകൊടുക്കുന്നുണ്ടാവും. കാശുണ്ടെങ്കിൽ പിന്നെ എന്ത് തോന്ന്യവാസവും ആകാമെന്നാണല്ലോ! സ്ഥിരമായി ക്ലാസ് കട്ട്ചെയ്ത് മോനിവിടെ എന്തായിരുന്നു ബിസിനസ് എന്നറിയാമോ? ഈ കോളജിലെ ഡ്രഗ് ഡീലറാണ് ഇദ്ദേഹം. സപ്പോർട്ടിന് പെണ്ണുങ്ങളടക്കമുള്ള ഗ്യാങ്ങും.
സംശയം തോന്നി ഹോസ്റ്റൽ വാർഡൻ മുറി പരിശോധിച്ചപ്പോൾ കിട്ടിയതാ ഇതെല്ലാം’.
മേശപ്പുറത്ത് സിറിഞ്ചും പൊട്ടിയ ആംപ്യൂളുകളും മയക്കുമരുന്നിന്റെ പൊടികളും ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ദേഷ്യത്തോടെ തുടർന്നു: ‘ഈ കുട്ടികളെല്ലാം തീരെ പാവപ്പെട്ട വീടുകളിൽ നിന്നുള്ളവരാണ്. ഇവരുടെ ഭാവി ഓർത്താണ്, ചെയ്യാൻ പാടില്ലെന്നറിഞ്ഞിട്ടും ഞാൻ പൊലീസിൽ അറിയിക്കാതിരുന്നത്. എനിക്കൊന്നേ പറയാനുള്ളൂ. ഈ കുട്ടികളുടെ ഭാവി കളയാൻ ഇടവരുത്താതെ നിങ്ങളുടെ മകനെ ഇവിടുന്ന് കൊണ്ടുപോയി വല്ല ഡി അഡിക്ഷൻ സെന്ററിലും ആക്ക്.’
കാമ്പസ് ഇൻറർവ്യൂവിനുള്ള വിളിയാണെന്ന് കരുതി സന്തോഷത്തോടെ വന്ന സുഹാന മകനെക്കുറിച്ചുള്ള വിവരങ്ങൾ കേട്ട് പകച്ചുനിന്നുപോയി. പൊട്ടിക്കരഞ്ഞു. ഇടയ്ക്കിടെ മുറിഞ്ഞ വാക്കുകളിൽ അവർ പറഞ്ഞു: ‘മാഡം, നിങ്ങളൊക്കെ കരുതുന്നപോലെ എല്ലാ ഗൾഫുകാരും കാശുകാരല്ല. ഈ ഒരു മകനിൽ പ്രതീക്ഷ വെച്ചിട്ടാ ഞങ്ങൾ ജീവിക്കുന്നത്. അദ്ദേഹം ഉറക്കംപോലും ഇല്ലാതെ രാപ്പകൽ അവിടെക്കിടന്ന് അധ്വാനിക്കുകയാണ്.’
കുനിഞ്ഞുനിൽക്കുന്ന മകന്റെ മുഖം പിടിച്ചുയർത്തി സുഹാന നിലവിളി പോലെ ചോദിച്ചു: ‘എല്ലാം തകർത്തില്ലേടാ...’ കൊടുങ്കാറ്റിലുലഞ്ഞ മരം പോലെ അവർ നിന്നാടി ഭിത്തിയിലേക്ക് ചാരി.
**************
ഷിഫ്റ്റ് മാറുന്ന സമയമായപ്പോൾ ഷാജി ഓഫീസിലേക്ക് ഓടി. മാനേജരുടെ മുന്നിൽ പോയിനിന്ന് അയാൾ കിതച്ചു: ‘എനിക്ക് ഓവർടൈം ഡ്യുട്ടി ഇന്ന് കിട്ടുമോ സർ?’
മാനേജരുടെ മുഖത്ത് അനുഭാവപൂർവമുള്ള ആ പതിവ് പുഞ്ചിരി: ഈയിടയായി ഷാജിക്ക് കാശിനോട് ആർത്തി കൂടിയോ?’
