ഹിഡൻ ഐ
text_fieldsചുവന്ന ചില്ലുകൂട്ടിൽ കത്തുന്ന ലൈറ്റുമായി ചീറ്റയെപ്പോലെ പാഞ്ഞ് പോകുന്ന ആംബുലൻസിന് ഒപ്പമെത്താൻ കിഷോറിന്റെ കാർ കുതിച്ചുകൊണ്ടിരുന്നു. കലങ്ങി മറിഞ്ഞ മനസ്സുമായി ആക്സിലറേറ്ററിൽ ആഞ്ഞ് ചവിട്ടുമ്പോൾ ചുറ്റിലും മുഴങ്ങിക്കേട്ട അപകട സൈറൺ അയാളിൽ ഭീതി പരത്തി. കാറിലെ തണുപ്പിൽ വിയർത്തൊലിക്കുമ്പോഴും ടയറുകളേക്കാൾ വേഗത്തിൽ കിഷോറിന്റെ മനസ്സ് ആംബുലൻസിന് പിന്നാലെ ഓടി.
ദാഹം തൊണ്ടയുടെ അകത്തളത്തെ ഉണക്കിയപ്പോൾ, അയാൾക്ക് വലതുവശത്തെ ബോട്ടിലിലെ വെള്ളം കുടിക്കാൻ തോന്നിയെങ്കിലും ആ നേരത്ത് അതിന് മുതിർന്നില്ല. ഏതാണ്ട് പത്ത് മിനിറ്റ് മുന്നോട്ടു പോയപ്പോൾ തൊട്ടപ്പുറത്ത് ഒരുപറ്റം പൊലീസുകാർ തമ്പടിച്ച് നിൽക്കുന്നുണ്ടായിരുന്നു. ഒരേ ഇടത്തേക്ക് ആളുകൾ പരിഭ്രാന്തരായി ഓടുന്നത് കണ്ടതും അടുത്തെവിടെയോ അപകടം നടന്നിട്ടുണ്ടെന്ന് കിഷോർ ഊഹിച്ചു. പതിയെ വണ്ടി നിർത്തി. നിലവിളിച്ച് വന്ന ആംബുലൻസിന് ആൾക്കൂട്ടം വഴിയൊരുക്കി.
നിസ്സഹായതയുടെ അമർഷം മൂത്ത് കിഷോർ വലതുകൈ സ്റ്റിയറിങ്ങിൽ ആഞ്ഞുകുത്തി, അസ്വസ്ഥതയോടെ പുറത്തേക്ക് നോക്കിയിരുന്നു. അപ്പോഴാണ് തൊട്ടപ്പുറത്ത്, ബൈക്കിൽ ഒരു ചെറുപ്പക്കാരന്റെ ഷോൾഡറിലേക്ക് ചേർന്നിരിക്കുന്ന പെൺകുട്ടിയെ കിഷോറിന്റെ കണ്ണുകൾ ഒപ്പിയെടുത്തത്. സെക്കൻഡുകൾക്കുള്ളിൽ കിഷോർ ആളെ തിരിച്ചറിഞ്ഞു. താര. അയൽവാസി ഭരതന്റെയും മാലതിയുടെയും ഏക മകൾ. അമ്മയെപ്പോലെ അതിസുന്ദരിയാണ് താരയും. അയാളുടെ മുഴുവൻ ശ്രദ്ധയും അവളിലേക്കായി.
അത്രയും നേരം ഒലിച്ചിറങ്ങിയ വിയർപ്പ് പാടെ വറ്റി, സുഖം പകരുന്ന തണുപ്പ് അയാളിൽ ഓടിക്കയറി. ഏതാണാ ചെറുപ്പക്കാരൻ? എവിടേക്കാണവർ പോകുന്നത്? വല്ല ഹോട്ടലിലും റൂം എടുക്കാൻ പോവുകയാണോ? സംശയങ്ങൾ കിഷോറിനെ ആകാംക്ഷയിൽ പൊതിഞ്ഞു. ബ്ലോക്ക് മാറിയതും കാർ താരയുടെ പിന്നാലെ വിട്ടു.
