പരമസംഗീതം
text_fieldsനീട്ടി വളർത്തിയ നരച്ച താടിയും മുടിയും മുഷിഞ്ഞുകീറിയ ഫുൾ കൈ ഷർട്ടും ചെളിപുരണ്ട ഒറ്റ മുണ്ടുമാണ് പരമന്റെ വേഷം. കൈയിൽ മുളകൊണ്ടുണ്ടാക്കിയ ഒരു ചെറിയ വീണയും തോളിൽ ഒരു വലിയ ഭാണ്ഡക്കെട്ടും എപ്പോഴും കൂടെ ഉണ്ടാകും. ചെറുപ്പത്തിൽ ഞാനടക്കമുള്ള കുട്ടികൾക്കെല്ലാം പരമനെ വലിയ പേടിയായിരുന്നു. കുട്ടികളെയെല്ലാം വലിയ ഭാണ്ഡക്കെട്ടിലിട്ട് കൊണ്ടുപോകുമെന്നായിരുന്നു കുട്ടികളടക്കം പറഞ്ഞിരുന്നത്.
അതുകൊണ്ട് തന്നെ കുട്ടികളെ പഠിപ്പിക്കാനും ഭക്ഷണം കഴിപ്പിക്കാനും അച്ഛനമ്മമാർ പയറ്റിയിരുന്ന പതിനെട്ടാമത്തെ അടവായിരുന്നു ‘നിന്നെ പരമന് പിടിച്ചു കൊടുക്കും’ എന്നുള്ളത്. അങ്ങനെ കുട്ടികളുടെയെല്ലാം പേടിസ്വപ്നമായിരുന്നു പരമൻ. പരമൻ വീടുകൾതോറും കയറിനടന്ന് ആ ചെറിയ വീണയും വായിച്ച് പാട്ടുകൾ പാടും. ഒരു പ്രത്യേക സംഗീതമായിരുന്നു ആ വീണയുടേത്. വീടുകളിൽനിന്നും പരമന് നാഴി അരിയോ നാണയങ്ങളോ എന്തെങ്കിലും കൊടുക്കും അതായിരുന്നു പതിവ്. മാസത്തിൽ രണ്ടോ, മൂന്നോ തവണ ഞങ്ങളുടെ വീടും പരമന്റെ വീണയുടെ സംഗീതം കേട്ടിരുന്നു.
വീട്ടിൽ അമ്മച്ഛനൊക്കെ വലിയ കാര്യമായിരുന്നു പരമനെ. പരമൻ പടിപ്പുര കടന്നുവരുമ്പോൾ തന്നെ അമ്മച്ഛൻ ഉമ്മറത്ത് വന്നിരിക്കും. ഇടക്കൊക്കെ ഞാനും അമ്മച്ഛന്റെ മറപറ്റി ആ വീണയിലെ സംഗീതം ആസ്വദിച്ചിരുന്നു. പരമൻ ആരോടെങ്കിലും സംസാരിച്ചിരുന്നതായി ഓർമയിലില്ല. പക്ഷേ എപ്പോഴും എന്തൊക്കെയോ പിറുപിറുത്തു നടക്കുമായിരുന്നു. എന്റെ കണ്ണിൽ പരമൻ ഒരു സാധുവായിരുന്നു. ആരെയും ഉപദ്രവിക്കുന്നതായി കണ്ടിട്ടില്ല.
അങ്ങനെ ഒരു ദിവസം വീട്ടിൽവന്ന പരമന് നാഴി അരിയും രണ്ടു രൂപ നാണയവും കൊടുക്കുവാനായി അമ്മച്ഛൻ എന്നോട് പറഞ്ഞു. ഞാൻ പേടിച്ച് പേടിച്ച് പരമന്റെ അരികിലേക്ക് നടന്നു. പരമൻ എന്നെ സൂക്ഷിച്ചൊന്നു നോക്കി ഭാണ്ഡക്കെട്ട് തുറന്നു. ഞാൻ അരിയും നാണയവും അതിലേക്ക് ഇട്ടുകൊടുത്തു. എന്നിട്ട് തിരിഞ്ഞുനോക്കാതെ അമ്മച്ഛന്റെ അടുത്തേക്കോടി. പരമൻ അതൊന്നും ശ്രദ്ധിക്കാതെ എന്തൊക്കെയോ പിച്ചും പിഴയും പറഞ്ഞ് പടിപ്പുര കടന്നുപോയി.
അന്ന് രാത്രി സ്വപ്നത്തിൽ ഞാൻ പരമന്റെ ഭാണ്ഡക്കെട്ടിൽ കിടന്നുറങ്ങി. ഭാണ്ഡക്കെട്ട് നിറയെ കളിപ്പാട്ടങ്ങളും മിഠായികളും സമ്മാനപ്പൊതികളുമായിരുന്നു. പിന്നീട് ഒരുപാട് തവണ പരമന്റെ വരവിനായി ഞാൻ ഉമ്മറത്ത് കാത്തുനിന്നിരുന്നു. പക്ഷെ പിന്നീടൊരിക്കലും ഞാൻ ആ വീണയുടെ സംഗീതം കേട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