‘അതല്ല, മോന്റെ പഠിത്തത്തിനും മറ്റുമായി അടുത്ത മാസം കുറച്ച് കാശ് കൂടുതൽ വേണമായിരുന്നു’ ഷാജി പരുങ്ങലോടെ പറഞ്ഞു.
‘ഇന്നില്ല, നാളെ നോക്കാം...’ മാനേജർ പുറത്തേക്ക് നടന്നു. സൗദിയിലെ ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ ഗോഡൗണിലാണ് ഷാജിക്ക് ജോലി. അതികഠിനമായ തണുപ്പാണ് അതിനുളളിൽ. അതേ തണുപ്പ് തന്റെ ഉള്ളിലും ഉറയുന്നപോലെ... എത്ര കൂട്ടിയിട്ടും രണ്ടറ്റം കൂട്ടിമുട്ടിക്കാനാവുന്നില്ല... ആലോചിക്കുമ്പോൾ ഒരു ഉത്തരം കിട്ടാതാവുമ്പോഴുള്ള മരവിപ്പാണ്. താമസസ്ഥലത്തേക്ക് നടക്കുമ്പോൾ ഷാജിയുടെ ഫോൺ ശബ്ദിച്ചു. മറുതലയ്ക്കൽ സുഹാനയാണ്. ഒരു പൊട്ടിക്കരച്ചിലാണ് കേട്ടത്. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ മഞ്ഞുപോലെ ഉറഞ്ഞുപോയി ഷാജി.
എങ്ങനെയോ മുറിയിലെത്തി... വേഷം പോലും മാറാനായില്ല... കിടക്കയിലേക്ക് വീണു. തളർന്ന കണ്ണുകൾ താനെ അടഞ്ഞു.... ചെവിയിൽ നേരിയ ഒരു മൂളൽ... നോക്കുമ്പോൾ വായുവിലേക്ക് കുതിച്ചുയരുന്ന ഒരു വിമാനം.... റിമോട്ടിൽ ഞെക്കി അതിന്റെ ഗതി നിയന്ത്രിക്കുന്ന മോന്റെ കളകള ചിരി... നോട്ടം ഇടഞ്ഞപ്പോൾ അവൻ റിമോട്ടുമായി ഓടി വന്ന് മടിയിലേക്ക് വലിഞ്ഞുകയറി. വയറിലേക്ക് ചാരി ഇരിപ്പുറപ്പിച്ച ശേഷം കൂടുതൽ ഉയരത്തിൽ വിമാനം പറത്തിക്കാനുള്ള ശ്രമത്തിലേക്ക് അവന്റെ കൈകൾ റിമോട്ട് കൺട്രാളിൽ ധൃതിപ്പെട്ടു...
‘മോന് വലുതാകുമ്പോൾ ആരാകണം?’
‘എനിക്ക് പയലറ്റായാൽ മതി. ന്നിട്ട് വേണം പപ്പയെയും കൊണ്ട് ഗൾഫിലേക്ക് പറക്കാൻ’
‘ആങ്ഹാ.... ആഗ്രഹം കൊള്ളാം. അതിനേ... ഇങ്ങനെ കളിച്ചുകൊണ്ടിരിക്കാതെ നന്നായി പഠിക്കണം’ ഉമ്മയുടെ ജാഗ്രതയോടെ ഗൗരവത്തിലാവുന്ന സുഹാന...
‘അവനിപ്പോ കളിച്ചു നടക്കേണ്ട സമയമല്ലേ! പഠിക്കേണ്ട സമയമാകുമ്പോ പഠിച്ചോളും’ എന്ന് ഉപ്പയുടെ കരുതൽ...
‘ഈ പപ്പയാണ് കൊച്ചിനെ വഷളാക്കുന്നത്’ എന്ന് അവളുടെ പരിഭവം... ആ ശബ്ദം പതിയെ അടുക്കളയിലേക്ക് ലയിക്കുന്നു... പതിയെ എല്ലാ ശബ്ദങ്ങളും നിലയ്ക്കുന്നു... കാഴ്ചകൾ മങ്ങൂന്നു... വിമാനം പറക്കുന്നില്ല... മോന്റെ കളകള ചിരിയില്ല... ചെവികളെ ഒരു വലിയ നിശബ്ദത വന്ന് മൂടുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