അഞ്ചു മിനിറ്റ് കഴിയും മുമ്പ് ബൈക്ക് വലത്തോട്ടുള്ള റോഡിലേക്ക് തിരിഞ്ഞ് കുറച്ചു ദൂരം മുന്നോട്ടു പോയി, ഒടുക്കം മയോവരം പാർക്കിന് സമീപം ചെന്നുനിന്നു. താരയും ചെറുപ്പക്കാരനും ബൈക്ക് ഒതുക്കി നിർത്തിയ ശേഷം കൈകൾ കോർത്ത് പാർക്കിനുള്ളിലേക്ക് നടക്കാൻ പോയി. മാസ്ക് ധരിച്ച് കാറിൽനിന്ന് ഇറങ്ങിയ കിഷോർ അകലം പാലിച്ച് അവരെ പിന്തുടർന്നു. ഓരോ കോണിലും ഇഷ്ടങ്ങൾ പങ്കുവെക്കുന്നവർ, പ്രണയത്തോടെ പരിഭവിക്കുന്നവർ, ആ നിമിഷത്തെ ഉത്സവമാക്കുന്നത് അയാൾ കള്ളനെപ്പോലെ നോക്കി. കുറച്ചുനേരം സ്വയം മറന്നങ്ങനെനിന്നു. പിന്നീട് ഒരു വേട്ടനായ കണക്കെ ഇരയെ പരതിയ ആ കണ്ണുകൾ വൈകാതെ താരയിലേക്കെത്തി.
ചെറുപ്പക്കാരന്റെ നെഞ്ചിലേക്ക് ചേർന്നുനിന്ന താര അവന്റെ കണ്ണുകളിലേക്ക് തന്റെ നോട്ടത്തെ എടുത്തുവെച്ച് സംസാരിച്ചുകൊണ്ടിരുന്നു. അവളുടെ ചുണ്ടിലെ അനുരാഗത്തിന്റെ തിളക്കം അവനെ മുല്ലവള്ളിപോലെ അവളിലേക്ക് പടർത്തി. ഇരുവരുടെയും ചുണ്ടുകൾ ഗുൽമോഹർപോലെ ചുവന്ന് തുടുത്തു. അയാൾ പോക്കറ്റിലെ ആപ്പ്ൾ ഫോൺ എടുത്ത് കാമറ ഓൺ ചെയ്തു.
താരയുടെയും ആൺ സുഹൃത്തിന്റെയും മുഖം തെളിഞ്ഞ് കാണും വിധം ഓരോ നിമിഷങ്ങളും ആവേശത്തോടെ ഫോണിലേക്ക് ചോർത്തി. അനുരാഗ നിമിഷങ്ങൾ കാമറയിൽ നിറക്കുന്തോറും കിഷോർ ആനന്ദിച്ചു. അയാളുടെ രക്തയോട്ടം ഏറി. ധമനികളുടെ ലഹരി കെട്ടണഞ്ഞപ്പോൾ കിഷോറിന് ഈ ഹോട്ട് ന്യൂസ് സിറിയക്കിനെ വിളിച്ചറിയിക്കണമെന്ന് തോന്നി. ആവേശത്തോടെ ഫോൺ എടുത്തു. കോൾ ലിസ്റ്റിൽ ഏറ്റവും മുന്നിലായി അളിയൻ പ്രവീണിന്റെ നമ്പർ കണ്ടതോടെ കാറിന്റെ തണുപ്പിലും അയാൾ പൊള്ളി പിടഞ്ഞു.
ഉടനെ അളിയനെ തിരിച്ച് വിളിച്ചെങ്കിലും കോൾ കണക്ടായില്ല. ഫോണിൽ റേഞ്ചിന്റെ കട്ടകൾ മങ്ങിയും തെളിഞ്ഞും പൊങ്ങുന്നത് കണ്ടപ്പോൾ നിരാശയോടെ കിഷോർ കാർ മെഡിക്കൽ കോളജിലേക്ക് വിട്ടു. ഏതാണ്ട് ഇരുപത് മിനുറ്റിനുള്ളിൽ അവിടെത്തി. വണ്ടി ഒതുക്കി പ്രവീണിനെ വിളിക്കാൻ ഫോൺ ഓണാക്കിയതും മിസ്കോൾ അലേർട്ടിൽ കണ്ട അളിയന്റെ നാൽപത് മിസ്ഡ്കോൾ കിഷോറിന്റെ ഭയത്തെ വലുതാക്കി. ആരെയും വിളിക്കാനുള്ള ധൈര്യമില്ലാതെ അയാൾ വേഗം ഇറങ്ങിനടന്നു.
ഹോസ്പിറ്റലിനുള്ളിൽ എത്തിയതും കുറച്ചകലെ പ്രവീണിന്റെ ശബ്ദം കേട്ടു. ശ്രദ്ധയോടെ കാതോർത്തു. തനിക്ക് ഇടതുവശത്തുള്ള സ്റ്റെയർ കേസിൽനിന്നും താഴേക്ക് വരുന്ന ആളുകളിൽ ഒരാൾ അളിയനാണ്. ‘അളിയാ’, കിഷോർ പ്രവീണിന്റെ അടുത്തേക്ക് പാഞ്ഞടുത്തു. ഒരു നിമിഷം ദേഷ്യംകൊണ്ട് ചുട്ട് പഴുത്തെങ്കിലും, ഉള്ളിലെ അടങ്ങാത്ത കലിയെ ചങ്ങലക്കിട്ട് ശാന്തനായി പ്രവീൺ, കിഷോറിന്റെ തോളിൽ കൈവെച്ച് ആൾക്കൂട്ടത്തിൽനിന്നും മാറ്റിനിർത്തി, ശബ്ദം കുറച്ച് പറഞ്ഞു.
‘വേണ്ടപ്പെട്ടവരെ എല്ലാം അറിയിച്ചോളൂ, ബോഡി പോസ്റ്റ്മോർട്ടം ചെയ്ത് കിട്ടാൻ സമയമെടുക്കും. ഇവിടത്തെ കാര്യം ഞാനും രഞ്ജനും നോക്കിക്കൊള്ളാം.’ അത് പറയുമ്പോൾ പ്രവീണിന്റെ തൊണ്ട ഇടറി. കേട്ടത് വിശ്വസിക്കാനാകാതെ കിഷോർ അളിയന്റെ കൈയിൽ പിടിച്ച് ചോദിച്ചു, അമ്മക്ക് എങ്ങനെയുണ്ട്?’
പൊള്ളിയതുപോലെ ആ കൈ തട്ടിമാറ്റിയ പ്രവീണിന്റെ കണ്ണുകൾ ചുവന്നു. ഉയിര് മുഴുവൻ നൽകി മക്കളെ ഉലകമാക്കി ജീവിച്ച പെറ്റമ്മയെ ഹോസ്പിറ്റലിൽ എത്തിക്കാൻ കൂടെ വരാത്ത കിഷോറിനെ അറപ്പോടെ നോക്കിയതിനു ശേഷം ആ ചുണ്ടുകൾ വിറച്ചു.
‘പോടാ... പുന്നാര മോൻ അമ്മേടെ സുഖവിവരം ചോദിച്ച് വന്നിരിക്കുന്നു, പ്ഫാ...’
വെറുപ്പിന്റെ മുള്ളുകൾ കുടഞ്ഞ ആ പറച്ചിലിൽ കിഷോർ ഉരുകി. അത്രേം നേരത്തെ സമയത്തെകുറിച്ച് ഓർക്കുംതോറും, അയാൾക്ക് ശ്വാസം മുട്ടി. ഒരു സ്വസ്ഥതക്കെന്നോണം പ്രവീണിലേക്ക് ഒട്ടിച്ചേർന്ന് നിൽക്കാൻ ശ്രമിച്ചു. ‘പോടാ’ നിറഞ്ഞൊഴുകിയ കണ്ണുകളോടെ പ്രവീൺ അലറി. ആ അലർച്ചയുടെ ശക്തിയിൽ കിഷോർ പകച്ചുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

